25 April Thursday

രുചിയിൽ കേമൻ മേമി സപ്പോട്ട

രവീന്ദ്രൻ തൊടീക്കളംUpdated: Sunday Mar 12, 2023

ന്യൂ  ജനറേഷൻ പഴവർഗമായ  മേമി സപ്പോട്ട,  ഉഷ്ണമേഖല–- മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഇനമാണ്‌. മെക്സിക്കൻ സ്വദേശിയായ ഈ വിള  അമേരിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നു. സപ്പോട്ടേസി സസ്യകുടുംബത്തിൽപ്പെടുന്നു.  ശാസ്ത്രനാമം പൌട്ടേരിയ സപ്പോട്ടി (Pouteria Sapote). പന്റീൻ, മൻഗാനാ, കോപാൻ, മായാവാൻ തുടങ്ങി ഇരുപതോളം ഇനങ്ങൾ നിലവിലുണ്ടെങ്കിലും പന്റിനാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്.  വലുപ്പത്തിലും  ആകൃതിയിലും നിറത്തിലും പൾപ്പിലും  രുചിയിലും  ഇനങ്ങളനുസരിച്ച്  വലിയ വ്യത്യാസമുണ്ട്. 

കായകൾക്ക്‌ ഉള്ളിലുള്ള കാമ്പിന് മാധുര്യമേറെ. ചിലയിനങ്ങൾ 13 മാസംകൊണ്ടും ചിലത്‌ രണ്ടുവർഷംകൊണ്ടും വിളവെടുപ്പിന് പാകമാകും. കായകൾ പാകമാകുമ്പോൾ ഇല പൊഴിക്കുന്നതിനാൽ വിളവെടുപ്പിന് സഹായകമാണ്. സ്വപരാഗണമായതിനാൽ കൂടുതൽ ഉൽപ്പാദനം ലഭിക്കുന്നു. ചെടി ഒന്നിൽനിന്ന്‌ 200 മുതൽ 500  പഴങ്ങൾവരെ ലഭിക്കും. വിത്തുതൈകൾ ഏഴാം വർഷംമുതലും ഒട്ടുതൈകളും പതിവച്ച തൈകളും മൂന്നാം വർഷം മുതലും കായ്ച്ചുതുടങ്ങും. ഇനങ്ങൾ അനുസരിച്ച് അറുപതടി വരെ ഉയരത്തിൽ ചെടി വളരും.

കൃഷിരീതി

സപ്പോട്ടയുടേതിന് സമാനമായ കൃഷിരീതികൾ തന്നെയാണ് മേമി സപ്പോട്ടയ്‌ക്കും. നീർവാർച്ചയുള്ളതും നല്ല ജൈവാംശമുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും ഇടവിളയായും കൃഷിചെയ്യാം. എട്ട് മീറ്റർ അകലത്തിലും രണ്ടടി ആഴം, വീതി, നീളത്തിലും കുഴികൾ തയ്യാറാക്കി മേൽമണ്ണും ജൈവവളവും ചേർത്ത മിശ്രിതംകൊണ്ട് കുഴി മൂടിയശേഷം തൈകളോ, ഒട്ടുതൈകളോ  പതിവച്ച തൈകളോ നടാം. കാലവർഷാരംഭത്തിൽ മെയ്-–ജൂൺ മാസങ്ങളിൽ നടുന്നതാണ് നല്ലത്. വേനലിൽ നനച്ചുകൊടുക്കണം. ജൈവവളമാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top