20 April Saturday

കോവിഡ് വാക്സിനുകൾ : വകഭേദങ്ങളും പ്രവര്‍ത്തന രീതികളും

ഡോ. ഉമേഷ് ബി ടിUpdated: Monday Apr 26, 2021

ഡോ. ഉമേഷ് ബി ടി

ഡോ. ഉമേഷ് ബി ടി

ആദ്യ തരംഗത്തിൽ വ്യാപിച്ചിരുന്ന വൈറസിന്റെ ജനിതക ഘടന ലഭ്യമായിരുന്നതിനാൽ നിലവിലുള്ള എല്ലാ രീതികളും ഉപയോഗിച്ച് വാക്സിൻ നിർമ്മിക്കാൻ നമ്മൾ ശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് വിപണിയിൽ ലഭ്യമായ വിവിധ തരം വാക്സിനുകൾ. ഈ ഓരോ വിഭാഗം വാക്സിനുകളും ഉണ്ടാക്കി എടുക്കുന്ന രീതിയും അവയുടെ പ്രവർത്തനങ്ങളും അറിയാം- ഡോ. ഉമേഷ് ബി ടി എഴുതുന്നു

മനുഷ്യ രാശിയെ വീണ്ടും ഭീതിയിലാക്കി കോവിഡിന്റെ രണ്ടാം തരംഗം അതി ശക്തമായി ആഞ്ഞടിക്കുന്ന ഈ അവസരത്തിൽ നമ്മുടെ രക്ഷക്കായി ആകെ ആശ്രയിക്കാവുന്നത് എസ് എം എസ് എന്ന സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് എന്ന നിയന്ത്രണങ്ങൾ കൂടാതെ വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കുക എന്നതാണ്. ഒരു രോഗം പൊട്ടി പുറപ്പെട്ടിട്ട് ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ മറ്റൊരു വാക്സിനും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

ഈ വൈറസിനെ നമുക്ക് പരിചയമില്ലാത്തതിനാൽ അതിന്റെ വ്യാപനം തടയാൻ ആവശ്യമായ വാക്സിനുകൾ ഒന്നും തന്നെ നമ്മുടെ കൈവശമില്ലായിരുന്നു. അതുകൊണ്ടു തന്നെ നമുക്കറിയാവുന്ന എല്ലാ രീതിയിലും നമ്മൾ വാക്സിനുണ്ടാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. ആദ്യ തരംഗത്തിൽ വ്യാപിച്ചിരുന്ന വൈറസിന്റെ ജനിതക ഘടന ലഭ്യമായിരുന്നതിനാൽ നിലവിലുള്ള എല്ലാ രീതികളും ഉപയോഗിച്ച് വാക്സിൻ നിർമ്മിക്കാൻ നമ്മൾ ശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് വിപണിയിൽ ലഭ്യമായ വിവിധ തരം വാക്സിനുകൾ. വിവിധ രാജ്യങ്ങൾ ഒന്നിച്ചു നിന്ന് ശ്രമിച്ചതിന്റെ ഫലമായി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൂന്ന് ബ്രോഡ് കാറ്റഗറിയിൽ ഉള്ള വാക്സിനുകൾ നിർമ്മിച്ചെടുക്കാൻ നമുക്ക് സാധിച്ചു. എം ആർ എൻ എ വാക്സിനുകൾ, അഡിനോ വൈറസ് വാക്സിനുകൾ, ഇനാക്ടിവേറ്റഡ് ഹോൾ വൈറസ്/ വിറിയോൺ എന്നീ മൂന്നു വിഭാഗത്തിൽ പെട്ട വാക്സിനുകൾ ആണ് ഇന്ന് വിപണിയിലേക്ക് ലഭ്യമായത്.

മോഡെർണയും ഫൈസർ ബയോ എൻ ടെക്കും നൽകുന്നത് മെസ്സഞ്ചർ ആർ എൻ എ വാക്സിനും, ഓക്സ്ഫോർഡ് - ആസ്ട്രസേനിക്ക വികസിപ്പിച്ച കോവിഷിൽഡ്, ഗമേലിയേ സെന്റർ വികസിപ്പിച്ച റഷ്യൻ നിർമ്മിതമായ സ്പുട്നിക്-വി വാക്സിനും, ജോൺസൻ ആൻഡ് ജോൺസൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിനും അഡിനോ വൈറസ് വെക്റ്റർ ബേസ്ഡ് വാക്സിനുകൾ ആണ്. ചൈനീസ് വാക്സിനുകൾ ആയ സൈനോഫാം, സൈനോവാക് എന്നിവയും ഇന്ത്യയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യുടെ സഹായത്തോടെ ഭാരത് ബയോ ടെക് വികസിപ്പിച്ചെടുത്ത കോവാക്സിനും ഇനാക്ടിവേറ്റഡ് ഹോൾ വൈറസ് അല്ലെങ്കിൽ വിറിയോൺ എന്ന വിഭാഗത്തിൽ പെട്ട വാക്സിനുകളും ആണ്. ഈ പറഞ്ഞ ഓരോ വിഭാഗം വാക്സിനുകളും ഉണ്ടാക്കി എടുക്കുന്ന രീതിയും അവയുടെ പ്രവർത്തനങ്ങളും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
 
ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിച്ചുകൊണ്ട് വൈറസ് വ്യാപനം തടയുക എന്നതാണ് വാക്സിനുകൾ ചെയ്യുന്നത്. വൈറസുകൾ മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനാണ് പ്രധാനമായും നമ്മൾ വാക്സിനേഷൻ നടത്താറുള്ളത്. ഇവിടെ സാർസ് കോ വി-2 എന്ന വൈറസ് ആണ് രോഗകാരി. ഇത് ഒരു ആർ എൻ എ വൈറസ് ആണ്. അതായത് ഇതിന്റെ ജനിതക വസ്തു ആർ എൻ എ (റൈബോ ന്യൂക്ലിക് ആസിഡ്) ആണ് എന്ന്. മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവേശിച്ചാൽ ആദ്യം ചെയ്യുന്നത് അതിന്റെ ജനിതക വസ്തുവായ ആർ എൻ എ, നമ്മുടെ കോശത്തിലെ ഡി എൻ എ യിലേക്ക് തിരുകി കയറ്റുക എന്നതാണ്. അതുകൊണ്ടു തന്നെ ഒരിക്കൽ പ്രവേശിച്ചാൽ ഇതിനെ നശിപ്പിച്ചു കളയാൻ അത്ര എളുപ്പമാവില്ല. ഇതിനോടകം തന്നെ കോവിഡ് വൈറസിന്റെ ഘടനയും ബാഹ്യ രൂപവും എല്ലാവർക്കും പരിചിതമായിരിക്കും. മുള്ളുകളുടെ രൂപത്തിൽ പുറത്തേക്കു തള്ളിനിൽക്കുന്ന ഗോളാകൃതിയിലുള്ള ഒരു കവചം ആണ് നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്. അത് വൈറസിന്റെ പ്രോട്ടീൻ ഉടുപ്പാണ്. ആ കവചത്തിനുള്ളിൽ ആണ് അതിന്റെ ജനിതക വസ്തു ആയ ആർ എൻ എ ഉള്ളത്. ആരോഗ്യമുള്ള ഒരു ആതിഥേയ കോശത്തിൽ പുറമെയുള്ള മുള്ള് പോലുള്ള റിസെപ്റ്ററുകളുടെ സഹായത്തോടെ പറ്റിപ്പിടിച്ച് ആതിഥേയ കോശത്തിലേക്കു ആർ എൻ എ യെ കടത്തിവിടുന്നു. ഈ ആർ എൻ എ യാണ് കോശങ്ങളിൽ പ്രവേശിച്ച് രോഗം ഉണ്ടാക്കുന്നത്.  
 
ശരീര കോശങ്ങളിലെ രോഗ പ്രതിരോധ സംവിധാനം വളരെ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഏതെങ്കിലും അന്യ വസ്തു പ്രവേശിച്ചാൽ അതിനെ നശിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമതയോടെ നടക്കും. ഇവിടെ രോഗകാരി ആയ വൈറസ് ആണ് അന്യ വസ്തു. അതാണ് ഇവിടുത്തെ ആന്റിജൻ. അതിനെതിരെ ശരീരം ആന്റി ബോഡി എന്ന മറ്റൊരു പ്രോട്ടീൻ നിർമിച്ച് അതിനെ നശിപ്പിക്കും. ഇതാണ് ആന്റിജൻ -ആന്റിബോഡി പ്രതിപ്രവർത്തനം. കോവിഡ് വൈറസിനെതിരായി ഈ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനാണ് വിവിധ തരം പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.
 
ഇനി ശരീര കോശങ്ങളിൽ എങ്ങിനെയാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള വിവിധ വാക്സിനുകൾ പ്രവർത്തിക്കുന്നത് എന്ന് കൂടെ നമുക്ക് മനസ്സിലാക്കാം.

ഡി എൻ എ - ആർ എൻ എ - പ്രോട്ടീൻ

ഒരു ജീവിയുടെ ജനിതക വസ്തു ഏതു തന്നെ ആയാലും അതിന്റെ പ്രധാന ധർമ്മം ആ ജീവിക്കാവശ്യമായ സമയങ്ങളിൽ ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക എന്നതാണ്. അതിനു വേണ്ടി ഒരു പ്രത്യേക പ്രവർത്തനം ആ ജീവിയുടെ ശരീര കോശങ്ങളിൽ നടക്കുന്നുണ്ട്. ഡി എൻ എ യിൽ നിന്നോ ആർ എൻ എ യിൽ നിന്നോ ഒരു മെസ്സഞ്ചർ ആർ എൻ എ നിർമിക്കപെടുന്നു. ഈ പ്രവർത്തനം ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടുന്നു. ഇനി ഈ മെസ്സഞ്ചർ ആർ എൻ എ യിലെ കോഡുകളെ അടിസ്ഥാനമാക്കി അതാത് പ്രോട്ടീൻ ആക്കി മാറ്റുന്നതാണ് അടുത്ത പ്രവർത്തനം. ഇത് ട്രാൻസ്ലേഷൻ എന്നും അറിയപ്പെടുന്നു. ഇങ്ങിനെ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകളുടെ സഹായത്തോടെ ആണ് ഒരു ജീവിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 
 
ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഇങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീൻ തന്മാത്രകൾ ആണ്.
 

എം ആർ എൻ എ വാക്സിൻ 

സാധാരണ ഗതിയിൽ ഒരു വാക്സിൻ ഉല്പാദിപ്പിച്ച് അതിന്റെ അംഗീകാരം നേടിയെടുക്കുന്നതിനായി എട്ടു മുതൽ പത്ത് വര്‍ഷം വരെ എടുത്തേക്കാം. എന്നാൽ ഒരു എം ആർ എൻ എ വാക്സിൻ നിർമ്മിച്ചെടുക്കുന്നതിനായി അതിനേക്കാൾ എത്രയോ കുറഞ്ഞ സമയം മതിയാവും. എം ആർ എൻ എ വാക്സിൻ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ ശരീരത്തിലെ രോഗ പ്രതിരോധ പ്രവർത്തനം എങ്ങിനെയാണ് നടക്കുന്നതെന്നറിയണം. ഒരു വൈറസ് ശരീരത്തിൽ കടന്നാൽ ആ വൈറസിന്റെ ജനിതക വസ്തു ഡി എൻ എ ആണെങ്കിലും ആർ എൻ എ ആണെങ്കിലും അത് ശരീരത്തിലെ ഒരു സജീവ കോശത്തിലേക്കു തിരുകി കയറ്റി വൈറസിന് വളരാൻ ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും അങ്ങിനെ വംശ വർദ്ധനവ് നടത്തുകയും കൂടുതൽ കോശങ്ങളെ ആക്രമിക്കുകയും ആണ് ചെയ്യുന്നത്.
 
ഈ വൈറസിനെ പരിചയം ഇല്ലാത്തതിനാൽ ആദ്യം ഒന്ന് സംശയിക്കുമെങ്കിലും കടന്നുകയറ്റക്കാരനെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡികൾ ശരീരം ഉത്പാദിപ്പിച്ചു തുടങ്ങും. പക്ഷെ അപ്പോഴേക്കും നമുക്ക് രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കും, പക്ഷെ ആന്റിബോഡികൾ ശരീരത്തിൽ കടന്നു കയറിയ വൈറസിനെ തുരത്തുന്നതിനായി അതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും അതിൽ വിജയിക്കുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ എല്ലാം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ബി കോശങ്ങൾ ഓർത്തു വക്കുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും ചെയ്യും. പിന്നീട് അതേ വൈറസ് വീണ്ടും ശരീര കോശങ്ങളിൽ എത്തിപ്പെട്ടാൽ പ്രതിരോധ പ്രവർത്തങ്ങൾ കുറച്ചു കൂടെ എളുപ്പത്തിൽ നടക്കും. കാരണം ആ വൈറസിനെ ഇതിനു മുൻപ് ആന്റിബോഡികൾ ഉത്പാദിപ്പിച്ച് നശിപ്പിച്ചതായതു കൊണ്ട്.
 
ഇനി എം ആർ എൻ എ വാക്സിനുകൾ എങ്ങിനെയാണ് ഉത്പാദിപ്പിക്കുന്നതെന്നും എങ്ങിനെയാണ് അത് ശരീരത്തിലെ രോഗ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതെന്നും നമുക്ക് നോക്കാം.
 
കോവിഡ് വൈറസിന്റെ കവചത്തിൽ കാണപ്പെടുന്ന മുള്ളുകൾ പോലുള്ള പ്രോട്ടീൻ റിസെപ്റ്ററുകൾ ആണ് അതിനെ കോശങ്ങളിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്നത് എന്ന് സൂചിപ്പിച്ചല്ലോ. എം ആർ എൻ എ വാക്സിൻ ഉത്പാദിപ്പിക്കാനായി വൈറസിന്റെ ഈ മുള്ളുകൾ നമ്മുടെ ശരീര കോശങ്ങളിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്. അതിനായി വൈറസിന്റെ ആർ എൻ എ യിലെ ഈ മുള്ളുകൾ ഉത്പാദിപ്പിക്കുന്ന ഭാഗം മാത്രം വേർതിരിച്ചെടുത്ത് അതിന്റെ എം ആർ എൻ എ നിർമ്മിച്ച് കോശങ്ങളിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. വൈറസിന്റെ ഈ ഭാഗം ശരീര കോശങ്ങളിൽ കടന്ന് അവിടെ ഈ മുള്ളുകൾ ഉത്പാദിപ്പിക്കുന്നു.
 
ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ഈ മുള്ളുകളെ അന്യ വസ്തുവായി തിരിച്ചറിഞ്ഞ് അതിനെ നശിപ്പിക്കുന്നതിനാവശ്യമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ഈ മുള്ളുകളെയും അതിനു കാരണമായ എം ആർ എൻ എ യെയും നശിപ്പിക്കുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ എല്ലാം രോഗപ്രതിരോധത്തിന്റെ ഭാഗമായ മറ്റൊരു കോശം --ബി സെല്ലുകൾ ഓർത്തു വക്കുകയും ചെയ്യും. പിന്നീട് യഥാർത്ഥ കൊറോണ വൈറസ് ശരീരത്തിൽ കടന്നാൽ പോലും ഈ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയും ആന്റിബോഡികൾ ഉപയോഗിച്ച് വൈറസിന്റെ മുള്ളു കവചം നശിപ്പിച്ചു കളയുകയും ചെയ്യുന്നു. അതോടെ കോശങ്ങളിൽ പറ്റിപിടിക്കാൻ സാധിക്കാതെ വൈറസ് നശിച്ചു പോവുന്നു.

 
ആർ എൻ എ വാക്സിന്റെ ഗുണങ്ങൾ എന്ന് പറയുന്നത് നേരത്തെ പറഞ്ഞ പോലെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ചെടുക്കാം എന്നതും ഒരു കാരണ വശാലും നമുക്ക് ഇതിൽ നിന്നും രോഗം പിടിപെടില്ല എന്നതും ആണ്.
 
മോഡെർണയും ഫൈസർ ബയോ എൻ ടെക്കും ഉത്പാദിപ്പിച്ചത് ഇത്തരത്തിലുള്ള എം ആർ എൻ എ കോവിഡ് വാക്സിൻ ആണ്.
 

അഡിനോ വൈറസ് അടിസ്ഥാനമാക്കിയുള്ള വാക്സിൻ

ഓസ്‌ഫോർഡ് -ആസ്ട്ര സെനിക വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചെടുത്ത കോവിഷിൽഡും റഷ്യ യിലെ ഗാമെലിയാ സെന്റർ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി എന്ന വാക്സിനും ജോൺസൻ ആൻഡ് ജോൺസൻ കമ്പനി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനും എല്ലാം ഈ വിഭാഗത്തിൽ പെടുന്നതാണ്. 
 
ഇവിടെ കോവിഡ് വൈറസിന്റെ ബാഹ്യരൂപം അനുകരിച്ചു മറ്റൊരു വൈറസിന്റെ ബാഹ്യരൂപം മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. നമുക്കറിയാവുന്ന പോലെ കോവിഡ് വൈറസിന്റെ ജനിതക വസ്തു ശരീര കോശങ്ങളിൽ എത്തിപ്പെട്ടാൽ മാത്രമേ നമ്മൾ രോഗികൾ ആവുകയുള്ളൂ. അതിന്റെ പ്രോട്ടീൻ കവചം നമുക്കൊരു തരത്തിലും ഉപദ്രവ കാരിയല്ല. ഈ ഒരു കാര്യമാണ് വാക്സിൻ ഉണ്ടാക്കാനായി നമ്മളെ സഹായിക്കുന്നത്. ഇനി നമുക്ക് അഡിനോ വൈറസ് വാക്സിൻ നിർമ്മാണത്തിലേക്ക് വരാം. ഇതിനു വേണ്ടി ജീവനുള്ള മറ്റൊരു തരം വൈറസിനെ നമ്മൾ ഉപയോഗിക്കുന്നു. അഡിനോ വൈറസ് എന്നറിയപ്പെടുന്ന ഈ വൈറസ് മനുഷ്യരിൽ സാധാരണ രോഗങ്ങളായ ഫ്ലൂ, ജലദോഷം എന്നിവ ഒക്കെ ഉണ്ടാക്കും. ഈ അഡിനോ വൈറസ് ആണ് നമ്മൾ ഇവിടെ കോവിഡ് വൈറസിനെ അനുകരിക്കാനായി ഉപയോഗിക്കുന്നത്. കോവിഡ് വൈറസിന്റെ കവച നിർമ്മാണത്തിനാവശ്യമായ പ്രോട്ടീൻ അഡിനോ വൈറസിൽ കയറ്റിവിടുകയും അതിൻ പ്രകാരം പരിവർത്തനം ചെയ്യപ്പെട്ട പുതിയ ഒരു തരം അഡിനോ വൈറസിനെ ഉണ്ടാക്കിയെടുക്കുകയും ചെയ്യും.
 
ഈ പുതിയ വൈറസിന് കോവിഡ് വൈറസിന്റെ ബാഹ്യ രൂപവും, അഡിനോ വൈറസിന്റെ ജനിതക വസ്തുവും ആയിരിക്കും. ഈ പരിവർത്തനം ചെയ്യപ്പെട്ട വൈറസിനെ ആണ് ശരീരത്തിൽ കുത്തി വക്കുന്നത്. ഇത് ശരീരത്തിൽ കടന്നു കഴിയുമ്പോൾ സ്വാഭാവികമായും അവിടെ ഒരു രോഗ പ്രതിരോധ പ്രവർത്തനം നടക്കുന്നു. കോശങ്ങളിൽ പ്രവേശിച്ച കോവിഡ് വൈറസിന്റെ കവചത്തിലെ മുള്ളു പോലുള്ള റിസെപ്റ്ററിനെ കോശങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ ഉപയോഗിച്ച് നശിപ്പിക്കുകയും ഈ പ്രവർത്തനങ്ങൾ ബി കോശങ്ങൾ ഓർമ്മിച്ചു വക്കുകയും ചെയ്യും. രണ്ടാഴ്ചക്കു ശേഷം വീണ്ടും അടുത്ത മാത്ര (dose) ഇതേ രീതിയിൽ തന്നെ ശരീരത്തിൽ കുത്തി വക്കുകയും അതിന്റെ നിർദ്ധിഷ്ട ആന്റിബോഡികൾ ശരീരത്തിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് മൂലം പിന്നീട് യഥാർത്ഥ കോവിഡ് വൈറസ് കയറിയാലും അതിന്റെ നിർദ്ധിഷ്ട ആന്റിബോഡി ഉപയോഗിച്ച് കോശങ്ങൾക്ക് അവയെ പെട്ടെന്ന് തന്നെ നശിപ്പിച്ചു കളയാൻ സാധിക്കുകയും ചെയ്യും.
 
അഡിനോ വൈറസിന്റെ പ്രവർത്തന ഫലമായി ചിലപ്പോൾ ചെറിയ പനിയോ ക്ഷീണമോ ഒക്കെ ഈ വാക്സിനുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
 

ഹോൾ വൈറസ് വാക്സിൻ

ഇതാണ് വാക്സിൻ നിർമ്മാണത്തിലെ അടുത്ത രീതി. ഇവിടെ രോഗകാരികളായ വൈറസുകളെ അങ്ങിനെ തന്നെ യാണ് ശരീരത്തിലേക്ക് കടത്തിവിടുന്നത് . രാസവസ്തുക്കൾ ഉപയോഗിച്ചോ റേഡിയേഷനുകളിലൂടെയോ ചൂടാക്കിയോ ഒക്കെ നിർവീര്യമാക്കിയ യഥാർത്ഥ വൈറസുകളെ ആണ് ഉപയോഗിക്കുന്നത്. നിർവീര്യമാക്കിയത് കൊണ്ട് തന്നെ അതിനു ശരീരത്തിൽ അതിന്റെ സാന്നിധ്യം അറിയിക്കാം എന്നല്ലാതെ ആതിഥേയ കോശങ്ങളിൽ പെറ്റു പെരുകാനോ രോഗ കാരണ മാവാനോ പറ്റില്ല. അത് കൊണ്ട് തന്നെ ഉപദ്രവിക്കാൻ കഴിയില്ല. പക്ഷെ കോശങ്ങളിൽ അതിന്റെ സാന്നിധ്യം ശരീരം തിരിച്ചറിയുകയും അതിനെ നശിപ്പിക്കാനാവശ്യമായ പ്രതിപ്രവർത്തങ്ങൾ നടത്തുകയും ചെയ്യും. അതായത് ശരീരം വൈറസിനെതിരായ ആന്റിബോഡികൾ ഉത്പാദിപ്പിച്ചു തുടങ്ങുകയും അതിനെ നശിപ്പിക്കുകയും ആ വിവരം ബി കോശങ്ങളിൽ ശേഖരിച്ചു വക്കുകയും ചെയ്യും. പിന്നീട് യഥാർത്ഥ കോവിഡ് വൈറസ് ജീവനോടെ ശരീര കോശങ്ങളിൽ സാന്നിധ്യ മാറിയിച്ചാലും ഈ പ്രവർത്തനങ്ങൾ എല്ലാം ഏകോപിക്കപ്പെടുകയും ആന്റിബോഡികൾ വൈറസ് ആവുന്ന ആന്റിജനുകളെ നശിപ്പിച്ചു കളയുകയും ചെയ്യും. ഇതാണ് ഹോൾ വൈറസ് വാക്സിന്റെ പ്രവർത്തന രീതി. ഈ രീതിയിലാണ് കോവാക്സിൻ നിർമ്മിക്കപ്പെടുന്നത്.
 
ഇന്ത്യയിൽ പൊതുവെയും, കേരളത്തിൽ പ്രത്യേകിച്ചും വ്യാപകമായി ഉപയോഗിക്കുന്നത് കോവിഷിൽഡ് എന്ന വാക്സിനും വളരെ കുറഞ്ഞ ശതമാനം മാത്രം മറ്റൊരു വാക്സിനായ കോവാക്സിനും ആണ്. ഇത് രണ്ടും രണ്ടു രീതിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് നമ്മൾ കണ്ടു. ഇതിൽ കോവാക്സിൻ പൂർണ്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭാരത് ബയോ ടെക്ക് എന്ന കമ്പനി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസെർച്ചിന്റെ (ICMR) മേൽ നോട്ടത്തിൽ വികസിപ്പിച്ചെടുത്തതാണ്.

ഇനി ഓരോ തരം വാക്സിന്റെയും ഫലപ്രാപ്തി നമുക്കൊന്ന് പരിശോധിക്കാം.

ഇന്ത്യയിൽ ഇത് വരെ അനുമതി നൽകപ്പെട്ടത് മൂന്നു വാക്സിനുകൾക്ക് മാത്രമാണ്. കോവിഷിൽഡ്, കോവാക്സിൻ പിന്നെ റഷ്യയുടെ സ്പുട്നിക് വി എന്നതിനും. ഇതിൽ കോവിഷീൽഡിന്റെ മൂന്നു ഘട്ട പരീക്ഷണങ്ങളുടെയും, കോ വാക്സിൻ രണ്ടു ഘട്ട പരീക്ഷണങ്ങളുടെയും ഫല പ്രാപ്തി മാത്രമേ പൊതു സമൂഹത്തിലേക്ക് എത്തിച്ചിട്ടുള്ളൂ. അതനുസരിച്ചു ഒരു തവണ കോവിഷിൽഡ് മാത്ര എടുക്കുമ്പോൾ,ഏതാണ്ട് 70.4 % ഫലപ്രാപ്തി ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
 
കോവാക്സിന്റെ കാര്യത്തിലാണെകിൽ ഫലപ്രാപ്തി കുറച്ചുകൂടെ അധികമാണ്. ഏതാണ്ട് 80%. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നു. ഇവിടെ കൂടുതൽ ഫല പ്രാപ്തി ക്കു കാരണം അതിന്റെ നിർമ്മാണ രീതികൾ തന്നെയാണ്. കോവാക്സിന്റെ കാര്യത്തിൽ ഉപയോഗിക്കുന്നത് നിർവീര്യമാക്കപ്പെട്ട യഥാർത്ഥ കോവിഡ് വൈറസ് ആണ് എന്നത് കൊണ്ട് തന്നെ അതിനെതിരെയുള്ള കോശങ്ങളുടെ പ്രവർത്തനങ്ങൾ കുറെ കൂടി കാര്യക്ഷമം ആയിരിക്കും എന്നത് കൊണ്ടാണ്.
 
ഇനി ഇന്ത്യയിൽ ഉപയോഗിക്കുന്നതിനനുമതി ലഭിക്കപ്പെട്ട മറ്റൊരു വാക്സിൻ ആയ സ്പുട്നിക് വി- നിർമ്മാണ രീതികൾ നമ്മുടെ കോവിഷിൽഡ് പോലെ തന്നെ ആണെങ്കിലും ഫലപ്രാപ്തിയിൽ കോവിഷിൽഡ് നേക്കാളും ഒരു പാട് മുൻപിൽ ആണ്. ഏതാണ്ട് 90 ശതമാനത്തിനു മുകളിൽ. ഇതിനു കാരണം ഇതിന്റെ നിർമ്മാണ പ്രക്രിയയിൽ രണ്ടു രീതിയിലുള്ള അഡിനോ വൈറസുകൾ ഉപയോഗിക്കുന്നതിനാലാണ്. ആദ്യ ഡോസിൽ ഒരു തരം അഡിനോ വൈറസും രണ്ടാമത്തെ ഡോസിൽ മറ്റൊരു തരം അഡിനോ വൈറസും സാർസ് കോവ് -2 ന്റെ കവച പ്രോട്ടീനുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതായത് ഇവിടെ ആദ്യ ഘട്ടത്തിൽ നൽകുന്ന അഡിനോ വൈറസിനെതിരായി ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും വൈറസിനെയും അതിന്റെ കവച പ്രോട്ടീനുകളെയും ഒന്നിച്ചു നശിപ്പിക്കുകയും ചെയ്യും. പിന്നീട് അതേ രീതിയിൽ തന്നെ രണ്ടാം ഡോസും കൊടുക്കുമ്പോൾ വൈറസിനെ മൊത്തത്തിൽ നശിപ്പിക്കാൻ ഉള്ള ശ്രമം ശരീരം കൈക്കൊള്ളുന്നു. പക്ഷെ രണ്ടാം ഡോസ് മറ്റൊരു നിരുപദ്രവകാരിയായ വൈറസ് ഉപയോഗിച്ചാണ് നല്കുന്നതെന്നതിനാൽ കുറച്ചു കൂടെ ഫലവത്താവുന്നതിനാലാണ് ഇവിടെ ഫലപ്രാപ്തി കൂടുന്നത്.
 
ആർക്കൊക്കെ കോവിഡ് വാക്സിനുകൾ എടുക്കാൻ പാടില്ല എന്ന് നോക്കാം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പതിനെട്ടു വയസ്സിനു താഴെയുള്ളവർ എന്നിവർ കോവിഡ് വാക്സിനുകൾ എടുക്കാൻ പാടില്ല എന്നാണ് ഇത് വരെ നിഷ്കർഷിക്കപ്പെട്ടത്. അത്തരം ആളുകളിൽ എങ്ങിനെയാണ് വാക്സിൻ പ്രതികരിക്കുക എന്നത് ഇതുവരെ പഠന വിധേയമാക്കിയിട്ടില്ല. പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു. അതിന്റെ ഫലം ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വിഭാഗം ആളുകളെ ഒഴിവാക്കുകയേ നിവൃത്തിയുള്ളു. 
 
ആർ എൻ എ വൈറസുകൾ വളരെ പെട്ടെന്ന് തന്നെ ജനിതക മാറ്റം വരുത്തുന്നതിനാൽ വാക്സിനുകളുടെ ഫലപ്രാപ്തി ഇല്ലാതായേക്കാം. എന്നാലും ഫല പ്രാപ്തി പൂർണ്ണമായും ഇല്ലാതാവും എന്നും കരുതുന്നില്ല. അതുകൊണ്ടു തന്നെ വൈറസിനുണ്ടാകുന്ന ഓരോ മാറ്റങ്ങളും വിശദമായി തന്നെ പഠന വിധേയമാക്കുകയും അവക്കുണ്ടാകുന്ന മാറ്റത്തിനനുസരിച്ചുള്ള പുതിയ തരം വാക്സിനുകൾ നിർമ്മിച്ചെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ശാസ്ത്ര സമൂഹം മനസിലാക്കുന്നു. അവർ അതുമായി മുന്നോട്ടു പോവട്ടെ. 
 
ഏതായാലും വാക്സിനേഷൻ പ്രവർത്തനം ഇപ്പോൾ അതിവേഗതയിൽ പുരോഗമിക്കുകയാണെന്ന് നമുക്കറിയാം. എല്ലാവരും രെജിസ്ട്രേഷൻ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ വാക്സിൻ എടുക്കണം. രണ്ടു ഡോസുകളും ഒരേ വാക്സിൻ തന്നെ വേണം എടുക്കേണ്ടത്. കോവിഡിനെതിരായി ഇതു വരെ നിർദ്ദേശിക്കപ്പെട്ട വാക്സിനുകൾ എല്ലാം സുരക്ഷിതമാണ് എന്നും അത് യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നും ലോകാരോഗ്യ സംഘടന ഉറപ്പു വരുത്തിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും യാതൊരു ഭയവും കൂടാതെ വാക്സിനേഷന് വിധേയമാകാവുന്നതും ആണ്. ചെറിയ ക്ഷീണവും പനിയും ഒക്കെ ചില ആളുകളിൽ കണ്ടേക്കാം. അതും ഒരു പ്രതിരോധ പ്രവർത്തനമാണെന്ന് മനസ്സിലാക്കി അതിനോട് പൊരുത്തപ്പെടുക. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഈ മഹാ മാരിയെ നമുക്കൊന്നിച്ചു നിന്ന് തുരത്താം. അതിനു വേണ്ടി ഒരിക്കൽ കൂടി നമുക്ക് എസ് എം എസ് എന്നിവ ശീലമാക്കുന്നതോടൊപ്പം വാക്സിനേഷനും എടുക്കാം. പെട്ടെന്ന് തന്നെ നമ്മുടെ സാമൂഹിക ജീവിതം നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്.
 
(ആലുവ മാറമ്പള്ളി എം ഇ എസ് കോളേജില്‍ ഡിപ്പാർട്മെന്റ് ഓഫ് ബയോ സയൻസസില്‍ അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖകന്‍)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top