11 December Monday

കുട്ടികളിലെ ഹൃദ്‌രോഗ സാധ്യതകൾ

ഡോ. എഡ്വിൻ ഫ്രാൻസിസ്Updated: Sunday Sep 24, 2023

നൂറ്‌ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിലൊരാൾക്ക്‌ വീതം ഹൃദ്‌രോഗം  ഉണ്ടാകാമെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. ജന്മനാ ബാധിക്കുന്നതും അല്ലാത്തതും എന്നിങ്ങനെ രണ്ട്‌ തരം ഹൃദയരോഗങ്ങളാണ്‌ കുട്ടികളിൽ കണ്ടുവരുന്നത്. ഭൂരിഭാഗവും ജന്മനാ ഉണ്ടാകുന്നതാണ്‌. ഹൃദയഭിത്തിയിൽ ദ്വാരങ്ങൾ, അടയാത്ത ഹൃദയധമനികൾ,  ഹൃദയധമനികളുടെ ചുരുങ്ങൽ, സ്ഥാനംതെറ്റിയ  ഹൃദയധമനികൾ തുടങ്ങിയവ ജന്മനാ കുട്ടികളിൽ കണ്ടുവരുന്ന തകരാറുകളാണ്‌.

ഹൃദയപേശികളെ ബാധിക്കുന്ന അണുബാധ, ഹൃദയപേശികളുടെ അസാധാരണമായ വികാസം, ഹൃദയാവരണത്തിനു സംഭവിക്കുന്ന വീക്കം, വാതപ്പനിയുടെ കൂടെവരുന്ന ഹൃദയത്തകരാർ അഥവാ റുമാറ്റിക്ഹൃദ്‌രോഗം, കവാസാക്കി രോഗം, മയോ കാർഡിറ്റിസ്‌ തുടങ്ങിയവയെല്ലാം പിന്നീട്‌ ഉണ്ടാകുന്നവയാണ്. ചെറുപ്പത്തിലുണ്ടാകുന്ന റുമാറ്റിക് പനിബാധയാണ്‌ ഭാവിയിൽ ഹൃദ്‌രോഗമായി മാറുന്നത്. 15 മുതൽ 20 വർഷംവരെ കഴിഞ്ഞാകാം ചിലപ്പോൾ ലക്ഷണങ്ങൾ കാണിക്കുന്നത്. ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുന്ന രോഗമാണ്‌ കവാസാക്കി രോഗം.

സയനോട്ടിക്‌

കുട്ടികളിൽ ജന്മനാ കാണുന്ന ഹൃദ്‌രോഗങ്ങളെ സയനോട്ടിക്, അസയനോട്ടിക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കുട്ടികളിൽ ചെറുതോ വലുതോ ആയ രീതിയിൽ രോഗം കാണാം. എല്ലായ്‌പ്പോഴും ബുദ്ധിമുട്ട്  ഉണ്ടാകണമെന്നില്ല. എന്നാൽ, മതിയായ ഓക്സിജൻ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അടിയന്തര ചികിത്സ വേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെ  സയനോട്ടിക്‌ ഹൃദ്‌രോഗമെന്നു പറയും. രോഗനിർണയം നടത്തി  എത്രയും വേഗം ചികിത്സ നൽകണം.

അസയനോട്ടിക്

അധികം ഗുരുതരമല്ലാത്ത അസയനോട്ടിക്‌  ഹൃദ്‌രോഗങ്ങളാണ്‌ കൂടുതലായി കുട്ടികളിൽ കണ്ടുവരുന്നത്. ഹൃദയത്തിൽ ഉണ്ടാകുന്ന ദ്വാരങ്ങൾ, വാൽവിന്റെ തകരാറുകൾ തുടങ്ങിയവയെല്ലാമാണ്‌ ഇത്‌. ചെറിയ ദ്വാരങ്ങൾ ആണെങ്കിൽ ഒരുപക്ഷേ തനിയെ ഭേദപ്പെടാൻ സാധ്യതയുണ്ട്. ഒന്നുരണ്ടു വർഷത്തിനുള്ളിൽ അടഞ്ഞുപോയില്ലെങ്കിൽ ചികിത്സയിലൂടെ പരിഹരിക്കേണ്ടിവരും.  വലിയ ദ്വാരങ്ങളാണെങ്കിൽ കൃത്യമായ ചികിത്സ വേണം. വിദഗ്ധനായ പീഡിയാട്രിക് കാർഡിയോളജിസ്റ്റിന്റെ നിർദേശാനുസരണം വേണം പരിശോധനയും ചികിത്സയും.

കാരണങ്ങൾ

കുട്ടികളിൽ ഹൃദ്‌രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണെന്ന്‌ ഇനിയും കൃത്യമായി കണ്ടെത്താനായിട്ടില്ല. ഗവേഷണങ്ങൾ തുടരുകയാണ്‌. ജനിതകത്തകരാറുകൾ  ഒരു കാരണമാണ്‌. ജന്മനാ വൈകല്യമുള്ള കുട്ടികൾ,  മാസംതികയാതെ പ്രസവിച്ച കുട്ടികൾ എന്നിവരിൽ രോഗസാധ്യത കാണാറുണ്ട്‌. ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഗുളികകളും കുട്ടികളിൽ ഹൃദ്‌രോഗത്തിന്‌ കാരണമായേക്കാം. കുട്ടിക്ക് ജന്മനാ നീലനിറം, അസാധാരണമായ ഹൃദയമിടിപ്പും അണപ്പും, പാല്‌ കുടിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ശ്വാസംമുട്ടൽ, അസാധാരണമായ രക്തസമ്മർദം ഇവയൊക്കെ ഹൃദ്‌രോഗ ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ എത്രയുംവേഗം ചികിത്സ ലഭ്യമാക്കണം. എക്സ്റേ, ഇസിജി, എക്കോ കാർഡിയോഗ്രാം തുടങ്ങിയവയിലൂടെ കൃത്യമായി രോഗനിർണയം നടത്താം.  ചിലപ്പോൾ സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയവ വേണ്ടിവരാം.

ചികിത്സ

രണ്ടു പതിറ്റാണ്ടുമുമ്പുവരെ ഇത്തരം രോഗങ്ങൾക്ക്‌ ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഇന്ന് താക്കോൽദ്വാര ശസ്ത്രക്രിയകളും നൂതന  രീതിയായ ട്രാൻസ്‌‌കത്തീറ്റർ (transcatheter) ചികിത്സാരീതിയും എല്ലാമുണ്ട്‌. വാൽവ് മാറ്റിവയ്ക്കുന്നതിലൂടെമാത്രം കഴിഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ ട്രാൻസ്കത്തീറ്റർ ചികിത്സയിലൂടെ കഴിയും. ഇതുവഴി സങ്കീർണതകൾ ഒഴിവാക്കാനാകും. ഗർഭാവസ്ഥയിൽത്തന്നെ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങൾ ഫീറ്റൽ എക്കോകാർഡിയോഗ്രാം സൗകര്യങ്ങളും ഇന്ന്‌ ലഭ്യമാണ്‌.
 
(കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഡയറക്ടറും പീഡിയാട്രിക്‌ കാർഡിയോളജി  സീനിയർ കൺസൾട്ടന്റുമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top