27 April Saturday

മനസ്സ് വായിക്കുന്ന യന്ത്രങ്ങൾ...പ്രസാദ് അമോര്‍ എഴുതുന്നു

പ്രസാദ് അമോര്‍Updated: Monday Sep 2, 2019

പ്രസാദ് അമോര്‍

പ്രസാദ് അമോര്‍

ഒരാൾ അയാളുടെ ചിന്തകൾ തിരിച്ചറിയുന്നതിന് മുൻപ് തന്നെ അത് മനസ്സിലാക്കാൻ മെഷിനും, ന്യൂറോ സയന്റിസ്റ്റിനും കഴിയുന്ന സ്ഥിതി ഇന്നുണ്ട്. സാധാരണ ഗതിയിൽ നമ്മുടെ മസ്‌തിഷ്‌കത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശേഷം കുറഞ്ഞത് 350 മില്ലി സെക്കന്റ് തൊട്ട് ആറ് സെക്കന്റ് വരെ കഴിഞ്ഞതിന് ശേഷമാണ് നാം ആ ചിന്തയെപ്പറ്റി അറിയാറുള്ളു...പ്രസാദ് അമോര്‍ എഴുതുന്നു.

മനുഷ്യൻ പലപ്പോഴും നോർമലിന്റെയും അബ്‌നോർമനിലന്റെയും ഇടവഴിയിലൂടെയാണ് നടന്നുപോകുന്നത്.സന്തോഷത്തിലിരിക്കുന്ന വ്യക്തി നിമിഷനേരംകൊണ്ട് കോപിയാകുന്നു.അംബരചുംബികൾ നിർമ്മിക്കുന്നു; ബോബു വെച്ച് തകർക്കുന്നു. മനുഷ്യരെ കശാപ്പ് ചെയ്യുന്നു പിന്നെ സമാധാനത്തിനു വേണ്ടി ശബ്ദമുയർത്തുന്നു. മനുഷ്യ മസ്തിഷ്‌കം വൈരുധ്യങ്ങളുടെ സംഗമ സ്ഥലമാണ്. യുദ്ധവും സമാധാനവും മാറിമാറി വരുന്ന ജീവിതങ്ങൾ. വികാരവും വിവേകവും പരസ്പരം പോരാടുന്ന നിമിഷങ്ങൾ. ഏതാണ് മേൽക്കോയ്മ നേടുന്നത് എന്നതിനെ അടിസ്ഥപ്പെടുത്തിയാണ് ജീവിതം ചിട്ടപ്പെടുന്നത്.

നമ്മുടെ ഓരോ പെരുമാറ്റവും, ഓരോ ഓർമ്മയും, ഓരോ ബുദ്ധിയും, ഓരോ മണവും സ്പർശനവും വികാരങ്ങളും,ലഷ്യങ്ങളും ചലനങ്ങളും, ഓരോ അനുഭവവും, എന്നു വേണ്ട ഓരോ നിമിഷവും എല്ലാം കോടാനുകോടി വരുന്ന മസ്‌തിഷ്‌ക കോശങ്ങളുടെ സങ്കീർണമായ പ്രവർത്തനങ്ങളുടെ സൃഷ്ടിയാണ്.യഥാർത്ഥത്തിൽ നമ്മുടെ ചിന്തയും വികാരങ്ങളുമെല്ലാം നാഡീ കോശങ്ങളിൽ പ്രവഹിക്കുന്ന ഇലക്ട്രിക് സിഗ്നലുകളാണ്‌.

മസ്‌തിഷ്‌കവും ഇലക്ട്രിക് സിഗ്നലുകളും

ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ- പരിണാമം സംഭവിച്ച മസ്‌തിഷ്‌കമാണ് മനുഷ്യന്റേത് . ആദ്യത്തെ ബഹുകോശ ജീവികളിൽ കോശങ്ങൾ തമ്മിലുള്ള വിവരങ്ങൾ കൈമാറിയിരുന്നത് രാസവസ്തുക്കളുടെ വ്യതിയാനങ്ങൾ വഴിയായിരുന്നു.എന്നാൽ കാലക്രമേണ മസ്തിഷകവികാസം സംഭവിച്ചപ്പോൾ -നാഡി കോശങ്ങൾ പരിണമിച്ചപ്പോൾ ഇലക്ട്രിക് സിഗ്നലുകൾ ഉണ്ടാക്കുന്ന കോശങ്ങൾ ഉണ്ടായി. നാഡികളിൽ ഇലക്ട്രിക് സിഗ്നലുകൾ ഉണ്ടാക്കുന്ന രാസമാറ്റം വളരെ വേഗത്തിലുള്ള വിവരകൈമാറ്റം സാധ്യമായി.ഒരു വ്യക്തിയുടെ മനോനില നിർണ്ണയിക്കുന്നതിൽ മസ്‌തിഷ്‌കത്തിന്റെ ഓരോ ഭാഗത്തിന്റെയും വലിപ്പം , ജീനുകളുടെ സ്വാധീനം ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് എന്നിവ പ്രധാന ഘടകങ്ങളാണ്.

വികാരങ്ങൾക്കെല്ലാം കാരണമായ മസ്‌തിഷ്‌കത്തിലെ ന്യൂറോ ട്രാൻസ്മിറ്റർസ് എന്നറിയപ്പെടുന്ന നാഡി സന്ധികളുടെ അഗ്രഭാഗങ്ങൾ ഉൽപാദിപ്പിക്കുന്ന രാസപദാർഥങ്ങളുടെ സംതുലനത്തിൽ തകരാർ സംഭവിച്ചാൽ മനുഷ്യന്റെ പെരുമാറ്റത്തിൽ വ്യതാസം വരും.ഒരു ന്യൂറോ ട്രാൻസ്മിറ്ററിന് ഒരു ധർമ്മം മാത്രമല്ല.നിരവധി പ്രവർത്തനങ്ങളുണ്ട്.ഉദാഹരണത്തിന് സിറോട്ടോണിന്റെ അളവ് കുറഞ്ഞാൽ വിഷാദം, ആകാംഷ, ഉറക്കം, വേദന, അകാരണ ഭയം എന്നിവയ്ക്ക് കാരണമാകുന്നു.ഡോപ്പാമിൻ വ്യത്യാസപ്പെട്ടാൽ യാഥാർഥബോധം നഷ്ടപ്പെടും.ഗാബയിൽ വ്യത്യാസം വന്നാൽ ആകാംഷ കൂടും. അസറ്റൈൽ കോളിന്റെ ഉല്പാദനത്തിൽ വ്യത്യാസം വന്നാൽ ഓർമ്മക്കുറവ് അനുഭവപ്പെടും.

ഫങ്ക്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് സ്കാനര്‍

ഫങ്ക്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് സ്കാനര്‍


നാഡികളുടെ ആവേഗം ഉല്പാദിപ്പിക്കപ്പെടുമ്പോൾ നാഡികളുടെ അകത്തും പുറത്തുമുള്ള വൈദ്യുത മേഖലകളിൽ ഉണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും പലതരം വൈകാരിക അവസ്ഥകൾ സൃഷ്ടിക്കുന്നത്.മസ്തിഷ്‌കം ഒരു റേഡിയോ ട്രാൻസ്മിറ്റർ പോലെയാണ്. ഓരോ സെക്കന്റിലും അനേകം വൈദ്യുത തരംഗങ്ങൾ അത് പുറപ്പെടുവിക്കുന്നുണ്ട്.മസ്‌തിഷ്‌ക കോശങ്ങൾ സ്വയം വൈദ്യുതിയുല്പാദിപ്പിച്ചു് പരസ്പ്പരം ബന്ധപ്പെട്ട ചിന്തകൾക്ക് രൂപം കൊടുക്കുന്നു.

മനുഷ്യന്റെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാരൂപങ്ങളും എല്ലാം നിർണ്ണയിക്കുന്ന സവിശേഷമായ മസ്‌തിഷ്‌ക കോശങ്ങളാണ്. മസ്‌തിഷ്‌കത്തെ ന്യൂറോണുകളുടെ ഒരു സിസ്റ്റമായി കാണാവുന്നതാണ്.പ്രത്യേയ്ക വികാരത്തെ സൃഷ്ടിക്കുന്ന ന്യൂറോണുകൾക്ക് അതനുസരിച്ചു ശരീരത്തിന്റെ മാപ്പുകളെ സൃഷ്ടിക്കുന്ന മേഖലകളെ പ്രവർത്തിപ്പിക്കാൻ കഴിയും. ഭീതിയുടെ മേഖലയായ

അമിഗ്ദലയും(Amygdala), ബോധതലങ്ങളുടെ ഘടകങ്ങളായ സെറിബ്രൽ കോർട്ടെക്സും(Cerebral Cortex) എല്ലാം മാപ്പിങ് വഴി ശാരീരിക പ്രവർത്തനങ്ങളെ നിർണ്ണയിക്കുന്നു.മനുഷ്യന്റെ മാനസിക വ്യാപാരം ശാരീരിക ഘടകങ്ങളുടെ പോലെത്തന്നെ പരിണാമപ്രക്രിയയുടെ സൃഷ്ടിയാണ്. പരിണാമപരമായി നിരവധി മാനസിക മേഖലകൾ മനുഷ്യനിൽ വികസിച്ചുവന്നിട്ടുണ്ട്. അതാണ് മനുഷ്യന് ചുറ്റുപാടുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ പ്രാപ്തമാക്കുന്നത്.ബാഹ്യ -പരിസ്ഥിതി ഘടകങ്ങൾക്ക് മനുഷ്യന്റെ ജൈവ വാസനയിൽ മാറ്റം വരുത്താൻ കഴിയില്ല.

മസ്‌തിഷ്‌കത്തിലെ ന്യൂറൽ നെറ്റ്‌വർക്ക് മാതൃകയിൽ കംപ്യൂട്ടറുകളുടെ പ്രവർത്തനരീതി തയ്യാറാക്കി അതുവഴി മസ്തിഷകത്തിലെ ചില മേഖലകൾ കംപ്യൂട്ടറുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ കുറേയൊക്കെ നടന്നിട്ടുണ്ട്.ലക്ഷക്കണക്കിന് ന്യൂറോണുകളെയും കോടിക്കണക്കിന് സിനാപ്സുകളെയും ഉത്തേജിപ്പിക്കാൻ പ്രാപ്തിയുള്ള നുറോഗ്രിഡ് എന്ന ചിപ്പ് തയ്യാറാക്കിയിരിക്കുകയാണ് ശാസ്ത്രലോകം.മസ്‌തിഷ്‌ക മാതൃകയിലുള്ള കമ്പ്യൂട്ടിങ് രീതികൾ വികസിപ്പിച്ചെടുക്കാൻ ഈ രീതി സഹായിക്കും അതുവഴി മസ്‌തിഷ്‌ക സിഗ്നലുകൾ തിട്ടപ്പെടുത്തി ശാരീരിക മാനസിക പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ മെഷീന്‍

ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ മെഷീന്‍


മനസ്സ് വായിക്കാനുള്ള ഉപകരണങ്ങൾ

ഒരാളുടെ ചിന്തകൾ, വികാരങ്ങൾ അയാൾ തിരിച്ചറിയുന്നതിന് മുൻപ് തന്നെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില മസ്‌തിഷ്‌ക ബിംബ ലേഖന രീതികൾ ഉണ്ട്.അതിലൊന്നാണ് ഫങ്ക്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്.(FMRI) മസ്‌തിഷ്‌കത്തിലുള്ള ഹൈഡ്രജൻ മാറ്റങ്ങളുടെ സ്വഭാവ സവിശേഷത, റേഡിയോ തരംഗങ്ങൾ, കാന്തിക മണ്ഡലം എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് FMRI പ്രയാജനപ്പെടുത്തുന്നത്. ഒരാൾ ഒരു പ്രവൃത്തി ചെയ്യുമ്പോഴും ചിന്തിക്കുമ്പോഴും അയാളുടെ മസ്‌തിഷ്‌കത്തിൽ സംഭവിക്കുന്ന രക്തയോട്ടത്തിന്റെ വ്യതിയാനങ്ങളെ FMRI കാണിക്കുന്നു.അതിനെ അടിസ്ഥാനപ്പെടുത്തി ഒരാൾ ഒരു സന്ദർഭത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് ഒരു പരിധിവരെ തിട്ടപ്പെടുത്താൻ ഒരു ന്യൂറോ സയന്റിസ്റ്റിന് കഴിയും.ഒരാൾ അയാളുടെ ചിന്തകൾ തിരിച്ചറിയുന്നതിന് മുൻപ് തന്നെ അത് മനസ്സിലാക്കാൻ മെഷിനും, ന്യൂറോ സയന്റിസ്റ്റിനും കഴിയുന്നു എന്നതാണ് കൗതുകകരമായ സംഗതി. സാധാരണ ഗതിയിൽ നമ്മുടെ മസ്‌തിഷ്‌കത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശേഷം കുറഞ്ഞത് 350 മില്ലി സെക്കന്റ് തൊട്ട് ആറ് സെക്കന്റ് വരെ കഴിഞ്ഞതിന് ശേഷമാണ് നാം ആ ചിന്തയെപ്പറ്റി അറിയാറുള്ളു.

മസ്‌തിഷ്‌കത്തിലെ ഇലക്ട്രിക് സിഗ്നൽ ഉണ്ടാക്കുന്ന കോശങ്ങളിൽ ഇലെക്ട്രോഡുകളുടെ സഹായത്താൽ രാസവ്യതിയാനമുണ്ടാക്കി അതീന്ദ്രിയാനുഭൂതികൾ സൃഷ്ടിക്കാൻ കഴിയുന്നു. ആകാശത്തിലൂടെ പറന്നു പോകുന്നതായി തോന്നുക, സ്വന്തം ശരീരത്തിന് പുറകിൽ നിഴലായി ആരോ നടക്കുന്നുണ്ടെന്ന് അനുഭവിക്കുക തുടങ്ങിയ വിചിത്ര അനുഭൂതികൾ ഒരാളെകൊണ്ട് അനുഭവിപ്പിക്കാൻ ഇന്ന് കഴിയും.മസ്‌തിഷ്‌കത്തിലെ വെർണ്ണിക്കലിന്റെ പ്രദേശത്തെ വൈദ്യുത ഇലെക്ട്രോഡുകൾ ഉപയോഗിച്ച് ഉത്തേജിപ്പിച്ചാൽ സങ്കീർണ്ണമായ വൈകാരിക തലങ്ങൾ വ്യക്തിയിലുണ്ടാകുന്നു.

മനോരാഗങ്ങൾക്ക് നൂതന ചികിത്സ

ന്യറോസൈക്കോളജി,ബിഹേവിയറൽ ജനറ്റിക്,ബിഹേവിയറൽ സയൻസ്,ബയോ എൻജിനിയറിങ് എന്നിവയെ കൂട്ടിയിണക്കികൊണ്ട് രൂപം കൊടുത്ത "ഒപ്‌റ്റോ ജനറ്റിക്" എന്ന വിഭാഗം വിഷാദം, ഉത്കണ്ഠ തുടങ്ങിയ ന്യൂറോസിസ് രോഗങ്ങളെ പരിപൂർണ്ണമായും ഇല്ലാതാക്കും.സ്വയം നിയന്ത്രിതമോ അല്ലാതെയോ ആയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലത്തിലേയ്ക്ക് ന്യൂറോ സയൻസ് വളർന്നിരിക്കുകയാണ്.മാനസിക വ്യാപാരങ്ങളായ പ്രചോദനം,പ്രതീക്ഷ,പ്രതിഫലനം തുടങ്ങിയവയെ നിയന്ത്രിക്കുന്നതിൽ ജൈവപ്രക്രിയക്കുള്ള പങ്ക് ചികിത്സാപരമായി ഉപയോഗപ്പെടുത്താൻ കഴിയും.

ന്യൂറോ സയൻസ് വികസിപ്പിച്ചെടുത്ത ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ,(rTMS) ഡയറക്റ്റ് കറന്റ് സ്റ്റിമുലേഷൻ,(cTDC),ബ്രെയിൻ പോളറൈസ്ഡ് സ്റ്റിമുലേഷൻ എന്നി സങ്കേതങ്ങൾ ലഘു മനോരോഗികൾക്ക് ആശ്വാസമാകുകയാണ്.മനഃശാസ്ത്ര ചികിത്സയും മനോരോഗ ചികിത്സയും ഫലിക്കാതെ വന്ന രോഗികളിൽ ഇത്തരത്തിലുള്ള നോൺ ഇൻവൈസിവ് തെറാപ്പികൾ ചെയ്തപ്പോൾ അവരുടെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞു വന്നതായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിലുള്ള നോൺ ഇൻവൈസിവ് ചികിത്സാ രീതികൾ ഉപയോഗിച്ച് മസ്‌തിഷ്‌കത്തിനകത്തെ സ്വാഭാവിക വൈദ്യുത പ്രവർത്തനങ്ങളെ വക്രീകരിക്കാൻ സാധിക്കുന്നു. മസ്‌തിഷ്‌കത്തിനകത്തെ ചില ബിന്ദുക്കളിൽ സൂഷ്മമായ ഇലക്ട്രോഡുകൾ ചേർത്തുവെച്ചു നേർത്ത വൈദ്യുത തരംഗങ്ങൾ കടത്തിവിടുന്ന ഇത്തരം സാങ്കേതിക വിദ്യകൾക്ക് പാർശ്വഫലങ്ങൾ ഇല്ല.

(Licensed Rehabilitation Psychologist ആണ് ലേഖകന്‍)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top