27 April Saturday

എവിടെ നിന്ന് വരുന്നു ഈ ഡെൽറ്റയും ഡെൽറ്റ പ്ലസും?

ഡോ. ഉമേഷ് ബി ടിUpdated: Saturday Jul 3, 2021

ഡോ. ഉമേഷ്‌ ബി ടി

ഡോ. ഉമേഷ്‌ ബി ടി

കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞു വീശിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ മുൻപിലേക്ക് വന്ന ഒരു പുതിയ പേരാണ് കോവിഡ് വൈറസ്  ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾ. ഈ വകഭേദങ്ങൾ ഇതുവരെ നമ്മൾ കണ്ടു ശീലിച്ച കോവിഡ് വൈറസിനേക്കാൾ മാരകം ആണെന്നും ഒരു പക്ഷെ നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നതിലും അധികം ആവും അതിന്റെ പ്രഹര ശേഷി എന്നും ഒക്കെ കേട്ടിട്ടുണ്ടാവും. പക്ഷേ ഇത് എന്താണെന്നും ഇത് എത്രത്തോളം  മാരകമാവും എന്നും ഒക്കെ  നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം ഈ ഡെൽറ്റ വകഭേദം വന്ന വൈറസ് എന്താണെന്നു നോക്കാം.

ഏതൊരു ജീവിക്കും അതിന്റെ പരിസ്ഥിതിയിൽ  ജീവിക്കുന്നതിനാവശ്യമായ ചില അനുകൂലനങ്ങൾ ഉണ്ടായിരിക്കും. അഥവാ പരിസ്ഥിതിയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനനുസരിച്ച് ജീവികളിലും മാറ്റങ്ങൾ വരും. ഇത് മനുഷ്യർക്കും ബാധകമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. കോവിഡ് വൈറസിനെ പറ്റി നമ്മൾ അറിയുന്നത് 2019  മുതലാണ്. അന്ന് നമ്മൾ പരിചയപ്പെട്ട വൈറസ് പരിവർത്തനം വന്നതാണ് ഇന്നത്തെ ഈ ഡെൽറ്റ വകഭേദം (Delta Mutant of SARS-Co-V 2). ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാധാരണ ഇത്തരം പരിവർത്തിത ജാതികളെ വിശേഷിപ്പിക്കാറ്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയൊക്കെയാണ് ഗ്രീക്ക് അക്ഷരമാലയിലെ ക്രമം. അതാണ് ഇവിടെ ഉപയോഗിച്ച ഡെൽറ്റ.

ഇനി ഇവിടെ വൈറസിന് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് നോക്കാം. ലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട കോവിഡ് വൈറസിന് യാതൊരു തടസ്സവും കൂടാതെ മനുഷ്യ കോശങ്ങളിൽ കയറിക്കൂടാമായിരുന്നു. കാരണം  മനുഷ്യ കോശങ്ങളിൽ അന്ന് യാതൊരു വിധത്തിലുള്ള എതിരാളികളും അതിനില്ലായിരുന്നു. പക്ഷേ പിന്നീട് വൈറസ് ബാധ ഉണ്ടായ  മനുഷ്യരിൽ വന്ന രോഗപ്രതിരോധ ശേഷി, വൈറസിനെ തുരത്തുന്നതിനായി വാക്സിനേഷൻ ഉൾപ്പെടെ നമ്മൾ ആവിഷ്കരിച്ച പദ്ധതികൾ തുടങ്ങിയവ കാരണം അവയുടെ വ്യാപനശേഷി കുറഞ്ഞു. പക്ഷേ വൈറസിന് ഇതെല്ലാം അതി ജീവിച്ചേ മതിയാവൂ എന്ന അവസ്ഥയിൽ അത് സ്വയം ജനിതക മാറ്റത്തിന് വിധേയമാവുകയും കുറെ കൂടി വ്യാപന ശേഷി കൈ വരിക്കുകയും ചെയ്തു. 

അതോടൊപ്പം തന്നെ ആരോഗ്യമുള്ള മനുഷ്യ കോശങ്ങൾ യഥേഷ്ടം ലഭ്യമാണ് താനും. ഈ അവസരങ്ങളിൽ വൈറസുകൾ വളരെ വേഗം പെറ്റു പെരുകുകയും അവക്ക് പരിവർത്തനം സംഭവിക്കാനുള്ള സാദ്ധ്യതകൾ കൂടുകയും ചെയ്യും. ഈ മാറ്റം മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളിലും നടക്കുന്നുണ്ട്.  വൈറസിൽ  അത് മാസങ്ങൾക്കുള്ളിൽ നടക്കുമ്പോൾ മനുഷ്യരിൽ ആയിരക്കണക്കിന്  വർഷങ്ങൾ വേണ്ടി വരും എന്ന് മാത്രം. അതുകൊണ്ടാണ് മനുഷ്യരിലെ മാറ്റം നമുക്ക് അനുഭവ വേദ്യമാവാത്തത്. അങ്ങിനെ പുതിയ സാഹചര്യവുമായി ഇണങ്ങാൻ വൈറസ് സ്വയം അതിന്റെ ജനിതക വസ്തുവിൽ മാറ്റം വരുത്തിയാണ് ഡെൽറ്റ വകഭേദമായത്. ഈ പരിവർത്തനത്തിന് മുൻപ് അവ വേറെ ഒരുപാട്  തരങ്ങൾ ആയി മാറിയിരുന്നു. ആൽഫാ, ബീറ്റ, ഗാമ വകഭേദങ്ങൾ ഇതിനകം നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോൾ ഇതാ ഡെൽറ്റായും ഡെൽറ്റ പ്ലസും. ഈ ഡെൽറ്റ വകഭേദം തന്നെ 2020 -ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. പിന്നീട് അത് വീണ്ടും പരിണമിച്ച് ഡെൽറ്റ പ്ലസ് അഥവാ ഡബിൾ ഡെൽറ്റ ആയിട്ടുണ്ട്.

നമുക്കറിയാവുന്ന പോലെ കോവിഡ് വൈറസിന്റെ ഘടന ഒരു മാംസ്യ തന്മാത്രയും അതിൽ അടങ്ങിയിരിക്കുന്ന ഒരു ജനിതക വസ്തുവും അടങ്ങിയതാണ്. പുറത്തെ മാംസ്യ ഭാഗത്ത് കാണപ്പെടുന്ന മുള്ളുകൾ അഥവാ സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാണ് അത് കോശഭിത്തികളിൽ പറ്റിപ്പിടിക്കുന്നത്. ശ്വാസകോശത്തിലെ കോശങ്ങളിലെ റിസെപ്റ്ററുകൾ ഈ സ്പൈക്ക് പ്രോട്ടീനുകളെ പെട്ടെന്ന് തന്നെ ആകർഷിക്കുകയും വൈറസിനെ സ്വീകരിക്കയും ചെയ്യും.

ഈ പരസ്പര വ്യവഹാരം മൂലം വൈറസ് ശരീര കോശങ്ങളിൽ കടക്കുകയും രോഗം ഉണ്ടാക്കുകയും ചെയ്യും. ഇതായിരുന്നു ഇതുവരെ സംഭവിച്ചു കൊണ്ടിരുന്നത്. ഒരുപാട് പേർ രോഗികളായി, നമ്മൾ ചികിത്സ ആരംഭിക്കുകയും പലവിധ മരുന്നുകൾ പരീക്ഷിക്കുകയും ചെയ്തു. രോഗം വന്ന മിക്കവർക്കും ഭേദമായി. ഭേദമായവരിൽ ഈ വൈറസിനെതിരായ പ്രതിദ്രവ്യങ്ങൾ (Antibodies) രൂപപ്പെട്ടു. അതോടൊപ്പം കിട്ടാവുന്ന എല്ലാവിധ ചികിത്സാ രീതികളും നമ്മൾ പരീക്ഷിച്ചു, വാക്സിൻ കണ്ടുപിടിച്ചു, പരമാവധി ആളുകൾക്ക് വാക്സിൻ നൽകി രോഗത്തെ നമ്മൾ കീഴടക്കാൻ തുടങ്ങി. അതോടെ വൈറസിന്റെ വ്യാപനം കുറയാൻ തുടങ്ങി, കാരണം അതിന്റെ സ്പൈക്ക് പ്രോട്ടീന് ശ്വാസകോശത്തിലെ കോശങ്ങളിലെ റിസെപ്റ്ററുമായി ബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ടായി. ഇത് മനസ്സിലാക്കിയ വൈറസ് അതിന്റെ ജനിതക ഘടനയിൽ പല വട്ടം മാറ്റം വരുത്തി.

വൈറസ് ഇത്തരത്തിൽ മാറാനുള്ള കാരണം നമ്മൾ അതിനെതിരായി സൃഷ്ടിച്ചെടുത്ത പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ്. നമ്മൾ വൈറസിനെതിരായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടങ്ങി, ആന്റിബയോടിക്കുകൾ (Antibiotics) , ആന്റിബോഡി കോക്ക് ടൈലുകൾ (Antibody cocktails), പ്ലാസ്മ തെറാപ്പി (Plasma Therapy), വാക്സിനേഷൻ (Vaccination) തുടങ്ങിയവ വ്യാപകമായി നല്കാൻ തുടങ്ങി. അതോടെ വൈറസിന് രോഗം പരത്താനുള്ള ശേഷി കുറഞ്ഞു. ഈ അവസരത്തിൽ വൈറസ് സമ്മർദ്ദത്തിലായി. ആ സമ്മർദ്ദം ഒരു സെലെക്ഷൻ പ്രഷർ ആവുകയും ഏതെങ്കിലും രീതിയിൽ പ്രതിരോധ ശേഷി നേടിയ മനുഷ്യരിൽ വീണ്ടും കടന്നു കൂടുക എന്നതിലേക്ക് വൈറസിനെ നയിക്കുകയും ചെയ്യുന്നു, അതിനു വേണ്ടി വൈറസ് മനുഷ്യരുടെ ആർജിത രോഗ പ്രതിരോധ ശേഷി മറികടക്കാൻ ശ്രമിക്കും. അതിനുള്ള ഒരു മാർഗ്ഗമായി വൈറസ് സ്വയം പരിവർത്തനത്തിനു വിധേയമാവുന്നു. അതായത് നിങ്ങളെ ഒരാൾ അപ്രതീക്ഷിതമായി ആക്രമിക്കാൻ വരുന്നു എന്ന് കരുതുക. നമ്മൾക്ക് വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ ആക്രമണത്തിന് വിധേയ മാവേണ്ടി വരും. പക്ഷെ ഈ ആക്രമണം നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ചാണ് ഇരിക്കുന്നതെങ്കിൽ നമ്മൾ അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയേ ഇരിക്കൂ. ഇങ്ങനെ ഒരുങ്ങിയിരിക്കുന്ന നിങ്ങളെ വീണ്ടും ആക്രമിക്കണമെങ്കിൽ അക്രമി പുതിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരില്ലേ?.  ഇതാണ് വൈറസിന്റെ കാര്യത്തിലും സംഭവിച്ചത്. വൈറസ് നമ്മുടെ ശരീരത്തിൽ കേറിപ്പറ്റാൻ പുതിയ വഴികൾ തേടും. അതിനു വേണ്ടി വൈറസ് സ്വയം അതിന്റെ ജനിതക വസ്തുവിൽ മാറ്റം വരുത്തും. ഈ മാറ്റം അതിന്റെ സ്പൈക്ക് പ്രോട്ടീന്റെ സ്വഭാവത്തിലാണ് പ്രതിഫലിക്കുക. ഇത്തരം മാറ്റങ്ങളെയാണ് മ്യൂറ്റേഷൻ (Mutation) എന്ന് പറയുന്നത്. ഇവിടെ പ്രത്യക്ഷമാവുന്ന മ്യൂറ്റേഷൻ K417N എന്നാണ് അറിയപ്പെടുന്നത്. ഇതിലെ K എന്നത് ലൈസീൻ (Lysine) എന്ന അമിനോ ആസിഡിനെയും N എന്നത് അസ്പരാജിൻ (Asparagine) എന്ന അമിനോ ആസിഡിനെയും 417 എന്നത് അതിന്റെ ലൊക്കേഷനെയും സൂചിപ്പിക്കുന്നു. ഈ തരത്തിലുള്ള മാറ്റങ്ങൾ ഉള്ള വൈറസുകളെയാണ് ഡെൽറ്റ വാരിയന്റുകൾ (Delta variant) എന്ന് പറയുന്നത്. 

കാലക്രമേണ ഡെൽറ്റ വാരിയന്റും പരിവർത്തിതമാവും. അതിന്റെയും റിപോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു. കൂടുതൽ പേരിലേക്ക് വാക്സിനേഷനും മറ്റും എത്തുമ്പോൾ വൈറസ് വീണ്ടും പരിവർത്തനത്തിനു വിധേയമായി ആ അവസ്ഥയെ മറി കടക്കാൻ ശ്രമിക്കും.  അതുകൊണ്ടാണ്  വൈറസിന്റെ  ഈ വക ഭേദം ഇത്തിരി കുഴപ്പക്കാരനാണ് എന്ന് പറയുന്നത്. നമുക്കറിയാവുന്ന പോലെ മുതിർന്നവരിലാണ് ഇപ്പോൾ രോഗം പ്രധാനമായും കണ്ടുവരുന്നത്. അവരെയെല്ലാം ഒരു പരിധി  വരെ വാക്സിനേറ്റ് ചെയ്യാനും നമുക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി ഒരു തരംഗം കൂടി ഉണ്ടാവുകയാണെങ്കിൽ അത് കുട്ടികളിൽ ആയിരിക്കും കൂടുതൽ ബാധിക്കുക എന്ന് കണക്ക് കൂട്ടുന്നത്. കാരണം കുട്ടികളിൽ കാര്യമായി ഈ വൈറസിനെതിരായ മുൻകരുതലുകൾ ഒന്നും ഇതുവരെ നമുക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അവർക്കു കൂടെ വാക്സിനേഷൻ നടത്താൻ സാധിച്ചാൽ നമുക്ക് ഈ വൈറസിനെ ഒരു സാധാരണ വൈറസ് ആയി മാത്രം പരിഗണിക്കാം. അതോടൊപ്പം തന്നെ മാസ്സ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി സാമൂഹ്യ രോഗ പ്രതിരോധ ശേഷി കൈവരിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ മാത്രമേ ഇവയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കൂ.

ഇനി എന്ത് കൊണ്ടാണ് ഈ ഡെൽറ്റ വകഭേദം ഇത്രയ്ക്കു മാരക മാവുന്നതെന്നു നോക്കാം. പ്രധാനമായും മൂന്നു കാരണങ്ങൾ ആണ് ഇവയെ മാരകമാക്കുന്നത്. അതിൽ ആദ്യത്തേത് ഇവയുടെ രോഗ വ്യാപന  ശേഷി (Transmission) ആണ്. ഒരാളിൽ നിന്ന് ഏഴു മുതൽ പത്ത് പേർക്ക് വരെ രോഗം പിടിപെടാം. പരിവർത്തനത്തിനു വിധേയ മാവും മുൻപ് ഇത് ഒരാളിൽ നിന്ന് മൂന്ന് പേർക്ക് എന്നതായിരുന്നു. രണ്ടാമത്തെ കാരണം ശ്വാസകോശത്തിലെ റിസെപ്റ്ററുകളുമായുള്ള ഇവയുടെ സ്പൈക്ക് പ്രോട്ടീന്റെ പരസ്പരാകർഷണം വളരെ കൂടുതൽ ആണ് എന്നുള്ളതാണ്. കോവിഡിനെതിരെ പ്രധാനപ്പെട്ട ചികിത്സാ രീതിയായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക് ടൈൽ ട്രീറ്റ് മെന്റ് മറികടക്കാനുള്ള ശേഷി ഡെൽറ്റ വകഭേദം കൈവരിച്ചു എന്നുള്ളതാണ് മൂന്നാമത്തെ കാരണം.

അതുകൊണ്ട് തന്നെ ഇന്ന് നിലവിലുള്ള ചികിത്സാ രീതികൾ ഈ വൈറസിനെതിരെ ഒരു പക്ഷേ അപര്യാപ്തമാവും. പക്ഷേ അപ്പോഴും നിലവിലുള്ള വാക്സിനുകൾ എല്ലാം ഈ വകഭേദത്തിനും ഫലപ്രദമാണ് എന്നുള്ളതാണ് നമ്മുടെ ആശ്വാസം.

ഈ വൈറസ് വീണ്ടും പരിവർത്തനം സംഭവിച്ച് ലാംഡാ വകഭേദമായി എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത. വിദേശ രാജ്യങ്ങളിൽ ഈ ലാംഡാ വേരിയന്റ് ഇതിനകം തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ വേരിയന്റിന്റെ വ്യാപന ശേഷി കുറവാണെങ്കിലും ശരീരത്തിൽ കടന്നു കഴിഞ്ഞാൽ ശരീരത്തിലെ ആന്റിബോഡികൾ നിർവീര്യമാക്കാൻ അവക്ക് സാധിക്കും എന്നതാണ് ഭയപ്പെടുത്തുന്ന വിവരം. അതോടൊപ്പം തന്നെ ഇതുവരെയുള്ള എല്ലാ വകഭേദങ്ങളുടെയും ഒരു കോക്ക് ടൈൽ അണുബാധ കൂടെ ഉണ്ടായാൽ ഇനി വരുന്ന മൂന്നാം തരംഗം അതീവ മാരകമായേക്കാം എന്ന സാധ്യതയും നമ്മുടെ മുന്നിലുണ്ട്. എത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തിയാക്കിയാൽ ഇവയുടെ വ്യാപനത്തിന് തടയിടാം. അതിനു വേണ്ടിയുള്ള ഊർജ്ജിത പ്രവർത്തനങ്ങളാണ് നമുക്ക് വേണ്ടത്.

ഇപ്പോഴും നമ്മൾ ആദ്യം മുതൽക്കേ പറഞ്ഞുകൊണ്ടിരിക്കുന്ന എസ് എം എസ് (SMS) എന്ന മുദ്രാവാക്യം തന്നെ ഏറ്റവും ഫലപ്രദം. (സാനിറ്റൈസേഷൻ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ്). അതിന്റെ കൂടെ വാക്സിനേഷനും നിർബന്ധമായും  എടുക്കുക. ഈ രീതികൾ  എപ്പോഴും കൃത്യമായി പാലിക്കുന്ന ഒരാൾക്ക് പോലും  വൈറസ് ബാധ ഏറ്റിട്ടില്ലാ എന്നതാണ് സത്യം. അത് കൊണ്ട് തന്നെ നമ്മൾ കീഴടങ്ങില്ല എന്ന് തീരുമാനിച്ചാൽ ഒരു വൈറസിനും നമ്മെ തൊടാനാവില്ല. ഞാൻ കാരണം ഈ സമൂഹത്തിൽ ആർക്കും രോഗം വരില്ലെന്ന് അങ്ങ് തീരുമാനിക്കുക. അതങ്ങ് നടപ്പാക്കുക.

(ആലുവ മാറമ്പള്ളി എം ഇ എസ് കോളേജ്, ഡിപ്പാർട്മെൻറ് ഓഫ് ബയോസയൻസസ് അസ്സോസിയേറ്റ് പ്രൊഫസർ ആൻഡ് ഹെഡ് ആണ് ലേഖകന്‍)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top