26 April Friday

മാനസികാരോഗ്യ സാക്ഷരത ലക്ഷ്യമാക്കി ‘മീ ഹെൽപ് ഇന്ത്യ’ വെർച്വൽ കോൺഫറൻസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കൊച്ചി > മാനസികാരോഗ്യ സാക്ഷരത ലക്ഷ്യമാക്കി ആരംഭിച്ച മീ ഹെൽപ് ഇന്ത്യ പ്രോജക്‌ട്‌‌ ‘മീ ഹെൽപ് ഇന്ത്യ’ വെർച്വൽ കോൺഫറൻസ് ബുധനാഴ്‌ച ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷം നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ കോൺഫറൻസിൽ പങ്കുവയ്‌ക്കും. മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കാനും അവസരമൊരുക്കും.

ആറ്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20 മുതൽ 22 വരെ കേരള കോൺഫറൻസും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാൻ ഇന്ത്യ കോൺഫറൻസും. ദിവസവും വൈകുന്നേരം 4.30 മുതൽ 7.50 വരെ നടക്കുന്ന കോൺഫറൻസിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്.

2018ലാണ് ഇന്ത്യയിലെയും യുകെയിലെയും മാനസികാരോഗ്യ വിദഗ്‌ധ‌രെയും കലാകാരന്മാരെയും  ഉൾപ്പെടുത്തി മീ ഹെൽപ് പ്രോജക്‌ട്‌ ആരംഭിച്ചത്. യുകെയിലെ ഡീ മൊൻഡ്‌ഫോർട് യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് ഡിപ്പാർട്ട്മെന്റിൽ മെന്റൽ ഹെൽത്ത് വിഭാഗം അധ്യാപകനായ ഡോ. രഘു രാഘവനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കേരളത്തിലെ എട്ട് പ്രദേശങ്ങൾ (ചോറ്റാനിക്കര, ഇടപ്പള്ളി, എലപ്പുള്ളി, അട്ടപ്പാടി, വൈലത്തൂർ, പൊന്നാനി, പയ്യോളി, കോഴിക്കോട്) തെരഞ്ഞെടുത്ത് അവയുടെ സംസ്‌കാരത്തിന് അനുസൃതമായ മാനസികാരോഗ്യ സാക്ഷരത വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. കഥപറച്ചിൽ, നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവയിലുടെ മാനസിക പ്രശ്‌നം നേരിടുന്നവരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനുമാണ് പ്രോജക്‌ട് ശ്രമിച്ചത്.

ക്രിയാത്മക പ്രവർത്തനങ്ങളെ മാധ്യമമാക്കി മനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകകളും സംവാദങ്ങളും പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. ഇത്തരത്തിൽ വ്യത്യസ്‌തമായ രീതിശാസ്‌ത്രം ഉപയോഗിച്ച് നടന്ന ഇന്ത്യയിലെ ആദ്യ പഠനം എന്ന പ്രത്യേകതയും മീ ഹെൽപിനുണ്ട്.

കേരളത്തിലെ മാനസികരരോഗ്യ സാക്ഷരതയെ ആഴത്തിൽ അളന്ന, അത് വർധിപ്പിക്കുവാൻ ഫലപ്രദമായ മാതൃകകൾ മുന്നോട്ട് വയ്‌ക്കുന്ന മീ ഹെൽപ് ഇന്ത്യയുടെ  പ്രധാന കണ്ടെത്തലുകൾക്ക് പ്രചാരം നൽകുക എന്നതാണ് ഓൺലൈൻ കോൺഫറൻസ് ലക്ഷ്യമിടുന്നത്.

20ന് ആരംഭിക്കുന്ന വെർച്വൽ കോൺഫറൻസ് കേരള സർവകലാശാല ആരോഗ്യ ശാസ്ത്ര വകുപ്പ് മേധാവി ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. ഡോ. ജയപ്രകാശൻ, ഡോ. ഷാജി കെ എസ്, ഡോ. വർഗീസ് പൊന്നൂസ്, ഡോ. വിനു പ്രസാദ്, ഡോ. നാരായണൻ എന്നിവർ ആദ്യദിന സമ്മേളനത്തിൽ പങ്കെടുക്കും.

നടി അർച്ചന കവി, സംവിധായകൻ ഡോൺ പാലത്തറ, ഡോ. ഇന്ദു പി.എസ്, ഡോ. കൃഷ്ണകുമാർ, ഡോ. സി.ജെ ജോൺ, ഡോ. അഖിൽ മാനുവെൽ തുടങ്ങിയവരും കേരള കോൺഫറൻസിന്റെ ഭാഗമാകും. തത്സമയ രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.mdc2021.mehelp.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top