26 April Friday

മൂന്ന്‌ തവണയും നിപയെ തോൽപ്പിച്ച്‌ കേരളം, നാലാമതൊരു വ്യാപനം എങ്ങനെ തടയാം?

അശ്വതി ജയശ്രീUpdated: Thursday Nov 25, 2021

2018, 2019, 2021 എന്നിങ്ങനെ, നാല്‌ വർഷത്തിനിടെ മൂന്നുതവണയാണ്‌ നിപ വൈറസ്‌ കേരളത്തെ വിറപ്പിച്ച്‌ കടന്നുപോയത്‌. ഓരോ തവണയും സംസ്ഥാനം നേരിട്ട ആശങ്ക അത്രയേറെ വലുതായിരുന്നു. എന്നാൽ മൂന്നുതവണയും കേരളം നിപയെ തോൽപ്പിച്ചു. ഇനിയും രോഗസാധ്യത ഉണ്ടെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ ഗൗരവമായി കണ്ട്‌ ഏകാരോഗ്യ സംവിധാനത്തിലൂടെ (One Health approach) നേരിടാനൊരുങ്ങുകയാണ്‌ കേരളം.

ട്ടുവയസുകാരൻ റിഥുലിന്റെയും അഞ്ചുവയസുകാരൻ സിദ്ധാർത്ഥിന്റെയും ഓർമകളിൽ അമ്മ ലിനിയുടേത്‌ മങ്ങിയ ഓർമചിത്രമാണ്‌. 2018ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി കേരളത്തിൽ നിപ സ്ഥിരികരിച്ചപ്പോൾ വൈറസ്‌ കവർന്നതാണ്‌ നേഴ്‌സ്‌ കൂടിയായ ലിനി പുതുശ്ശേരിയെ. അന്ന്‌ സിദ്ധാർത്ഥിനും അഞ്ചുവയസും റിഥുലിന്‌ രണ്ടുവയസും മാത്രം പ്രായം. രോഗമെന്തെന്ന്‌ പോലും തിരിച്ചറിയാനാകാതെ സംസ്ഥാനം ഒന്നടങ്കം ആശങ്കയുടെ മുൾമുനയിൽ നിന്ന മൂന്ന്‌ മാസങ്ങൾ. 2018 മെയിൽ കോഴിക്കോട്‌ പേരാമ്പ്ര മേഖലയിൽ സ്ഥിരീകരിച്ച രോഗം നിപ വൈറസ്‌ ബാധയെന്ന്‌ തിരിച്ചറിഞ്ഞതോടെ ആശങ്കയും ഭയവും കൂടുതൽ വളരുകയായിരുന്നു. കോവിഡിനും മുമ്പെ മാസ്കും സാമൂഹ്യ അകലവും ലോക്ഡൗണും ഒക്കെ ജീവിതത്തിന്റെ ഭാഗമായവരാണ്‌ കോഴിക്കോടുകാർ.

ഓർമകൾ മങ്ങിയതെങ്കിലും മരിക്കുമ്പോളോ സംസ്കാരസമയത്തോ അമ്മയെ ഒരുനോക്ക്‌ കാണാനാകാതെ പോയ വിഷമം ആ കുരുന്നുകളുടെ കണ്ണിലുണ്ട്‌. ചങ്ങരോത്ത്‌ പഞ്ചായത്തിലെ സൂപ്പിക്കടയിലെ സാബിത്തായിരുന്നു ആദ്യ നിപരോഗി. ആർക്കും പരിചയമില്ലാത്ത ലക്ഷണങ്ങളും കടുത്ത പനിയും ഛർദിയുമായി സാബിത്ത് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ നിപയെന്ന പദം കേരളത്തിന്‌ അപരിചിതമായിരുന്നു. സാബിത്തിന്‌ പിന്നാലെ സഹോദരൻ സ്വാലിഹും പിതാവ് മൂസ മുസലിയാരും അടുത്ത ബന്ധുവായ മറിയവും നിപ ബാധിച്ച്‌ മരണത്തിന്‌ കീഴടങ്ങി. അപ്പോളേക്കും രോഗമെന്താണന്നും അതിന്റെ ഭീകരത എത്രത്തോളമാണെന്നും കേരളം തിരിച്ചറിഞ്ഞിരുന്നു. പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിൽ സാബിത്തിനെ ശുശ്രൂഷിച്ചതിലൂടെയാണ്‌ നേഴ്സായ ലിനിക്ക്‌ നിപ ബാധിച്ചത്. രോഗത്തിന്റെ ഭീകരത മനസിലാകും മുമ്പ്‌ മെയ്‌ 20ന്‌ ലിനിയും ലോകത്തോട്‌ വിട പറഞ്ഞു. ഗൾഫിൽ നിന്നെത്തിയ സജീഷിന്‌ ഭാര്യയെ കാണാനായത്‌ ഒരുനോക്കുമാത്രം. പിന്നാലെ മൂന്ന്‌ മാസത്തെ ഇടവേളയിൽ നിപ കവർന്നത്‌ 16 ജീവനുകൾ. രക്ഷപ്പെട്ടതാകട്ടെ വെറും രണ്ടുപേർ. ആഗസ്തിൽ നിപ നിയന്ത്രണവിധേയമായെന്ന്‌ ഔദ്യോഗികമായി അറിയിച്ചതോടെയാണ്‌ മൂന്നുമാസം നീണ്ട ഈ ആശങ്കയ്ക്ക്‌ അവസാനമായത്‌.

ഓർമ്മയിൽ കുടുംബം

ലിനിയ്ക്ക്‌ സുഖമില്ല എന്നറിഞ്ഞാണ്‌ ഗൾഫിലെ ജോലിസ്ഥലത്തുനിന്ന്‌ ഭർത്താവ്‌ സജീഷ്‌ കേരളത്തിലേക്ക്‌ പുറപ്പെട്ടത്‌. ആ സമയം ഐസിയുവിൽ ചികിത്സയിലായ ലിനിക്ക്‌ ബോധമുണ്ടായിരുന്നുവെങ്കിലും രാത്രിയോടെ രക്തത്തിലെ ഓക്സിജൻ അളവ്‌ ക്രമാതീതമായി കുറഞ്ഞു. 2018 മെയ്‌ 21ന്‌ പുലർച്ചയോടെ തേടിയെത്തിയത്‌ ലിനിയുടെ മരണവാർത്ത. ആദ്യം മൃതദേഹം എന്തുചെയ്യണമെന്നറിയാതെ മുന്നോട്ടെന്തെന്ന ചോദ്യവുമായി സ്തംബ്‌ധനായി ആശുപത്രിവരാന്തയിൽ നിന്നത്‌ വീണ്ടും ഓർക്കുമ്പോൾ പേടി തോന്നുമെന്ന്‌ സജീഷ്‌. അപ്പോൾ നിപ സംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ്‌ തയാറാക്കുന്നതേയുള്ളായിരുന്നു. പേടി കാരണം ആംബുലൻസ്‌ ഡ്രൈവർമാർ പോലും എത്താത്ത സാഹചര്യം. നിപ ഭീതിയിൽ കോഴിക്കോട്‌ ജില്ല മുഴുവനായും തിരക്കൊഴിഞ്ഞ സാഹചര്യം. രോഗത്തിന്റെ തീവ്രത മനസിലാക്കിയതോടെ മൃതദേഹം ലിനിയുടെ വീടായ ചെമ്പനോടേക്കോ സജീഷിന്റെ വടകരയിലെ വീട്ടിലേക്കോ കൊണ്ടുപോകാനായില്ല. തുടർന്ന്‌ കോഴിക്കോട്‌ നഗരത്തിലെതന്നെ ശ്മശാനത്തിൽ, മക്കൾക്കോ മറ്റ്‌ ബന്ധുക്കൾക്കോ ഒന്നുകാണാൻപോലും കഴിയുന്നതിനുമുമ്പെ പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടന്നു.

മരിക്കുന്നതിന്‌ മുമ്പ്‌ ലിനി സജീഷിനെഴുതിയ കത്ത്‌ വീട്ടിൽ ഫ്രെയിം ചെയ്ത്‌ സൂക്ഷിച്ചിരിക്കുന്നു

മരിക്കുന്നതിന്‌ മുമ്പ്‌ ലിനി സജീഷിനെഴുതിയ കത്ത്‌ വീട്ടിൽ ഫ്രെയിം ചെയ്ത്‌ സൂക്ഷിച്ചിരിക്കുന്നു


ലിനിയുടെ മരണശേഷം ഏഴാംദിവസം റിഥുലിനും സിദ്ധാർത്ഥിനും പനി സ്ഥിരീകരിച്ചു. ഭീതിയുടെ മറ്റൊരു അവസ്ഥയിലേക്കും ഒരുതരത്തിൽ സാമൂഹികമായ ഒറ്റപ്പെടലിലേക്കും വീണ്ടും കുടുംബം നിലതെറ്റി വീണ സാഹചര്യമായിരുന്നു അത്‌. ലക്ഷണങ്ങൾ കണ്ടയുടൻ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ആംബുലൻസ്‌ എത്തി ഇരുവരെയും കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റുകയും ചെയ്‌തു. എന്നാൽ ഇരുവരുടെയും പനി സാധാരണമായിരുന്നു. ആ സമയം ബന്ധുക്കളിൽനിന്നുപോലും ഭീതിയോടെയുള്ള സമീപനം നേരിട്ട കാലമായിരുന്നു.  ഒരുപക്ഷെ പേരാമ്പ്ര സ്വദേശികളെല്ലാം അനുഭവിച്ചത്‌ അതുതന്നെയാണ്‌. അതേസമയം അപരിചിതർപോലും പിന്തുണയുമായി വിളിച്ച്‌ സംസാരിച്ചത്‌ ആശ്വാസമായിരുന്നുവെന്ന്‌ സജീഷ്‌ പറയുന്നു. എന്നാൽ അതിനുമപ്പുറം കിംവദന്തികൾ കൂടി എതിരിടേണ്ടിവന്നു. മക്കൾക്കും തനിക്കും നിപയാണെന്ന്‌ വരെയുള്ള വ്യാജ പ്രചരണം നേരിടേണ്ടിവന്നത്‌ ഇന്നും മനസിൽ മുറിവായി കിടക്കുകയാണെന്ന്‌ സജീഷ്‌ പറയുന്നു.

നിപ ബാധിതരായി മരിച്ചവർക്ക്‌ സർക്കാർ അഞ്ചുലക്ഷം രൂപയാണ്‌ ധനസഹായം നൽകിയത്‌. ലിനിയുടെ മക്കളുടെ പേരിൽ പത്ത്‌ ലക്ഷം രൂപ വീതം സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതുകുടാതെ കൂത്താളി പ്രൈമറി ഹെൽത്ത്‌ സെന്ററിൽ ക്ലർക്കായി ഭർത്താവ്‌ സജീഷിന്‌ ജോലിയും നൽകി.

ദിവസം അമ്പതോളം ഫോൺവിളികൾ

"എവിടെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ ചോദ്യങ്ങളുമായി ആരോഗ്യവകുപ്പിന്റെയും മറ്റ്‌ വകുപ്പുകളിൽനിന്നും ദിവസവും അമ്പതോളം ഫോണുകളാണ്‌ വന്നത്‌. സമ്പർക്കപ്പട്ടിക തയാറാക്കുകയെന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിപ സെൽ രൂപീകരിച്ചിരുന്നു. പലപ്പോഴും ഓർമവരുന്ന കാര്യങ്ങൾ അങ്ങോട്ട്‌ വിളിച്ച്‌ അറിയിച്ചു. അവരുമായി നല്ല ബന്ധം പുലർത്താനായത്‌ ഒരു പരിധിവരെ ഗുണമായി. ലിനിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 16 പേരാണുണ്ടായത്‌. അവരുടെ സമ്പർക്കപ്പട്ടികയും സെൽ തയാറാക്കി. അവരുടെയെല്ലാം രക്തസാമ്പിൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ഇൻക്യുബേഷൻ പീരീഡായ 21  ദിവസം അതിസൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു എല്ലാവരും'–-സജീഷ്‌ പറഞ്ഞു. നാട്ടുകാരിൽ നിന്ന്‌ ഒരേസമയം ഭയവും സഹകരണവും ഉണ്ടായി. തൊട്ടടുത്ത വീട്ടുകാർ ദിവസവും ആഹാരം തയാറാക്കിക്കൊണ്ടുവന്നു. സന്നദ്ധപ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിച്ചുനൽകുകയും. അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരവധി തവണ ഫോൺ വിളിച്ച്‌ കാര്യങ്ങൾ അന്വേഷിച്ചു.

ലിനിയുടെ ഭർത്താവ്‌ സജീഷും മക്കളായ റിഥുലും സിദ്ധാർത്ഥും

ലിനിയുടെ ഭർത്താവ്‌ സജീഷും മക്കളായ റിഥുലും സിദ്ധാർത്ഥും

വില്ലനായി വവ്വാൽ

2018ൽ പേരാമ്പ്രയിലുണ്ടായ നിപ ബാധയ്ക്ക്‌ പിന്നിൽ വവ്വാലാണെന്ന നിഗമനം വിദഗ്ധരടക്കം എടുത്തിട്ടുണ്ട്‌. ടീറോപസ്‌ (Pteropus) വിഭാഗത്തിൽ പെട്ട പഴം തീനി വവ്വാലുകളിൽ നിന്നാണ് വൈറസ്‌ സാന്നിധ്യം ഉണ്ടായത്‌. 2019ൽനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി  പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്‌. 2018ൽ നിപ രോഗികളിൽ നിന്ന്‌ ശേഖരിച്ച സാമ്പിളുകളിലെയും പേരാമ്പ്ര മേഖലയിൽ നിന്ന്‌ ശേഖരിച്ച വവ്വാലുകളിൽ നിന്ന്‌ കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7%–100% ആയിരുന്നു. 2021ൽ നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന്‌ സമീപത്തുള്ള കൊടിയത്തൂർ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന്‌ ഐസിഎംആറിന്റെ നിർദേശാനുസരണം പൂണെ എൻഐവി സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലവും നിപ ബാധയിൽ വവ്വാലുകളുടെ പങ്ക്‌ വ്യക്തമാക്കുന്നതാണ്‌. താമരശ്ശേരിയിൽ നിന്ന്‌ ശേഖരിച്ച ടീറോപസ് വിഭാഗത്തിൽപ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂർ മേഖലയിൽ നിന്ന്‌ ശേഖരിച്ച റോസിറ്റസ് വിഭാഗത്തിൽപ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി (IgG) ആന്റിബോഡി  സാന്നിധ്യം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ്‌ സംസ്ഥാന സർക്കാർ.

നിപ സ്ഥിരീകരിച്ചാൽ

കടുത്ത രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ പ്രകടിപ്പിക്കുകയും അടുത്തിടപെടുന്നവരിലേക്ക് മാത്രം പകരുകയും ചെയ്യുന്ന വൈറസാണ്‌ നിപ. നാലുമുതല്‍ 14 ദിവസം വരെയുള്ള ഇൻക്യുബേഷൻ പിരീഡിലാണ്‌ വൈറസ്‌ മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുക. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

രോഗം സ്ഥിരീകരിച്ചാൽ
● രോഗികളെ പ്രത്യേക ഐസൊലേഷൻ വാര്‍ഡുകളിലേക്ക് മാറ്റുക
● വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം പരിമിതമായിരിക്കണം
● ഓക്സിജൻ അളവ്‌ കൃത്യമായി പരിശോധിക്കുക

ഓസ്‌ട്രേലിയയിൽനിന്ന്‌ മോണോക്ലോണൽ ആന്റിബോഡി

2018ൽ രോഗികളുടെ എണ്ണവും മരണവും കൈവിടുമോയെന്ന പേടിയാണ്‌ നിപയ്ക്കുള്ള പ്രതിരോധമരുന്നിന്റെ അന്വേഷണത്തിലേക്ക്‌ സംസ്ഥാന ആരോഗ്യവകുപ്പിനെ നയിച്ചത്‌.അങ്ങനെയാണ്‌ ഓസ്‌ട്രേലിയയിൽ ഒരു മോണോക്ലോണൽ ആന്റിബോഡി ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി വിമാന മാർഗം മരുന്ന് കേരളത്തിൽ എത്തിച്ചു. പക്ഷെ അത് പ്രയോഗിക്കേണ്ടി വന്നില്ല. മരുന്നെത്തുന്നതിനുമുമ്പുതന്നെ 16 പേർ മരിച്ചു. ബാക്കിയുള്ള രണ്ട് പേരുടെ ആരോഗ്യസ്ഥിതി റിബാവൈറിൻ ഉപയോഗത്തിലൂടെ സുഖപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ഡോ. ക്രിസ്റ്റഫർ സി ബ്രോഡർ വികസിപ്പിച്ച ഈ മരുന്നിനെ ആന്റിബോഡിയായി മാത്രമെ കണക്കാക്കാനാകൂ.

ഉറവിടം കണ്ടെത്തൽ പ്രധാനം

കോഴിക്കോട്‌, ചങ്ങരോത്ത്‌ സൂപ്പിക്കട വനമേഖലയാണ്‌, വൻമരങ്ങളും കാടുകളും തിങ്ങിനിറഞ്ഞ പ്രദേശം. കടവാവലുകൾ തിങ്ങിപ്പാർക്കുന്ന മേഖലയെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ഇവിടെനിന്നാകാം ആദ്യ നിപ രോഗിയായ സാബിത്തിന്‌ വൈറസ്‌ബാധ ഉണ്ടായത്‌. എന്നാൽ ഇതിൽ ശാസ്‌ത്രീയ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നിപ ബാധിക്കുന്നതിന്‌ ദിവസങ്ങൾക്കുമുമ്പ്‌ സാബിത്തിന്റെ ബൈക്കിന്‌ പിന്നിൽ യാത്ര ചെയ്ത സൂപ്പിക്കട സ്വദേശി ബീരാൻകുട്ടിയുടെ ഒരു വിശദീകരണം ഇക്കാര്യത്തിൽ ഉണ്ടായത്‌ വഴിത്തിരിവായി. സൂപ്പിക്കടയിലേക്കുള്ള യാത്രാമധ്യേ പള്ളിക്കുന്നിൽവച്ച്‌ ഒരു വവ്വാൽ സാബിത്തിന്റെ ബൈക്കിന്‌ മുകളിലേക്ക്‌ വീണെന്നും അതിനെ സാബിത്ത്‌ റോഡരുകിലേക്ക്‌ മാറ്റിവച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. അത്‌ സത്യമെങ്കിൽ വൈറസ്‌ സാബിത്തിലെത്തിയതിന്‌ കാരണം മറ്റൊന്നുമാകില്ല. എന്നാൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച ബീരാൻകുട്ടി നിപ നെഗറ്റീവായിരുന്നു. മൂന്ന്‌ തവണയും ആദ്യരോഗിയ്ക്ക്‌ എങ്ങനെ വൈറസ്‌ ബാധയുണ്ടായി എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. അതിനാൽ രോഗ ഉറവിടം കണ്ടെത്തുന്നതിന്‌ ഊർജ്ജിത ശ്രമം അത്യാവശ്യമാണ്‌.


നിപ സാധ്യത ഇനിയും

ഒരു മേഖലയിൽ പ്രത്യേക വൈറസ്‌ സ്ഥിരീകരിച്ചാൽ അതിന്റെ സാന്നിധ്യം അവിടെ പിന്നീടം ഉണ്ടാകും–-സെന്റർ ഫോർ വൺ ഹെൽത്ത്‌ എഡ്യൂകേഷൻ അഡ്‌വൊകസി റിസർച്ച്‌ ആൻഡ്‌ ട്രയിനിങ്‌ (കുഹാർട്ട്‌–-COHEART) കോഴ്‌സ്‌ ഡയറക്ടർ ഡോ. പ്രജിത്‌ പറയുന്നു. വൈറസ്‌ സാന്നിധ്യം ആ മേഖലയിലെ മൃഗങ്ങളിലും പക്ഷികളിലും ഉണ്ടാകും. എന്നാൽ അവർക്ക്‌ രോഗപ്രതിരോധശേഷിയുള്ളതിനാൽ അത്‌ മരണത്തിന്‌ കാരണമാകില്ല. അതേസമയം വൈറസ്‌ വാഹകരായി അവ ജീവിക്കും. അതിനാൽ ഒരുതവണ സ്ഥിരീകരിച്ച രോഗം പൂർണമായി നിയന്ത്രിക്കുക അത്രയും പ്രായോഗികമല്ല. സ്വാഭാവിക ആവാസ്ഥവ്യവസ്ഥയെ നശിപ്പിക്കുന്ന വനനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ ശരീരത്തിലുള്ള വൈറസുകളെ പുറന്തള്ളാൻ ജീവികളെ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്‌. അതിനാൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, വെക്ടർ പോപ്പുലേഷൻ, വന്യജീവി രോഗങ്ങൾ എന്നിവയെല്ലാം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ എകാരോഗ്യ സമീപനത്തിന്റെ പ്രാധാന്യം ഇനിയും കൂടുകയാണ്‌–-ഡോ. പ്രജിത്‌ ഓർമിപ്പിച്ചു.

ഡോ. പ്രജിത്‌

ഡോ. പ്രജിത്‌

ഏകാരോഗ്യപഠനം, അതിന്റെ പ്രധാന്യം പൊതുജനങ്ങളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി വയനാട്‌ പൂക്കോടുള്ള കേരള വെറ്ററിനറി സർവകലാശാലയിൽ 2014ൽ ആരംഭിച്ച സെന്റർ ഫോർ വൺ ഹെൽത്ത്‌ എഡ്യൂകേഷൻ അഡ്‌വൊകസി റിസർച്ച്‌ ആൻഡ്‌ ട്രയിനിങ്‌ (കുഹാർട്ട്‌–-COHEART) ഈ മേഖലയിലെ ഒരു മാതൃകാസ്ഥാപനമാണ്‌. കുഹാർട്ട്‌–-മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മിലുള്ള യോജിപ്പിനായി (COHEART- –-for harmony among Man, Animal and Nature(MAN) എന്ന ആപ്‌തവാക്യത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം എകാരോഗ്യം എന്ന ആശയത്തെ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രവർത്തിക്കുന്നത്‌. നിപ വൈറസ്‌, കുരങ്ങുപനിക്ക്‌ കാരണമായ വൈറസ്‌ തുടങ്ങിയവയെ സംബന്ധിച്ചുള്ള പഠനത്തിനായി കുഹാർട്ട്‌ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ കുഹാർട്ടിന്റെ യൂട്യൂബ്‌ ചാനൽ വഴി വീഡിയോകൾ തയാറാക്കി പൊതുജനങ്ങൾക്കായി എത്തിക്കുക കൂടിയാണ്‌ അതിന്റെ ലക്ഷ്യം.

വീണ്ടും വീണ്ടും

ലോകത്തിനുതന്നെ മാതൃകയായി കേരളം നിയന്ത്രിച്ച നിപ 2019ൽ രണ്ടാമതും 2021ൽ മൂന്നാമതും തലപൊക്കി. 2019 ജൂണിൽ എറണാകുളത്ത്‌ എൻജിനീയറിങ്‌ വിദ്യാർഥിക്ക്‌ നിപ സ്ഥിരീകരിച്ചതോടെയാണ്‌ നിപയുടെ രണ്ടാംവരവ്‌ സ്ഥിരീകരിച്ചത്‌. എന്നാൽ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളിലൂടെ രോഗബാധിതനെ രക്ഷിക്കുവാനും വ്യാപനം നിയന്ത്രിക്കുവാനും കേരളത്തിനായി. എന്നാൽ കോവിഡ്‌ വ്യാപനം അതിശക്തമായിരുന്ന 2021ൽ മൂന്നാമതും കോഴിക്കോടുതന്നെ രോഗം സ്ഥിരീകരിച്ചത്‌ ആരോഗ്യവകുപ്പിനും സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയായി. ചാത്തമംഗലം പഞ്ചായത്തിൽ 12കാരനായ മുഹമ്മദ്‌ ഹാഷിം നിപ ബാധിച്ച്‌ മരിച്ചത്‌ സെപ്‌തംബർ അഞ്ചിന്‌ പുലർച്ചെ. രണ്ടാംവരവിൽ രോഗിയെ മരണത്തിന്‌ വിട്ടുകൊടുക്കാതെനിയന്ത്രിച്ചപ്പോൾ മൂന്നാം വരവിൽ അത്‌ സാധിക്കാതെപോയത്‌ വലിയ ആശങ്കയാണ്‌ സൃഷ്‌ടിച്ചത്‌. ഹാഷിമിന്റെ പ്രാഥമിക, ദ്വിദീയ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന 200ഓളം പേൾ ഇക്കാലയളവിൽ ഐസൊലേഷനിലായിരുന്നു. എന്നാൽ മറ്റൊരാൾക്കുപോലും രോഗം വന്നില്ല.

എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ

കേരളത്തിൽ വൈറസ്‌ കാരണമുള്ള രോഗങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക്‌, ജില്ലാ ആശുപത്രികളിൽ വരെ സ്ഥിരമായുള്ള ഐസൊലേഷൻ വാർഡുകൾ യാഥാർത്ഥ്യമാക്കുവാനുള്ള പദ്ധതി സംസ്ഥാന സർക്കാർ തയാറായിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണ ജോർജ്‌ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഈ സൗകര്യമുണ്ട്‌. രോഗം സ്ഥിരീകരിക്കുന്നയാൾ എവിടെയാണോ അവിടെതന്നെ ചികിത്സ ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഇതിനുള്ള  പദ്ധതിരേഖ ആരോഗ്യവകുപ്പ്‌ തയാറാക്കിയിട്ടുണ്ട്‌. എത്രയും വേഗം ഇത്‌ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭാവി "എകാരോഗ്യ സമീപനം' (One health approach)

പരിസ്ഥിതി–-വെറ്ററിനറി–-മനുഷ്യാരോഗ്യം എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ സമ്പൂർണ ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സമീപനമാണ്‌ എകാരോഗ്യം (മൾട്ടി-ഡിസിപ്ളിനറി അപ്രോച്ച്‌). മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവോടെയുള്ള സമീപനമാണിത്‌.

ജന്തുജന്യ രോഗങ്ങൾ അവസാനിപ്പിക്കുന്നതിന്‌ ഏകാരോഗ്യ സമീപനം മാത്രമാണ്‌ പ്രതിവിധിയെന്ന്‌  ഡോ. പ്രജിത്‌ പറഞ്ഞു. ജന്തുജന്യ രോഗനിയന്ത്രണത്തിനായി കർമപദ്ധതി തയാറാക്കുന്ന തിരക്കിലാണ്‌ കുഹാർട്ട്‌. അതിനുള്ള സർക്കാർതല അനുമതിക്കായി കാത്തിരിക്കുകയാണ്‌ ഇപ്പോൾ. രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ട്‌ കാര്യമില്ല. കൃത്യമായ ഇടവേളകളിൽ മൃഗം/പക്ഷികളിൽ നിന്ന്‌ സാമ്പിൾ ശേഖരിച്ച്‌ ആന്റിബോഡി പരിശോധന നടത്തണം. ചിട്ടയായ എപ്പിഡമിയോളജി – പാരിസ്ഥിതിക – വൈറോളജിക – ജിനോമിക്‌ പഠനങ്ങൾ വഴി മാത്രമേ കേരളത്തിൽ രോഗം വരുന്ന സാഹചര്യങ്ങളെ പറ്റി കൂടുതൽ മനസിലാക്കാൻ കഴിയൂ –-അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാന ആരോഗ്യവകുപ്പ്‌, വനംവകുപ്പ്‌ എന്നിവയുമായെല്ലാം സഹകരിച്ചാണ്‌ കുഹാർട്ട്‌ പ്രവർത്തിക്കുന്നത്‌. ഭാവിയിൽ കൂടുതൽ ലാബ്‌ സൗകര്യങ്ങൾ ഉറപ്പാക്കി സൂക്ഷ്‌മപഠനങ്ങൾക്ക്‌ വേദിയാകാൻ കൂടിയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്‌.

ഭാവിയിലേക്ക്‌ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌

നിലവിൽ വൈറസ്‌ അനുബന്ധ പരിശോധനകൾക്കും പഠനങ്ങൾക്കും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌, ഐസിഎംആർ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളെയാണ്‌ കേരളം ആശ്രയിക്കുന്നത്‌. എന്നാൽ സംസ്ഥാനത്തിനുള്ളിൽ തന്നെ പഠനവും പരിശോധനയും നടത്താനായി തിരുവനന്തപുരം തോന്നയ്ക്കലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്‌വാൻസ്‌ഡ്‌ വൈറോളജി (ഐഎവി) ക്ക്‌ സംസ്ഥാനം രൂപംനൽകി. നിലവിൽ നിപയുടെ ഉറവിടം സംബന്ധിച്ച്‌ ആഴത്തിലുള്ള പഠനങ്ങൾക്ക് രൂപം നൽകുകയാണ്‌ ഇൻസ്റ്റിറ്റ്യൂട്ടെന്ന്‌  സീനിയർ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌  ഡോ. മോഹനൻ വലിയവീട്ടിൽ പറഞ്ഞു.

വേണ്ടത്‌ ആഴത്തിലുള്ള ശാസ്‌ത്രീയ പഠനം

കോവിഡ്‌ രോഗം സ്ഥിരീകരിച്ചതോടെയാണ്‌ ഏകാരോഗ്യ സമീപനത്തിന്റെ പ്രസക്തി എല്ലാവരും കൂടുതൽ മനസിലാക്കുന്നതെന്ന്‌ സംസ്ഥാന കോവിഡ്‌ വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ. നിപ കേരളത്തെ ഒരുപാട്‌ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌. മാസ്ക്‌, സാമൂഹിക അകലം, ക്വാറന്റൈൻ, സമ്പർക്കപ്പട്ടിക തയാറാക്കൽ എന്നിവയൊക്കെ കേരളത്തിന്‌ നേരത്തെതന്നെ സുപരിചിതമായിരുന്നു. അതൊരു പഠനകാലമായിരുന്നു. 2018നെ അപേക്ഷിച്ച്‌ സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളിൽ ഉണ്ടായ വലിയ മാറ്റങ്ങൾ 2019ലും 2021ലും വലിയ ഗുണം ചെയ്തു. രോഗം വ്യാപിക്കാതെ രണ്ടുതവണയും ഒരു രോഗിയിൽ മാത്രം ഒതുക്കിനിർത്തി നിയന്ത്രിക്കാനായി.

എന്നാൽ മൂന്നാം തവണ നിപ കണ്ടെത്തിയതിനാൽ എച്ച് 1 എൻ 1, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പോലെ നിപ കേരളത്തിൽ പ്രാദേശികരോഗമായി (Endemic) മാറിക്കഴിഞ്ഞിട്ടുണ്ടോ എന്ന് നിർണയിക്കേണ്ടിയിരിക്കുന്നു. വവ്വാലുകളിൽ നിന്ന്‌ പടരുന്ന രോഗമായതിനാൽ കേരളത്തിൽ കാണപ്പെടുന്ന വവ്വാലുകളിലുള്ള വൈറസുകളെ സംബന്ധിച്ച് പഠനം നടത്തി ഇക്കാര്യം ശാസ്‌ത്രീയമായി സ്ഥിരീകരിക്കേണ്ടതുണ്ട്. കേരള വെറ്റിനറി സർവകലാശാല, ഇൻസ്തിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി, കേരള ആരോഗ്യ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി ഇത്തരമൊരു ശാസ്ത്രീയ പരിശോധന നടത്താൻ ശ്രമിക്കണം–-അദ്ദേഹം പറഞ്ഞു.

(ഇന്റർന്യൂസ്‌ എർത്ത്‌ ജേണലിസം നെറ്റ്‌വർക്കിന്റെ സഹായത്തോടെ തയാറാക്കിയ സ്‌റ്റോറി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top