25 April Thursday

പുകവലിക്കല്ലേ... കൊറോണ പിടിക്കും

ഡോ. മനോജ്‌ വെള്ളനാട്‌Updated: Tuesday Mar 31, 2020


പുകവലിക്കുന്നവരിൽ കോവിഡ് രോഗസാധ്യത കൂടുതലാണോ? എന്തുകൊണ്ട്?

പുകവലി രോഗസാധ്യത കൂട്ടുന്നു. വൈറസുള്ള പ്രതലങ്ങളിൽ സ്പർശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗം പടരാൻ സാധ്യതയുണ്ട്‌. പുകവലിക്കുന്നയാളുടെ വിരലുകൾ ചുണ്ടുകളിൽ സ്പർശിക്കുന്നത് സാധാരണമാണ്. ആ കൈയിൽ അണുബാധ ഉണ്ടെങ്കിൽ രോഗബാധയ്ക്കുള്ള സാധ്യതയും കൂടും. സിഗററ്റ് ഷെയർ ചെയ്യുന്നതിലൂടെ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് പകരാൻ വലിയ സാധ്യതയുണ്ട്. പുകവലിക്കാനുപയോഗിക്കുന്ന പൈപ്പുകൾ ഷെയർ ചെയ്യുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകും.

പുകവലിക്കുന്നവർക്ക്‌ കോവിഡ്‌ മരണകാരണമാകുമോ?

സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ ത്രാണി മറ്റുള്ളവരേക്കാൾ കുറവായിരിക്കും. അവർക്ക് സിഒപിഡി പോലുള്ള രോഗങ്ങൾ വന്നിട്ടുണ്ടാകാം. ഹൃദയസംബന്ധമായതോ രക്തക്കുഴലുമായി ബന്ധപ്പെട്ടതോ ആയ രോഗങ്ങൾ മുമ്പേയുണ്ടാകാം. കോവിഡ് രോഗാണു ശ്വാസകോശത്തെയും ഹൃദയത്തെയും നേരിട്ട് ബാധിക്കും. ഈ പ്രശ്നങ്ങൾ ഉള്ളവർക്ക്‌ രോഗം വന്നാൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം വളരെ വേഗം മന്ദീഭവിച്ചേക്കാം. അത്‌ രോഗിയുടെ അവസ്ഥ പെട്ടെന്ന് സങ്കീർണമാക്കുകയും മരണസാധ്യത വർധിപ്പിക്കുകയും ചെയ്യും.

പൊണ്ണത്തടിയുള്ളവരിൽ രോഗം വരാൻ സാധ്യത കൂടുതലാണോ?

പ്രമേഹം, ഹൃദയ–- ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ള പൊണ്ണത്തടിക്കാർക്ക് കോവിഡ്‌ ബാധിച്ചാൽ ഈ അസുഖങ്ങൾ സങ്കീർണമാകാനും രോഗിയുടെ സ്ഥിതി ഗുരുതരമാകാനും സാധ്യതയുണ്ട്‌.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇത്തരം പ്രശ്നങ്ങളുള്ളവർ രോഗം തങ്ങൾക്ക് വരാതിരിക്കാൻ മുൻകരുതൽ എടുക്കണം. സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും ചെയ്യണം. രോഗസാധ്യതയുള്ളവരോട്‌ ഇടപഴകരുത്‌. മരുന്നുകൾ മുടക്കരുത്‌.

സംശയങ്ങൾക്ക്‌ ഉത്തരം നൽകിയത്‌
ഡോ. മനോജ്‌ വെള്ളനാട്‌ , ഇൻഫോ ക്ലിനിക്‌
ചോദ്യങ്ങൾ അയക്കാം: dbitvm@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top