21 June Friday

വായും ആരോഗ്യവും

ഡോ. കീർത്തി പ്രഭUpdated: Sunday Aug 7, 2022


ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് പല്ലുകളുടെയും മോണയുടെയും വായയുടെയും ആരോഗ്യവും. പല്ലിനുണ്ടാകുന്ന കേടുകൾ, തേയ്മാനങ്ങൾ, മോണരോഗങ്ങൾ, വായിലെ അർബുദം, മറ്റ് ചില പൊതുവായ ആരോഗ്യപ്രശ്നങ്ങൾ ഇവയൊക്കെ വായ ശുചിയാക്കിവയ്ക്കുകയെന്ന ലളിതമായ മാർഗം വഴി തടയാനാകും. ശരിയായ രീതിയിലുള്ള വായ ശുചീകരണത്തിന്റ അഭാവം നിരവധി സങ്കീർണമായ രോഗാവസ്ഥകളിലേക്ക്‌ നയിക്കും. വായയുടെ ആരോഗ്യം എന്നത് പൊതുവായ ശാരീരിക ആരോഗ്യത്തിലേക്കുള്ള ഒരു പ്രവേശനമാർഗമാണ്‌. വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള മാർഗങ്ങൾ ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലായിരിക്കും നിർദേശിക്കപ്പെടുക. അവരവർക്ക്‌ അനുയോജ്യവും ഏറ്റവും ഉചിതവുമായ ദന്തസംരക്ഷണ മാർഗങ്ങൾ അറിയാൻ ഒരു ദന്തഡോക്ടറുടെ ഉപദേശം തേടാം.

പല്ല് തേയ്‌ക്കുമ്പോൾ
വായുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ മാർഗമാണ് രണ്ടു നേരം പല്ലു തേയ്ക്കുക എന്നത്. പല്ലുതേക്കുന്നതിന് പ്രത്യേക രീതിയുണ്ട്. മുകളിലത്തെ നിരയിലും താഴത്തെ നിരയിലും ഉള്ള എല്ലാ പല്ലുകളുടെയും പുറംഭാഗവും ഉൾഭാഗവും ചവയ്ക്കുന്ന പ്രതലവും  മൃദുവായ നാരുകളുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് മോണയിൽനിന്ന്‌ തുടങ്ങി പല്ലിലേക്ക് എന്ന രീതിയിൽ മൃദുലമായാണ്‌ ബ്രഷ് ചെയ്യേണ്ടതാണ്. രണ്ടുമുതൽ അഞ്ചുമിനിറ്റുവരെ പല്ലു തേക്കുന്നതിന് ആവശ്യമായി വരും. ദിവസം രണ്ട് നേരം നിർബന്ധമായും ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കണം. പല്ല് തേച്ചതിനുശേഷം നാവും മൃദുവായി ബ്രഷ് ചെയ്ത് വൃത്തിയാക്കണം. ഭക്ഷണം കഴിച്ചതിനു ശേഷമെല്ലാം വെള്ളം ഉപയോഗിച്ച് വായ വൃത്തിയായി കഴുകാൻ എപ്പോഴും ശ്രദ്ധിക്കണം.

ചിലപ്പോൾ ബ്രഷ് കൊണ്ടുമാത്രം പല്ലുകൾ പൂർണമായും വൃത്തിയാക്കാൻ കഴിയാതെ വരും. ടൂത്ത് ബ്രഷിന് എത്താൻ കഴിയാത്ത പല്ലുകൾക്കിടയിലെ പ്രതലങ്ങൾ വൃത്തിയാക്കുന്നതിന് നേരിയ നൂല് പോലെയുള്ള ഡെന്റൽ ഫ്ലോസുകളോ പല്ലിനിടയിൽ വൃത്തിയാക്കാവുന്ന ചെറിയ നാരുകളുള്ള അറ്റത്തോട് കൂടിയ വണ്ണം കുറഞ്ഞ ബ്രഷുകളോ ആണ്‌  നിർദേശിക്കാറുള്ളത്‌. പല്ലിന്റെയും മോണയുടെയും ആരോഗ്യവും ഘടനയും പരിശോധിച്ചശേഷമാണ് വായ ശുചീകരണ മാർഗങ്ങൾ നിർദേശിക്കുക.

ബ്രഷിങ്ങിനും ഫ്ലോസിങ്ങിനും ശേഷം അവശേഷിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഡോക്ടറുടെ നിർദേശാനുസരണം അനുയോജ്യമായ മൗത്ത് വാഷ് ഉപയോഗിക്കാം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും നാരുകളുമടങ്ങിയ പദാർഥങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും വായയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മോണയുടെ ആരോഗ്യം
ബ്രഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ വരികയും ക്രമേണ ബ്രഷുകൾ കൊണ്ട് വൃത്തിയാക്കിയാൽ പോകാത്ത തരത്തിൽ കട്ട പിടിക്കുകയും ചെയ്യുന്നു. അവ പിന്നീട് ഒരു ഡെന്റിസ്റ്റിനെ സന്ദർശിച്ചു ‘ക്ലീനിങ്' നടത്തി ഇളക്കി കളയേണ്ടിവരും. ഇക്കാര്യങ്ങളിൽ അശ്രദ്ധ കാട്ടിയാൽ മോണ രോഗങ്ങൾ ഉണ്ടാകും. തുടർന്ന്‌ പല്ല് മോണയിൽനിന്ന്‌ ഇളകാൻ തുടങ്ങുകയും ക്രമേണ അത് നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ബ്രഷ് ചെയ്തു കഴിഞ്ഞും ഭക്ഷണം കഴിഞ്ഞ് വായ കഴുകിയതിനുശേഷവും മോണയിൽ വിരലുകൾ കൊണ്ട് മസ്സാജ് ചെയ്യുന്നത് മോണയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായകമാണ്‌.

ശരീരത്തിലെ മറ്റു ഭാഗങ്ങളിലെന്നപോലെ നമ്മുടെ വായയിലും ബാക്ടീരിയകൾ നിറഞ്ഞിരിക്കുന്നുണ്ട്. അവയിൽ പലതും നിരുപദ്രവകാരികളാണ്. പക്ഷേ, വായ വൃത്തിയാക്കലിൽ അശ്രദ്ധ കാട്ടിയാൽ അവയിൽ ചിലത് ഉപദ്രവകാരികളാകും. വായ ശ്വാസനാളങ്ങളിലേക്കും ദഹനവ്യവസ്ഥയിലേക്കുമുള്ള പ്രവേശനമാർഗം ആയതിനാൽ ഈ ബാക്ടീരിയകൾക്ക് അവിടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രോഗങ്ങൾ ഉണ്ടാക്കാൻ അധികസമയം  ആവശ്യമില്ല. ബാക്ടീരിയകൾ രക്തത്തിലേക്ക് കലരാനും സാധ്യതയുണ്ട്.

അർബുദവും
വായുടെ ആരോഗ്യസംരക്ഷണത്തിലുള്ള അപാകം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗാവസ്ഥയാണ് അർബുദം. പുകയില ഉപയോഗം തന്നെയാണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്. കൂർത്ത പല്ലുകളിൽനിന്നും പൊട്ടിയ പല്ല് സെറ്റുകളിൽനിന്നും ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകളും അർബുദമുണ്ടാക്കാം. ക്യാൻസറിന് മുന്നോടിയായി വായിൽ ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് വേദന ഇല്ലാത്തതും ഇളകിപ്പോകാത്തതുമായ വെള്ളപ്പാടുകളായും ചിലർക്ക് ചുവന്ന പാടുകളായും ചുവപ്പും വെള്ളയും ഇടകലർന്ന പാടുകളായും രോഗലക്ഷണങ്ങൾ കാണാറുണ്ട്. ഇവയെ അവഗണിക്കരുത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top