03 December Sunday

മനോസമ്മർദ്ദം കുറയ്‌ക്കാം;ഹൃദ്രോഗത്തെ തടയാം

ഡോ. ജോർജ്‌ തയ്യിൽUpdated: Thursday Sep 27, 2018

ഡോ. ജോർജ്‌ തയ്യിൽ

ഡോ. ജോർജ്‌ തയ്യിൽ

കാലവർഷക്കെടുതിയിൽ വിറങ്ങലിച്ച കേരളം ഇന്ന്‌ രോഗങ്ങളുടെ നടുമുറ്റത്താണ്‌. ഒരായുഷ്‌കാലംകൊണ്ട്‌ സമ്പാദിച്ചതെല്ലാം പകലുറക്കത്തിലെ മിന്നിമറയുന്ന സ്വപ്നംപോലെ നഷ്ടപ്പെടുമ്പോഴുള്ള മുറിവ്‌ ഇനിയും ഉണങ്ങിയിട്ടില്ല. ഈ തീരാമുറിവുകൾ ഓരോരുത്തരിലും ആഴത്തിലുള്ള മാനസികപ്രശ്‌നങ്ങളാണ്‌ ഉളവാക്കിയത്‌. ഈ ഒടുങ്ങാത്ത മാനസികാസ്വാസ്ഥ്യങ്ങളെല്ലാം മനുഷ്യരുടെ സന്തുലിതാവസ്ഥയെ തകിടംമറിച്ചു. മനോരോഗങ്ങൾ തുടങ്ങി ഹൃദ‌്‌രോഗംവരെയാണ്‌ അതിന്റെ പരിണാമഫലം.

പ്രളയകാലത്തും അതേത്തുടർന്നും ഹാർട്ടറ്റാക്കുമായി ആശുപത്രിയിലെത്തിയവരുടെ സംഖ്യയിൽ ഗണ്യമായ വർധനയുണ്ടായി. മനസ്സിന്റെ തീരാവ്യഥ ഹൃദയം ഏറ്റുവാങ്ങിയതുതന്നെ കാരണം. പ്രത്യേകിച്ച്‌ മുമ്പ‌് ഹൃദ‌്‌രോഗമുണ്ടായിരുന്നവരിൽ ഈ മുറിവുകൾ വീണ്ടുമൊരു ഹൃദയാഘാതത്തിന്‌ വഴിയൊരുക്കി. ദുരന്താനന്തര മനോസമ്മർദരോഗം എന്ന പോസ്‌റ്റ്‌ ട്രൊമാറ്റിക്‌ സ്‌ട്രെസ്‌ ഡിസോർഡർ (പിടിഎസ്‌ഡി) ഇന്ന്‌ കേരളീയരെ ഒന്നടങ്കം ആവാഹിച്ചിരിക്കുന്നു. ഇക്കാലത്ത്‌ ഹൃദ‌്‌രോഗ പരിചരണത്തിന്‌ ഏറെ പ്രാധാന്യം കൊടുക്കണം; തുടർന്ന്‌ ഹാർട്ടറ്റാക്കുണ്ടാകാതിരിക്കാൻ സമുചിതമായ മുൻകരുതലും ചികിത്സയും എടുക്കണം.

കേരളത്തെ ദുഃഖത്തിലാഴ്‌ത്തിയ ഈ സവിശേഷ സാഹചര്യത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ വർഷം ലോക ഹൃദയദിനം സമാചരിക്കുന്നത്‌. ഹൃദ‌്‌രോഗമുള്ളവരുടെ സംഖ്യ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ രണ്ടുമടങ്ങാണ്‌. ഇന്ത്യയിൽ നൂറിൽ 29 പേർ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നു. എന്നാൽ, കേരളത്തിൽ ഇതിന്റെ തോത്‌ നൂറിൽ നാൽപ്പതാണ്‌. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഹൃദയാഘാതവും (26 ശതമാനം), പക്ഷാഘാതവും (9 ശതമാനം) മൂലമാണ്‌. കേരളത്തിൽ ഹാർട്ടറ്റാക്കുമൂലമുള്ള മരണനിരക്കിൽ ആൺ‐ പെൺ വ്യത്യാസമില്ല. കേരളത്തിൽ പ്രതിവർഷം 63,000 പേർ ഹൃദയാഘാതവും 22,000 പേർ മസ്‌തിഷ്‌കാഘാതവുംമൂലം മരിക്കുന്നതായി കണക്കാക്കുന്നു. കേരളത്തിൽ 40 ശതമാനംപേർക്ക്‌ രക്താതിമർദവും പ്രമേഹവുമുള്ളതായി ഈയിടെ ശ്രീചിത്തിരതിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതിൽ ഏതാണ്ട്‌ 15 ശതമാനംപേർമാത്രമാണ്‌ രക്താതിമർദവും പ്രമേഹവും നിയന്ത്രണവിധേയമാക്കുന്നത്‌. അതായത്‌ ഏതാണ്ട്‌ 85 ശതമാനം മലയാളികളും ഹൃദ‌്‌രോഗത്തിന‌് വിനയാകുന്ന പ്രധാന ആപത്‌ഘടകങ്ങൾ ക്രമീകരിക്കാതെ ജീവിതം നയിക്കുന്നു. ഇത്‌ ആരോഗ്യകേരളത്തെ എങ്ങോട്ട്‌ നയിക്കും?

ഹൃദയധമനീരോഗങ്ങൾമൂലം 17.5 ദശലക്ഷംപേർ പ്രതിവർഷം ഭൂമുഖത്ത്‌ മരിക്കുകയാണ്‌. ഈ സംഖ്യ 2030 ആകുമ്പോൾ 23.6 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കുന്നു. ആകെയുള്ള മരണസംഖ്യയുടെ 31 ശതമാനവും ഹൃദയധമനീരോഗങ്ങൾകൊണ്ടുതന്നെ.
ഈ കാരണങ്ങളുടെ വെളിച്ചത്തിലാണ്‌ ഹൃദ‌്‌രോഗബാധയെ സർവശക്തിയുമെടുത്ത്‌ പ്രതിരോധിക്കാനുള്ള ക്രിയാത്മകമാർഗങ്ങളുമായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും ലോകാരോഗ്യസംഘടനയും സംയുക്തമായി മുന്നോട്ടുവരുന്നത്‌.

ഹൃദ‌്‌രോഗ പ്രതിരോധത്തിനുവേണ്ടിമാത്രമാണ്‌ 2000ൽ ‘വേൾഡ്‌ ഹാർട്ട്‌ ഡേ’ ജന്മംകൊണ്ടത്‌. ഹൃദ‌്‌രോഗ പരിശോധന‐ ചികിത്സാ രംഗത്ത്‌ ഏറെ സാങ്കേതികമികവുള്ള ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തിൽ പ്രസക്തിയില്ലെന്നോർക്കണം. പ്രാധാന്യം ഒന്നിനുമാത്രമാണ്‌; മരണഭീതിയുളവാക്കുന്ന, പടർന്നേറുന്ന ഹൃദ‌്‌രോഗബാധയെ കടിഞ്ഞാണിടാനുള്ള നൂതനമാർഗങ്ങൾ പ്രാവർത്തികമാക്കുക.

ലോക ഹൃദയദിനം ആരംഭിച്ചിട്ട്‌ ഒന്നരദശകം കഴിഞ്ഞു. ഓരോവർഷവും ഓരോരോ പ്രതിരോധവിഷയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത‌്. ലോകത്തുള്ള 75‐80 ശതമാനം ആൾക്കാർക്കും ഇന്നും ഏറെ ചെലവുള്ള ചികിത്സാനടപടികൾ അപ്രാപ്യമാണെന്നോർക്കണം. അവരെയൊക്കെ ഹൃദ്‌രോഗത്തിന്റെ നീരാളിപ്പിട‌ിത്തത്തിൽനിന്ന്‌ രക്ഷപ്പെടുത്താൻ പ്രതിരോധമാർഗങ്ങൾക്കുമാത്രമേ കഴിയൂ.

ഈവർഷത്തെ ഹൃദയദിനസന്ദേശം ‘എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം ( ങ്യ ഒലമൃ, ഥീൌൃ ഒലമൃ) എന്നതാണ്‌. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന സത്വരനടപടികൾ സംയുക്തമായി കൈക്കൊള്ളുക. ഈ ലളിതമായ പ്രതിജ്‌ഞ നിങ്ങളെടുക്കണം: ഹൃദയ സൗഹൃദ ഭക്ഷണവും ഊർജസ്വലമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താമെന്നും പുകവലി കർശനമായി സമൂഹത്തിൽനിന്ന്‌ തുടച്ചുമാറ്റാമെന്നും വാഗ്‌ദാനം ചെയ്യുക‐ അതാണ്‌ ഈ വർഷത്തെ ഹൃദയദിനസന്ദേശം.

മനുഷ്യശരീരത്തിന്റെ സന്തുലിതാവസ്ഥയെ താങ്ങിനിർത്തി, ഊർജസ്വലവും സുദൃഢവുമായ ആരോഗ്യം പ്രദാനംചെയ്യുന്ന നാല്‌ സ്‌തംഭങ്ങളായി ആയുർവേദാചാര്യന്മാർ വിശേഷിപ്പിക്കുന്നത്‌ ഭക്ഷണം, ഉറക്കം, വ്യായാമം, മിതമായ ലൈംഗികത എന്നിവയാണ്‌. ഇവയുടെ ലഭ്യത നിർവിഘ്‌നമായാൽ സംപൂർണമായ സ്വാസ്ഥ്യമാണ്‌ ഫലം. മറിച്ചായാൽ രോഗാതുരതയിലേക്ക‌് ശരീരം വലിച്ചിഴയ‌്ക്കപ്പെടുകതന്നെ ചെയ്യും. ഈ നാല‌് സ്‌തംഭങ്ങളിൽ പ്രഥമസ്ഥാനത്ത്‌ ഭക്ഷണം സ്ഥാനം പിടിച്ചിരിക്കുന്നു. കാരണം മനുഷ്യജീവന്റെ ഊർജസ്രോതസ്സ്‌ ഭക്ഷണംതന്നെ. ശരീരയന്ത്രം കേടുകൂടാതെ പ്രവർത്തിക്കാൻ ആഹാരലഭ്യത സമൃദ്ധവും സൗഹൃദവുമാകണം.

ഭക്ഷണശൈലിയിലെ താളപ്പിഴകളാണ്‌ മിക്ക രോഗങ്ങൾക്കും കാരണമെന്ന്‌ മുഖ്യ വൈദ്യശാസ്‌ത്ര ശാഖകളെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷേ മരുന്നുകളേക്കാൾ ഫലപ്രദമായി ആരോഗ്യപൂർണമായ ഭക്ഷണശൈലിക്ക്‌ സാധിക്കുമെന്ന യാഥാർഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ‌്ത്രം സ്ഥിരീകരിച്ചുകഴിഞ്ഞു. ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്‌ഞ രൂപപ്പെടുകയാണ്‌. മരുന്നിനൊപ്പം നിന്ന്‌ രോഗങ്ങളെ നിയന്ത്രിക്കുകമാത്രമല്ല; മരുന്നുതന്നെയാണ്‌ ചില ആഹാരങ്ങളെന്നും വെളിപ്പെടുകയാണ്‌. ശുദ്ധഭക്ഷണത്തിന്റെ ഔഷധമൂല്യത്തെ നാം അംഗീകരിക്കണം.  ഹൃദ‌്‌രോഗം, രക്താതിമർദം, പ്രമേഹം, ഉദരരോഗങ്ങൾ, മൈഗ്രേൻ, ആസ്‌ത‌്മ, ക്ഷയം, അർബുദം തുടങ്ങിയവയെ നല്ലൊരു പരിധിവരെ നിയന്ത്രിക്കാൻ ആരോഗ്യപൂർണമായ ആഹാരക്രമത്തിന്‌ സാധിക്കുമെന്നോർക്കണം.

ഭക്ഷണം ഹൃദയസൗഹൃദമാക്കണം. കൊഴുപ്പും ട്രാൻസ്‌ഫാറ്റുകളും പഞ്ചസാരയും ഉപ്പുമെല്ലാം ആവോളം വർജിക്കണം. മത്സ്യവും പഴങ്ങളും പച്ചക്കറികളും ഒലിവ്‌ എണ്ണയും സമൃദ്ധമായുള്ള മെഡിറ്ററേനിയൻ ഡയറ്റ്‌ സ്വായത്തമാക്കണം.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 60 ശതമാനത്തോളംപേർക്കും ആവശ്യത്തിന്‌ വ്യായാമം ലഭിക്കുന്നില്ല. ആഴ്‌ചയിൽ കുറഞ്ഞത്‌ രണ്ടുമണിക്കൂർ കൃത്യമായി വിവിധ വ്യായാമമുറകളിൽ ഏർപ്പെട്ടാൽ ഹൃദ‌്‌രോഗസാധ്യത 30 ശതമാനംവരെ കുറയ‌്ക്കാം. ഹൃദയവും ഹൃദയഭക്ഷണവും ചടുലമായ വ്യായാമമുറകളുംകൂടി ചേരുമ്പോൾ പിന്നെ ശരീരം ആരോഗ്യപൂർണമാകുകയാണ്‌. രോഗങ്ങൾക്കിവിടെ സ്ഥാനമില്ല. പ്രമേഹവും അമിതഭാരവും വർധിച്ച കൊളസ്‌ട്രോളുമെല്ലാം നല്ലൊരു പരിധിവരെ നിയന്ത്രണവിധേയമാകും.

തെറ്റായ ജീവിതശൈലിയും വികലമായ ഭക്ഷണരീതിയും അലസമായ ദിനചര്യകളും മലയാളികളെ പല രോഗതുരതകളിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. മുമ്പ‌്  മധ്യവയസ്സ‌് കഴിഞ്ഞവരിൽമാത്രം കാണുന്ന  ഹൃദ്‌രോഗം ഇപ്പോൾ യുവാക്കളിൽപ്പോലും സാധാരണമാണ്‌. മലയാളിക്ക്‌ എവിടെയാണ്‌ പിഴച്ചത്‌? ഇപ്പോൾ മരിച്ചുവീഴുമെന്നു പറഞ്ഞാൽപ്പോലും കുലുങ്ങാത്ത പ്രകൃതം. രോഗം വരട്ടെ, എന്നിട്ട്‌ നോക്കാമെന്ന ധാർഷ്‌ട്യം. ഈ പ്രവണത വിദ്യാസമ്പന്നരിലും കാണുന്നു. ഹൃദയത്തിന്‌ എന്തുവന്നാലും ആൻജിയോപ്ലാസ്‌റ്റിയും ബൈപാസ്‌ സർജറിയും ചെയ്‌ത്‌ ശരിയാക്കാമെന്ന ധാരണ. ഈ മനോഭാവം മാറണം. ആപത്‌ ഘടകങ്ങളുടെ അതിപ്രസരത്താൽ ശരീരം രോഗപങ്കിലമായാൽ, പിന്നെ ചികിത്സകൾക്ക്‌ പരിമിതമായ ഫലമേയുള്ളൂ. നിങ്ങളുടെ ഹൃദയാരോഗ്യം നിങ്ങൾതന്നെ കാത്തുസൂക്ഷിക്കണം. അത‌് സാധ്യവുമാണ്‌.

എറണാകുളം ലൂർദ്ദ്  ആശുപത്രിയിൽ സീനിയർ കാർഡിയോളോജിസ്റ്റാണ് ലേഖകൻ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top