ഹൃദയത്തേയും രക്ത ധമനികളേയും ബാധിക്കുന്ന രോഗങ്ങള്‍ (സി വി ഡികള്‍) ആഗോള തലത്തില്‍ പ്രധാന ആരോഗ്യ ഭീഷണിയാണ്. ഹൃദ്രോഗമാണ് പലപ്പോഴും മരണത്തിന് പ്രധാന ഹേതു. ലോക ഹാര്‍ട്ട് ഫെഡറേഷന്‍ 2023 ല്‍ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ഏകദേശം 20.5 മില്യണ്‍ ജനങ്ങളാണ് ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് 2021ല്‍ മരണമടഞ്ഞത്. ലോകത്താകമാനം ഉണ്ടായ മരണങ്ങളില്‍ മൂന്നിലൊന്നിനടുത്തു വരും ഈ എണ്ണം. 1990ല്‍ രേഖപ്പെടുത്തപ്പെട്ട 12.1 മില്യണ്‍ ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്നുള്ള മരണത്തില്‍ നിന്ന് കാര്യമായ വര്‍ധനയാണിത്. ലോക വ്യാപകമായി പ്രധാന മരണ കാരണങ്ങളിലൊന്നായി ഹൃദയ രോഗങ്ങള്‍ മാറുന്നതായാണ് ഈ കണക്കുകള്‍ അടിവരയിടുന്നത്.
ഹൃദയ രോഗങ്ങളില്‍ കൂടുതലും തടയാന്‍ കഴിയുന്നവയാണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഹൃദയ രോഗങ്ങള്‍ തടയാന്‍ കഴിയും. എന്നാല്‍ ഇത് എല്ലാത്തിനുമുള്ള പരിഹാരമല്ല. . പരിസ്ഥിതിയും ജീനുകളും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധങ്ങള്‍ ഹൃദയ രോഗങ്ങള്‍ വരാനിടയാക്കും എന്നതാണ് വസ്തുത. ജീനുകളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം പരിശോധിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ ജീനുകളുടെ പ്രവണത അയാളുടെ ജീവിത രീതിയും പാരിസ്ഥിതിക ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ഹൃദയ രോഗ സാധ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ജനിതക ചാപല്യമാണ് ജനിതക വ്യതിയാനത്തിലൂടെ ഒരാള്‍ക്ക് ഒരു പ്രത്യേക രോഗം വരാനുള്ള സാധ്യതയിലേക്കു നയിക്കുന്നത്. അഛനമ്മമാരില്‍ ഒരാളില്‍ നിന്നോ രണ്ടു പേരില്‍ നിന്നുമോ പകര്‍ന്നു കിട്ടുന്ന ജനിതക വ്യതിയാനം രോഗത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നു. എന്നാല്‍ അത് പ്രകടമായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ജനിതകമായി ഉയര്‍ന്ന രക്ത സമ്മര്‍ദ്ദ സാധ്യതയുള്ള വ്യക്തി അനാരോഗ്യകരമായ ഭക്ഷണവും വ്യായമ രഹിതമായ ജീവിതവും ശീലമാക്കിയാല്‍ അയാള്‍ക്ക് അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ജനിതക വ്യതിയാനങ്ങള്‍ കൃത്യമായി കണ്ടെത്താവുന്ന വിധം ജനിതക ഗവേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജനിതക ടെസ്റ്റിംഗിലൂടെ ചില പ്രത്യേക ഹൃദ്രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്താനും രോഗം തടയുന്നതിനും ചികിത്സാ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും.
ജനിതകമായി ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് വഴങ്ങാന്‍ ശരാശരിയിലും കൂടുതല്‍ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റുകള്‍ ഉപഭോക്താവിന് നേരിട്ടു വാങ്ങാം. ഈ ടെസ്റ്റുകളിലൂടെ വ്യക്തികളുടെ ഡിഎന്‍എ പരിശോധിച്ച് രോഗ സാധ്യതയുള്ള പ്രത്യേക ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ജനിതകമായി ഹൃദയ രോഗത്തിന് സാധ്യതയുള്ള രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീന്‍ പരിശോധന വളരെ ഉപകാരപ്രദമാണ്.
അപകട സാധ്യത കൂടുതലുള്ള ചില പ്രത്യേക ഹൃദയ രോഗങ്ങളുമായി ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങള്‍ ജെനറ്റിക് ടെസ്റ്റിംഗിലൂടെ കണ്ടെത്താന്‍ കഴിയും. രോഗിയുടെ ജനിതകമായ അപകട സാധ്യതകള്‍ കണ്ടെത്താനും റിസ്‌ക് പ്രൊഫൈല്‍ കൃത്യമായി വിലയിരുത്താനും ടെസ്റ്റിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. വ്യക്തിപരമായ ആരോഗ്യ പരിചരണ പദ്ധതി ആവിഷ്‌കരിക്കാനും ജനിതകമായി അപകട സാധ്യതയുള്ള രോഗികള്‍ക്ക് അവരുടെ ഹൃദയാരോഗ്യം ഫലപ്രദമായി നിലനിര്‍ത്തുന്നതിന് അനുയോജ്യമായ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും സ്വീകരിക്കാനും ജനിതക പരിശോധനയിലൂടെ സാധിക്കും.
കാര്യക്ഷമമായ നിരീക്ഷണങ്ങളും പ്രതിരോധ നടപടികളും സാധ്യമാകും വിധം വ്യക്തികളില്‍ ഹൃദയ രോഗ സാധ്യതകള്‍ നേരത്തേ കണ്ടെത്തുന്നതിന് ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജനിതക പരിശോധന സഹായകമാണ്. കുടുംബത്തില്‍ ഒരാള്‍ക്ക് ഇത്തരം സാധ്യത കണ്ടെത്തിയാല്‍ കുടുംബത്തിലെ അപകട സാധ്യതയുള്ള മറ്റുള്ളവരും പരിശോധന നടത്തേണ്ടി വരും. കാലേക്കൂട്ടിയുള്ള ചികിത്സയിലൂടെ പ്രയോജനം ലഭിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ ഇത് സഹായകമാണ്.
ചില കേസുകളില്‍ ജനിതക പരിശോധന ചികിത്സാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കു സഹായകമാവും. ചില ജനിതക ഘടകങ്ങള്‍ ഔഷധങ്ങളുടെ തെരഞ്ഞെടുപ്പിനെയോ ചികിത്സയെയോ സ്വാധീനിക്കും. ജനിതകമായി ഹ്രദയ രോഗങ്ങള്‍ക്കു സാധ്യതയുള്ള രോഗികള്‍ക്കു അവരവരുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള ജീവിത ശൈലീ മാറ്റങ്ങള്‍ സാധ്യമാണ്. പ്രത്യേക ഭക്ഷണ ക്രമം, വ്യായാമ മുറകള്‍, അപകട സാധ്യത കുറയ്ക്കാനുള്ള മറ്റു തന്ത്രങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് വ്യക്തിക്കനുയോജ്യമായ ഔഷധങ്ങളുടെ തെരഞ്ഞെടുപ്പിനും ചികിത്സാ തീരുമാനങ്ങള്‍ക്കും ഫലപ്രദമായ മാര്‍ഗമാണ് ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജനിതക പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..