19 April Friday

കുഷ്‌ഠരോഗവും ജാഗ്രതയും

ഡോ. വി ആർ ശാലിനിUpdated: Sunday Jan 29, 2023

കുഷ്‌ഠരോഗം പൂർണമായും ചികിത്സിച്ച്‌ ഭേദമാക്കാൻ കഴിയുന്ന രോഗമാണ്‌. എന്നാൽ, ഈ രോഗത്തെക്കുറിച്ച്‌ പല മിഥ്യാധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയ കാലത്ത്‌  കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്. മറ്റുള്ളവയെപ്പോലെ ജാഗ്രത വേണ്ട രോഗമാണ്‌ ഇതെന്ന കാര്യത്തിൽ സംശയമില്ല.

മൈകോബാക്ടീരിയം ലെപ്രേ (Mycobacterium leprae)  എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ഒരു അസുഖമാണ്‌ ഇത്. അതേസമയം, ഇത്  പാരമ്പര്യമായി വരുന്ന  രോഗമല്ല. ചികിത്സയെടുക്കാത്ത രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗ പ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ  ഇനം തുടങ്ങി പല ഘടകങ്ങളും രോഗം പിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സ തുടങ്ങിയ ആളിൽനിന്ന്‌ കുഷ്ഠരോഗം പിടിപെടില്ല. എന്തെന്നാൽ, ആദ്യ ഡോസ് മരുന്ന്  കഴിക്കുമ്പോൾത്തന്നെ രോഗം 99 ശതമാനവും കുറയാനുള്ള സാധ്യത കൂടും.

തിരിച്ചറിയുന്നത്‌ എങ്ങനെ

ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം -(വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയ പാടുകൾ),  സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ,  കാൽപ്പാദത്തിലും കൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും, ഉണങ്ങാത്ത മുറിവുകൾ, അംഗഭംഗം വന്ന കൈകാലുകൾ. പുരികം പൊഴിഞ്ഞു പോകുക,  ചെവി തടിക്കുക  തുടങ്ങിയവ ലക്ഷണങ്ങളാകാം.

രോഗലക്ഷണം സംശയിക്കുന്നവർ അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ അല്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കണം. കേരളത്തിൽ കുഷ്‌ഠരോഗ നിർമാർജന പ്രവർത്തനങ്ങൾക്കും പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും വിപുലമായ സംവിധാനങ്ങളുണ്ട്‌. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ചികിത്സ സൗജന്യവും.

സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെയും  തൊലിയുടെ സാമ്പിൾ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാം. ഇവ രണ്ടും പെട്ടെന്നുതന്നെ ചെയ്യാവുന്ന ചികിത്സാമാർഗങ്ങളാണ്.

ചികിത്സാരീതി
രോഗത്തിന്റെ ഇനം  അനുസരിച്ചാകും ചികിത്സ നിർണയിക്കുന്നത്. മൾട്ടി ഡ്രഗ്‌ തെറാപ്പി (MDT) എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്നതാണ്‌ പതിവ്. ആറുമാസംമുതൽ ഒരുവർഷംവരെ ചികിത്സാ കാലാവധി വരാം. ഇത്‌ സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്‌. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അംഗഭംഗം വരാനും കൈകാലുകൾ ക്ഷയിക്കാനും അവയുടെ പ്രവർത്തനത്തെ ബാധിക്കാനുമുള്ള സാധ്യതയുണ്ട്.
 
(തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top