28 May Sunday

ആരോഗ്യമേഖലയിൽ ജാഗ്രതയുടെ പുത്തൻമുഖവുമായി ഇൻഫോ ക്ലിനിക്‌ ; വെബ്‌ പേജും, യു ട്യൂബ്‌ ചാനലും സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

കൊച്ചി> ആരോഗ്യ മേഖലയിലെ അശാസ്ത്രീയത പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന  ഇന്‍ഫോ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ   ഇനി വെബ്‌ പേജിലും യു ട്യൂബ്‌ ചാനലിലും ലഭ്യമാകും. ആധുനികവൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 ല്‍പ്പരം ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ്‌ ഇൻഫോക്ലിനിക്കിന്റെ കരുത്ത്‌. തെറ്റായ  സന്ദേശങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനും  ശാസ്ത്രീയമായ ശരിയായ അറിവുകൾ പങ്കുവെക്കുന്നതിനും ഫേസ്‌ബുക്കിൽ ആരംഭിച്ച ഇൻഫോ ക്ലിനിക്‌ ഏപ്രിൽ 7 മുതൽ വെബ്‌പേജ്‌, യുട്യൂബ്‌ ചാനലിലും ലഭിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.


ഇൻഫോ ക്ലിനിക് അറിയിപ്പ്‌  ചുവടെ

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രചരണാര്‍ത്ഥം നില കൊള്ളുന്ന ഇന്‍ഫോക്ലിനിക്‌ ഒരു ചുവടു കൂടി വെയ്ക്കുന്നു. ഈ ലോകാരോഗ്യ ദിനത്തില്‍ (ഏപ്രിൽ 7) ഇന്‍ഫോ ക്ലിനിക്കിന്റെ വെബ്‌ പേജ്, യൂ ട്യൂബ് ചാനല്‍ എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി ജനസമക്ഷം എത്തുകയാണ്.

ആധുനികവൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 ല്‍പ്പരം ഡോക്ടര്‍മാരുടെ ഈ കൂട്ടായ്മ 2016 Oct ലാണ് ഇന്‍ഫോക്ലിനിക്‌ എന്ന ഫേസ് ബുക്ക്‌ പേജ് ആരംഭിക്കുന്നത്.

സാധാരണക്കാരെ വഴിതെറ്റിക്കുന്ന തെറ്റിധാരണാജനകമായ അനേകം വ്യാജ സന്ദേശങ്ങള്‍ ഉടലെടുക്കുന്നതും പ്രചരിക്കുന്നതും സോഷ്യല്‍ മീഡിയ മുഖേനയാണ് എന്നതിനാല്‍, ഉറവിടത്തില്‍ തന്നെ അത്തരം പ്രചാരണങ്ങളെ തടുക്കാനും, തെറ്റായ  സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും, ശാസ്ത്രീയമായ ശരിയായ അറിവുകൾ പൊതുജനങ്ങള്‍ക്കായി പ്രദാനം ചെയ്യുന്നതും  ഉദ്ദേശിച്ചു ആരംഭിച്ച ചെറിയ സംരംഭമാണ് ഇൻഫോ ക്ലിനിക്.അശാസ്ത്രീയത പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന  ഇന്‍ഫോ ക്ലിനിക്‌ ഫേസ്ബുക്ക് പേജ് 71000 ത്തില്‍പ്പരം പേര്‍ ഫോളോ ചെയ്യുന്നു. പേജ് മുഖേന നാളിതു വരെ ആരോഗ്യ വിഷയ സംബന്ധമായ 250 ഓളം ലേഖനങ്ങള്‍, 27 വീഡിയോകള്‍ എന്നിവ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാര്‍ കൂട്ടായ പങ്കാളിത്തത്തോടെ ആധികാരികത ഉറപ്പു വരുത്തിയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എം ആര്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍, നിപ്പ നിയന്ത്രണ പരിപാടികള്‍, പ്രളയാനന്തര പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി സമകാലിക പ്രസക്തിയുള്ള ഒട്ടുമിക്ക സാമൂഹിക/പൊതുജനാരോഗ്യ വിഷയങ്ങളിലും ഇടപെടലുകള്‍ നടത്തുകയുണ്ടായി. ഹിജാമ എന്ന അംഗീകൃതമല്ലാത്ത ചികില്‍സാ സമ്പ്രദായത്തിലെ അശാസ്ത്രീയതകള്‍ തുറന്നു കാട്ടുന്ന ലേഖനം പ്രസിദ്ധീകരിച്ചത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ലേഖനങ്ങള്‍ എഡിറ്റ്‌ ചെയ്യാതെ കടപ്പാട് സഹിതം ആര്‍ക്കും പുന: പ്രസിദ്ധീകരിക്കാം എന്ന നയം സ്വീകരിക്കുന്നതിനാല്‍ കേരളത്തിലെ മുന്‍ നിര മാദ്ധ്യമങ്ങളുടെ ഓണ്‍ലൈന്‍/ പ്രിന്‍റ് എഡിഷനുകളില്‍ ലേഖനങ്ങള്‍ പുന:പ്രസിദ്ധീകരിച്ചു വരാറുണ്ട്. അതുപോലെ ആരോഗ്യ വിഷയങ്ങളിൽ ചാനല്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും ഇന്‍ഫോ ക്ളിനിക്കിനെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ട്. സയൻസ് പ്രചരിപ്പിക്കാനുള്ള മാധ്യമ താല്പര്യത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം നന്ദിയും പറയുന്നു.

ചികിത്സകരും പൊതു സമൂഹവും തമ്മിലുള്ള ബന്ധത്തിലെ അകല്‍ച്ച കുറയ്ക്കാന്‍ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങളും ആശയപ്രചാരണങ്ങളും ഇന്‍ഫോ ക്ലിനിക്കിന്റെ ഒരു ലക്ഷ്യമാണ്. സ്വന്തം കര്‍മ്മ മേഖലയില്‍ തിരക്കുള്ള ഒരു കൂട്ടം ഡോക്ടര്‍മാര്‍ സ്വമേധയാ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്, ആയതിനാല്‍ സമയപരിമിതി അനുവദിക്കും വിധം പേജിലൂടെ കമന്റുകള്‍ മുഖേന  ജനങ്ങളുടെ പൊതുവായ സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. രോഗങ്ങള്‍ സംബന്ധമായ വ്യക്തിഗത ഉപദേശങ്ങളും ചികില്‍സാ നിര്‍ദ്ദേശങ്ങളും നല്‍കാറില്ല, ഓണ്‍ലൈന്‍ ചികില്‍സ പോലുള്ളവ ഇന്‍ഫോ ക്ലിനിക്‌ പ്രോത്സാഹിപ്പിക്കുന്നില്ല.

ഉന്നത ധാര്‍മ്മിക നൈതിക മൂല്യങ്ങള്‍ മെഡിക്കല്‍ രംഗത്ത് പുലരുന്നതിനു അനുഗുണമായ രീതിയില്‍ ആശയപ്രചാരണങ്ങള്‍ നടത്തുന്നതിനും ഇന്‍ഫോ ക്ലിനിക്ക് ശ്രമിക്കാറുണ്ട്, ഇതിന്റെ ഭാഗമായി യുവ തലമുറ ഡോക്ടര്‍മാരുമായുള്ള ആശയവിനിമയ ചടങ്ങുകള്‍ അവര്‍ ആവശ്യപ്പെടും പ്രകാരം സംഘടിക്കപ്പെടാറുണ്ട്. (മഞ്ചേരി, തൃശ്ശൂര്‍, കോട്ടയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, അമല മെഡിക്കല്‍ കോളേജ്‌, കൊലഞ്ചേരി മെഡി: കോളേജ്‌ എന്നിവിടങ്ങളില്‍)

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളിലെ മികവ് മുന്‍നിര്‍ത്തി ഐ എം എ, എസ്സെന്‍സ് ഗ്ലോബല്‍ ഒമാന്‍ എന്നിവരുടെ അവാര്‍ഡുകള്‍ ഇന്‍ഫോ ക്ലിനിക്‌ കരസ്ഥമാക്കിയിട്ടുണ്ട്.

വെബ്‌ പേജിലേക്ക് കൂടി ഇന്‍ഫോ ക്ലിനിക്‌ ലഭ്യമാവുമ്പോള്‍, വിജ്ഞാന കുതുകികള്‍ക്ക് മെച്ചപ്പെട്ട വായനാ അനുഭവം ആവുമത്. ഫേസ് ബുക്കില്‍ നിന്നും വിഭിന്നമായി ലേഖനങ്ങളോടൊപ്പം  അനുബന്ധ ചിത്രങ്ങള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ എന്നിവ കൂടി പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

മുന്‍കാല ലേഖനങ്ങള്‍ പരതുന്നത് കൂടുതല്‍ എളുപ്പമാവും, വിഷയങ്ങള്‍ തിരിച്ചും, ലേഖകരുടെ പേര് തിരിച്ചുമൊക്കെ പെട്ടന്ന് കണ്ടെത്താന്‍ വിധം ഇനം തിരിച്ചു പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. നത ഹുസൈൻ, ഡോ. മിഥുൻ ജെയിംസ് അഭിലാഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടൊപ്പമെത്താനുള്ള പരിശ്രമഫലമായി യൂട്യൂബ് ചാനലും ഇന്‍ഫോ ക്ലിനിക്‌ ഈ അവസരത്തില്‍ ആരംഭിക്കുകയാണ്. ഇനി വരും കാലം വീഡിയോ അവതരണം ജനങ്ങള്‍ക്ക്‌ കൂടുതല്‍ ആകര്‍ഷകമാവും എന്നതിനാല്‍ ചെറു വിഷയങ്ങള്‍ വീഡിയോ ആക്കി ചാനലിലൂടെ പോസ്റ്റ്‌ ചെയ്യാനാവും എന്ന് പ്രത്യാശിക്കുന്നു.

ഇന്‍ഫോ ക്ലിനിക്‌ ഫേസ്ബുക്ക് പേജ്:
 https://www.facebook.com/infoclinicindia

വെബ്‌ പേജ്: https://infoclinic.in/

യൂ ട്യൂബ് ചാനല്‍: https://www.youtube.com/channel/UCAyFZ413Wyyl2bsH6_ZHpTw

ട്വിറ്റര്‍: https://twitter.com/infoclinicindia


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top