25 April Thursday
മേയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഭൂമിയിലെ മാലാഖമാരോട്... ഭാവിയിലെ മാലാഖമാരോട്

പ്രൊഫ പി കിഷോര്‍ കുമാര്‍Updated: Thursday May 11, 2023

മേയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിങ്ങിനു തുടക്കമിട്ട ഫ്ലോറെന്‍സ് നൈറ്റിന്‍ഗേളി‍‍‌ന്‍റെ 203-മത് ജന്മ വാര്‍ഷികദിനത്തില്‍  അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍  “നമ്മുടെ നഴ്‌സുമാര്‍... നമ്മുടെ ഭാവി....” (OUR NURSES…… OUR FUTURE…..) എന്ന ആപ്തവാക്യം ലോകമെമ്പാടും അവതരിപ്പിക്കുകയാണ്.

ക്രിമിയന്‍ യുദ്ധഭൂമിയില്‍ തുടങ്ങി നിപ്പയും, കൊവിഡും ഉയര്‍ത്തിയ യുദ്ധസമാനമായ ആഗോളസാഹചര്യത്തില്‍ വരെ നഴ്‌സുമാരുടെ സ്തുത്യര്‍ഹമായ സേവനമാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. അതിലുപരി 1960-ല്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെ പരിശീലനത്തില്‍ തുടങ്ങിയ നഴ്‌സുമാരുടെ മലയാളപ്പെരുമയും ഓരോ കേരളീയന്‍റെയും അഭിമാനമാണ്.
ഇത്തരത്തില്‍ നഴ്‌സിംഗ് പരിചരണത്തിന്‍റെ ഉയര്‍ന്ന നിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനും നഴ്‌സിംഗ് പ്രൊഫഷന്‍റെ നിലയും സാമൂഹികമൂല്യവും നിലനിര്‍ത്തുന്നതിനും ആയി ഭാവിയിലെ നഴ്‌സുമാരോട്  പത്ത് പ്രധാന കഴിവുകളെ കോര്‍ കൊമ്പീറ്റന്‍സികളായി വളര്‍ത്തിയെടുക്കാന്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ നവീന നഴ്‌സിംഗ് കരിക്കുലം  നിഷ്കര്‍ഷിക്കുന്നു. മുന്‍കാലങ്ങളില്‍ നഴ്‌സുമാരുടെ സ്വഭാവഗുണങ്ങളെ ശ്രദ്ധിച്ചിടത്ത് നിന്നും അതിലുപരിയായി, കഴിവുകളെക്കൂടെ കേന്ദ്രീകരിക്കുന്ന രീതിയിലേക്ക് നഴ്‌സിംഗ് മേഖല മാറിത്തുടങ്ങിയിരിക്കുന്നു.

1. രോഗിയുടെ മൂല്യങ്ങളേയും മുന്‍ഗണനകളേയും ബഹുമാനിച്ചു കൊണ്ടുള്ള വ്യക്ത്യധിഷ്ഠിത പരിചരണത്തിനുള്ള കഴിവ്, 2. മാനുഷിക തത്വങ്ങളും, ധാര്‍മികതയും നൈതികതയും ഉള്ള പ്രൊഫഷനലിസം, 3. ചെറു യൂണിറ്റുകളെ കോര്‍ത്തിണക്കിക്കൊണ്ട് ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി ഒരുക്കാനും ഉപയോഗിക്കാനുമുള്ള നിർവഹണസാമർഥ്യം, 4. നേതൃത്വ പാടവം, 5. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ കൈമാറാനും തീരുമാനമെടുക്കാനുമുള്ള ശേഷി,   6. രോഗികള്‍, കുടുംബങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി പരസ്പരബഹുമാനത്തോടെ ഇടപഴകാനും ആശയ വിനിമയം നടത്താനുമുള്ള കഴിവ്, 7. ഇന്‍റര്‍ഡിസിപ്ലിനറി ടീമുകളില്‍ സംഘടിതമായി പ്രവര്‍ത്തിക്കാനും സഹകരിക്കാനുമുള്ള കഴിവ്, 8. അപകടസാധ്യത കുറച്ചു രോഗീസുരക്ഷ ഉറപ്പു വരുത്താനുള്ള വ്യക്തിഗത മികവ്,   9. വിവരാധിഷ്ഠിതമായി ആരോഗ്യ സേവന സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആര്‍ജവം, 10. ക്ലിനിക്കല്‍ വൈദഗ്ദ്യവും അനുഭവ സമ്പത്തും ഗവേഷണഫലങ്ങളെയും  അടിസ്ഥാനമാക്കി രോഗീ പരിചരണത്തിനുള്ള സാമർഥ്യം എന്നീ പത്ത് കോര്‍ കൊമ്പീറ്റന്‍സികളെ ഭാവിയുടെ നഴ്‌സുമാര്‍ എന്ന പേരില്‍ ആണ് എന്‍.എല്‍.എന്‍. മാതൃകയില്‍   രൂപകല്‍പന ചെയ്തിരിക്കുന്നത്‌.

ഭാവിയിലെ വിദഗ്ദ നഴ്‌സുമാരെ വാര്‍ത്തെടുക്കുന്നതിനായി പഠന പ്രചോദനവും നല്ല തൊഴില്‍ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബഹുതല സ്പര്‍ശിയായ പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജനകീയ ആരോഗ്യ നയത്തിന്‍റെ ഭാഗമായി, രാജ്യത്തിനു തന്നെ മാതൃകയായി, നമ്മുടെ സംസ്ഥാനത്ത് ഒരു ആതുരസേവനനയം രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഒരു മരം നടാന്‍ ഏറ്റവും മികച്ച സമയം 20 വര്‍ഷം മുമ്പായിരുന്നു; ഏറ്റവും മികച്ച രണ്ടാമത്തെ സമയം ഇന്ന്, ഇപ്പോഴാണ് എന്ന പഴംചൊല്ല് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.


ഭാവിയില്‍ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ ആവശ്യങ്ങള്‍ക്കനുസരിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നഴ്‌സിങ്ങില്‍ കൂടുതലായി നിക്ഷേപം നടത്താനും ഐ.സി.എന്‍. ആഹ്വാനം ചെയ്യുന്നു. മെച്ചപ്പെട്ട രോഗീ നഴ്‌സ് അനുപാതവും, അധ്യാപക വിദ്യാര്‍ത്ഥി അനുപാതവും നഴ്‌സിംഗ് രംഗത്ത് ഉറപ്പു വരുത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. വര്‍ദ്ധിച്ചു വരുന്ന നഴ്‌സിംഗ് ആവശ്യകതക്കനുസരിച്ച് ആണ് 150ല്‍ പരം പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആണ് സെന്‍റെര്‍ ഓഫ് എക്സലന്‍സ് ആയി രാജ്യത്ത് ആരംഭിക്കുന്നത്. എന്നാല്‍ ഈ ബജറ്റ് പ്രഖ്യാപനത്തിലെ ഒരു കോളേജു പോലും കേരളത്തിനായി അനുവദിക്കപ്പെട്ടിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ നിന്നും പരിശീലനം ലഭിച്ച നഴ്‌സുമാരില്‍ ഭൂരിഭാഗവും മികച്ച ശമ്പളവും ജീവിത നിലവാരവും തേടി വിദേശത്തേക്ക് ചേക്കേറുന്നത് തദ്ദേശീയമായ ആരോഗ്യ സംവിധാനങ്ങളില്‍ നഴ്‌സിംഗ് ലഭ്യത വളരെയധികം കുറക്കുന്നു. പല സ്ഥാപനങ്ങളും ജിഎന്‍എം. കോഴ്സുകള്‍ ബി.എസ്.സി നഴ്‌സിംഗ് കോഴ്സുകളായി നവീകരിക്കുന്നതും ഈ അപര്യാപ്തത വര്‍ധിപ്പിക്കുന്നു.


പഠനത്തിലുള്ള വൈദഗ്ദ്യം പോലെ തന്നെ പ്രധാനമാണ് പഠിതാവിനെ തിരഞ്ഞെടുക്കുന്ന കാര്യവും. ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സിലും കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയും ഇതോടകം തന്നെ നഴ്‌സിംഗ് പ്രവേശനത്തിനായി ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, നഴ്‌സിംഗ് അഭിരുചി എന്നിവ ഉള്‍ക്കൊള്ളുന്ന പൊതുപരീക്ഷ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകം, തമിഴ്നാട്‌ മുതലായ അയല്‍ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ പ്രവേശന നടപടികള്‍ ക്രമീകരിച്ചു കഴിഞ്ഞു. ട്രെയിണ്ട് നഴ്‌സസ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനം, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയിംസ് പോലുള്ള സ്ഥാപനങ്ങളിലേതു പോലെ ചഋഋഠ അടിസ്ഥാനമാക്കി വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.


നഴ്‌സിംഗ് രംഗത്ത് ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഐസിഎംആര്‍ മാതൃകയില്‍ ഒരു ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് നഴ്‌സിംഗ് റിസര്‍ച്ച്, സംസ്ഥാന തലത്തില്‍ നഴ്‌സിംഗ് ഡയറക്ടറേറ്റ്  എന്നിവയെല്ലാം ഒരു ആവശ്യം എന്നതിനേക്കാള്‍ നഴ്‌സിംഗ് മേഖലയുടെ അവകാശമായി തന്നെ പരിഗണിക്കപ്പെടെണ്ടത് നമ്മുടെയൊക്കെ ഭാവിയിലേക്കുള്ള കരുതലാണ്.
വിദഗ്ദ പരിശീലനത്തിലൂടെ എല്ലാവരുടേയുംആരോഗ്യം മെച്ചപ്പെടുത്താനായി  ദൈനംദിന രോഗീ പരിചരണം മുതല്‍ ആരോഗ്യ നയ രൂപീകരണമടക്കമുള്ള വിപുലമായ ഉത്തരവാദിത്വമാണ് ആണ്, ഭാവിയിലെ നഴ്‌സുമാരില്‍ നിന്നും, ആഗോള ആരോഗ്യ മേഖല പ്രതീക്ഷിക്കുന്നത്. അത് തന്നെയാണ് നഴ്‌സിങ്ങിന്‍റെ ദീപ്തമായ ഭാവിയും. നഴ്‌സുമാരുടെ ശോഭനമായ ഭാവിയിലേക്ക് വെളിച്ചം വീശാനും നയ-നിര്‍മ്മാതാക്കളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ അദൃശ്യരായി നില്‍ക്കുന്ന നഴ്‌സുമാര്‍ അമൂല്യരായി മാറാനും ഈ നഴ്‌സസ് ദിന ആഹ്വാനത്തിനാകട്ടെ.

ആരോഗ്യ പ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്തുന്നവരല്ല, മറിച്ചു നഴ്‌സുമാരെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക മാറ്റത്തിനുള്ള തിരി തെളിയലാവണം ഈ നഴ്‌സസ് ദിനം എന്ന് ആശിക്കുന്നു, ആശംസിക്കുന്നു.
 

(തൃശൂര്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ പി ജി നഴ്‌സിംഗ് വിഭാഗം ബോര്‍ഡ്‌ ഓഫ് സ്റ്റഡീസിന്‍റെ ചെയര്‍മാനും, പെരിന്തല്‍മണ്ണ ഇഎംഎസ് നഴ്‌സിംഗ് കോളേജിലെ പൊതുജനാരോഗ്യ വിഭാഗം മേധാവിയും, വൈസ് പ്രിന്‍സിപ്പളും ആണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top