10 December Sunday

ആരോഗ്യത്തിന്റെ നേർവിവരങ്ങളുമായി 'ഇൻഫോ ക്ലിനിക്' ശ്രദ്ധ നേടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2017

കൊച്ചി> ആരോഗ്യ രംഗത്തെ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിയ്ക്കാനും പൊതുജനാരോഗ്യം സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവയ്ക്കാനും ഒരു കൂട്ടം യുവ  ഡോക്ടര്‍മാര്‍ ആരംഭിച്ച ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്‌ബുക്ക് പേജ് ശ്രദ്ധ നേടുന്നു.

വാക്സിനേഷന്റെ ആവശ്യകതയും അവയവദാനത്തെപ്പറ്റി പ്രചരിക്കുന്ന അപസര്‍പ്പക കഥകളിലെ കഥയില്ലായ്മയും മുതല്‍ ലിംഗ മാറ്റത്തിന്റെ സങ്കീര്‍ണതകള്‍ വരെ വിശദമാക്കുന്ന കുറിപ്പുകള്‍ പേജില്‍ പ്രസിദ്ധീകരിയ്ക്കുന്നു.

ജോലിതിരക്കിനിടയില്‍ നേരം കണ്ടെത്തിയാണ് ഡോക്ടര്‍മാര്‍ കുറിപ്പുകള്‍ തയ്യാറാക്കുന്നത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ info clinic ല്‍  ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പുകളും പേജില്‍ ഇടം നേടുന്നു.ഡോക്ടര്‍മാരോട് സംശയങ്ങള്‍ ചോദിയ്ക്കാനും സൌകര്യമുണ്ട്.

'സാധാരണക്കാരെ വഴിതെറ്റിക്കുന്ന രീതിയില്‍ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഒട്ടനേകം പേജുകള്‍ ഫേസ്‌ബുക്കിലും ആരോഗ്യപംക്തികള്‍ വിവിധ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഈ കാലത്ത് അത്തരം സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും ശരിയായ അറിവുകള്‍ക്ക് വേണ്ടിയും ഒരു കൂട്ടം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിക്കുന്ന ഒരു ചെറിയ സംരംഭമാണ് ഇന്‍ഫോ ക്ലിനിക്. ഇതും ഒരു ക്ലിനിക് തന്നെ.ചികില്‍സയ്ക്ക് പകരം ഇവിടെ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകള്‍ (ഇന്‍ഫര്‍മേഷന്‍) ലഭിക്കുന്നു ''പേജിന്റെ ആമുഖക്കുറിപ്പില്‍ പറയുന്നു.

ഡോക്ടര്‍മാരായ പി എസ് ജിനേഷ്, ദീപു സദാശിവന്‍, നെല്‍സണ്‍ ജോസഫ്, ഷിംന അസീസ്‌ എന്നിവരുടെ മുന്‍കയ്യോടെ  തുടക്കമിട്ട പേജിനു പിന്തുണയുമായി  പല മേഖലകളിലെ വിദഗ്ദ്ധരായ പ്രഗത്ഭ ഡോക്ടര്‍മാരുടെ നിരതന്നെയുണ്ട് .

പ്രൊഫസർ ഡോ. കെ.കെ. പുരുഷോത്തമൻ (തൃശൂർ മെഡിക്കൽ കോളജിലെ കുട്ടികളുടെ വിഭാഗം മേധാവി), പ്ലാസ്‌റ്റിക്‌ സർജറി വിഭാഗം പ്രൊഫസർ ഡോ. ജിമ്മി മാത്യു, അസ്ഥിരോഗ വിഭാഗം പ്രൊഫസർ ഡോ. കെ. വിശ്വനാഥൻ, കുട്ടികളുടെ വിഭാഗം പ്രഫസറായ ഡോ. മോഹൻദാസ് നായർ, മാനസികാരോഗ്യ വിദഗ്ധൻ ഡോ. ഷാഹുൽ അമീൻ, നേത്രരോഗ വിഭാഗം ഡോ. എൻ. നവജീവൻ, പത്തോളജി വിഭാഗം വിദഗ്ധൻ ഡോ. അൻജിത്ത് ഉണ്ണി, ഉദരശസ്‌ത്രക്രിയ വിദഗ്‌ധൻ ഡോ.അബ്‌ദുൽ ലത്തീഫ്‌, ഡോ.മനോജ്‌ വെള്ളനാട്‌, ഡോ. ജിതിൻ ടി. ജോസഫ്, ഡോ. ആനന്ദ് എസ്, സർജറി വിഭാഗം ഡോ. ദീപു ജോർജ്, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ജമാൽ തുടങ്ങിയവരും ഇൻഫോക്ലിനിക്കിൽ ലേഖനങ്ങളെഴുതുന്നു.  കൂടാതെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ പുത്തനുണർവ്‌ പകർന്ന എറണാകുളം സർക്കാർ ഡോക്‌ടർമാരുടെ 'അമൃതകിരണം' ടീമിലെ ഡോ. സുനിൽ പി. കെ, ഡോ.കിരൺ നാരായണൻ, ഡോ. എം. മനു എന്നിവരും ടീം ഇൻഫോക്ലിനിക്കിലെ സജീവസാന്നിധ്യങ്ങളാണ്‌. ഭാവിയിൽ മെഡിക്കൽ മേഖലയിലെ വിദഗ്ധരായ കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി ജനങ്ങളുടെ ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പേജിന്റെ ചുമതലക്കാർ പറയുന്നു.

തുടങ്ങി നാലുമാസം പിന്നിടുന്ന പേജില്‍ ഇതിനകം നാല്‍പ്പതിലേറെ ലേഖനങ്ങള്‍  പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഓരോ പോസ്റ്റിനെപ്പറ്റിയുമുള്ള ചര്‍ച്ചകളിലൂടെയും ഏറെ വിവരങ്ങള്‍ ലഭ്യമാകുന്നു. ഇന്‍ഫോ ക്ലിനിക്കില്‍  പ്രസിദ്ധീകരിയ്ക്കുന്ന കുറിപ്പുകള്‍ പലതും പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിയ്ക്കപ്പെടുന്നുമുണ്ട്.

പേജ് ലിങ്ക് ഇവിടെ:https://www.facebook.com/infoclinicindia


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top