25 April Thursday

വേനലിൽ വാടാതെ

ഡോ. പ്രിയ ദേവദത്ത് drpriyamannar @gmail.comUpdated: Sunday Mar 5, 2023


വേനൽച്ചൂട്‌ കടുക്കുകയാണ്‌. അൽപ്പം ശ്രദ്ധിച്ചില്ലെങ്കിൽ  ആരോഗ്യ പ്രശ്നങ്ങൾക്ക്‌ സാധ്യതയുള്ള ദിവസങ്ങളാണ്‌ വരുന്നത്‌.  നിർജലീകരണമാണ് വേനൽ നൽകുന്ന  ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം. പകർച്ച വ്യാധികളുടെ വ്യാപനത്തിനും  കളമൊരുക്കാറുണ്ട്. അതുകൊണ്ടുതന്നെ കരുത്താർജിക്കുന്ന വേനലിനെ  കരുതിയിരിക്കണം.  കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുന്നത്  വേനലിലുണ്ടാകുന്ന പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കും. അതുകൊണ്ടു തന്നെ ഈ കാര്യത്തിൽ ജാഗ്രത ഏറെ വേണം.

കരുതേണ്ടവർ  ആരൊക്കെ
ആരോഗ്യമുള്ളവരെപ്പോലും  വേനൽ ബുദ്ധിമുട്ടിലാക്കാറുണ്ട്. രോഗികൾ, വൃദ്ധർ, കുട്ടികൾ, സ്ത്രീകൾ എന്നിവരെ   വേനൽ കൂടുതൽ   തളർത്തുമെന്നതിനാൽ   ശ്രദ്ധ അനിവാര്യമാണ്. ഹൈപ്പർ തൈറോയ്ഡ്, സോറിയാസിസ്, പ്രമേഹം തുടങ്ങിയ രോഗമുള്ളവർ, പുറം പണിയെടുക്കുന്ന തൊഴിലാളികൾ, തുറസ്സായ സ്ഥലങ്ങളിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾ, അമിത വണ്ണമുള്ളവർ തുടങ്ങിയവർ  ചൂടിനെ കൂടുതൽ കരുതണം.

ചൂടുകുരുമുതൽ സൂര്യാഘാതംവരെ
ചൂടുകുരു, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം, വയറിളക്കം, ചെങ്കണ്ണ്, ഛർദി, മുണ്ടിനീര്, ത്വക്ക്‌ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, അമീബിയാസിസ്, ശ്വാസകോശ രോഗങ്ങൾ തുങ്ങിയവ വേനലിൽ കടന്നെത്തുമെന്നതിനാൽ പ്രത്യേക  ശ്രദ്ധയുണ്ടാകണം. തുടക്കത്തിൽ തന്നെ  ചികിത്സ തേടണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യം. കൂടാതെ വേനലിൽ പുറത്തിറങ്ങേണ്ടി വരുന്നവർക്കും പലതരം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പൊള്ളൽ, ചുവപ്പ് നിറം, കുമിളകൾ, ഇവ തൊലിപ്പുറത്തുണ്ടാകാം. സ്ഥലകാല വിഭ്രാന്തി, അപസ്മാര ചേഷ്ടകൾ, അബോധാവസ്ഥ എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടെ സൂര്യാഘാതവും ഉണ്ടാകാം.

പരിഹാരങ്ങൾ
പകൽ 11  മുതൽ നാലുവരെയുള്ള സമയത്ത്‌ പുറത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. നേരിട്ട്‌ വെയിൽ ഏൽക്കുന്നത്‌ ഒഴിവാക്കണം. 12 മുതൽ മൂന്നുവരെ അതീവജാഗ്രത വേണം. വേനൽക്കാല രോഗങ്ങളെ തടയാൻ ശുചിത്വം കർശനമായി പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇവ ഉപ്പിട്ടു ധാരാളം കുടിക്കുക. കരിക്കിൻ വെള്ളവും നല്ല ഫലം തരും.

ചൂടകറ്റാൻ  
തൈരിന്റെ നാലിലൊരു ഭാഗം പഞ്ചസാരയും ഓരോ നുള്ളു വീതം ചുക്ക്, ജീരകം, ഇന്തുപ്പ് ഇവ ചേർത്ത രസാള എന്ന  പാനീയം കുടിക്കുന്നത്‌ നല്ലതാണ്‌.

പച്ച മാങ്ങ വെള്ളത്തിൽ വേവിച്ചു പഞ്ചസാര, കുരുമുളക് ഇവ ചേർത്ത് (ആമ്രഫല പാനകം) കഴിക്കുന്നത് ദാഹമകറ്റും .മാങ്ങ, ശർക്കര ചേർത്ത് പാകപ്പെടുത്തി എള്ളെണ്ണ  ചേർത്തുണ്ടാക്കുന്ന രാഗ ഖാണ്ഡവം  ശരീരത്തിനു തണുപ്പേകും. വെള്ളവും പഞ്ചസാരയും ചേർത്ത നാരങ്ങാ നീരിൽ   ഗ്രാമ്പൂവും കുരുമുളകും പൊടിച്ചത് ഒരു നുള്ളും ചേർത്തുപയോഗിക്കുന്നത് ദാഹമകറ്റി ശരീരത്തിന് കുളിർമയേകും.മല്ലിയോ ഉണക്കമുന്തിരിയോ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട്‌  രാവിലെ പിഴിഞ്ഞ് കഴിക്കുന്നത് അമിത ദാഹവും ക്ഷീണവുമകറ്റും.

വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് ഇവയെല്ലാം നഷ്ടപ്പെടാറുണ്ട്. ദാഹം അകറ്റാൻ  വെറും വെള്ളം കുടിക്കുമ്പോൾ സോഡിയം ലയിച്ചു ചേർന്ന് അതിന്റെ അളവ് വീണ്ടും കുറയും. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ഇത് തടയാൻ വേനലിൽ അൽപ്പം ഉപ്പ് ചേർത്ത് വെള്ളം കുടിക്കാം. വേനലിൽ  സംഭാരം, ഇളനീര്, ജലാംശം ധാരാളമുള്ള ഇലക്കറി, പഴങ്ങൾ, കുമ്പളം, വെള്ളരി ഇവ ധാരാളമായി ഉപയോഗിക്കണം. ധന്വന്തരം കുഴമ്പ്, പിണ്ഡ തൈലം ഇവ തേച്ചു കുളിക്കുന്നത് നല്ലതാണ്‌. വെള്ളയോ ഇളം നിറങ്ങളിലോ ഉള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് വേനൽക്കാലത്തുചിതം. വേനൽക്കാലത്ത്‌ ജാഗ്രത പ്രധാനം.

(കോട്ടക്കൽ ആര്യവൈദ്യശാല മാന്നാർ ചീഫ്‌ ഫിസിഷ്യനാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top