24 March Friday

തല കറങ്ങുന്നുണ്ടോ ?

ഡോ. സാജു ബി അപ്പന്‍Updated: Sunday Dec 25, 2022

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം (Vertigo) വന്നിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ലോക ജനസംഖ്യയിൽ 5മുതൽ - 10 ശതമാനം ആളുകൾ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്‌.  60 വയസ്സിനുമുകളിലുള്ളവരിൽ ഇത് 40ശതമാനംവരെ ആകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

താനോ ചുറ്റുമുള്ള വസ്തുക്കളോ കറങ്ങി പോകുന്നതായോ, നീങ്ങി പോകുന്നതായോ രോഗിക്കു തോന്നുന്നതിനെ വെർട്ടിഗോ (തലകറക്കം) എന്ന് വിശേഷിപ്പിക്കാം. ആദ്യം മനസ്സിലാക്കേണ്ടത്,  ഇത് രോഗലക്ഷണം മാത്രമാണ്, രോഗമല്ല എന്നുള്ളതാണ്‌.
പെട്ടെന്ന് തലക്കറക്കം വരുമ്പോൾ രോഗിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരാം. ഇത് എന്തെങ്കിലും മാരക രോഗമാണോ, കാരണം എന്താണ്, ഇത് മാറുമോ തുടങ്ങിയവയാണ് അവ.

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

കാരണങ്ങളും പ്രതിവിധികളും

തലകറക്കത്തിന്റെ 80 ശതമാനം കാരണങ്ങളും ആന്തരിക കർണത്തിലെ  വെസ്റ്റിബുലാർ സിസ്റ്റത്തിൽ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ്.

ബിപിപിവി(Benign paroxysmal positional vertigo)എന്നത്‌  സാധാരണ കണ്ടുവരുന്ന തലകറക്കമാണ്‌.
 ആന്തരിക കർണത്തിലെ അർധവൃത്താകൃതിയിലുള്ള കനാലുകളിലെ അറ്റത്തുള്ള യുട്രിക്കിളിൽ, കാൽസ്യത്തിന്റെ ചെറുതരികൾക്ക്  സ്ഥാനഭ്രംശം സംഭവിച്ച്‌ അവ യഥേഷ്ടം സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം  തലകറക്കം ഉണ്ടാകുന്നത്.
പ്രായമായവരിലും അസ്ഥികൾക്ക് തേയ്മാനം ഉള്ളവരിലും തലയ്ക്ക് പരിക്കേറ്റവർക്കും ദീർഘനാളായി  ശയ്യാവലംബരായവരിലും  ഇത് കൂടുതലായി കാണുന്നു.

ലക്ഷണങ്ങൾ: കിടന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോഴോ, കുനിഞ്ഞ് നിവരുമ്പോഴോ, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുമ്പോഴോ ഉണ്ടാകുന്ന ശക്തമായ തലകറക്കം.   സെക്കൻഡുകൾ മുതൽ  മിനിറ്റുകൾ വരെ മാത്രമാണ് ഇത്‌ കാണുന്നത്. ഒപ്പം  മനംപുരട്ടൽ, ഛർദി, തലക്കനം മുതലായവ ഉണ്ടാകാം.

രോഗനിർണയം/ ചികിത്സ: മിക്കവാറും രോഗികളിൽ രോഗ വിവരണത്തിലൂടെയും  ഒപിയിൽ വച്ചു നടത്താവുന്ന പരിശോധനാ പ്രക്രിയകളിലൂടെ രോഗനിർണയം സാധ്യമാണ്.

ഇങ്ങനെയുള്ള രോഗികളിൽ ചികിത്സ പ്രധാനമായും  കാനൽ റിപൊസിഷനിങ്‌ പ്രൊസീജിയർ (Canal RepositioningProcedure) വഴി സാധ്യമാക്കാം. ചിലർക്ക്‌   കുറച്ചു നാളുകൾ  മരുന്ന്‌  ഉപയോഗിക്കേണ്ടി വരും. ഈ മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.

വ്യായാമവും


ചികിത്സയുടെ ഭാഗമായി വ്യായാമവും നിർദേശിക്കാറുണ്ട്‌. വെസ്റ്റിബുലാർ റിഹാബിലിറ്റേഷൻ എക്‌സർസൈസാണ്‌ ഇവയിൽ പ്രധാനം.

കണ്ണ്, തല, ശരീരം എന്നിവയുടെ ചലനങ്ങൾ ഉൾക്കൊള്ളിച്ചാണിത്‌. തുടക്കത്തിൽ ഇരുന്നോ കിടന്നോ ചെയ്യാവുന്ന ലളിതവും പിന്നീട് കുറച്ച് സങ്കീർണവുമായ ഈ വ്യായാമങ്ങൾ ബിപിപിവിക്ക്‌  ദീർഘകാലത്തേക്ക് ചെയ്യാൻ ശുപാർശ ചെയ്യാറുണ്ട്.
 
ഒഴിവാക്കേണ്ടത്

പെട്ടെന്ന് കഴുത്തുതിരിക്കുക, കുനിയുക, നിവരുക എന്നിവ രോഗികൾ ഒഴിവാക്കണം. വാഹനം  ഓടിക്കുന്നത് (പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ) ഒഴിവാക്കുന്നത് നല്ലതാണ്.  സ്വയം ചികിത്സ ഒഴിവാക്കുക. രോഗനിർണയത്തിനും ചികിത്സയ്ക്കും അടുത്തുള്ള ഡോക്ടറെ സമീപിക്കുക.

മിനിയേർസ് രോഗം


വിട്ട് വിട്ട് വരുന്ന തലകറക്കത്തിനൊപ്പം  ചെവിയിൽ മൂളൽ (മുഴക്കം), കേൾവിക്കുറവ്, ചെവി അടപ്പ് എന്നിവ കാണുന്ന രോഗാവസ്ഥയാണ്‌ മിനിയേർസ് രോഗം(Miniere’s disease)ആന്തരിക കർണത്തിലെ ദ്രാവകത്തിൽ അമിത മർദം ഉണ്ടാകുന്നത് മൂലമുളള രോഗാവസ്ഥയാണിത്‌.

രോഗവിവരണ ശേഖരണത്തിൽനിന്നും കേൾവി പരിശോധനയിലൂടെ രോഗനിർണയവും മരുന്നുകളിലൂടെ നിയന്ത്രണവും സാധ്യമാണ്. വെസ്റ്റിബുലാർ നാഡിയിലെ വീക്കം കാരണമുണ്ടാകുന്ന തലകറക്ക(Vestibular neuronitis)മാണ്‌ മറ്റൊന്ന്‌. വൈറസ് അണുബാധയാണ് നാഡിവീക്കത്തിന് കാരണമായി കരുതുന്നത്.
സെൻട്രൽ വെർടിഗോ

മസ്തിഷ്ക സംബന്ധമായ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന സങ്കീർണമായ രോഗാവസ്ഥയാണിത്‌. അപൂർവമായി മാത്രം കാണുന്നു.

തലകറക്കത്തിനോടൊപ്പം സംസാരം കുഴയുക, നടക്കുന്നതിനും നിൽക്കുന്നതിനും ബുദ്ധിമുട്ട്, ബലക്കുറവ്, ശക്തമായ തലവേദന എന്നിവയുണ്ടെങ്കിൽ സെൻട്രൽ വെർടിഗോ സംശയിക്കണം. ഇതിൽ തലകറക്കം സാവധാനം വരികയും  തുടർച്ചയായി നിലനിൽക്കുന്നതായും കാണുന്നു. ഉടനടി ഡോക്ടറെ സമീപിക്കണം. ന്യൂറോളജിസ്റ്റിന്റെ അഭിപ്രായവും സിടി സ്‌കാൻ, എംആർഐ സ്‌കാൻ തുടങ്ങിയവയും വേണ്ടി വന്നേക്കാം.

രക്തസമ്മർദ്ദ വ്യതിയാനം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുക,  തലചുറ്റൽ,  കണ്ണിൽ ഇരുട്ട് കയറുക, ശരീരക്ഷീണം എന്നിങ്ങനെ അനുഭവപ്പെടാം.
ചുരുക്കത്തിൽ  മസ്തിഷ്കത്തിലെ തകരാറുകൾ വരെ തലകറക്കത്തിന്റെ കാരണമാകാം. അതിനാൽ  ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയവും ചികിത്സയും അത്യാവശ്യവും.

(തിരുവനന്തപുരം  നെയ്യാർ മെഡിസിറ്റിയിൽ
കൺസൾറ്റന്റ്‌ ഇഎൻടി സർജനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top