24 September Sunday

കുഞ്ഞിനു ഭക്ഷണം എങ്ങനെയൊക്കെ?

ഡോ. ഷിംന അസീസ്Updated: Thursday Feb 23, 2017

കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ കൊടുക്കാം; കൊടുക്കാതിരിയ്ക്കാം -ഡോ.ഷിംന അസീസ്‌ എഴുതുന്നു

'ഡോക്ടറെ എന്റെ കുഞ്ഞിന് ഒന്നും തിന്നാന്‍വേണ്ട' എന്ന പരാതി കേരളത്തിലെ ശിശുരോഗവിഭാഗം സന്ദര്‍ശിക്കുന്ന ബഹുഭൂരിപക്ഷം രക്ഷിതാക്കള്‍ക്കുമുണ്ട്. 'സമ്പൂര്‍ണ തിന്നാന്‍വേണ്ടാത്ത കുട്ടികളുടെ സംസ്ഥാനം' എന്ന മട്ടിലാണ് കേരളത്തിന്റെ പോക്ക്. കുഞ്ഞിനുവേണ്ട ഭക്ഷണത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതുതന്നെയാണ് പലപ്പോഴും പരാതിയുടെ അടിസ്ഥാനം.

കുഞ്ഞിന്റെ ആറുമാസംവരെയുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണെന്ന് അറിയാമല്ലോ. മുമ്പ് നാലുമാസത്തിനുശേഷം കുറുക്ക് കൊടുത്തുതുടങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ആറുമാസത്തേക്ക് കുഞ്ഞിന് മുലപ്പാലിന്റെ ഗുണം ആവോളം കിട്ടാനായി exclusive breast feeding for six months എന്ന രീതിയാണ് തുടരുന്നത്.

എന്നാല്‍ നാലുവര്‍ഷത്തേക്ക് മുലപ്പാല്‍ മാത്രം ആയിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ടാകാം. അത് പറ്റില്ല. കാരണം, വളരുന്നതിനനുസരിച്ച് കുഞ്ഞിനുള്ള പോഷകങ്ങള്‍ മുഴുവന്‍ എത്തിക്കാന്‍ മുലപ്പാലിന് കഴിയില്ലെന്നതുതന്നെ.

നേരത്തെ കുറുക്ക് നല്‍കിത്തുടങ്ങേണ്ടിവരുന്ന നിര്‍ബന്ധിതാവസ്ഥകളിലൊഴികെ ഒരുകാരണവശാലും നേരത്തെ കോംപ്ളിമെന്ററി ഫീഡിങ് തെരഞ്ഞെടുക്കരുത്. അമ്മയുടെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ നേരത്തെ ഖരഭക്ഷണം നല്‍കുന്നത് പരിഗണിക്കുകപോലുമരുത്.

അത്രയും നാള്‍ (അതുകഴിഞ്ഞും മുലയൂട്ടുന്ന നാളത്രയും) കുഞ്ഞിനെക്കാള്‍ നന്നായി കഴിക്കേണ്ടത് അമ്മയാണ്. ഓരോ ദിവസവും അമ്മയുടെ സാധാരണ ഭക്ഷണത്തില്‍ 600 കിലോ കലോറി അധികം ഉണ്ടാകണം. കൂടാതെ, ആവശ്യത്തിന് ഇരുമ്പും കാത്സ്യവും മാംസ്യവും (മാംസമല്ല, 'പ്രോട്ടീന്‍') വൈറ്റമിനുകളും അടങ്ങിയ ആഹാരമാകണം അവര്‍ കഴിക്കേണ്ടത്. ഇത് കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപകരിക്കും.

ആദ്യ ആറുമാസം മുലപ്പാല്‍ അല്ലാതെ ഒന്നും കുഞ്ഞിന് ആവശ്യമില്ല. കുഞ്ഞിന് ദാഹിക്കുമെന്നു പറഞ്ഞ് തിളപ്പിച്ചാറിയ വെള്ളമൊക്കെ കൊടുക്കുന്നത് കാണാം. ആവശ്യമില്ല. ദാഹം മാറ്റിയിട്ട് കുഞ്ഞിന് ഒളിമ്പിക്സിന് ഓടാന്‍പോകാനൊന്നും ഇല്ലല്ലോ. ഓരോ സമയത്തും കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുലപ്പാലിന്റെ ഘടകങ്ങള്‍ക്കും മാറ്റംവരുന്നുണ്ട് (ദാഹം, അസുഖങ്ങള്‍). അതുകൊണ്ടുതന്നെയാണ് അസുഖങ്ങള്‍ ഉള്ളപ്പോള്‍പോലും മുലയൂട്ടണമെന്നു നിര്‍ദേശിക്കുന്നത്.
ആറുമാസംവരെ മുലപ്പാല്‍ മാത്രം കൊടുത്തിരുന്ന അമ്മ ആറുമാസം തികയുന്ന ദിവസംതൊട്ട് കുഞ്ഞിനു എന്ത് കഴിക്കാന്‍കൊടുക്കുമെന്ന ആശങ്കയിലാണ്. താഴെപറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക.

*കുഞ്ഞിന് കോംപ്ളിമെന്ററി ഫീഡിങ് (complementary feeding) തുടങ്ങുന്നത് മൂന്നു കാര്യങ്ങള്‍ക്കാണ്: ഒന്ന്, കമിഴ്ന്നും ഇരുന്നും ഓടിച്ചാടിയും അവന്‍/അവള്‍ ചുറ്റുപാടുകളിലേക്കുകൂടി പരിചിതനാകാന്‍ പോകുകയാണ്. അതിന് ഊര്‍ജം വേണം. രണ്ട് അവന്‍/അവള്‍ പ്രായത്തിനനുസരിച്ച് വളരണം, മൂന്ന് അവന്‍/അവള്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പഠിക്കണം. ഈ കാരണങ്ങള്‍കൊണ്ടുതന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടിക്ക് ആദ്യമായി കൊടുക്കുന്ന മുലപ്പാല്‍ അല്ലാത്ത ഭക്ഷണം കുടിക്കുന്നതാകരുത്, കഴിക്കുന്നതാകണം. Semisolid (കുറുക്ക്) രീതിയില്‍ ഉള്ളതാണ് അഭികാമ്യം.

*കുറുക്കിനുപകരം വാങ്ങാന്‍കിട്ടുന്ന പൊടിയില്‍ ചൂടുവെള്ളമൊഴിച്ച് കുഞ്ഞിന് കൊടുക്കാന്‍ ശ്രമിക്കരുത്. കുറുക്കുകള്‍ ഉണ്ടാക്കുക അത്ര ക്ളേശകരമല്ല.
 റാഗി, നവര അരി, ഏത്തക്കപ്പൊടി എന്നുതുടങ്ങി നമ്മള്‍ പാരമ്പര്യമായി കൊടുത്തുവരുന്നവയെല്ലാംതന്നെ കുഞ്ഞിനു കൊടുക്കാവുന്ന നല്ല ഭക്ഷണമാണ്. ശ്രദ്ധിക്കേണ്ട കാര്യം, ആദ്യമായി നല്‍കുമ്പോള്‍ കട്ടി കുറച്ചും ക്രമേണ കട്ടികൂട്ടിയും വരിക. ഓരോ ദിവസവും ഓരോന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. എല്ലാ ദിവസവും കുഞ്ഞ് നന്നായി കഴിക്കണമെന്നില്ല. ആദ്യമൊന്നും കുഞ്ഞ് കഴിക്കണമെന്നേ ഇല്ല.  തുപ്പുകയോ പാത്രം മറിച്ചിടുകയോ ഒക്കെ ചെയ്തോട്ടെ. അവര്‍ രുചികള്‍ പഠിക്കട്ടെ.

*ആദ്യം ഒരു ധാന്യംകൊണ്ടുള്ള കുറുക്ക് നല്‍കുക (റാഗി/അരി). റാഗിയാകുമ്പോള്‍ ചോറൂണ് എന്ന ചടങ്ങിന്റെ പ്രശ്നം ഉദിക്കുന്നില്ല. കുറച്ച് ശര്‍ക്കരകൂടി ചേര്‍ത്താല്‍ കാത്സ്യവും ഇരുമ്പുംകൊണ്ട് സമ്പുഷ്ടമായ വിഭവമായി.

രണ്ടാഴ്ചയ്ക്കുശേഷം അടുത്ത ധാന്യം പരിചയപ്പെടുത്താം. ചോറ് പരിചയിക്കാന്‍ വൈകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചോറൂണു ചടങ്ങ് വൈകുന്നതിന്റെ പേരില്‍ ചോറ് വൈകിക്കുന്നത് കുഞ്ഞിന് നന്നല്ല. അരിഭക്ഷണം വൈകിക്കാത്തതാണ് നമ്മുടെ സാമൂഹികസ്ഥിതിയില്‍ നല്ലത്.

*പിന്നീട് ഒന്നിലേറെ ധാന്യങ്ങള്‍ ചേര്‍ത്ത് കുറുക്കി കൊടുക്കുക. കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ (പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം) രണ്ടുതുള്ളി ശുദ്ധമായ നെയ്യ് ചേര്‍ക്കാം. ഭാരമുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല. മധുരത്തിന് ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ക്കാം.

*അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ചുവച്ച് അല്‍പ്പം കുറുക്കുന്ന ധാന്യത്തോടൊപ്പം ചേര്‍ക്കാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മതിയാകും. ഈ പൊടി സൂക്ഷിച്ചുവയ്ക്കുന്ന പാത്രം മുന്‍കൂട്ടി കഴുകിവൃത്തിയാക്കിയശേഷം വെയിലത്തുവച്ച് ഉണക്കണം. പൂപ്പല്‍വളര്‍ച്ചയ്ക്കുള്ള സാധ്യത ഒഴിവാക്കാനാണിത്. ഈ പാത്രത്തില്‍ നനഞ്ഞ സ്പൂണ്‍ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

*വീട്ടിലുണ്ടായ പഴങ്ങള്‍ നന്നായി പഴുത്തശേഷം കൈകൊണ്ടുടച്ച് നല്‍കാം. കുഞ്ഞിന്റെ ഭക്ഷണം കഴിവതും മിക്സിയില്‍ അരച്ചുകൊടുക്കരുത്. അവര്‍ രുചിയറിഞ്ഞ് ചവച്ചുകഴിക്കാന്‍ പഠിക്കട്ടെ. മടിയില്‍ കിടത്തി കോരിക്കൊടുക്കുന്ന പരിപാടിയും നിരുത്സാഹപ്പെടുത്തുക.

*രണ്ടരലിറ്റര്‍ പാലില്‍ അരക്കിലോ റാഗി കുറുക്കി ഫ്രിഡ്ജില്‍ കയറ്റി ഇടയ്ക്കിടെ കൊടുക്കാം എന്നു കരുതരുത്. ഇളംചൂടോടെ നേരത്തിന് പാകംചെയ്ത് കൊടുക്കുക. മൃഗപ്പാല്‍ ചേര്‍ക്കരുത്. ഇടനേരങ്ങളില്‍ പഴങ്ങള്‍ ഉടച്ചതോ ഉരുളക്കിഴങ്ങ്/നേന്ത്രപ്പഴം പുഴുങ്ങിയുടച്ചതോ നല്‍കാം. കുട്ടിക്ക് ഖരപദാര്‍ഥങ്ങള്‍ കൊടുക്കുമ്പോള്‍ വലിയ കഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

*പാക്കറ്റുകളുടെ ഭംഗി നോക്കി കുറുക്കുപൊടികള്‍ വാങ്ങി ചൂടുവെള്ളത്തില്‍ കലക്കിക്കൊടുക്കരുത്. ധനനഷ്ടം, ആരോഗ്യനഷ്ടം, വളര്‍ച്ചക്കുറവ്, വിളര്‍ച്ച എന്നിവ തീര്‍ച്ച. ആവശ്യത്തിന് പോഷകങ്ങളില്ലാത്ത ഈ പൊടികള്‍ കുഞ്ഞിന്റെ വളര്‍ച്ച കുറയ്ക്കുമെന്നു മാത്രമല്ല, വിശപ്പുകെടുത്തി കുഞ്ഞ് നല്ല ഭക്ഷണം കഴിക്കുന്നതുകൂടി ഇല്ലാതാക്കും.

*നേരിയ അരിയുടെ കഞ്ഞി നന്നായി വേവിച്ചുടച്ച് നല്‍കാം.വേണമെങ്കില്‍ കൂടെ പച്ചക്കറികളോ ചെറുപയറോ വീട്ടുവളപ്പിലുണ്ടായ ഇലക്കറികള്‍ അരിഞ്ഞിട്ടതോ ചേര്‍ത്ത് വേവിക്കാം.

*ചെറുപയര്‍ മുളപ്പിച്ചത് ഉണക്കിപ്പൊടിച്ച് കുറുക്കുകളിലും കഞ്ഞിയിലുമെല്ലാം ഇടയ്ക്ക് ചേര്‍ത്തുകൊടുക്കാം.

*എട്ടാം മാസത്തോടെ മുട്ടയും ഇറച്ചിയും മീനും കൊടുത്തുതുടങ്ങാം. ഒരുവയസ്സോടെ വീട്ടിലുണ്ടാക്കിയ സകല ഭക്ഷണവും കുഞ്ഞ് രുചിച്ചിരിക്കണം. ഒറ്റയ്ക്ക് വാരിക്കഴിച്ചു തുടങ്ങണം.

*'കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമാണ് ഇഷ്ടം' എന്നു പറയുന്നതൊക്കെ ഒഴികഴിവാണ്. കുഞ്ഞ് പാന്റും ഷര്‍ട്ടുമിട്ട് ബൈക്കെടുത്തു പോയി അതെല്ലാം വാങ്ങിക്കൊണ്ടുവന്ന് തിന്നുന്നില്ലല്ലോ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍നിന്ന് കുഞ്ഞിനെ അകറ്റിനിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

ഈ രീതിയില്‍ ഭക്ഷ്യശീലം പഠിപ്പിച്ച കുട്ടി തീര്‍ച്ചയായും എല്ലാ ഭക്ഷണവും കഴിക്കാന്‍ ശ്രമിക്കും. കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. അവരെല്ലാം കഴിച്ച് വളരട്ടെ.

ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോള്‍ അവര്‍ വന്നുചോദിക്കുന്ന ശീലം വളര്‍ത്തുക. വിശന്നാല്‍ കുഞ്ഞ് വരികതന്നെ ചെയ്യും. എത്ര നേരത്തെ കുറുക്കുകളില്‍നിന്ന് കുടുംബത്തിന്റെ സാധാരണ ഭക്ഷ്യരീതിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നോ അത്രയുംവേഗം അവര്‍ നന്നായി കഴിച്ചുതുടങ്ങും. നമ്മുടെ ഭക്ഷ്യവൈവിധ്യവും രുചികളുംതന്നെ കാരണം.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് : www.facebook.com/infoclinicindia


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top