19 April Friday

ചെറിയ കാര്യങ്ങളാണ്‌; പക്ഷേ ഇത്രയുമെങ്കിലും ശ്രദ്ധിയ്‌ക്കുക: കോവിഡിനെ ചെറുക്കാം...ആനന്ദ്‌ ശിവശങ്കർ എഴുതുന്നു

ആനന്ദ്‌ ശിവശങ്കർUpdated: Friday Mar 20, 2020

ആനന്ദ്‌ ശിവശങ്കർ

ആനന്ദ്‌ ശിവശങ്കർ

കോവിഡ്‌ പടരുമ്പോൾ അത്ര പരിചിതമല്ലാത്ത ചില ചിട്ടകൾ നമുക്ക്‌ വേണം. പെരുമാറ്റരീതികളിലെ നിസ്സാരമായ ചില മാറ്റങ്ങൾ ഈ മഹാമാരിയിൽ നിന്ന്‌ കവചം തീർത്ത്‌ നമ്മളെ സംരക്ഷിയ്‌ക്കും. അങ്ങനെ എളുപ്പത്തിൽ സ്വീകരിയ്‌ക്കാവുന്ന മുൻകരുതലുകളെ പറ്റി ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ഇവാല്യുവേഷൻ ഓഫീസറായ ആനന്ദ്‌ ശിവശങ്കർ എഴുതുന്നു.

1. കഴിയുമെങ്കിൽ അടുത്ത കുറച്ച് ആഴ്ചകളിൽ അത്യാവശ്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ നിന്നും  പുറത്തിറങ്ങുക. എന്ന് വച്ച് വീട്ടിനകത്ത് അടച്ചു കഴിയണമെന്നില്ല. പുറത്തിറങ്ങി പ്രകൃതി സൗന്ദര്യമൊക്കെ  ആസ്വദിക്കാം. നിത്യവേതനക്കാരും മറ്റു സ്ഥിര വരുമാനം ഇല്ലാത്തവരും ഒക്കെ വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറയുന്നത് ക്രൂരതയാകും. അവർ പണി ചെയ്യാൻ പോകുമ്പോഴും വരുമ്പോഴും അൽപ്പം കൂടുതൽ കരുതൽ എടുത്താൽ മതിയാകും. കൂടുതൽ ആളുകൾ തിക്കിത്തിരക്കുന്ന സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക. പുറത്ത് പോയി തിരിച്ചു വരുമ്പോൾ തീർച്ചയായും  കൈ സോപ്പിട്ട് നന്നായി ഇരുപതു സെക്കൻറ് കഴുകുക. കൈ കഴുകിയ ഉടനെ തന്നെ മുഖം കഴുകാതിരിക്കാൻ ശ്രദ്ധിക്കുക (കൈ കഴുകുമ്പോൾ മുഖം കൂടി ഉടനെ കഴുകുന്നത് ഒരു ശീലമാണ്). മുഖം കഴുകുക ആണെങ്കിൽ കൈ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം മുഖം കഴുകുകഅതുപോലെ തന്നെ മറ്റുള്ളവർ ഉപയോഗിച്ച പാത്രങ്ങളോ മറ്റു സാധനങ്ങളോ ഒക്കെ തൊട്ടിട്ടുണ്ടെങ്കിൽ കൈ ഇടയ്ക്കിടെ നന്നായി സോപ്പിട്ടു കഴുകുക.                        

2. ഫ്‌ളാറ്റുകളിൽ കഴിയുന്നവർ പറ്റുമെങ്കിൽ ഫ്‌ളാറ്റിനുള്ളിൽ പരമാവധി കഴിയുക. പൊതുവായി പലരും ഉപയോഗിക്കുന്ന വാതിലുകൾ, ലിഫ്റ്റുകൾ, സ്റ്റെയർകേസിന്റെ കൈവരികൾ എന്നിവയിൽ നേരിട്ട് കൈ സ്പർശിക്കാതിരിക്കുവാൻ  ശ്രദ്ധിക്കുക. ലിഫ്റ്റ് ഉപയോഗിക്കുമെങ്കിൽ കഴിവതും കൈമുട്ട് കൊണ്ടോ ഒരു ടിഷ്യു പേപ്പർ കൊണ്ടോ മാത്രം ബട്ടൺ  ഞെക്കുക.  അതുപോലെ തന്നെ തള്ളിത്തുറക്കുന്ന വാതിലുകൾ കൈമുട്ട് കൊണ്ട് തുറക്കാൻ കഴിയും. വലിച്ചു തുറക്കുന്നവ ടിഷ്യുപേപ്പർ കൊണ്ട് തുറക്കുക. ഇതൊന്നും പറ്റിയില്ലെങ്കിൽ കൈ ഉടൻ തന്നെ നന്നായി സോപ്പിട്ടു ഇരുപതു സെക്കൻറ് കഴുകുക. ഇനി അതും പറ്റിയില്ലെങ്കിൽ കൈ വൃത്തിയായി സോപ്പിട്ടു കഴുകാൻ പറ്റുന്നത് വരെ മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൈ പൊതുവായി ജനങ്ങൾ ഉപയോഗിക്കുന്ന കൈവരികളിലോ ലിഫ്റ്റുകളിലോ ഒക്കെ സ്പര്ശിച്ചിട്ടുണ്ടെങ്കിൽ കൈ വൃത്തിയായി സോപ്പിട്ടു കഴുകാൻ പറ്റുന്നത് വരെ ഫോൺ പഴ്സ് മുതലായവയിലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടിഷ്യു പേപ്പർ വെയ്സ്റ്റ് ബാസ്കറ്റിൽ ഇടുക. വീണ്ടും വീണ്ടും  പോക്കറ്റിൽ വച്ച് ഒന്ന് തന്നെ ഉപയോഗിക്കരുത്.             

3.  ഓഫീസ് ജോലിക്ക് പോകുന്നവരും പറ്റുമെങ്കിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ  ശ്രമിക്കുക. അഥവാ ജോലിക്ക് പോയെ മതിയാവൂ എന്നാണെങ്കിൽ പബ്ലിക് ട്രാൻസ്‌പോർട്ട് കഴിവതും ഒഴിവാക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. ഇരു ചക്രവാഹനങ്ങൾ, സൈക്കിൾ ഉപയോഗിക്കുകയോ നടന്നു പോകാൻ കഴിയുകയോ ചെയ്യുമെങ്കിൽ അതായിരിക്കും നല്ലത്. നമ്മുടെ റോഡുകളിൽ കൂടി ആയതു കൊണ്ട്  ഇതിനെല്ലാം തന്നെ അതിൻറെതായ മറ്റു റിസ്കുകളും ഉണ്ട്. ഇരുചക്ര വാഹനങ്ങൾ, സൈക്കിൾ എന്നിവ  ഹെൽമെറ്റ്  നിർബന്ധമായും  ഉപയോഗിക്കുക. ഓഫീസിൽ പോകുമ്പോഴും വരുമ്പോഴും മുകളിൽ പറഞ്ഞത് പോലെ പൊതുവായി ആളുകൾ  ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ (ലിഫ്റ്റ്,  വാതിലുകൾ,കൈവരികൾ എന്നിവ) നേരിട്ട് കൈ തൊടാതെ ശ്രദ്ധിക്കുക.  തൊട്ടാലും ഇല്ലെങ്കിലും സ്വന്തം ഡെസ്കിൽ  നിന്നോ റൂമിൽ നിന്നോ പുറത്തുപോയി വന്നാൽ ഉടൻ കൈ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയിലറ്റിൽ പോയി വരുമ്പോഴും വാതിൽ തുറക്കുന്നത് ടിഷ്യു പേപ്പർ ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. ടിഷ്യു പേപ്പർ വെയ്സ്റ്റ് ബാസ്കറ്റിൽ ഇടുക. വീണ്ടും വീണ്ടും  പോക്കറ്റിൽ വച്ച് ഒന്ന് തന്നെ ഉപയോഗിക്കരുത്. (കഴിഞ്ഞ ആഴ്ച  ഓഫീസിൽ  പോയപ്പോൾ ഇത് പ്രാക്ടീസ് ചെയ്തിരുന്നു. ആദ്യം  ബുദ്ധിമുട്ടായിരുന്നു, പക്ഷെ  പെട്ടന്ന് ശീലമായി)

4. കോവിഡിന്റെ  ലക്ഷണങ്ങൾ (പനി, കഫം, ശ്വാസ  തടസം, കഠിനമായ ക്ഷീണം, ശരീര വേദന, തൊണ്ട  വേദന,  ജലദോഷം) സ്വയമോ വീട്ടിൽ  ആർക്കെങ്കിലുമോ കണ്ടാൽ തീർച്ചയായും വീട്ടിൽ തന്നെ കഴിയുക. കോവിഡ് 19 ഉള്ള ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംശയിച്ചാൽ ദിശ ഹെൽപ് ലൈൻ  നമ്പറിൽ (1056) വിളിക്കുകയോ അടുത്ത പ്രൈമറി ഹെൽത്ത് സെന്ററിലോ  വിളിച്ച്  അറിയിക്കുക. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ആശുപത്രിയിൽ ചെല്ലരുത്. ദിശ ഫോൺ നമ്പറിൽ വിളിച്ച് അറിയിച്ച ശേഷം മാത്രം അവരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുക. രോഗ ലക്ഷണം ഉള്ളവരോ ബന്ധുക്കളോ പുറത്തിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  പെട്ടന്ന് തന്നെ രോഗ ലക്ഷണം ഉള്ളവർ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കാൻ പറ്റുമെങ്കിൽ അത്  ചെയ്യുക.പരമാവധി രോഗ ലക്ഷണം ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ (ഉദാ: തുണികൾ, തോർത്ത്, ടവ്വലുകൾ, സോപ്പ്, പാത്രങ്ങൾ.....) ഉപയോഗിക്കാതിരിക്കാനും അവരുമായി അടുത്ത് ഇടപഴകാതിരിക്കാനും ശ്രദ്ധിക്കുക. രോഗ ലക്ഷണമില്ലാത്തവരുമായി രണ്ടോ മൂന്നോ മീറ്റർ അകലം പാലിക്കാൻ ശ്രമിക്കുക. രോഗലക്ഷണമുള്ളവർ ഉപയോഗിച്ച ബാത്ത്‌റൂം,  ടോയിലറ്റ് എന്നിവ ഓരോ ഉപയോഗം കഴിയുമ്പോഴും  വൃത്തിയാക്കുന്ന ദ്രാവകം ഉപയോഗിച്ച് വൃത്തിയാക്കുക.

5. അസുഖം കഠിനമെന്നു കണ്ടാൽ ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കിൽ അയ‌ൽപക്കത്തുള്ളവരെയോ ബന്ധുക്കളെയോ പഞ്ചായത്ത് മെമ്പർമാരെയോ രാഷ്ട്രീയ - സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയോ ഉടനെ ഫോൺ വിളിച്ചോ അല്ലാതെയോ സഹായം അഭ്യർത്ഥിക്കുക. രോഗ ലക്ഷണമുള്ളവരോ അതേ വീട്ടിൽ താമസിക്കുന്നവരോ നേരിട്ട് പോയി സഹായം അഭ്യർത്ഥിക്കാതിരിക്കാൻ ശ്രദ്ധിക്കുക.  അതുപോലെ തന്നെ മറ്റുള്ളവർ നേരിട്ട് വീട്ടിൽ വരാതെ ഫോണിൽ കൂടി  ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാൻ  അഭ്യർഥിക്കുക. ആരോഗ്യ പ്രവർത്തകരും ജില്ലാ, പഞ്ചായത്ത് ഭരണകൂടങ്ങളുടെ നിർദേശ പ്രകാരം മാത്രം  പ്രവർത്തിക്കുക.

6. കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരും കോവിഡ്-19 ഉള്ളവരും അവർക്ക് മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ആശുപത്രിയിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക.  മുകളിൽ പറഞ്ഞത് പോലെ ദിശ ഹെൽപ്‌ലൈനിൽ വിളിച്ച ശേഷം അവരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുക.

7. പ്രായമായവരോ, ഷുഗർ, പ്രഷർ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരും വീട്ടിൽ ഉണ്ടെങ്കിൽ  പ്രത്യേകം ശ്രദ്ധിക്കുക. അവർക്ക് കൊറോണ വൈറസ് ബാധിച്ചാൽ രോഗം കഠിനമാകാനും മരണം വരെ സംഭവിക്കാനും  സാധ്യത വളരെ കൂടുതലാണ്. അവർ സ്ഥിരമായി കഴിക്കുന്ന  മരുന്നുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. കോവിഡ് 19 അസുഖ ലക്ഷണങ്ങൾ ആർക്കും ഇല്ലെങ്കിലും പറ്റുമെങ്കിൽ സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളത് വാങ്ങി വയ്ക്കുന്നത് നന്നായിരിക്കും. ഇടയ്ക്കിടെ  മരുന്ന് കടയിൽ പോകാതിരിക്കാൻ വേണ്ടിയാണ്. സിറ്റികളിൽ താമസിക്കുന്നവർ പറ്റുമെങ്കിൽ ഫോണിൽ ഓർഡർ ചെയ്തു മരുന്നുകൾ വാങ്ങാൻ ശ്രമിക്കാവുന്നതാണ്. ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കുക.

8. വീട്ടിൽ രണ്ടോ അതിലധികമോ ആളുകൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ എല്ലാവരും ഒരു മുറിയിൽ കഴിയാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഒരേ കട്ടിലിൽ കിടക്കുന്നത്  ഒഴിവാക്കുക.

(അഭിപ്രായങ്ങൾ വ്യക്തിപരം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top