27 April Saturday

കോവിഡ്- 19: ചില പരിശോധനാ രീതികള്‍ ...ഡോ ഉമേഷ്‌ ബി ടി എഴുതുന്നു

ഡോ ഉമേഷ്‌ ബി ടിUpdated: Tuesday Apr 14, 2020

ഡോ ഉമേഷ്‌ ബി ടി

ഡോ ഉമേഷ്‌ ബി ടി

കോവിഡ്- 19 വൈറസിന്റെ ജനിതക ഘടനയും അതിനെ കണ്ടെത്താനുള്ള പരിശോധനാ രീതികളും വിശദീകരിയ്ക്കുകയാണ് ആലുവ മാറമ്പള്ളി എംഇഎസ് കോളേജിലെ ബയോ ടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ ഉമേഷ്‌ ബി ടി.

ഇന്ന് ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരി കോവിഡ്- 19  ചൈനയില്‍ നിന്നും ആരംഭിച്ച് ലോകമാകെ വളരെ വേഗത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന; ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ വൈറസ് രോഗം. ഇതിനു മുന്‍പും കൊറോണ വിഭാഗത്തില്‍ പെട്ട മറ്റു വൈറസുകളെ (സാര്‍സ്, മെര്‍സ് തുടങ്ങിയവ) നമ്മള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ഈ വൈറസ് നമ്മെയെല്ലാം ഭയപ്പെടുത്തി ആളുകളുടെ  ജീവനെടുത്തു കൊണ്ടിരിക്കുന്നു.. ജനിതക മാറ്റം സംഭവിച്ച ഒരു വൈറസ് ആയതിനാല്‍ അതിനെ നശിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതില്‍ നമുക്ക് വിജയിക്കാന്‍  ഒരു  പരിധി വരെയേ സാധ്യമായുള്ളു. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും കേരളത്തിന്റെ ചെറുത്തു നില്‍പ്പ് പ്രത്യേകിച്ചും ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ ഘട്ടത്തില്‍ എങ്ങനെയാണു ശരീരത്തില്‍ കോവിഡ്- 19 ന്റെ സാനിധ്യം തിരിച്ചറിയുന്നതെന്ന ഒരു വിവരണം ആണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത് .

ആദ്യമേ തന്നെ രോഗകാരണമായ കോവിഡ്- 19 ന്റെ ഘടന ഒന്നു പരിശോധിക്കാം. മിക്ക വൈറസുകളിലും  ഉള്ളതുപോലെ കോവിഡിനും ഒരു ജനിതകവസ്തുവും (RNA) പ്രോട്ടീന്‍ (മാംസ്യം) കൊണ്ട് നിര്‍മിക്കപ്പെട്ട ഒരു  കൂടും ആണ് ഉള്ളത്. ഇതിലെ RNA ആണ് പ്രശ്‌നക്കാരന്‍.  ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയൊരു രൂപത്തിലാണ് ഇവിടെ RNA ഉള്ളത്. ഈ RNA യുടെ സാനിധ്യം ഒരു ശരീരത്തിലുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പരിവര്‍ത്തനം വന്ന RNA യുടെ ഘടന ചൈന തന്നെ പുറത്തുവിട്ടിട്ടുണ്ട്. അത് കോവിഡ്- 19 നു മായി ബന്ധപ്പെട്ട ഗവേഷണത്തിനാവശ്യമെങ്കില്‍ മറ്റു രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും ഉപയോഗിക്കാനുള്ള അനുവാദവും ചൈന നല്‍കിയിട്ടുണ്ട്. പരിവര്‍ത്തനം വന്ന പുതിയ RNA യുടെ ശ്രേണീകരണം പ്രസിദ്ധീകരിച്ചതിനാല്‍ ഏതു രാജ്യങ്ങള്‍ക്കും അത് ഉപയോഗിക്കാവുന്നതാണ്.

രണ്ടുതരം പരിശോധനാ രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് . RT-PCR ടെസ്റ്റ് എന്നും റാപിഡ് ടെസ്റ്റ് എന്നും എല്ലാവരും കേട്ടിരിക്കും. പക്ഷേ ഇതെന്താണെന്നു പലര്‍ക്കും അറിവുണ്ടാവില്ല. ഈ പരിശോധനാ രീതികള്‍ എന്താണെന്നും എങ്ങിനെയാണ് ഇവ ഉപയോഗിച്ച്  വൈറസിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നതെന്നും  നമുക്ക്
നോക്കാം.


1. RT - PCR

     ഇത് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റെയ്‌സ് പോളി മെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ്. അതായത് ജനിതക ഘടകമായ RNA യെ അളവിലും എണ്ണത്തിലും വര്‍ദ്ധനവ് വരുത്തി അതിന്റെ സാന്നിദ്ധ്യം കോശങ്ങളിലുണ്ടോ എന്ന് കണ്ടുപിടിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യ. റിയല്‍ ടൈം PCR എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.  പോളി മെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍ എന്നത് ചെറിയ അളവിലുള്ള ജനിതകവസ്തു (RNA അല്ലെങ്കില്‍  DNA) പോലും എണ്ണത്തിലും അളവിലും വര്‍ധന നടത്തി മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ തയ്യാറാക്കുന്ന ഒരു പ്രക്രിയയാണ്. ഇതേ സമ്പ്രദായത്തിലൂടെ ആണ് പെരുമ്പാവൂരിലെ ജിഷ കേസ്  നമ്മുടെ പോലീസ് തെളിയിച്ചത്. അവിടെ ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഉമിനീരില്‍ നിന്നും വേര്‍തിരിച്ചെടുക്കപ്പെട്ട പ്രതിയുടെ DNA ആണ് വര്‍ധിപ്പിച്ചെടുത്തത്.  ഇതേ പ്രക്രിയ തന്നെയാണ് പിതൃത്വ തര്‍ക്കങ്ങളിലും മറ്റും പിതൃത്വം  തെളിയിക്കാന്‍  ഉപയോഗിക്കുന്നത്. DNA ടെസ്റ്റ് എന്നൊക്കെ നമ്മള്‍ പറയുന്ന അതേ സൂത്രം.

പക്ഷെ ഇവിടെ RNA ആണ് ജനിതക വസ്തു. DNA ജനിതക വസ്തു ആയിട്ടുള്ള സാധാരണ കോശങ്ങളില്‍ DNAയില്‍ നിന്നാണ്  RNAയുടെ  പകര്‍പ്പുകള്‍ ഉണ്ടാവാറ്. പക്ഷെ ഇവിടെ ജനിതക വസ്തു RNA ആയതിനാല്‍ അതിനെ ആദ്യം DNA ആക്കി മാറ്റിയ ശേഷമേ നമുക്ക് എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുകയുളളൂ. കാരണം RNA യുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന  മറ്റു മാര്‍ഗങ്ങള്‍ നമുക്കറിയില്ല. RNA യെ DNA ആക്കി മാറ്റാനാണ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റെയ്‌സ് എന്ന രാസാഗ്‌നി  ഉപയോഗിക്കുന്നത്. അത് കൂടാതെ ഈ രാസമാറ്റം നടക്കുന്നതിനായി സവിശേഷ മായ RNA  പ്രൈമറുകളും ആവശ്യമുണ്ട്. ഇവയെല്ലാം ഉപയോഗിച്ചു വൈറസിന്റെ RNAയെ  DNA ആക്കി മാറ്റുന്നു.  ഈ DNA ഇപ്പോള്‍ കോംപ്ലെമെന്ററി DNA എന്നാണ് അറിയപ്പെടുക. ഈ  കോംപ്ലിമെന്ററി DNA  പിന്നീട് ഫ്‌ലൂറോസെന്റ് ടാഗിംഗ്  എന്ന പ്രവൃത്തിക്ക്  വിധേയമാക്കുന്നു. അതിനായി പ്രത്യേക തരം ഫ്‌ലൂറോസെന്റ് ഡൈ (പ്രോബ്) ആണ് ഉപയോഗിക്കുന്നത്.

ഇവിടെ നടക്കുന്നത് ഒരു ചാക്രിക പ്രവര്‍ത്തനമാണ്. ഓരോ ചാക്രിക പ്രവര്‍ത്തനവും കഴിയുമ്പോള്‍ DNA  യുടെ അളവ് ഇരട്ടിയായി കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ഇവിടെ ഉപയോഗിച്ച DNA ഓരോ ചാക്രിക പ്രവര്‍ത്തനവും  കഴിയുമ്പോള്‍ പുറത്തു വിടുന്ന നിറത്തിന്റെ (ഫ്‌ലുറെസെന്റിന്റെ നിറം) തീവ്രത കൂടിക്കൊണ്ടിരിക്കും. ഇത് ഒരു ഗ്രാഫ് രൂപത്തില്‍ നമുക്ക് മോണിറ്ററില്‍  കണ്ടു കൊണ്ടിരിക്കാവുന്നതാണ്. അതായത് വൈറസിന്റെ RNA യില്‍ നിന്നും ഉണ്ടാക്കിയെടുത്ത DNA യുടെ വര്‍ദ്ധനവിനനുസരിച്ച് ഓരോ  ചാക്രിക പ്രവര്‍ത്തനവും കഴിയുമ്പോള്‍  ഫ്‌ലൂറസെന്റിന്റെ തീവ്രത കൂടി വരുന്നുണ്ടെങ്കില്‍ ആ സാമ്പിള്‍ പോസിറ്റീവ്  ആയും  ഫ്‌ലൂറസെന്റിന്റെ തീവ്രത ക്ക് മാറ്റം ഒന്നും വരുന്നില്ലെങ്കില്‍ സാമ്പിള്‍ നെഗറ്റീവായും കരുതും.

ഇവിടെ സാമ്പിള്‍ ആയി എടുക്കുന്നത് ആളുകളുടെ മൂക്കില്‍ നിന്നും വരുന്ന സ്രവങ്ങളോ അല്ലെങ്കില്‍ തൊണ്ടയില്‍ നിന്നും എടുക്കുന്ന  കഫത്തിന്റെ അംശമോ ആണ്. രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍   ഈ സ്രവങ്ങളില്‍ അണുക്കളുടെ സാന്നിധ്യം  ഉണ്ടാവും. ഇങ്ങനെ എടുക്കുന്ന സാമ്പിളുകളില്‍ നിന്നും RNA വേര്‍തിരിച്ചെടുക്കാന്‍ സെന്‍ട്രിഫ്യൂഗേഷന്‍ എന്ന് പറയുന്ന മറ്റൊരു പ്രക്രിയ ആണ് ഉപയോഗിക്കുന്നത്.  ഇങ്ങിനെ വേര്‍തിരിച്ചെടുക്കുന്ന RNA യാണ്  RT-PCR നു ഉപയോഗിക്കുന്നത്.

ഇനി രണ്ടാമത്തെ തരം പരിശോധനാ രീതി നോക്കാം. റാപ്പിഡ് ടെസ്റ്റ്.


2. റാപിഡ് ടെസ്റ്റ്:

റാപിഡ് ടെസ്റ്റിനായി നമ്മുടെ രക്ത സാമ്പിളുകള്‍ ആണ് ഉപയോഗിക്കുന്നത്. സാധാരണ ഷുഗര്‍ പരിശോധനക്കായി  രക്തം എടുക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഇവിടെ വിരലില്‍ നിന്നോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും  ഭാഗത്തു നിന്നോ രക്തം എടുക്കുന്നത്. ഇങ്ങിനെ എടുത്ത രക്തത്തിലെ ആന്റിജന്‍ ആന്റിബോഡി പ്രതിപ്രവര്‍ത്തനം ആണ് പരിശോധിക്കപ്പെടുന്നത്. അതായത് നമ്മുടെ ശരീരത്തില്‍ ഒരു അന്യ വസ്തു (ആന്റിജന്‍) പ്രവേശിച്ചാല്‍ അതിനെതിരെ ശരീരത്തില്‍ പ്രതിപ്രവര്‍ത്തനത്തിനാവശ്യമായ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കപ്പെടും. ഈ അന്യ വസ്തുക്കള്‍ പ്രധാനമായും വൈറസ് , ബാക്ടീരിയ തുടങ്ങിയ ജീവി വര്‍ഗ്ഗങ്ങള്‍ ആയിരിക്കും. ഇവ ശരീരത്തില്‍ കടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനായി രക്തത്തില്‍ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കപ്പെടുകയും ആ അന്യ വസ്തുവിനെ നശിപ്പിക്കാനുള്ള ശ്രമം ശരീരം കൈക്കൊള്ളുകയും ചെയ്യും. ഇതിനായി ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഐജി എം (Ig M) , ഐജി ജി (Ig G)  എന്നീ ആന്റിബോഡികള്‍ (ഇമ്മ്യൂണോഗ്ലോബിനുകള്‍) രക്തത്തില്‍ അവശേഷിക്കുകയും ചെയ്യും. റാപിഡ് ടെസ്റ്റിലൂടെ ഈ ആന്റിബോഡികളുടെ സാന്നിധ്യമാണ് പരിശോധിക്കപ്പെടുന്നത്.

ഒരു പുതിയ ആന്റിജന്‍ (ഇവിടെ കോവിഡ്- 19) ശരീരത്തില്‍ എത്തിയാല്‍ ആദ്യം ഉല്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയാണ് ഐജി എം. അതായത് രക്തത്തില്‍ ഐജി എം ആന്റിബോഡിയുടെ സാന്നിധ്യം ഈ അടുത്ത കാലത്തുണ്ടായ ഒരു ആന്റിജന്‍ ന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. ഐജി ജി പിന്നീട ഉല്പാദിപ്പിക്കപ്പെടുന്നതാകയാല്‍

ആന്റിജനുമായി കൂടുതല്‍ പ്രവര്‍ത്തിക്കുകയും അത് ഒരു പ്രതിരോധ പ്രതികരണമായി മാറുകയും ചെയ്യുന്നു. ഏതൊരു ആന്റിജനെതിരായും അതിന്റെ സവിശേഷ ആന്റിബോഡി ശരീരം നിര്‍മ്മിക്കുകയും ചില പ്രത്യേക പരിശോധനകളിലൂടെ നമുക്ക് കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.  

റാപിഡ് ടെസ്റ്റിലൂടെ നടത്തുന്ന രക്ത പരിശോധനയിലും ഈ പ്രതിപ്രവര്‍ത്തന ഫലമായുണ്ടാവുന്ന ആന്റിബോഡികളുടെ സാന്നിധ്യമാണ് പരിശോധിക്കപ്പെടുന്നത്. അതിനുവേണ്ടി പ്രത്യേക തരം കിറ്റുകള്‍ ആണ് ഉപയോഗിക്കുന്നത്.  പരിശോധനക്കാവശ്യമായ എല്ലാ ഘടകങ്ങളും കിറ്റിനോടൊപ്പം തന്നിരിക്കും. നമ്മള്‍ സാധാരണ ഒരു സ്ത്രീ ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന തരം കിറ്റ് ആണ് ഇവിടെയും ഉപയോഗിക്കുന്നത്. ഇവിടെയും ഒരു ദീര്ഘ ചതുരാകൃതിയില്‍ ഉള്ള പ്ലാസ്റ്റിക് സ്ട്രിപ്പ് ആണ് പ്രധാന ഉപകരണം. അതില്‍ രക്തം, ബഫര്‍ എന്നിവ ഇറ്റിക്കുന്നതിനായി പ്രത്യേക പോയിന്റുകള്‍  ഉണ്ടാവും. അവിടെ നല്‍കപ്പെടുന്ന രക്തം ബഫറുമായി യോജിച്ചു ക്യാപില്ലറിറ്റി പ്രവര്‍ത്തനത്തിലൂടെ സ്ട്രിപ്പിനകത്തൂടെ ഒഴുകുകയും അവിടെ പതിപ്പിക്കപ്പെട്ട രാസാഗ്‌നികളുമായി പ്രവര്‍ത്തിച്ചു കളര്‍ റിയാക്ഷന് ഉണ്ടാവുകയും ചെയ്യും. ഐജി എം, ഐജി ജി എന്നിവയുടെ സാന്നിധ്യം ഓരോ വരകളായി (ബാന്‍ഡ്) സ്ട്രിപ്പില്‍ തെളിയുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു വര എങ്കിലും തെളിഞ്ഞാല്‍ അതിനെ പോസിറ്റീവ് ആയി കണക്കാക്കുകയും മറ്റു തുടര്‍ പരിശോധനകള്‍ക്കായി അയാളെ ശുപാര്‍ശ ചെയ്യുകയും  ചെയ്യും. അവ എല്ലാം പോസിറ്റീവ് ആവുകയാണെങ്കില്‍ മാത്രമേ രോഗം സ്ഥിരീകരിക്കുകയും ആളെ ഐസൊലേഷനിലേക്കയക്കുകയും ചെയ്യൂ.
 
ഈ രണ്ടുതരം ടെസ്റ്റുകളിലും അതിന്റെതായ പ്രശ്‌നങ്ങള്‍ ഉണ്ട്. പൂര്‍ണമായും ഈ ഫലങ്ങള്‍ ശരിയാണെന്ന് പറയാന്‍ കഴിയുകയില്ല. പിന്നീട് എലിസ (ELISA) പോലുള്ള ടെസ്റ്റുകളിലൂടെയും മറ്റ് അനുബന്ധ പരിശോധനകളിലൂടെയും   മാത്രമേ രോഗ സ്ഥിരീകരണം നടത്താന്‍ സാധിക്കുകയുള്ളൂ.

ഐസൊലേഷനില്‍ ഉള്ളവരുടെ രക്തം ദിവസന പരിശോധിക്കുകയും വേണ്ട രീതിയിലുള്ള പരിചരണം നല്‍കുകയും ചെയ്യും. കൃത്യമായി മരുന്നുകളും മറ്റും നല്‍കുകയും പരിശോധന കൃത്യമാക്കുകയും ഒക്കെ ചെയ്താണ് ഓരോ രോഗിയേയും രോഗ വിമുക്തരാക്കുന്നത്. രോഗ പ്രതിരോധ ശേഷി കൂടാനുള്ള മരുന്നുകളാണ് പ്രധാനമായും നല്‍കുന്നത്. ഇടവിട്ടുള്ള പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആവുകയാണെങ്കില്‍ ആള്‍ രോഗ വിമുക്തനായി എന്ന് കണക്കാക്കി അവരെ പതിനാലു ദിവസം വീണ്ടും നിരീക്ഷണത്തിലാക്കി രക്തപരിശോധനയില്‍ രോഗാണുക്കളില്ല എന്നുറപ്പിച്ചാല്‍ അവരെ സാധാരണ ജീവിതത്തിലേക്ക് പോവാന്‍ അനുവദിക്കും. ഇതാണ് ഇപ്പോള്‍ കൈ കൊള്ളുന്ന ഒരു പൊതു രീതി. കേരളം വിജയിച്ചതും ഈ വഴി സ്വീകരിച്ചത് കൊണ്ടാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top