23 February Friday

കൊളസ്ട്രോളും ഹൃദയാരോഗ്യവും മനസ്സിലാക്കുക, മിഥ്യാ ധാരണകളെ പൊളിച്ചെഴുതുക

ഡോ. ആനന്ദ്‌ കുമാർ വിUpdated: Tuesday Oct 17, 2023


ഡോ. ആനന്ദ് കുമാർ വി

ഡോ. ആനന്ദ് കുമാർ വി

പാശ്ചാത്യ ജനങ്ങളെ അപേക്ഷിച്ച് ഒരു ദശാബ്‌ദം മുമ്പാണ് ഹൃദ്രോഗങ്ങൾ ഇന്ത്യക്കാരെ ബാധിച്ച് തുടങ്ങുന്നത്. ഹൃദയാരോഗ്യത്തിൽ ഒരു പ്രധാന ഘടകമായ കൊളസ്ട്രോൾ സിവിഡികളുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഹൃദയാരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് കൊളസ്ട്രോൾ എന്താണെന്ന് നന്നായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ കൺസട്ടൻ്റും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ് കുമാർ വി പറയുന്നു, “ഹൃദയ രക്തക്കുഴലിൽ ഉണ്ടാകുന്ന തടസ്സങ്ങളുടെ മുഖ്യ കാരണമാണ് എൽഡിഎൽ കൊളസ്ട്രോൾ. ഉയർന്ന പ്ലാസ്മ എൽഡിഎൽ കൊളസ്സ്ട്രോൾ ആണ് ഹൃദയ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് (സിഎഡി) ഏറ്റവും പ്രധാന അപകട കാരണമാകുന്നത്.

ദിവസേന ഞാൻ കാണുന്ന ആരോഗ്യമുള്ള വ്യക്തികളിൽ 50%വും സി എ ഡി രോഗികളിൽ 85%വും ഉയർന്ന തോതിൽ എൽഡിഎൽ  സി ഉള്ളവരാണ്. പതിവായി മുടങ്ങാതെ പരിശോധനകൾ നടത്തി മോശം കൊളസ്ട്രോളിൻ്റെ തോത് വർധിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ജാഗ്രത പുലർത്താൻ കഴിയും. നേരത്തെ തന്നെ നിലവിൽ ഉണ്ടായിരുന്ന അപകട സാധ്യതകളും രോഗങ്ങളും അടിസ്ഥാനമാക്കിയാണ് യഥാർത്ഥത്തിൽ മെഡിക്കൽ അസോസിയേഷനുകൾ ഓരോ വ്യക്തികളുടെയും എൽഡിഎൽ ടാർഗറ്റ് തോതുകൾ നിശ്ചയിക്കുന്നത്.”

കൊളസ്ട്രോളും ഹൃദയത്തിൽ അത് സൃഷ്‌ടിക്കുന്ന പ്രഭാവവും  മനസ്സിലാക്കുക

ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് കൊളസ്ട്രോൾ. പലപ്പോഴും 'മോശം കൊളസ്ട്രോൾ' എന്ന് വിളിക്കപ്പെടുന്ന താഴ്ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ (എൽഡിഎൽസി) ഉയർന്ന അളവുകൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഈ അവസ്ഥ അതീറോസ്ക്ലീറോസിസ്  എന്നറിയപ്പെടുന്നു.

ഈ പ്ലാക്ക് അടിഞ്ഞുകൂടുന്നത് ധമനികളെ ഇടുങ്ങിയതാക്കി ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറച്ച് അത്  ഹൃദയാഘാതത്തിലേക്കോ മറ്റ് ഹൃദയ പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. മറുവശത്ത്, 'നല്ല കൊളസ്ട്രോൾ' എന്നറിയപ്പെടുന്ന എച്ച് ഡി എൽ  കൊളസ്ട്രോൾ (എച്ച് ഡി എൽ സി) ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്‌തുകൊണ്ട് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വ്യത്യസ്‌തമായ കൊളസ്ട്രോളുകളുടെ തോതിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ, അത് ഡിസ്ലിപിഡെമിയയിലേക്ക് നയിച്ചേക്കാം – രക്തപ്രവാഹത്തിൽ കൊഴുപ്പുകളുടെയും കൊളസ്ട്രോളിന്റെയും അസാധാരണമായ അളവ് ഉണ്ടാകുന്ന ഒരു മെഡിക്കൽ അവസ്ഥ. ഉയർന്ന അളവിലുള്ള എൽഡിഎൽസിയും എച്ച്ഡിഎൽസിയുടെ താഴ്ന്ന തോതുകളും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തന്നെ ഉള്ള ആളുകൾക്ക്. 2021 ലെ ഒരു പഠനം 185 ദശലക്ഷം ഇന്ത്യക്കാരിൽ ഉയർന്ന തോതിൽ എൽഡിഎൽസി ഉണ്ടെന്ന് വെളിപ്പെടുത്തി.

അതിനാൽ, ഒരാളുടെ കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എൽഡിഎൽസി നിരീക്ഷിക്കുകയും അറിയുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.

ആരോഗ്യകരമായ ഹൃദയത്തിലേക്കുള്ള നമ്മുടെ യാത്രയിൽ, നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന പൊതുവായ മിഥ്യാ ധാരണകൾ പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണ്:

മിഥ്യാ ധാരണ:  എനിക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ എനിക്ക് അത് അനുഭവിക്കാൻ കഴിയും

വസ്തുത: ഒരാൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ അത് ശാരീരികമായി അനുഭവപ്പെടുമെന്ന ധാരണ ഒരു മിഥ്യയാണ്. പ്രകടമായ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ നിശബ്ദ‌മായി പുരോഗമിക്കുന്നു.

ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു മറഞ്ഞിരിക്കുന്ന അപകട ഘടകമാണിത്. കൊളസ്ട്രോളിന്റെ അളവ് കൃത്യമായി വിലയിരുത്തുന്നതിനും അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിനും പതിവായി കൊളസ്ട്രോൾ പരിശോധന നടത്തേണ്ടത്  അത്യാവശ്യമാണ്. ശാരീരികമായ അനുഭവങ്ങളെ മാത്രം ആശ്രയിക്കുന്നത് തെറ്റിദ്ധാരണയിലേക്ക് നയിക്കും.

ഓർക്കുക, നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ ചുമതല സ്വയം  ഏറ്റെടുക്കുന്നതിനുള്ള ആദ്യപടി നിങ്ങളുടെ കണക്കുകൾ അറിയുക എന്നതാണ്. നിങ്ങളുടെ എൽ ഡി എൽ സി തോതുകൾ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ, വിവരങ്ങൾ അറിഞ്ഞു കൊണ്ടുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ സ്വയം പ്രാപ്തരാക്കുന്നു.

മിഥ്യാ ധാരണ: ശരിയായ ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ് എന്റെ എൽ ഡി എൽ സി  തോത്  നിയന്ത്രിക്കാൻ ഞാൻ ചെയ്യേണ്ടത്

വസ്തുത: നല്ല ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും നിർണായകമാണെങ്കിലും, ജനിതകശാസ്ത്രത്തെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കി എൽഡിഎൽസി അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം.

നിങ്ങളുടെ ശ്രമങ്ങൾ പ്രാവർത്തികമാവുന്നുണ്ടോ അല്ലെങ്കിൽ കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന് അറിയാൻ പതിവായുള്ള  നിരീക്ഷണം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം നന്നായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.

മിഥ്യാ ധാരണ: ഒരിക്കൽ നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാൽ, പിന്നീട് വീണ്ടും സംഭവിക്കില്ല

വസ്തുത: രോഗമുക്തിക്കും  ചികിത്സയ്ക്കും അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെങ്കിലും, സിവിഡി അതിജീവിച്ചവർക്ക് ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അപ്പോഴും തുടരുന്നു. ഉയർന്ന എൽഡിഎൽസി തോതുകൾ നിയന്ത്രിക്കുന്നതിലും ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കുന്ന ജീവിതശൈലി നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടക്കത്തിലെ ഒരു സംഭവത്തിന് ശേഷവും നിർണായകമാണ്.

തുടർച്ചയായ വൈദ്യ മേൽനോട്ടം, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി പാലിക്കൽ, നിരന്തരമായ ഫോളോഅപ്പുകൾ എന്നിവ നിലവിലുള്ള ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമാണ്. മുൻപ് സിവിഡി ഉണ്ടായതുകൊണ്ട് ആവർത്തനത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്.

കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലാക്കി, എൽ ഡി എൽ സി തോതുകൾ അറിയുകയും നിരീക്ഷിക്കുകയും മിഥ്യാധാരണകൾ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ ഹൃദയാരോഗ്യം സജീവമായി സംരക്ഷിക്കാനും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിലേക്കുള്ള പാതയിലൂടെ സഞ്ചാരം ആരംഭിക്കാൻ കഴിയുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top