25 April Thursday

മനോരോഗങ്ങൾ ശാരീരികരോഗങ്ങൾ തന്നെയാണോ ?

പ്രസാദ്‌ അമോര്‍Updated: Monday Oct 7, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

മനഃശാസ്ത്രത്തിന്റെ ശാസ്ത്രീയതയെയും ഈ പഠനശാഖയില്‍ സമീപകാലത്തുണ്ടായ വികാസങ്ങളെയും പറ്റി മൂന്ന് ഭാഗങ്ങളായി പ്രസാദ്‌ അമോര്‍ എഴുതുന്നു. രണ്ടാം ഭാഗം ഇവിടെ:

പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച തലതിരിഞ്ഞ ബോധം കേവലം മരുന്നുകൊണ്ട് മാറുന്നതല്ല എന്നായിരുന്നു ഒരു കൂട്ടം സാമൂഹിക ശാസ്ത്രജ്ഞമാരുടെ നിലപാട്. എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്ന അധീശ പാരമ്പര്യങ്ങളാണ് മനുഷ്യരുടെ ചിത്തത്തെ രോഗഗ്രസ്തമാക്കുന്നത്. മനുഷ്യർ ശേഷികൾ കൈവരിക്കുന്നത് തങ്ങളുടെ ജൈവഘടന ഉപയോഗിച്ച് സാമൂഹിക സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ്.ജീവജാലങ്ങളും പ്രകൃതിയുമായുള്ള പാരസ്പര്യത്തിലൂടെ പ്രവർത്തനങ്ങളെ സാമൂഹികമായി ഏകോപിപ്പിച്ചാണ് മനുഷ്യർ നൈസർഗികമായി ജീവിക്കേണ്ടത്. പലപ്പോഴും സമൂഹം മനുഷ്യന്റെ ജൈവാവസ്ഥയെ പ്രതികൂലമാക്കുന്നു. മനോരോഗങ്ങളുടെ ഹേതു സമൂഹമാണ്.അതിനാൽ ചികിത്സിക്കേണ്ടത് വ്യക്തിയെയല്ല സമൂഹത്തിനെയാണ്. പലപ്പോഴും സാമൂഹ്യ വിഭാഗങ്ങളായ മതങ്ങൾ, ജാതികൾ തുടങ്ങിയവയുടെ അലിഖിത നിയമങ്ങൾ അദൃശ്യമായ അജ്ഞാതശക്തിയായി പ്രവർത്തിച്ചു മനുഷ്യരെ കിഴ്പെടുത്തുന്നു. കേവലം ജന്മവാസനകളല്ല മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നത്.മൃഗസവിശേഷതകൾ സ്വീകരിക്കുന്ന മനുഷ്യർക്കാണ് മനോരോഗങ്ങൾ പിടിപെടുന്നത്.

തീർച്ചയായും മനുഷ്യന്റെ ജൈവപ്രകൃതത്തെ തൃണവൽക്കരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ആശയങ്ങൾ മനോരോഗചികിത്സയെ തെല്ലൊന്നുമല്ല തൊന്തരവിലാക്കിയത്. ആളുകൾ മനോരോഗ ചികിത്സതേടുന്നതിൽ വിമുഖത കാണിക്കുന്നതിന് ഇതെല്ലാം കാരണമായി തീർന്നു.മനുഷ്യർക്ക് സവിശേഷ പദവി നൽകുന്ന മനുഷ്യകേന്ദ്രികൃതമായ ആശയ സംഹിതകൾ മനുഷ്യരുടെ പ്രകൃതിദത്തവും നൈസർഗ്ഗികവുമായ വാസനകൾ മൃഗീയവാസനകളായി വിലയിരുത്തപ്പെട്ടു.

മനസ്സും ശരീരവും തമ്മിൽ ബന്ധമില്ല എന്ന പൊതുധാരണയുടെ വിവിധ രൂപങ്ങളായിരുന്നു ഇത്തരം ആശയവാദങ്ങളുടെ അടിത്തറയായി വർത്തിച്ചത്.മനസ്സ്, ജീവൻ, ആത്മാവ് തുടങ്ങിയ വാക്കുകളിലൂടെ പ്രകടിതമാകുന്ന ആശയങ്ങൾ അതിഭൗതികമായ വിശദീകരണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ശരീരത്തിൽ നിന്ന് അതീതമായ ദാർശനിക വ്യഖ്യാനങ്ങൾ പലപ്പോഴും ഇത്തരം പരികല്പനകളിലൂടെ നാം സംവദിക്കുന്ന വിവരങ്ങൾക്ക് ബാധ്യതയാവുകയാണ്. പക്ഷെ നമ്മുടെ പെരുമാറ്റത്തെ, വൈകാരികതകളെ, ആന്തരികനിലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പരികല്പനകളായ മനസ്സ് , ആത്മവിശ്വാസം തുടങ്ങിയവ ഭാഷ നിലനിർത്തിയിട്ടുള്ളതുകൊണ്ട്. അത് ഉപയോഗിച്ച് ആശയനിവർത്തി സാധ്യമാക്കുകയെ നമ്മുക്ക് ഇപ്പോൾ നിർവാഹമുള്ളൂ.

 

മനോരോഗങ്ങൾ ശാരീരികരോഗങ്ങൾ തന്നെയാണോ ?

ജീവികളെ നിരവധി അസുഖങ്ങൾ ബാധിക്കും.സൂക്ഷ്മ ജീവികൾ പരത്തുന്ന നിരവധി വ്യാധികളുണ്ട്.ക്യാൻസർ, ക്ഷയം, ഫ്ലൂ തുടങ്ങിയ ഒട്ടുമിക്ക ശാരീരിക രോഗങ്ങളും വിവിധതരം സ്കാനിങ്ങിലൂടെയും രക്തപരിശോധനയിലൂടെയും നിർണ്ണയിക്കാൻ കഴിയും. എന്നാൽ വ്യക്തിയുടെ പെരുമാറ്റത്തെ, വ്യക്തിത്വത്തെ, ചിന്തകളെ , വൈകാരികനിലയെ എല്ലാം വികലമായി ബാധിക്കുന്ന അവസ്ഥകളായ രോഗങ്ങൾ അതായത് മനോരോഗങ്ങൾ ഒരു രക്തപരിശോധനയിലൂടെ തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ ഇത്തരം രോഗങ്ങളും ശാരീരിക രോഗങ്ങൾ തന്നെയാണ്. കാരണം മനസ്സ് എന്നത് ശരീരത്തിൽ നിന്ന് അതീതമായ ഒന്നല്ല. മനുഷ്യന്റെ പെരുമാറ്റത്തെ സ്വഭാവത്തെ , വികാരങ്ങളെ ബാധിക്കുന്ന ഈ ശാരീരിക രോഗങ്ങളെ തിട്ടപ്പെടുത്താൻ സൂക്ഷ്മമായ നിരീക്ഷണവും വിശകലനങ്ങളും ആവശ്യമുണ്ട്.ഇത്തരം രോഗങ്ങൾ ബാധിക്കാൻ ഒന്നിൽ കൂടുതൽ കാരണങ്ങൾ ഉണ്ട്.

മഷ്തിഷ്കത്തിനകത്തെ വിവിധഭാഗങ്ങളുടെ പ്രവർത്തനക്ഷമതയിൽ വരുന്ന മാറ്റങ്ങൾ, ജനിതകാവസ്ഥ എന്നിവ.

മഷ്തിഷ്കത്തിനകത്തു സിരാകോശങ്ങളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന സിനാപ്സ് എന്നി ഭാഗങ്ങളും ഉണ്ട്.സിരാ രാസികങ്ങളാണ് രണ്ടു കോശങ്ങൾക്കിടയിലൂടെ സന്ദേശങ്ങൾ കടത്തിവിടുന്നത്.ഈ രാസികങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് വ്യക്തിയുടെ ചിത്ത വ്യാപാരത്തെ ബാധിക്കും.

മഷ്തിഷ്കത്തിനകത്തെ മുഴകൾ, അർബുദം, തൈറോയ്ഡ് ഗ്രന്ഥികളുടെ രോഗങ്ങൾ എന്നിവ വിചിത്ര വ്യവഹാരങ്ങൾ ആന്തരിക നില എന്നിവ സൃഷ്ടിക്കും. ചിലതരം അണുബാധ, റേഡിയേഷൻ സ്‌ട്രോക്, മഷ്തിഷ്ക ക്ഷതങ്ങൾ, ഹോർമോണുകളിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ,, ഹോര്മോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന പീറ്റ്യൂറ്ററി, തൈറോയ്ഡ് അഡ്രിനൽ എന്നി അന്തഃസ്രാവഗ്രന്ഥികളുടെ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങൾ എന്നിവ രൂപപ്പെടുത്തുന്ന അസുന്തലനാവസ്ഥ പെരുമാറ്റത്തിൽ, മനനത്തിൽ പന്തികേടുണ്ടാക്കും.

മഷ്തിഷ്കത്തിലെ ലിംബിക് വ്യൂഹം, ഹൈപ്പോതലാമസ്, ഫ്രോണ്ടൽ കോർട്ടക്‌സിലെ അടിയിലും മധ്യഭാഗത്തുമുള്ള സിരാഭാഗങ്ങൾക്കിടയിൽ സംഭവിക്കുന്ന രാസവ്യതിയാനങ്ങൾ രൂപപ്പെടുത്തുന്ന ജൈവാവസ്ഥ ആന്തരികവും ബാഹ്യവുമായ നിലകൾ അസാധാരണമാക്കുന്നു.

വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇടപെഴകലിലെ പ്രശ്‌നങ്ങൾ, സംഘർഷജീവിത സാഹചര്യങ്ങൾ പിരിമുറുക്കമുള്ള ജോലി, വ്യക്തിയുടെ സവിശേഷമായ ചുറ്റുപാടുകൾ രൂപപ്പെടുത്തുന്ന അവ്യവസ്ഥകൾ എന്നിവ,വ്യക്തിയുടെ സൂക്ഷ്മവും സ്ഥായിയവുമായ പരിസ്ഥിതി അതായത് താസിക്കുന്ന വീട് സ്ഥലം സമൂഹം എന്നിവ

വ്യക്തിയുടെ വിശ്വാസങ്ങൾ മറ്റ് മനുഷ്യരുമായുള്ള ബന്ധം ജീവിത ശൈലി തൊഴിൽ സാമൂഹ്യ സാമ്പത്തിക ചുറ്റുപാട് , താമസിക്കുന്ന രാജ്യത്തിലെ രാഷ്ട്രീയാവസ്ഥ എന്നിവ

ഇത്തരത്തിലുള്ള അചേതന ചേതന പരിസ്ഥിതി യുമായി വ്യക്തി പ്രതിഭാസികമായി സംവദിക്കുകയും തൽഫലമായി ലഭിക്കുന്ന അനുഭവങ്ങൾ ജൈവപരമായതാണ്.വ്യക്തിയുടെ ഭൗതിക പരിസ്ഥിതി, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധം, ചുറ്റുപാടുകളും തമ്മിലുള്ള ബന്ധം എല്ലാം വ്യക്തിയുടെ പെരുമാറ്റത്തെ സ്വഭാവത്തെ ജീവിതത്തെ അനുകൂലവും പ്രതികൂലവുമായി സ്വാധീനിക്കുന്നു.

ജീവശാസ്ത്രപരവും വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതിക ഘടകങ്ങളും പ്രതിപ്രവർത്തിക്കുകയും അത് വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്ന മസ്തിഷ്കവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് രോഗങ്ങൾ പ്രത്യക്ഷപെടുന്നത്. പെരുമാറ്റത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങൾക്കെല്ലാം ഇന്ന് ജൈവശാസ്ത്രപരമായ വസ്തുതകൾ ഉണ്ട് എന്ന് സാരം.ബാഹ്യലോകവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മനുഷ്യ ശരീരത്തിന്റെ ആവിഷ്കാരങ്ങൾ ഭൗതിക പ്രതിഭാസമെന്ന നിലയിൽ പരിശോധിക്കേണ്ടതുണ്ട്.

 

മനോരോഗിയെന്ന് മുദ്രകുത്തൽ

ലഘുമനോരോഗങ്ങൾ, ഗുരുതരമായ മനോരോഗങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഭാഗവും, ഉപവിഭാഗവുമായി തരം തിരിച്ചിട്ടുള്ള മനോരോഗങ്ങളുടെ ക്രമീകരണം സങ്കീർണ്ണമാണ്. രോഗ പീഡ അനുഭവിക്കുന്നവരുടെ ശാരീരികവും പെരുമാറ്റ സംബന്ധവുമായ പ്രത്യേയ്കതകൾ വിശകലനം ചെയ്‌ത്‌ കൊണ്ട് നിലവിലുള്ള ഏതെങ്കിലും ഒരു ക്രമീകരണത്തിൽ പെടുത്തുന്നത് ഒരു തരത്തിൽ കിട്ടാവുന്ന സൗകര്യങ്ങൾ വെച്ചുകൊണ്ട് ഒരു തരം പട്ടം ചാർത്തലാണ്. എയ്ഡ്‌സ്, കാൻസർ തുടങ്ങിയ രോഗങ്ങൾ പ്രഖ്യാപിക്കുന്നരീതിയിൽ മനുഷ്യപെരുമാറ്റത്തെ ബാധിക്കുന്ന രോഗങ്ങൾ അസന്നിഗ്ധമായി വിധി കൽപ്പിച്ചു പേര് ചാർത്തുന്നത് നിരപേക്ഷമല്ല. മനോരോഗങ്ങളെ കാലാകാലങ്ങളായി ക്രമീകരിച്ചിരിക്കുന്നത്തിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങളാണ്.DSM 1 മുതൽ DSM 5 വരെയുള്ള ക്രമീകരണത്തിൽ ആദ്യം രോഗമാണെന്ന് വിലയിരുത്തിയത് പിന്നീട് രോഗമല്ലാതെയായി. ലൈംഗിക വ്യതിയാനങ്ങളെ രോഗങ്ങളായി ഗണിച്ചത് ,ബഹു വ്യക്തിത്വരോഗം, വ്യക്തിത്വ വൈകല്യങ്ങളെന്ന് വിലയിരുത്തിയ മറ്റ് രോഗങ്ങൾ മനോരോഗ ചികിത്സകരുടെ ഭാവനാ വിലാസങ്ങളുടെ- വ്യക്തിപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ചതാണെന്നു വിലയിരുത്തപ്പെട്ടു. മാത്രമല്ല ഏവരും പിന്തുടരുന്ന DSM(The Diagnostic and Statistical Manual of Mental Disorders) ICD(International Classification of Diseases) എന്നിവ മനോരോഗ ക്രമീകരണ കാര്യത്തിൽ അടിസ്ഥാനപരമായി വൈരുദ്ധ്യങ്ങൾ നിലനിർത്തുന്നു. മനോരോഗചികിത്സകർ നൽകിയ ലേബലിംഗ് മനസ്സാ വരിച്ചു ജീവിതകാലം മുഴുവൻ സ്വയം പീഡയും വിവേചനവും അനുഭവിക്കുന്നവരുണ്ട്.

പെരുമാറ്റത്തിൽ പന്തികേട് ഉള്ളവരെ വിവിധ മനോരോഗ ക്രമീകരണത്തിൽപെടുത്തി മനോരോഗി എന്ന് മുദ്രകുത്തുന്നത് പ്രാകൃതമായ നിലപാടാണ്.മനുഷ്യവിവേചനത്തിന്റെ തലങ്ങൾ അതിൽ നിഴലിടുന്നുണ്ട്.അത് പലപ്പോഴും പൊതു സാമൂഹികതയുടെ നിശ്ചയങ്ങളെ പുണരുന്നുമുണ്ട്. ജന്മസിദ്ധവും സാമൂഹികവുമായ പല വിധ കാരണങ്ങൾ കൊണ്ട് വൈകാരിക പ്രതിസന്ധികൾ അനുഭവിക്കുന്ന വ്യക്തികൾ മാനസികാരോഗ്യം ലഭിക്കാൻ സഹായം തേടുന്നവർ മാത്രമാണ്.

 

ആദ്യഭാഗം വായിക്കാം: മനഃശാസ്ത്രം ശാസ്ത്രീയമോ?

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top