19 April Friday

ആഹാരക്കാര്യം

പ്രീതി ആർ നായർUpdated: Saturday Jun 25, 2022


മഴക്കാലത്ത്‌ ഭക്ഷണക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ജലദോഷം, പനി, ഡെങ്കിപ്പനി തുടങ്ങിയ  രോഗങ്ങൾ, വയറിലെ അണുബാധകൾ എന്നിവ മഴക്കാലത്ത് സാധാരണമാണ്. അതിനാൽ നാം കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമാകണം. മഴക്കാലത്ത് അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ ഈർപ്പം ഉണ്ടാകുന്നതിനാൽ നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം. പ്രായമായവരുടെയും കുട്ടികളുടെയും ഭക്ഷണക്കാര്യത്തിൽ അതീവ  ശ്രദ്ധവേണം.

കുടിക്കാൻ തിളപ്പിച്ചാറ്റിയ  വെള്ളം മാത്രം ഉപയോഗിക്കുക. ശാരീരികപ്രവർത്തനം താരതമ്യേന കുറവായതിനാൽ വിയർക്കുന്നത് കുറയുമെന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. ദഹിക്കാൻ പ്രയാസമുള്ള  ആഹാരം ഒഴിവാക്കണം. ചെറുചൂടോടെ വേണം കഴിക്കാൻ. പരമാവധി  വീട്ടിൽത്തന്നെ തയ്യാറാക്കുന്ന ആഹാരം കഴിക്കാം. ശുചിത്വമില്ലാത്ത ചുറ്റുപാടുകളിൽനിന്നുള്ള  ഭക്ഷണം കഴിക്കുന്നത്‌ അണുബാധയ്ക്ക് കാരണമാകാം. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധവേണം. പാചകം ചെയ്യുന്ന സ്ഥലങ്ങൾ, പാചകത്തിന്‌  ഉപയോഗിക്കുന്ന ഭക്ഷ്യവസ്‌തുക്കൾ, വെള്ളം എന്നിവ  പ്രത്യേക ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധയ്‌ക്കുള്ള സാധ്യതകൾ ഒഴിവാക്കാൻ ഇത്‌ അനിവാര്യം.

കഞ്ഞി, ആവിയിൽ വേവിച്ച ആഹാരങ്ങൾ എന്നിവ മഴക്കാലത്ത്  നല്ലതാണ്. പച്ചക്കറി സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ ഉൾപ്പെടുത്താം. ഇലക്കറികൾ ശരിയായി കഴുകിയതിനുശേഷം പാചകം ചെയ്യണം. സാലഡുകൾക്ക് പകരം വേവിച്ച് പച്ചക്കറികൾ ഉപയോഗിക്കാം. മൈദ പോലെ ദഹനപ്രശ്‌നം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മൺസൂൺ കാലത്ത്‌ ഒഴിവാക്കാം. മഴക്കാലത്ത് പലരും വറുത്ത ആഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടും. എന്നാൽ, ഇത് നല്ലതല്ല. കാപ്പി, ചായ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. പഴങ്ങൾ ജ്യൂസാക്കാതെ ഫ്രൂട്ടായിത്തന്നെ കഴിക്കാം. കൊഴുപ്പ് കുറഞ്ഞ തൈര് ആഹാരത്തിന്റെ ഭാഗമാക്കാം. ഫ്രിഡ്ജിൽ വച്ച ഭക്ഷണത്തെ കൂടുതൽ ആശ്രയിക്കരുത്‌. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ മഴക്കാലത്തുണ്ടാകുന്ന  രോഗങ്ങളെ പ്രതിരോധിച്ചുനിർത്തും.

(ക്ലിനിക്കൽ ന്യുട്രീഷ്യനിസ്റ്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top