29 March Friday

മഴ വരുന്നു, തൊഴുത്ത് ഒരുക്കണം

ഡോ. എം ഗംഗാധരൻനായർUpdated: Sunday May 14, 2023

മഴക്കാലമാണ്‌ വരാൻ പോകുന്നത്‌. അതുകൊണ്ടു തന്നെ ക്ഷീരകർഷകർ ഏറെ മുൻകരുതൽ സ്വീകരിക്കണ്ടേതുണ്ട്‌. പശുക്കളുടെ  ശാരീരികവും മാനസികവുമായ  ആരോഗ്യത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നതാണ്‌ തൊഴുത്ത്‌. ശാസ്ത്രീയമല്ലാത്ത തൊഴുത്ത് പല  രോഗങ്ങൾ പിടിപെടാനും പാലുൽപ്പാദനം കുറയാനും കാരണമാകും.
-----
മുൻകരുതലുകൾ

തൊഴുത്തിൽ  ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കണം. മൂത്രം ഒഴുകിപ്പോകാൻ സൗകര്യം വേണം. തറയിൽ ഈർപ്പം ഉണ്ടായിരിക്കരുത്. മഴ  കൂടുമ്പോൾ  തൊഴുത്തിലേക്ക് വെള്ളം  കയറാതിരിക്കാൻ  വശങ്ങളിൽ  ചാക്കോ  ടാർപ്പോളിനോ  കെട്ടിക്കൊടുക്കാം.

ചാണകം എടുത്തുമാറ്റാൻ സൗകര്യപ്രദമായ രീതിയിൽ നിലം ഒരുക്കണം. പൊട്ടി പൊളിഞ്ഞതായിരിക്കരുത്. അല്ലെങ്കിൽ  ക്ഷതങ്ങളും, അകിടുവീക്കം  പോലുള്ള അസുഖങ്ങളും  പിടിപെടാം. ഷെഡ്ഡുകളുടെ മേൽക്കൂര ചോർന്ന് ഒലിക്കുന്നത്  ആകരുത്. വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും  ശ്രദ്ധിക്കണം. തൊഴുത്ത്   അണുവിമുക്തമായതും , പരമാവധി ഉണങ്ങിയതും  വൃത്തിയുള്ളതും  ആയിരിക്കണം. ഈച്ച, ചെള്ള്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കണം. തൊഴുത്തിനോട്  ചേർന്നാണ് സൂക്ഷിക്കുന്നതെങ്കിൽ കാലിത്തീറ്റ ഈര്‍പ്പം തട്ടാതെ  നോക്കണം.  പതിവായി തൊഴുത്ത് അണുവിമുക്തമാക്കണം. ബ്ലീച്ചിംഗ് പൗഡർ, അയഡിൻ, സോഡിയം കാർബണേറ്റ്,  ഫിനോൾ  എന്നിവ  ഇതിനായി ഉപയോഗിക്കാം.
ചാണകവും , മൂത്രവും    തൊഴുത്തിൽ നിന്ന് അകലെയുള്ള കുഴികളിൽ ആയിരിക്കണം  ശേഖരിക്കേണ്ടത്.

 തൊഴുത്തിലേക്ക് അണുക്കൾ പുറത്തുനിന്ന്  പകരാതിരിക്കാൻ വാതിലിന്റെ മുൻവശത്ത് അണുനാശിനി കലർത്തിയ വെള്ളം നിറച്ച ‘ഫൂട്ട് ബാത്ത്' സ്ഥാപിക്കാം. അതിൽ  കാൽ  ചവിട്ടിയിട്ടുവേണം  അകത്ത് പ്രവേശിക്കുവാൻ.  ശാസ്ത്രീയ  പരിപാലന മുറകൾ  സ്വീകരിക്കുക,  തൊഴുത്തും  പരിസരവും  കാലാവസ്ഥയ്‌ക്കനുസരിച്ച്  മാറ്റം  വരുത്തണം.
----------------
ശ്രദ്ധിക്കാനുണ്ട്‌

വെള്ളം വാർന്നുപോകാൻ സൗകര്യമുള്ളതും അൽപ്പം ഉയർന്നതുമായ സ്ഥലമാണ്‌ തൊഴുത്തിന്‌ അനുയോജ്യം. വീട്ടിൽനിന്ന്‌ മാറിയാകണം.  ശുദ്ധജലം ലഭ്യത ഉറപ്പാക്കണം. വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്താൻ ഉദ്ദേശിക്കുന്നവർ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും അകലെയുള്ള സ്ഥലം തെരഞ്ഞെടുക്കണം. കന്നുകാലികൾക്കുള്ള തീറ്റസാധനങ്ങൾ, മരുന്നുകൾ മുതലായവ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കണം. --കോൺക്രീറ്റ്‌ ചെയ്തതോ സിമന്റ്‌ ഇട്ടതോ ആകാം. എന്നാൽ തെന്നാത്തവിധത്തിലുള്ള തറയാണ് ഉത്തമം. ഭിത്തിയും മേൽക്കൂരയുമുണ്ടാകണം. തൊഴുത്തിന്റെ വലിപ്പം അതിൽ കെട്ടാൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു.

ചെറിയതരം തൊഴുത്ത്‌


മൂന്നോ നാലോ പശുക്കളെ വളർത്തുന്നതിന്‌ ചെറിയതരം തൊഴുത്ത്‌ നിർമിക്കുന്നതാണ്‌ അഭികാമ്യം. ഇതിനായി 4.8 മീറ്റർ വീതിയും 8 മീറ്റർ നീളവുമുള്ള ഒരു ഷെഡ്‌ പണിയാം. ഏറ്റവും മുന്നിലായി 2.2 മീറ്റർ നീളമുള്ള വരാന്തയും പുല്ലും വയ്‌ക്കോലും സൂക്ഷിക്കുവാനുള്ള സ്ഥലവും കൂടാതെ കിടാക്കളെ കെട്ടുവാനുള്ള സ്ഥലവുമുണ്ടായിരിക്കണം. അതിനുശേഷം തീറ്റ നൽകാനുള്ള 1.5 മീറ്റർ വീതിയുള്ള പാത, 75 സെന്റിമീറ്റർ വീതിയുള്ള പുൽത്തൊട്ടി, പശുവിന്‌ കിടക്കാൻ 1.6 മീറ്റർ നീളമുള്ള സ്ഥലം 45 സെന്റിമീറ്റർ വീതിയുള്ള ചാണകച്ചാൽ, അതിന്‌ പുറകിലായി 1 മീറ്റർ വീതിയുള്ള നടവഴി, നടവഴിയുടെ പിന്നിലായി 1 മീറ്റർ ഉയരമുള്ള അരഭിത്തി എന്നിവ വേണ്ടതാണ്‌. ചാണകച്ചാലിന്റെ ഒരറ്റം ഒരു കുഴിയിലേക്ക്‌ തുറക്കുന്ന രീതിയിൽ സജ്ജീകരിക്കണം. തൊഴുത്തിന്റെ വശങ്ങളിൽ 3 മീറ്റർ നീളമുള്ള കോൺക്രീറ്റ്‌ തൂണുകൾ സ്ഥാപിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top