28 March Thursday

ജീവിതശൈലീ രോഗങ്ങൾക്കും ലോക്‌ഡൗൺ

ഡോ. അജീഷ് പി ടിUpdated: Thursday Jun 4, 2020

കോവിഡ്‐19 വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്‌ഡൗൺ തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു.  ലോക്‌ഡൗൺ കാലം ജീവിത ശൈലീരോഗങ്ങൾ വർധിക്കാനുള്ള സാധ്യതാകാലംകൂടിയാണ്‌.പകർച്ചവ്യാധികളും  ജീവിതശൈലീ രോഗങ്ങളും വർധിക്കാൻ  കാരണം മനുഷ്യന്റെ പൊതുശുചിത്വത്തിലുള്ള അലംഭാവവും ശരീര പരിപാലനത്തിൽ കാട്ടുന്ന നിഷേധാത്മകമായ മനോഭാവവുമാണ്.

ലോക്‌ഡൗൺ സമയത്ത് വീടുകളിൽനിന്ന്‌ പുറത്തിറങ്ങാനാകാതെ കഴിയുന്നവർ ഗാർഹികപണികളൊഴികെ കഠിനമായ കായികാധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. മിക്കവരും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് സാധാരണയിലും കൂടുതലാണ്‌.

സാംക്രമിക രോഗങ്ങളിൽ പലതിനെയും നമുക്ക് കൃത്യമായ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും തടഞ്ഞുനിർത്താൻ സാധിക്കുന്നുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങളെ ഒഴിവാക്കാൻ ഓരോരുത്തരും സ്വയം സന്നദ്ധരായേ മതിയാകൂ. ആരോഗ്യപൂർണമായ ജീവിതശൈലി പാലിച്ച്‌  ഇവയെ പ്രതിരോധിക്കാനാകും. രാജ്യത്ത് 15 നും 65 നും ഇടയിൽ പ്രായമുള്ളവരിൽ ഏറിയ പങ്കിന്റെയും മരണകാരണമാകുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, കടുത്ത രക്തസമ്മർദം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ്.


 

ജീവിതശൈലീ രോഗങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ്. ഒരെണ്ണം വന്നാൽ ക്രമേണ നിരനിരയായി മറ്റെല്ലാം വന്നുഭവിക്കും. ഇത്‌  ശരീരത്തിലെ തന്ത്രപ്രധാനമായ എല്ലാ അവയവങ്ങളെയും ബാധിക്കും. മുൻകാലങ്ങളിൽ 40 വയസ്സിനുശേഷം മാത്രമേ ഇത്തരം രോഗങ്ങൾ സാധാരണയായി കണ്ടുവന്നിരുന്നുള്ളൂ. എന്നാൽ, ഇന്ന് സ്‌കൂൾ കുട്ടികൾ മുതൽ ആരംഭിക്കുകയാണ് ഇതിന്റെ ജൈത്രയാത്ര.

രോഗബാധ വരുമ്പോൾ നാം ഓരോരുത്തരും സ്വന്തം ഇഷ്ടത്തോടെ സുഖകരമായി ആസ്വദിച്ച കാലത്തെക്കുറിച്ച് ഓർത്ത് ഉൽക്കണ്ഠാകുലരാകും. എന്നാൽ, നല്ല ആരോഗ്യമുണ്ടായിരുന്ന സുഖസമയത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന അസുഖകാലത്തെക്കുറിച്ച് ചിന്തിക്കുകയോ അത് വരാതിരിക്കാനുള്ള മുൻകരുതലുകളെപ്പറ്റിയോ ശ്രദ്ധിക്കാറേ ഇല്ല. ഇത്തരം രീതികളാണ് ‘ലൈഫ്സ്റ്റൈൽ' രോഗങ്ങൾ വർധിക്കാൻ കാരണമായത്.

പ്രതിരോധമാർഗങ്ങളും രീതികളും നമുക്കുതന്നെ സൃഷ്ടിക്കാവുന്നതാണ്. വെറുതെയിരിക്കുന്ന സമയമായതിനാൽ  ഭക്ഷണം അളവ് കുറച്ച് പലതവണയായി കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ടിവി, കംപ്യൂട്ടർ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. ജംങ്ക്‌ ഫുഡ്, ഫാസ്റ്റ് ഫുഡ് ഇനങ്ങൾ, മറ്റ് എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവ കഴിക്കുന്നതിൽ  നിയന്ത്രണം പാലിക്കുക. അതിനു പകരമായി നാടൻ ഭക്ഷണ ഇനങ്ങൾ മെനുവിന്റെ ഭാഗമായി ഉൾപ്പെടുത്തുക. താമസസ്ഥലത്ത് അനുയോജ്യമായ ഇടം കണ്ടെത്തി പരമാവധി സമയം വ്യായാമമോ മറ്റു കായിക പ്രവർത്തനങ്ങളോ പരിശീലിക്കുക.



ലോക്‌ഡൗൺമൂലമുള്ള ഏകാന്തതയ്ക്കും വിരസതയ്ക്കും വ്യായാമ പ്രവർത്തനങ്ങളുടെ പങ്കാളിത്തത്തിലൂടെ പരിഹാരം കണ്ടെത്താം. ശാരീരികാരോഗ്യത്തിലൂടെ മാനസികമായ കരുത്തും ആർജിക്കുന്നതിന് ഈ സമയത്ത് കഴിയണം. കായികാധ്വാനം ലഭിക്കുന്ന മറ്റു പ്രവർത്തനങ്ങളായ കാർഷികവൃത്തി, ഉദ്യാനപാലനം തുടങ്ങിയവയിലൂടെ  ഉൻമേഷവും പ്രവർത്തനക്ഷമതയും വർധിക്കും. രുചിയുള്ള ഭക്ഷണംമാത്രം തെരഞ്ഞെടുത്ത് കഴിക്കുന്നതിനുപകരം ആരോഗ്യ സംരക്ഷണത്തിന് ഉപകരിക്കുന്നവമാത്രം  ഭക്ഷണ മെനുവിൽ  ഉൾപ്പെടുത്തണം. കഴിവതും വിശപ്പ് തോന്നുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന ശീലം വളർത്തിയെടുക്കണം. 

ഈ ലോക്‌ഡൗൺകാലത്ത് ആരോഗ്യ സംരക്ഷണത്തിനായി നിലവിൽ പാലിക്കുന്ന അനാരോഗ്യകരമായ ശീലത്തെയും ജീവിതശൈലിയിലെ തെറ്റായ സമീപനത്തെയും നമുക്ക് പാടെ ഉപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top