19 April Friday

പ്രമേഹവും കോവിഡും: വേണം പ്രത്യേക ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

കൊച്ചി>  കോവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. എന്തുകൊണ്ടാണ് വൈറസ്മൂലമുള്ള അണുബാധകള്‍ ബ്ലഡ് ഷുഗര്‍  കൂടാനിടയാക്കുന്നത് ? . കോവിഡും ബ്ലഡ് ഷുഗര്‍ നിലയും (രക്തത്തിലെ പഞ്ചസാരയുടെ അളവ്) തമ്മിലുള്ള ബന്ധമെന്താണ്‌.  ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌ ന്യൂഡല്‍ഹി എയിംസിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം തലവന്‍ ഡോ. നിഖില്‍ ടണ്ഠന്‍ പങ്കുവെക്കുന്നത്‌.

വിവിധ അണുബാധകളും ശരീരോഷ്മാവ് വര്‍ധിപ്പിക്കുന്ന പനി പോലുള്ള അസുഖങ്ങളും ബ്ലഡ് ഷുഗര്‍ കൂട്ടാന്‍ കാരണങ്ങളാണ്. ഇത് അണുബാധയ്‌ക്കെതിരെ ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ചിലപ്പോള്‍, അണു ബാധയ്‌ക്കെതിരെയുള്ള ചികിത്സക്കായി നല്‍കുന്ന മരുന്നുകളും ബ്ലഡ് ഷുഗര്‍  വര്‍ധിപ്പിച്ചേക്കാം.

കോവിഡ് - 19 ന്റെ കാര്യത്തില്‍, തീവ്രമോ (മോഡറേറ്റ്) ഗുരുതരമോ (സിവിയര്‍) ആയ രോഗബാധയുള്ളവര്‍ക്ക്, സ്റ്റിറോയിഡുകള്‍ നല്‍കേണ്ടി വന്നേക്കാം. ഇതും ബ്ലഡ് ഷുഗര്‍ കൂടുന്നതിലേക്ക് നയിക്കാം.

പ്രമേഹബാധിതരായ കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ പ്രയാസമാണോ?

ഒട്ടുമിക്ക സാഹചര്യങ്ങളിലും, നിയന്ത്രണവിധേയമായ പ്രമേഹമുള്ള കോവിഡ് രോഗികള്‍ പ്രമേഹമില്ലാത്തവരെപോലെ തന്നെയാണ് മരുന്നുകളോട് പ്രതികരിക്കുന്നത്. കാലപഴക്കമുള്ളതോ നിയന്ത്രണവിധേയമല്ലാത്തതോ ആയ പ്രമേഹം ഉള്ളവരിലും പ്രമേഹ സംബന്ധമായ വൃക്ക രോഗമോ ഹൃദ്രോഗമോ ഉള്ളവരിലും കോവിഡ് ഗുരുതരമായേക്കാം.  ഇവര്‍ക്കുള്ള ചികിത്സക്കായി ഓക്‌സിജന്‍, വെന്റിലേഷന്‍, ഐസിയു എന്നീ തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായവും ആവശ്യമായി വന്നേക്കാം.

ഇത്തരം രോഗികളില്‍  കോവിഡിനുള്ള ചികിത്സ പ്രമേഹ ചികിത്സയെ ദുഷ്‌ക്കരമാക്കും. കോവിഡ് ചികിത്സയിലെ സുപ്രധാന ഭാഗമായ സ്റ്റിറോയിഡുകള്‍ ബ്ലഡ് ഷുഗറിനെ ബാധിക്കുന്നു. ഇതുകൂടാതെ, മറ്റു പല ഘടകങ്ങളും  ഇവരിലെ പ്രമേഹം വര്‍ധിപ്പിക്കുന്നതിന് കാരണമാകാം. ഭക്ഷണ ക്രമത്തില്‍ വരുന്ന മാറ്റം, രോഗത്തെക്കുറിച്ചുള്ള ആശങ്ക, മാനസിക പിരിമുറുക്കം, ദിനചര്യയിലുള്‍പ്പെട്ട ഭക്ഷണക്രമവും വ്യായാമവും തെറ്റുന്നത് എന്നിവ പ്രമേഹം കൂടുന്നതിലേക്ക് നയിക്കും.

കോവിഡ് - 19 പ്രമേഹത്തിന് കാരണമാകുമോ?


പ്രമേഹം പലരിലും ലക്ഷണങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ആളുകള്‍  കോവിഡ് - 19 വരുന്നത് വരെ പ്രമേഹമുള്ള കാര്യം അറിയാതിരിക്കാം. വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ രാജ്യങ്ങളില്‍  പ്രമേഹം പോലെയുള്ള രോഗങ്ങള്‍ അന്‍പത് ശതമാനം പേരിലും തിരിച്ചറിയാതെ പോകുന്നതായി  പഠനങ്ങളുണ്ട്. പ്രമേഹബാധിതരില്‍ പലര്‍ക്കും സാമ്പത്തിക ചിലവുമൂലം ചികിത്സ തുടരാന്‍ പറ്റാതെ വരികയോ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോകാന്‍ കഴിയാതെ വരികയോ ചെയ്യാറുണ്ട്. എട്ട് പ്രമേഹ ബാധിതരില്‍ ഒരാള്‍ മാത്രമാണ് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്തുന്നതൊണ് കണക്കുകള്‍

കോവിഡ് - 19 തന്നെ പ്രമേഹത്തിന് കാരണമാകുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സൈദ്ധാന്തികമായി,  കോവിഡ് - 19 പ്രമേഹത്തിന് കാരണമാകാം. പാന്‍ക്രിയാസിലുള്ള ACE2 എന്ന റിസപ്‌റ്റേഴ്‌സ് കോവിഡ്  വൈറസിന് പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കാന്‍ ഇടയുണ്ട്.  എന്നാല്‍,  ഇതിനെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഇനിയും കിട്ടേണ്ടതുണ്ട്.

ഒരാളില്‍ കോവിഡ് - 19  പ്രമേഹത്തിന് കാരണമായിട്ടുണ്ടോ  എന്ന് എങ്ങനെ മനസിലാക്കാനാവും ?

 
കോവിഡ് ബാധിച്ചവരില്‍,  HbA1c എന്ന പരിശോധന നടത്തിയാല്‍ കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ  അളവ് ലഭിക്കും. ഈ നിരക്ക്  കൂടിയ അളവിലാണെങ്കില്‍ രോഗിക്ക് കോവിഡ് - 19 ബാധിക്കുന്നതിന്  മുമ്പേ തന്നെ പ്രമേഹം ഉണ്ടെന്നാണ് അര്‍ത്ഥം. HbA1c നോര്‍മ്മല്‍ ആണെങ്കില്‍, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കണം. കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നെങ്കില്‍, അത് നിര്‍ത്തിയതിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്. സ്റ്റിറോയിഡിന്റെ ഉപയോഗമോ കോവിഡോ ആണ് ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിച്ചതെങ്കില്‍ കോവിഡ് മാറിയ ശേഷം ഇത് സാധാരണ ഗതിയിലാകും.

കോവിഡ് നെഗറ്റീവായി ആഴ്ചകള്‍ക്ക് ശേഷവും സ്റ്റിറോയിഡ് ഉപയോഗം നിര്‍ത്തിയതിനു ശേഷവും ബ്ലഡ് ഷുഗര്‍ നില  ഉയര്‍ന്നു തന്നെയാണെങ്കില്‍ കോവിഡാണ് പ്രമേഹത്തിന് കാരണമായത് എന്ന് പറയാം.

ഈ വിവരങ്ങള്‍ ചികിത്സയ്ക്ക് എങ്ങനെ സഹായകമാകും?

ഗ്ലൂക്കോസിന്റെ അളവിലെ വര്‍ധന മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് താത്കാലികമായി ഉണ്ടായതാണോ, ദീര്‍ഘകാല ശ്രദ്ധ ആവശ്യമുള്ളതാണോ എന്ന് ഈ വിവരങ്ങള്‍ വഴി ഡോക്ടര്‍ക്ക് മനസിലാക്കാനാവും. ആദ്യത്തെ കേസില്‍, കോവിഡ് ഭേദമാകുന്നതോടെയോ സ്റ്റിറോയിഡ് ചികിത്സ നിര്‍ത്തുന്നതോടെയോ ബ്ലഡ് ഷുഗര്‍ സാധാരാണ നിലയിലാകും. കൊറോണ ഭേദമായി കഴിഞ്ഞ് പ്രമേഹം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചികിത്സയൊന്നും ഇത്തരം സാഹചര്യത്തില്‍ ആവശ്യമില്ല.  

കോവിഡ് - 19 ബാധിച്ചാല്‍ പ്രമേഹമുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

പ്രമേഹമുള്ളവര്‍ക്ക് കൊറോണ പിടിക്കപ്പെട്ടാല്‍ വൃക്ക, ഹൃദയം, കണ്ണ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത്തരം രോഗികള്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്താന്‍ എല്ലാ പരിശ്രമവും നടത്തണം.  ഭക്ഷണക്രമം, വ്യായാമം,  മരുന്ന് എന്നിവയില്‍ അതീവ ശ്രദ്ധ വേണം.

ഗുരുതരമായ കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലായ ഹൈ റിസ്‌ക്ക് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. രോഗം ഗുരുതരമാകുന്നതിനുള്ള സാധ്യതയും മരണനിരക്കും വാക്‌സീന്‍ ഫലപ്രദമായി കുറയ്ക്കുന്നു.

പ്രമേഹബാധിതര്‍ക്ക് കൊറോണ പിടിപെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഡോക്ടറെ കഴിയുന്നത്ര വേഗത്തില്‍  അറിയിക്കുന്നത് ചികിത്സയ്ക്ക്  സഹായകമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top