പ്രായമാവുക എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ആരോഗ്യ പരിപാലനരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ ഫലമായി വൃദ്ധജനങ്ങളുടെ അനുപാതത്തിൽ കേരളം മുന്നിലാണ്. മാറാല പിടിക്കാത്ത മനസ്സും ശക്തിചോരാത്ത ശരീരവുമായി കർമനിരതമായി കഴിയുന്ന വയോജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഏകാന്തതയുടെ പിടിയിലമരുന്നവരുമുണ്ട്. വാർധക്യം നേരിടുന്ന പ്രധാന പ്രശ്നം ഏകാന്തതയാണ്. ഇത് വിഷാദത്തിലേക്കും മറ്റും എത്താറുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളും രോഗങ്ങളും മറ്റൊരു പ്രതിസന്ധിയാണ്.
തിരിച്ചറിയാം
ചെറുപ്പക്കാരിലെ വിഷാദരോഗത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങൾ ഇവ വാർധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശൂന്യത, പ്രസരിപ്പും ഉന്മേഷവും കുറയുക, സ്പഷ്ടമല്ലാത്ത വേദനകൾ പറയുക, സങ്കടം പെട്ടെന്നു വരിക, ദഹനപ്രശ്നങ്ങൾ, ഓർമക്കുറവ്, ഉൾവലിയൽ, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്ക. ഇവ വിഷാദരോഗത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല. ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അജ്ഞതകൊണ്ടും മറ്റും വാർധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതൽ.
മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത് തലച്ചോറിലെ ചില രാസപദാർഥങ്ങളാണ്. വാർധക്യത്തിലെത്തുമ്പോൾ ഗണ്യമായ അളവിൽ ഇവയ്ക്ക് കുറവു സംഭവിക്കും. പ്രതിസന്ധികൾ നേരിടുന്ന വാർധക്യത്തിൽ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം. മസ്തിഷ്കരോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, ചില വൃക്കരോഗങ്ങൾ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടായേക്കാം. വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, പങ്കാളിയുടെ വിയോഗം, സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേൾവിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദ രോഗാവസ്ഥക്ക് കാരണമാകാം. ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്.
ഡിമെൻഷ്യയും വിഷാദവും
ഡിമെൻഷ്യ ആണോ എന്ന് സംശയിക്കത്തക്കവിധത്തിൽ വിഷാദരോഗമുള്ള ചിലരിൽ ഓർമക്കുറവുണ്ടാകാറുണ്ട്. മസ്തിഷ്കകോശങ്ങളുടെ നാശമാണ് ഡിമെൻഷ്യാരോഗത്തിന് കാരണമാകുന്നത്. എന്നാൽ, വിഷാദരോഗത്തിൽ ഇത്തരം കോശനാശം ഉണ്ടാകാറില്ല. പൂർണമായും സുഖപ്പെടുത്താനാകുന്ന രോഗങ്ങളിലൊന്നാണ് വിഷാദം. പ്രമേഹമുള്ളവർക്ക് വിഷാദം വരാനും വിഷാദമുള്ളവർക്ക് പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടു രോഗങ്ങളും നേരത്തെതന്നെ കണ്ടെത്താനും ചികിത്സതേടാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ചികിത്സ
ഏതുതരത്തിലുള്ള വിഷാദമാണെന്നതിനെ ആസ്പദമാക്കിയാണ് ഓരോരുത്തരിലും ചികിത്സ. മസ്തിഷ്ക പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുവായ ആരോഗ്യം സംരക്ഷിച്ചുമാണ് ഔഷധങ്ങൾ പ്രവർത്തിക്കുക. ഒ പ്പം മനസ്സിന്റെ ആരോഗ്യവും സന്തോഷവും മെച്ചപ്പെടുത്തണം. രസായന ഔഷധങ്ങൾക്കൊപ്പം ലഘുവ്യായാമങ്ങളും യോഗയും ഫലംതരും. അമുക്കുരം, ബ്രഹ്മി, നെല്ലിക്ക, ചന്ദനം, നീർമരുത്, കുടങ്ങൽ, ശതാവരി, അശോകം, ചെറുപുന്നയരി, എള്ള് ഇവ വിഷാദരോഗ ചികിത്സയിൽ ഉൾപ്പെടുത്തുന്ന ഔഷധികളിൽ ചിലതാണ്. പ്രായമായവർക്ക് മനസ്സുകൊണ്ടുള്ള ചികിത്സയാണ് ഫലപ്രദം. വീട്ടിലുള്ളവരും ബന്ധുക്കളും അവർക്ക് പ്രത്യേക പരിഗണന നൽകണം. കടുത്ത വാക്കുകളും പരുഷമായ പെരുമാറ്റവും അവർക്ക് വലിയ വേദനയുണ്ടാക്കും. പ്രായമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ വാർധക്യത്തിന്റെ പരാധീനതകളായി അവഗണിക്കരുത്. തവിടുമാറ്റാത്ത ധാന്യങ്ങൾ, കുതിർത്ത പയറുകൾ, കാരറ്റ്, മത്തങ്ങ, നെല്ലിക്ക, കാപ്സിക്കം, ബീറ്റ്റൂട്ട്, കടുംപച്ച നിറമുള്ള ഇലകൾ, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങൾ, നാടൻകോഴിയിറച്ചി ഇവ ഉൾപ്പെട്ട ഭക്ഷണങ്ങൾ മസ്തിഷ്കത്തെ ഉണർവോടെ നിലനിർത്തും. കോവയ്ക്ക, പാവയ്ക്ക, പടവലം, ചേന, കുമ്പളം ഇവ വേണ്ടത്ര നാരുകൾ നൽകും. മൈദ വിഭവങ്ങൾ ഒഴിവാക്കുക.
(മാന്നാർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചീഫ് ഫിസിഷ്യനാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..