25 April Thursday

എന്താണ് കോംഗോ പനി? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? ഡോ.ബി ഇക്‌‌‌ബാല്‍ എഴുതുന്നു

ഡോ.ബി ഇക്‌‌‌ബാല്‍Updated: Tuesday Dec 4, 2018

അപൂര്‍വ്വമായി കാണപ്പെടുന്ന കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയിലാണെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോംഗോ രോഗബാധിതനായി മലപ്പുറം സ്വദേശി തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ദുബായില്‍ വച്ച് ഇദ്ദേഹത്തിന് കോംഗോ പനി ബാധിക്കയും ചികിത്സയെ തുടര്‍ന്ന് സുഖപ്പെടുകയും ചെയ്‌തിരുന്നുവെന്നും . ഇപ്പോള്‍ മൂത്രാശയ അണുബാധക്കുള്ള ചികിത്സക്കാണ് ആശുപത്രിയില്‍ അഡ് മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ചെള്ളുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് ക്രൈമീന്‍ - കോംഗോ ഹിമറാജിക് ഫീവര്‍. (Crimean-Congo Hemorrhagic Fever ) എന്ന ശാസ്തീയ നാമത്തില്‍ അറിയപ്പെടുന്ന കോംഗോ പനി. നൈറോവൈറസ് (Nairovirus ) എന്ന ആര്‍. എന്‍. എ കുടുംബത്തില്‍പ്പെട്ട ബുനിയവൈരിടായ് (Bunyaviridae) വൈറസ് മൂലമാണ് രോഗമുണ്ടാവുന്നത്.

1944 ല്‍ റഷ്യയിലെ ക്രിമിയയിലാണ് ഈ രോഗം ആദ്യം കാണപ്പെട്ടത്. അന്നതിനെ Crimean Hemorrhagic Fever എന്നാണ് വിളിച്ചിരുന്നത്.. പിന്നീട് 1969 ല്‍ ആഫ്രിക്കയിലെ കോംഗോയിലും രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈമീന്‍ - കോംഗോ ഹിമറാജിക് ഫീവര്‍ എന്ന പേരില്‍ രോഗം അറിയപ്പെട്ട് തുടങ്ങിയത്. തുര്‍ക്കി, കൊസോവ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും കോഗോ പനി കണ്ടിട്ടുണ്ട്. 2011 ല്‍ ഗുജറാത്തില്‍ 3 പേര്‍ കോംഗോ പനി ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കോംഗോ പനി ഒരു ജന്തുജന്യ (Zoonosis) രോഗമാണ്. രോഗം പരത്തുന്നത് ഒരുതരം ചെള്ളാണ്. ഹയലോമ ട്രങ്കാറ്റും (Hyalomma truncatum), അബ്ലിയോമ വരിഗേറ്റും (Amblyomma variegatum) എന്നീ രണ്ടിനം ചെള്ളുകളാണ് മുഖ്യ രോഗാണു വാഹകര്‍. ഇവയുടെ കടിയില്‍കൂടി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നു. വായുവിലൂടെ രോഗം പകരില്ല. എന്നാല്‍ ശാരീര സ്രാവങ്ങളിലൂടെയും രക്തത്തിലൂടെയും പകരാന്‍ സാധ്യതയുണ്ട്.

ടിക്ക് മുഖാന്തരം അണുബാധ ഉണ്ടായാല്‍, ഒന്നുമുതല്‍ മൂന്ന്, അഥവാ ഒന്‍പതു ദിവസത്തിനകം രോഗം പ്രത്യക്ഷപ്പെടും .രോഗിയുമായുള്ള സമ്പര്‍ക്കം കൊണ്ട്, അതായത് രക്തത്തിലൂടെ അല്ലെങ്കില്‍ മറ്റു ശരീര സ്രവങ്ങളില്‍ കൂടി, രോഗബാധ ഉണ്ടായാല്‍ അഞ്ചു മുതല്‍ ആറ് ദിവസം പരമാവധി 13 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം പനി, ശരീരവേദന, കഴുത്തുവേദന, പുറംവേദന, തലവേദന, ഛര്‍ദി, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കരളിനെ രോഗം ബാധിക്കുമ്പോള്‍ രോഗം ഗുരുതര സ്വഭാവം കൈവരിക്കുന്നു. രോമകൂപത്തിലും മറ്റ് ശരീരഭാഗങ്ങളിലും രക്തസ്രാവമുണ്ടാവാം. തലച്ചോറിനെയും രോഗം ബാധിക്കാം. രോഗം ഗുരുതരമാകുന്നവര്‍ രണ്ടാമത്തെ ആഴ്ചയോടെ മരണപ്പെടാം. രോഗം ഭേദപ്പെടുന്നവര്‍ക്ക് പത്താം ദിവസം മുതല്‍ ആശ്വാസം കണ്ടു തുടങ്ങും.

ചെള്ളുകടി ഒഴിവാക്കിയും ചെള്ളുകളെ നശിപ്പിച്ചും രോഗത്തെ പ്രതിരോധിക്കാം. മറ്റ് വെറസ് പനികളെ പോലെ രോഗലക്ഷണങ്ങള്‍ ചികിത്സിച്ചാല്‍ മതിയാവും. കോംഗോ പനിക്ക് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. റിബാവിറിന്‍ (Ribavirin) എന്ന മരുന്ന് പ്രയോജനകരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top