26 April Friday

വൃക്കരോഗങ്ങളെ കരുതിയിരിക്കാം

ഡോ. വിനുഗോപാൽUpdated: Thursday Mar 12, 2020

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്നത്‌ ഏറെ പ്രാധാന്യമുള്ളവയാണ്‌.

സ്ഥായിയായ വൃക്കസ്തംഭനം പതുങ്ങിയിരിക്കുന്ന കൊലയാളിയെപ്പോലെയാണ്. കുട്ടികൾമുതൽ മുതിർന്നവരിൽവരെ എല്ലാ പ്രായത്തിലുള്ളവർക്കും വൃക്കരോഗം കാണപ്പെടുന്നുണ്ട്. 65 മുതൽ 74 വയസ്സുവരെയുള്ള പുരുഷന്മാരിൽ അഞ്ചിൽ ഒരാൾക്കും സ്ത്രീകളിൽ നാലിൽ ഒരാൾക്കും വൃക്കരോഗമുണ്ട്. 75 വയസ്സിനു മുകളിലുള്ളവരിൽ 50 ശതമാനത്തിലധികം ആളുകളിലും എന്തെങ്കിലും തരത്തിൽ വൃക്കരോഗം കാണപ്പെടുന്നു. രക്താതിമർദം നിയന്ത്രണവിധേയമല്ലാത്തവർ, പ്രമേഹരോഗികൾ, പാരമ്പര്യമായി കിഡ്നി അസുഖമുള്ളവർ, പുകവലിക്കുന്നവർ, 50 വയസ്സിനു മുകളിലുള്ളവർ എന്നിവരിലാണ് വൃക്കരോഗം വരാൻ കൂടുതൽ സാധ്യതയുള്ളത്. ഇതിൽ ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്താതിമർദവും പ്രധാന കാരണമായി പറയുന്നു.


 

തുടക്കത്തിൽ മിക്കപ്പോഴും ലക്ഷണങ്ങൾ പ്രകടമാകില്ല. സാധാരണഗതിയിൽ ചിലരിൽ 90 ശതമാനം കിഡ്നിയുടെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയിലാണ് അസ്വസ്ഥതയും ബുദ്ധിമുട്ടുകളുമൊക്കെ അനുഭവപ്പെട്ടു തുടങ്ങുക. കാലിൽ നീര്, ക്ഷീണം, കോച്ചിപ്പിടിത്തം, മൂത്രത്തിൽ ചുവപ്പ്, മൂത്രം പതയൽ, വിശപ്പില്ലായ്മ എന്നിവയെല്ലാം ഈ ഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. എന്നാൽ, വൃക്കരോഗം തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ ഒരുപരിധിവരെ പ്രതിരോധിക്കാം. വൃക്കരോഗ സാധ്യതയുള്ള മുകളിൽ പറഞ്ഞവർ വൃക്കരോഗത്തിന്റെ പ്രാഥമിക പരിശോധനകളായ യൂറിൻ ആൽബുമിൻ ക്രിയാറ്റിനൈൻ റേഷ്യോ, സെറം ക്രിയാറ്റിനൈൻ പരിശോധനകൾ നടത്തുന്നതിലൂടെ ഇത് തിരിച്ചറിയാവുന്നതാണ്.

എഴുപത് ശതമാനത്തിലധികം വൃക്കരോഗങ്ങൾക്ക് കാരണമാകുന്നത് ജീവിതശൈലീരോഗങ്ങളാണ്. അതിനാൽ വൃക്കരോഗം വരാതിരിക്കുന്നതിനായി അമിതരക്തസമ്മർദവും പ്രമേഹവും നിയന്ത്രിച്ചുനിർത്തുക, ഡോക്ടറുടെ നിർദേശമില്ലാതെ  വേദനസംഹാരികളും മറ്റു മരുന്നുകളും ഉപയോഗിക്കാതിരിക്കുക, പുകവലി പൂർണമായും നിർത്തുക, ലഹരിമരുന്നുകൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക, ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, പാരമ്പര്യമായി കുടുംബത്തിൽ കിഡ്നി അസുഖമുള്ളവരുണ്ടെങ്കിൽ ഇടയ്ക്ക് യൂറിൻ ആൽബുമിൻ ക്രിയാറ്റിനൈൻ റേഷ്യോ, സെറം ക്രിയാറ്റിനൈൻ എന്നീ പരിശോധന  നടത്തേണ്ടതാണ്. രോഗം വന്ന്‌ ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് വേണ്ടത്. എന്നാൽ, ആദ്യഘട്ടത്തിനു ശേഷമാണ്‌ വൃക്കരോഗം കണ്ടെത്തുന്നതെങ്കിൽക്കൂടി ഇന്നത്തെ കാലത്ത് ഡയാലിസിസ്, വൃക്കമാറ്റിവയ്‌ക്കൽ എന്നിവയിലൂടെ ഒരുപരിധിവരെ നല്ല ജീവിതം മുന്നോട്ടുനയിക്കാൻ സാധിക്കും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top