29 March Friday

ലഹരിയുടെ മായക്കാഴ്‌ചയിൽ വീഴരുതേ

ഡോ. ഷീന ജി സോമൻUpdated: Sunday Sep 25, 2022

മയക്കുമരുന്നടക്കമുള്ള  ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത്‌ മിക്ക രാജ്യത്തും  അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ്‌ കണക്കുകൾ.

  ഇവയുടെ മായക്കാഴ്ചകൾക്ക്‌ കീഴടങ്ങുന്നവരിൽ ഏറിയപങ്കും യുവാക്കളും വിദ്യാർഥികളുമാണ്‌ എന്നത്‌   ഗൗരവകരം. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ്‌. കുട്ടികൾ കുടുംബത്തിന് പുറത്തേക്ക്  വളരുമ്പോൾ പലപ്പോഴും ലഹരിയുടെ തെറ്റായ  വഴികളും അവർക്കു മുന്നിൽ തെളിയാം. പ്രത്യേകിച്ച്‌ കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തുനിൽക്കുമ്പോൾ.

തലച്ചോറിനെ ഹൈജാക്ക്‌ ചെയ്യുമ്പോൾ

 
തലച്ചോറിലെ റിവാർഡ് പാത്ത് വേ  ഉത്തേജിക്കപ്പെടുമ്പോഴാണ് നമുക്ക് ഇഷ്ടങ്ങൾ ഉണ്ടാകുന്നത്. ഡോപമീൻ ഹോർമോൺ ഉൽപ്പാദനമനുസരിച്ചാണ് ഈ രസക്കൂട്ടുകൾ മനസ്സിനെ നിയന്ത്രിച്ചുതുടങ്ങുന്നത്. ലളിതമായി  പറഞ്ഞാൽ 20 ഡോപമീൻ തന്മാത്ര തരുന്ന പ്രവൃത്തികളായ പാട്ടോ, സിനിമ കാണലോ ഒക്കെ 200 ഡൊപമീൻ നൽകുന്ന ലഹരി കൂട്ടുകെട്ടിൽ മുങ്ങിപ്പോകും!  ജീവിതത്തിലെ താളവും ലയവും നിലനിർത്തുന്ന സന്തോഷങ്ങളൊക്കെ പ്രാധാന്യം നഷ്ടപ്പെട്ട് തലച്ചോറിനെ ലഹരികൾ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണ്‌ ഇത്. അതിൽനിന്ന്‌ രക്ഷപ്പെടണമെങ്കിൽ തലച്ചോറിന്റെ മുൻഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ്  വേണ്ടരീതിയിൽ ഇടപെട്ട്‌ അപകടകരമായ തീരുമാനങ്ങളെ പിടിച്ചുനിർത്തണം, ആത്മനിയന്ത്രണം നൽകണം. കൗമാരത്തിൽ തലച്ചോറിൽ വളർച്ചയുടെ മാറ്റം സംഭവിക്കുന്ന ഈ സമയത്ത് പ്രീഫ്രോണ്ടൽ കോർട്ടക്സിന് ഇഷ്ടങ്ങൾക്ക് പിറകേ പായുന്ന തലച്ചോറിന്റെ പിൻഭാഗത്തെ ലിംബിക്ക് ബ്രയിനിനൊപ്പം എത്തുന്നില്ല എന്നതാണ് സത്യം. മസ്തിഷ്കം ലഹരിക്ക് അടിമപ്പെട്ടിട്ടേ മറ്റ് അവയവങ്ങളിൽ രോഗാവസ്ഥകൾ ഉടലെടുക്കുകയുള്ളൂ.

വഴികൾ, സാധ്യതകൾ


ചിലരിൽ  ലഹരിശീലത്തിൽ വീണുപോകാനുള്ള റിസ്ക് കൂടുതലാണ്. മദ്യപാനം, മൂഡ്‌ ഡിസോർഡർ, ആത്മഹത്യാ പ്രവണതയൊക്കെയുള്ള കുടുംബത്തിൽ ലഹരിയിൽ വീണുപോകാൻ ജനിതക പാരമ്പര്യംതന്നെ കാരണമാകാറുണ്ട്. വീടിനകത്തെ അസ്വാരസ്യങ്ങൾ, അച്ഛന്റെ മദ്യപാനമെല്ലാം ഈ റിസ്കിനെ വളർത്താം. കുട്ടിക്കാലത്ത് പ്രകടമാകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, മുതിരുമ്പോൾ ശ്രദ്ധക്കുറവും മുൻപിൻ ആലോചിക്കാത്ത പ്രകൃതവും ലഹരി ഉപയോഗത്തിലേക്ക് പുരോഗമിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത, പഠനത്തിൽ ഉഴപ്പ്, സ്കൂൾ/കോളേജ്‌ ക്ലാസുകളോടുള്ള താൽപ്പര്യക്കുറവ്‌ തുടങ്ങിയവയെല്ലാം അനന്തരഫലങ്ങൾ.

കോൺഡക്ട് ഡിസോർഡറുള്ള  കൗമാരക്കാരിൽ ലഹരിശീലവും വളരെ നേരത്തെ തുടങ്ങാനുള്ള സാധ്യത ഏറെയാണ്‌."നോ" പറയാനുള്ള ആത്മധൈര്യക്കുറവും കൂട്ടുകെട്ടിലൂടെയുള്ള  ലഹരിയുടെ ഉപയോഗവും  കുറ്റകൃത്യങ്ങളുടെ അഴുക്കുചാലിലേക്കുമാകും എത്തിക്കുക. പഠനവും കഴിവുകളും കുടുംബ ബന്ധങ്ങളും പിന്നാമ്പുറമാകാൻ  പിന്നെ അധികം നേരമൊന്നും വേണ്ട.

ജീവിതരീതികൾ, സാമൂഹ്യ സാഹചര്യങ്ങൾ കൗമാരക്കാരെ സ്വാധീനിക്കുന്നു. തെറ്റായ കൂട്ടുകെട്ടിലൂടെയുള്ള ആത്മസംഘർഷങ്ങൾ വഴിയും വളർച്ചയുടെ പടവുകളിലും ലഹരി വന്നുചേരാം. ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസ്സിനു മുമ്പേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നുവെന്നാണ്‌ പഠനങ്ങളും കേസിന്റെ എണ്ണവും വ്യക്തമാക്കുന്നത്‌. പുകയില വസ്തുക്കൾ 12.3 വയസ്സിലും ഗ്ളൂ പോലുള്ള ഇൻഹേലൻസ് 12.4 വയസ്സിലും കഞ്ചാവ് 13.4, മദ്യം എന്നിവ 13.6 വയസ്സ് എന്ന ക്രമത്തിലും കുട്ടികളിൽ തുടക്കമിടുന്നുവെന്നാണ് കണക്കുകൾ. പുകയിലയിലും ഗ്ളൂവിലും തുടങ്ങി, കഞ്ചാവിലേക്കും മറ്റു ലഹരികളായ മയക്കുമരുന്നുകൾ, വേദനസംഹാരികൾ, ഇൻജക്ഷനുകളിലേക്ക് ലഹരിശീലം വളരാൻ അധിക സമയം വേണ്ട. മുമ്പ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല പുതിയ ലഹരിവസ്തുക്കൾ കോവിഡ് കാലത്തിനുശേഷം ചെറുപ്പക്കാരിൽ സാധാരണയായിട്ടുണ്ടെന്ന്‌ പഠനങ്ങൾ പറയുന്നു.

നേരത്തേ ഇടപെടുക


ശാരീരിക, മാനസിക, സാമൂഹിക അസ്വസ്ഥതകൾ കണ്ടെത്തിയാൽ നേരത്തേ ഇടപെടുക എന്നതാണ് പ്രധാനം. മദ്യം പലപ്പോഴും രോഗമാകാൻ സമയമെടുക്കുമെങ്കിൽ കഞ്ചാവ്, കറുപ്പ്, മയക്കുമരുന്നൊക്കെ ആദ്യ ഉപയോഗംമുതൽ രണ്ടു വർഷത്തിനുള്ളിൽത്തന്നെ മാനസിക പ്രത്യാഘാതമുണ്ടാക്കി തുടങ്ങും. ചെറുപ്രായത്തിലുള്ളവുരുടെ മരണത്തിന്  പ്രധാന കാരണം ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അപകടങ്ങളും ആത്മഹത്യകളുമാണ്. ഇവരിൽ കുറ്റവാസനയും സാമൂഹ്യവിരുദ്ധതയും വളരുന്നതിനും ലഹരി കാരണമാകുന്നു. കുടുംബങ്ങളുടെ തകർച്ചയും ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയെ സങ്കീർണമാക്കും. മരുന്നുകൾ, മോട്ടിവേഷനൽ ചികിത്സ, റീഹാബിലിറ്റേഷൻ തുടങ്ങിയവ ഒരു പരിധിവരെ ഇവരെ രക്ഷിക്കാൻ സഹായിക്കും.

ബിഹേവിയറൽ അഡിക്‌ഷൻ ഗണത്തിൽപ്പെടുന്നവയാണ് അമിതമായ മൊബൈൽ ഉപയോഗം, ഇന്റർനെറ്റ് അഡിക്‌ഷൻ, പോൺ അഡിക്‌ഷൻ മുതലായവ. ഉദ്ദേശിച്ചതിലും കൂടുതൽ സമയം കുട്ടി സ്ക്രീനിലേക്ക് ഒതുങ്ങുന്നെങ്കിൽ, ഗെയിമിങ്ങും മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഉപദേശിച്ചാൽ ദേഷ്യം പിടിക്കുന്നെങ്കിൽ, മറ്റ് ഉത്തരവാദിത്വങ്ങളിൽ താൽപ്പര്യം കുറയുന്നെങ്കിൽ, പഠനത്തിൽ പിന്നാക്കം പോകുന്നെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്ക്രീൻ സമയം ഒരു മണിക്കൂറൊക്കെയായി നിജപ്പെടുത്താൻ സമയമായി. ചെറുപ്പത്തിലേ ഇവയുടെ ഉപയോഗത്തിൽ ചിട്ടകൾ പാലിക്കുന്നതാണ് നല്ലത്.

സമൂഹവും കുടുംബവും ഉണരണം


ചെറുപ്രായക്കാരിലെ ലഹരി ഉപയോഗം തടയണമെങ്കിൽ കുടുംബവും വിദ്യാഭ്യാസ ഇടങ്ങളും സമൂഹവും നിയമങ്ങളും കൂടുതൽ ഉണരണം, ഒരുമിച്ചു പ്രവർത്തിക്കണം. കുടുംബങ്ങളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും കൂട്ടുകെട്ടുകളെപ്പറ്റിയും അവർ ചിലവഴിക്കുന്ന ഇടങ്ങളെപ്പറ്റിയും സമയക്രമങ്ങളെക്കുറിച്ചും മുതിർന്നവർ അറിഞ്ഞിരിക്കണം. ഉല്ലാസത്തിനും കളികൾക്കും ഒരുമിച്ചു ഭക്ഷണം കഴിക്കാനും യാത്ര പോകാനുമൊക്കെ സമയം കണ്ടെത്താം. വീട്ടിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുക. മുതിർന്നവരുടെ ലഹരി ഉപയോഗം കുട്ടികൾ അനുകരിക്കാനും ഇവയുടെ ഉപയോഗത്തെ സാമാന്യവൽക്കരിക്കാനും ഇടയാക്കിയേക്കാം.
  
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ‘സ്റ്റുഡന്റ് ഫ്രണ്ട്‌ലി' ആകണം. പഠനത്തിന് മാത്രമല്ല, പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുക. വിവിധ ക്ലബ്ബുകളും സാമൂഹ്യ പ്രവർത്തനങ്ങളും പ്രകൃതി സംരക്ഷണത്തിനുമെല്ലാം സമയവും സൗകര്യവും ഒരുക്കിക്കൊടുക്കാം.
കുട്ടികളിലേക്ക് ലഹരി എത്തുന്നതും അവരെ വാഹകരായി ഉപയോഗിക്കുന്നതും  ശക്തമായി തടയണം. ഈ കാര്യത്തിൽ സർക്കാർ, എക്‌സൈസ്–-പൊലീസ്‌ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ സമൂഹം പൂർണ പിന്തുണ നൽകണം.    വിപുലവും തുടർച്ചയായുമുള്ള   ബോധവൽക്കരണവും ഫലം ചെയ്യും.

നേരത്തെ തിരിച്ചറിയുക


 -ലഹരി രോഗമുള്ള  കുടുംബത്തിൽപ്പെട്ടവർ, ചെറുപ്രായത്തിൽ ശ്രദ്ധക്കുറവുള്ളവർ, ഹൈപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ  തുടങ്ങിയവരിൽ ലഹരി ഉപയോഗം ചെറുപ്രായത്തിൽത്തന്നെ തുടങ്ങാൻ സാധ്യത കൂടുതലാണ്‌. ഇവരിൽ  ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ലഹരി ഉപയോഗം തുടങ്ങിയോ എന്ന് സംശയിക്കാം.
-
തുടർച്ചയായി സ്കൂളിൽ പോകാതെ  കറങ്ങിനടക്കൽ, സംഘം ചേർന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ചെറിയ തോതിലുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയാൽ ശ്രദ്ധിക്കണം.  

തുടർച്ചയായി സമയത്ത് വീട്ടിൽ കയറാതിരിക്കുക, വളരെനേരം മുറി അടച്ചിരിക്കുക. കുടുംബവുമായി അകലം പാലിക്കുകയും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക, പോക്കറ്റിൽനിന്നും ബാഗിൽനിന്നും സിഗരറ്റിന്റെ ചുക്കപോലെ പൊടികളും അസാധാരണ വസ്തുക്കളും പായ്ക്കറ്റുകളും ലഭിക്കുക, മുറിയിൽ പ്രത്യേക മണം, പുക എന്നിവ കാണുക, കണ്ണ് ചുവന്ന്‌, ചുണ്ടുകൾ കറുത്ത്, കവിളുകൾ ഒട്ടുക, ശരീരഭാരം വല്ലാതെ കുറയുക, ഉറക്കം തൂങ്ങി, നാക്കിടറി സംസാരിക്കുക വിശപ്പ്, ഉറക്കം, ശുചിത്വം പോലുള്ള ശീലങ്ങളിൽ വ്യത്യാസം കാണിക്കുക, ഓക്കാനം, വിറയൽ, വെപ്രാളം, അമിതമായ വിയർപ്പ്, കണ്ണ് ചുവന്ന്‌,  കണ്ണുകളിൽനിന്ന് വെള്ളം വരിക, അമിതമായ ദേഷ്യം, ആവേശം, ഭീഷണിസ്വരം, സാധനങ്ങൾ നശിപ്പിക്കൽ തുടങ്ങിയവ പ്രകടിപ്പിക്കുക–- ഇവയെല്ലാം ലഹരിക്ക്‌ അടിമപ്പെടുന്നതിന്റെ  ലക്ഷണമാകാം. വിഷാദം, ഭയം, ഉന്മാദം, സംശയങ്ങൾ,  ആത്മഹത്യാ പ്രവണത എന്നിവയും കണ്ടേക്കാം.  സ്കൂൾ, കോളേജ് അധികൃതരോ, അഭ്യുദയകാംക്ഷികളോ ലഹരി ഉപയോഗത്തെപ്പറ്റി നൽകുന്ന  സൂചനകൾ അവഗണിക്കരുത്‌.

സർക്കാർ സംവിധാനങ്ങൾ വിപുലം


വെറും "കൗൺസലി\ങ്‌ കൊണ്ട് ലഹരിരോഗങ്ങൾ മാറണമെന്നില്ല.  മാനസിക അവസ്ഥയെ പഠിച്ച് അവനിലെ റിസ്കുകളെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത്‌ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചൈൽഡ് ആൻഡ്‌ അഡോളസന്റ്‌ ക്ലിനിക്കുകൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലഹരിചികിത്സാ കേന്ദങ്ങളും ഈ പറഞ്ഞ സ്ഥാപനങ്ങളിലും എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രവർത്തിക്കുന്നു. രോഗനിർണയം മുതൽ വിവിധ ചികിത്സാ മാർഗങ്ങൾ നൽകാനായി സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർമാരും ഈ ലഹരിവിമോചന കേന്ദ്രങ്ങളിലുണ്ട്. ഇവരുടെ സേവനം എത്രയും നേരത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.

മയക്കുമരുന്നടക്കമുള്ള ലഹരികൾക്കെതിരെ  സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾക്കും ബോധവൽക്കരണ പരിപാടികൾക്കും യുവജന, വിദ്യാർഥി സംഘടനകളുടെയും സന്നദ്ധ, സാമൂഹ്യ സംഘടനകളുടെയും  അധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പിന്തുണയുണ്ടാകണം. ബോധവൽക്കരണ പരിപാടികളിൽ തുടർച്ചയായി പങ്കാളികളാകണം. സാമൂഹ്യ ഇടപെടീൽ പരമപ്രധാനം.
ലോകത്താകെ  പുതിയ പുതിയ ലഹരികൾ പടരുന്ന ഇക്കാലത്ത് കണ്ണുകൾ തുറന്നുവയ്ക്കുക. മനസ്സുകൊണ്ട് അറിഞ്ഞ്‌ ചെറുപ്രായക്കാരെ കൂടെനിർത്തുക. അവരെ നല്ല സന്തോഷങ്ങളിലേക്ക് വഴിതെളിക്കുക. കുഴിയിലേക്ക് വീഴാതെ വേണ്ട നേരങ്ങളിൽ തുണയാകുക. വീണാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ അമാന്തം കാട്ടാതിരിക്കുക. വിട്ടുകളയാതെ വീണ്ടെടുക്കാൻ തയ്യാറാകുക. ലഹരി നമ്മുടെ ബാല്യങ്ങളെ, കൗമാരങ്ങളെ, ചെറുപ്പക്കാരെ കവരാതിരിക്കട്ടേ. മഹാവിപത്തിനെതിരെയുള്ള   പ്രതിരോധ നടപടികൾക്ക്‌ സ്വയം സന്നദ്ധമാകുക.

 ● തിരുവനന്തപുരം ഗവ.
മാനസികാരോഗ്യ കേന്ദ്രത്തിൽ
കൺസൽറ്റന്റ്‌ സൈക്യാട്രിസ്റ്റാണ്‌ ലേഖിക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top