09 June Friday

പകർച്ചവ്യാധി പടരാതിരിക്കാൻ ഇനി കൊതുകിനെ നേരിടാം

ഡോ. ബി ഇക്‌ബാല്‍Updated: Thursday Sep 13, 2018


ഡോ. ബി ഇക്‌ബാൽ

ഡോ. ബി ഇക്‌ബാൽ

വെള്ളപ്പൊക്ക ദുരിതത്തെതുടർന്ന് മിക്ക രാജ്യങ്ങളും നേരിടേണ്ടിവന്ന പ്രധാന ഭീഷണി പകർച്ചവ്യാധികയുടെ വ്യാപനമാണ്. വെള്ളപ്പൊക്കത്തിൽ സംഭവിച്ചതിനേക്കാളേറെ ജീവൻ പല രാജ്യങ്ങളിലും നഷ്ടപ്പെട്ടത് പകർച്ചവ്യാധിയിലൂടെയാണ്. വെള്ളത്തിലൂടെ പകരുന്ന വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയെയാണ് ഭയക്കേണ്ടത്. പ്രധാനമായും വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിച്ചാണ് ഇവയെ തടയേണ്ടത്.

പകർച്ചവ്യാധികളെ മുന്നിൽ കണ്ട‌് ദുരിതാശ്വാസക്യാമ്പുകളിൽ ശുചീകരിച്ച വെള്ളം നൽകാനും ശൗച്യാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാനുമുള്ള എല്ലാ നടപടിയും സ്വീകരിച്ചിരുന്നു. വീടുകളും കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വെള്ളം തിളപ്പിച്ച് കുടിക്കാനുമുള്ള ആരോഗ്യവകുപ്പിന്റെ നിർദേശം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ ഏതാണ്ട് പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയൊരു വിജയമാണ്. എലിപ്പനി തടയാനുള്ള മരുന്ന് കഴിക്കാനുള്ള നിർദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കയും രോഗപ്രതിരോധത്തിനും ചികിത്സയ‌്ക്കുമുള്ള ചികിത്സാ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കയും പ്രതിരോധത്തിനും ചികിത്സയ‌്ക്കുമുള്ള മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാക്കുകയും ചെയ്തതുവഴി പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ ഏതാനും മരണമുണ്ടായെങ്കിലും എലിപ്പനി നിയന്ത്രണവിധേയമായി.

ഇനി ശ്രദ്ധിക്കേണ്ടത് കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ നിയന്ത്രണമാണ്. ഡെങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് പരത്തുന്നത്. അടുത്തകാലത്ത് കോഴിക്കോട്ടുനിന്ന‌് റിപ്പോർട്ട് ചെയ്ത വെസ്റ്റ് നൈൽ പനി ക്യുലക്‌സ്, ഈഡിസ് കൊതുകുകൾ വഴിയാണ് പകരുന്നത്. കേരളം അറുപതുകളുടെ അവസാനത്തോടെ നിർമാർജനം ചെയ്ത് കഴിഞ്ഞിരുന്ന മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്.

ഈഡിസ് കൊതുകുസാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്.ഈഡിസ് ജനുസിൽ പെട്ട ഈജിപ്തി, അൽബോപിക‌്‌ട‌്സ‌് എന്നീ പെൺകൊതുകുകളാണ് പ്രധാനമായും രോഗംപരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. ഇവ വീടുകളുടെ പരിസരത്തുതന്നെയുണ്ടാകും. അതുകൊണ്ട് വീട്ടിലും ചുറ്റുപാടും  കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പെരുകാൻ സാധ്യതയുള്ള  ഉറവിടങ്ങൾ ഇല്ലാതാക്കലാണ്  പ്രധാനമായും നടത്തേണ്ടത്. പ്രളയത്തെതുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞുകൂടിയിട്ടുള്ള കുപ്പിൾ, ഉപയോഗശൂന്യമായ പാത്രം, ബോട്ടിൽൾ, ടയർ എന്നിവയെല്ലാം നീക്കംചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. റബർത്തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവയ‌്ക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും നടത്തിയിരിക്കണം. സെപ‌്റ്റിക‌് ടാങ്കുമായി ബന്ധിച്ചവെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല ഉപയോഗിച്ച് മൂടണം.  

കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും  കൊതുകു കടിയിൽനിന്ന‌് രക്ഷ തേടണം. വൈകിട്ട‌് ജനലും വാതിലും അടച്ചിടണം. ഈഡിസ് ഈജിപ്‌തൈ കൊതുകുകൾ കേരളത്തിൽ നിലനിൽക്കുന്നിടത്തോളംകാലം ഇതേ കൊതുകുകൾ പരത്തുന്ന സിക്ക പനി, മരണനിരക്ക് വളരെ കൂടുതലുള്ള മഞ്ഞപ്പനി  തുടങ്ങിയ രോഗങ്ങൾ പ്രവാസി ജനത ഏറെയുള്ള കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും എത്താൻ സാധ്യതയുണ്ട്.

കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപ്പനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. എലിപ്പനിയിൽനിന്ന‌് വ്യത്യസ്തമായി ഡെങ്കിപ്പനിയുള്ളവരിൽ  പനിയോടൊപ്പം ചർമത്തിൽ ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. പനിയുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ തുടങ്ങിയ പാനീയങ്ങൾ കഴിക്കുകയും പൂർണ വിശ്രമമെടുക്കുകയും വേണം. കൊതുക് പരത്തുന്ന രോഗചികിത്സയ‌്ക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച് ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ചികിത്സാനിർദേശങ്ങൾ കൃത്യമായി പിന്തുടരേണ്ടതാണ്. പകർച്ചേതര രോഗങ്ങളായ പ്രമേഹം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ, ഹൃദ‌്‌രോഗം, ക്യാൻസർ തുടങ്ങിയവ ബാധിച്ചവരുടെയും പ്രായാധിക്യമുള്ളവരുടെയും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പനി വരുമ്പോൾ പകർച്ചേതര രോഗങ്ങളും പനിക്ക് കാരണമായ രോഗവും  തീവ്രതരമാകാൻ സാധ്യതയുണ്ട്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ തങ്ങൾക്കുള്ള മറ്റ് രോഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം.

കൊതുക് നശീകരണത്തിനായി ഫോഗിങ്ങാണ് ഇപ്പോൾ പ്രയോഗിച്ചുവരുന്നത്. എന്നാൽ, നന്നായി ആസൂത്രണംചെയ്ത് ഒരു കേന്ദ്രത്തിൽമാത്രമായി പരിമിതപ്പെടുത്താതെ പ്രദേശം മുഴുവനായി ഫോഗിങ‌് നടത്തിയില്ലെങ്കിൽ കൊതുകുകൾ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഫലവത്തായി ഫോഗിങ‌് നടത്തണം. കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളക്കെട്ടിൽ വളർത്തുക, വന്ധ്യരായ ആൺ കൊതുകുകളെ വളർത്തിവിടുക തുടങ്ങിയ ജൈവരീതികൾക്ക് പരിമിതമായ പ്രയോജനം മാത്രമാണുള്ളത്. എങ്കിലും ഇവയും പ്രയോഗിക്കാവുന്നതാണ്.

പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ചേർത്തലയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ സേവനവും കൊതുകു നിയന്ത്രണത്തിനായി പ്രയോജനപ്പെടുന്നുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കീഴിൽ പ്രവർത്തിക്കുന്ന  കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെ സഹായവും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top