30 September Saturday

പ്രതിരോധിക്കാം വൻകുടൽ അർബുദത്തെ

ഡോ. വിദ്യാധരപ്രസാദ് ഗുപ്തUpdated: Sunday Aug 28, 2022


ലോകത്ത്‌ അർബുദത്തിന്റെ കണക്കെടുക്കുമ്പോൾ രോഗം വരുന്നതിൽ മൂന്നാം സ്ഥാനത്തും മരണനിരക്കിൽ രണ്ടാമതുമാണ് കൊളോറെക്ടൽ ക്യാൻസർ (Colorectal Cancer). ഇന്ത്യയിൽ രണ്ടോ മൂന്നോ പതിറ്റാണ്ട്‌ മുമ്പുവരെ ഇത് അത്ര സാധാരണമല്ലായിരുന്നു. എന്നാൽ, ഇന്ന് ഇത്‌ കൂടുതലായി കാണുന്നു.  മരണനിരക്കും കൂടുതലാണ്. രോഗബാധ കണ്ടെത്താൻ വൈകുന്നതാണ് പ്രധാന കാരണം. തുടക്കത്തിൽത്തന്നെ കണ്ടെത്തിയാൽ വൻകുടൽ- മലാശയ അർബുദം അപകടകാരിയാകില്ല. 

ചെറിയ തുടക്കം
മലാശയ അർബുദം ചെറുതായി തുടങ്ങി അപകടാവസ്ഥയിലേക്ക്‌ എത്താൻ 10 മുതൽ 20 വർഷംവരെ എടുക്കും. വൻകുടലിന്റെ ഭിത്തിയിൽ ചെറിയൊരു മുഴയോ ഒരുകൂട്ടം കോശങ്ങളോ രൂപപ്പെടുന്നതാണ് തുടക്കം. ‘പോളിപ്‌’ (Polyps) എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. അത് വളർന്നു വലുതാകുകയും വ്യാപിക്കുകയും ചെയ്യുമ്പോൾ അപകടകാരിയാകുന്നു. ആദ്യ ഘട്ടത്തിൽത്തന്നെ രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്നുണ്ടെങ്കിലും ഇന്ത്യയിൽ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. തുടക്കത്തിൽത്തന്നെ ഒറ്റഘട്ടത്തിലൂടെ രോഗം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണ് കൊളണോസ്കോപ്പി (Colonoscopy). വളരെ ചെലവു കുറഞ്ഞതും എല്ലായിടത്തും ലഭ്യമായിട്ടുള്ളതുമായ മലം പരിശോധനയാണ് മറ്റൊരു മാർഗം. മറ്റു രോഗങ്ങളില്ലാത്ത ഒരാളുടെ മലത്തിൽ രക്തസാന്നിധ്യം കണ്ടെത്തിയാൽ എൻഡോസ്കോപ്പി ചെയ്യണം. മലപരിശോധനയിൽ രക്തസാന്നിധ്യം കണ്ടെത്തിയില്ലെങ്കിൽ ഒരുവർഷം കഴിഞ്ഞ് പരിശോധന ആവർത്തിക്കണം. അതേസമയം, ആദ്യമേ കൊളണോസ്കോപ്പി ചെയ്ത് രോഗമില്ലെന്നു ബോധ്യപ്പെട്ടാൽ പിന്നീട് 10 വർഷം കഴിഞ്ഞ് പരിശോധന നടത്തിയാൽ മതിയാകും.


 

ലക്ഷണങ്ങൾ, കാരണങ്ങൾ
പല ലക്ഷണവും കണ്ടുതുടങ്ങുന്നത് രോഗം ഗുരുതരാവസ്ഥയിലേക്ക്‌ കടന്നുതുടങ്ങുമ്പോൾ മാത്രമാകും. മലത്തിൽ രക്തം കലർന്നുകാണുന്നതാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. മലശോധനയുടെ രീതിയും മാറിയേക്കാം. ചിലപ്പോൾ എപ്പോഴും മലവിസർജനത്തിനുള്ള തോന്നലുണ്ടാകും. മറ്റു ചിലപ്പോൾ മലബന്ധമാകാം. വിശപ്പില്ലായ്മയും വയറുവേദനയും വരാം. ശരീരഭാരം കുറയാം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും വൻകുടൽ- മലാശയ അർബുദത്തിന്റെ ലക്ഷണമാകാം. തുടക്കത്തിലേ കണ്ടെത്തിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെയും  മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെപോലും കൊളണോസ്കോപ്പിയിലൂടെതന്നെ പോളിപ്‌ നീക്കം ചെയ്യാനാകും. തുടക്കത്തിലേക്കു കടന്നാലും രോഗം മൂർച്ഛിക്കാതെ അർബുദകോശങ്ങളെ നീക്കംചെയ്യാം. രോഗം കണ്ടെത്താൻ സഹായിക്കുന്നതുപോലെ തന്നെ ചികിൽസിച്ച് ഭേദമാക്കാനും കൊളണോസ്കോപ്പി മതിയെന്നർഥം.

നാലിൽ ഒരാൾക്കു മാത്രമാണ് ജനിതകമായ കാരണങ്ങളാൽ വൻകുടൽ- മലാശയ അർബുദമുണ്ടാകുന്നത്. ജീവിതരീതികളിലുണ്ടായ മാറ്റംതന്നെയാണ് ബാക്കിയുള്ളവരിലെ രോഗ കാരണം. ഇരുന്നു ജോലിചെയ്യുന്നതും വ്യായാമവും ശാരീരികാധ്വാനവും കുറഞ്ഞതും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കുറഞ്ഞതും അപകടകാരികളായ ഭക്ഷ്യപദാർഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതും പുകവലിയും മദ്യപാനവും വർധിച്ചതും പൊണ്ണത്തടിയും പ്രമേഹവും ഒക്കെയാണ് ഈ അർബുദത്തിന്റെയും പ്രധാന കാരണങ്ങൾ.

പരിശോധന പ്രധാനം
പാശ്ചാത്യരാജ്യങ്ങളിൽ പലയിടത്തും ഈ രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്താനുള്ള നിർബന്ധിത പരിശോധനാ പരിപാടികളുണ്ട്. 50 വയസ്സുകഴിഞ്ഞ എല്ലാവരും 10 വർഷത്തിലൊരിക്കൽ കൊളണോസ്കോപ്പിക്ക് വിധേയരാകണമെന്ന് പല വികസിത രാജ്യങ്ങളും നിർദേശിക്കുന്നുണ്ട്. 50 കഴിഞ്ഞവരിലാണ് നേരത്തേ ഈ അർബുദം പ്രധാനമായും കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരിലും രോഗം കണ്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല പാശ്ചാത്യരാജ്യങ്ങളും പരിശോധനയ്ക്കുള്ള പ്രായവും കുറച്ചിട്ടുണ്ട്.

50 വയസ്സ്‌ കഴിഞ്ഞവരെല്ലാം വർഷത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലുമൊക്കെ കാരണത്താൽ ഡോക്ടർമാരെ കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം പരിശോധന നടത്തുന്നത് രോഗസാധ്യത മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും. ആഹാരരീതികളിലെ നിയന്ത്രണത്തിനൊപ്പം വ്യായാമം ശീലിക്കുന്നതും 50 വയസ്സിനോട്‌ അടുക്കുമ്പോൾ ലക്ഷണമൊന്നും ഇല്ലെങ്കിൽപ്പോലും മലം പരിശോധിച്ചോ കൊളണോസ്കോപ്പിയിലൂടെയോ രോഗമില്ലെന്ന് ഉറപ്പാക്കുന്നതും വൻകുടൽ- മലാശയ അർബുദത്തെ അകറ്റിനിർത്താൻ സഹായിക്കും.

(യുഎഇ ആരോഗ്യമന്ത്രാലയത്തിൽ ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top