13 June Thursday

മാറുന്ന കാലാവസ്ഥയും നശിക്കുന്ന ആരോഗ്യവും

ഡോ. ഷമീർ വി കെ, ഗോപിക സുരേഷ് Updated: Monday Feb 10, 2020

ചൈനയിലെ ഹുനാനും പറവൂരിലെ പുറ്റിങ്ങലും തമ്മിൽ എന്ത് ബന്ധമാണ് ഉണ്ടാവുക! 
 
ഒരു നാടിന്റെ ആഘോഷത്തിനായി ഒരുങ്ങി നിന്ന് ഒടുവിൽ ആ നാടിന്റെ  കണ്ണീരിന്റെ ഉത്തരവാദിത്തം ഏറ്റു വാങ്ങേണ്ടി വന്ന ദുര്യോഗം കൊണ്ട് ഈ രണ്ട് സ്ഥലങ്ങളും തുല്യരാകുന്നത് യാദൃശ്ചികമാവാം. ചൈനയിലെ പുതുവൽസരാഘോഷത്തിന് രുചി പകരാൻ ഒരുങ്ങി നിന്ന ഹുനാൻ മത്സ്യ മാംസ മാർകറ്റ്, പറവൂരിലെ ഉത്സവത്തിൽ ദൃശ്യശ്രവണ വിസ്മയമാവാൻ ഒരുങ്ങി നിന്ന പുറ്റിങ്ങൽ വെട്ടിക്കെട്ടുശാല, അവയിൽ ഒളിച്ചിരുന്ന പ്രഹര ശേഷി അവരുടെ സൃഷ്ടാക്കൾക്കു പോലും ഭാവനയിൽ കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അത്രക്ക് വലുതായിരുന്നു ആ നാടിന് അവ കൊടുത്ത ആഘാതം. പക്ഷേ മലയാളിക്ക് ഇവ രണ്ടും തമ്മിലുള്ള സാമ്യം രൂപപ്പെടുന്നത് 2020 ഫെബ്രുവരി ആദ്യവാരത്തിലാണ്. കൊറോണ അണുബാധ ഒരു സംസ്ഥാന ദുരന്തമാക്കിയുള്ള പ്രസ്താവന വന്നപ്പോൾ മലയാളി പുറ്റിങ്ങലിനെ ഓർത്തു, കാരണം മലയാളിക്ക് മറക്കാൻ കഴിയാത്ത സംസ്ഥാന ദുരന്തമായിരുന്നല്ലോ പുറ്റിങ്ങൽ...
 
ഇന്നിതാ കൊറോണ. അതിനു മുൻപ് നിപ്പ, എച്ച്1എൻ1, സാർസ്, മെർസ്, എബോള...... ഈ പട്ടിക തുടർന്നു കൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട്? കേട്ടതും കേൾക്കാത്തതുമായ അണുബാധകൾ ഒരു വശത്ത്, കാൻസറുകൾ, പ്രമേഹം, പ്രഷർ....  ഇങ്ങനെ മറ്റു പല രോഗങ്ങൾ മറുവശത്ത്. മനുഷ്യരുടെ ഭൂമിയിലെ അജയ്യരായ തേരോട്ടത്തിന്റെ അന്ത്യം അടുക്കുകയാണോ? രോഗങ്ങൾ മനുഷ്യരെ കീഴ്പ്പെടുത്തുകയാണോ? എന്തുകൊണ്ടാണ് രോഗങ്ങളുടെ എണ്ണവും കാഠിന്യവും വർദ്ധിച്ചു വരുന്നത്?
ഡോ. ഷമീർ വി കെയും ഗോപിക സുരേഷും എഴുതുന്നു

രിക്കും കൊമ്പ് മുറിക്കുന്നപോലുള്ള മനുഷ്യന്റെ കൈകടത്തലുകൾ ഭൂമിയുടെ കാലാവസ്ഥയെ വൻതോതിൽ സ്വാധീനിച്ചു. ഇനി വരാനുള്ള നാളുകളിൽ മനുഷ്യന്റെ ആരോഗ്യകരമായ ജീവിതം ഏറ്റവും കൂടുതൽ ആശ്രയിക്കുക കാലവസ്ഥാ വ്യതിയാനങ്ങളെയായിരിക്കും. മാറി മാറി വരുന്ന കാലവസ്ഥകൾ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം, വരൾച്ച,  പഴയതും പുതിയതുമായ സാംക്രമിക രോഗങ്ങൾ എന്നിവ കഴിഞ്ഞ കുറച്ച് കാലം കൊണ്ടു തന്നെ ആരോഗ്യരംഗത്ത് വൻ പ്രതിസന്ധികളുണ്ടാക്കി കഴിഞ്ഞു. നവജാത ശിശു മുതൽ  വൃദ്ധജനങ്ങൾ വരെയുള്ള എല്ലാ പ്രായക്കാരിലും കാലാവസ്ഥമാറ്റം  ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

18 ആം നൂറ്റാണ്ടിന്റെ അവസാനഘട്ടങ്ങളിൽ ബ്രിട്ടനിൽ തുടങ്ങി പിന്നീട് ലോകമെമ്പാടും വ്യാപിക്കപ്പെട്ടതാണ് വ്യാവസായിക വിപ്ലവം. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗവും വനനശീകരണവുമൊക്കെയായുള്ള മനുഷ്യന്റെ  കൈകടത്തലുകൾ ഗണ്യമായ അളവിൽ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ  വർദ്ധനക്ക്  കാരണമായിത്തീർന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കു പ്രകാരം ഏകദേശം സെക്കൻഡിൽ 171,000 കിലോഗ്രാം കൽക്കരിയും  116 മില്യൺ  ലിറ്റർ  പാചകവാതകവും  186,000 ലിറ്റർ  പെട്രോളിയം ഇന്ധനങ്ങളുമൊക്കെയാണ് നാം നിത്യവും  ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ചെയ്തികൾ ഇപ്പോഴുള്ള ലോകതാപനിലയെ  വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ 1 ഡിഗ്രി  സെൽഷ്യസ്  അതികം വർദ്ധിപ്പിച്ചു. സമുദ്രോപരിതല താപനിലയിലെ വർദ്ധനവ്, വർദ്ധിച്ചു വരുന്ന സമുദ്രനിരപ്പ്, തീവൃ അന്തരീക്ഷാവസ്ഥകൾ, സമുദ്രത്തിന്റെ അസിഡിറ്റി കൂടുന്നത്, മഴയിലുണ്ടാകുന്ന മാറ്റങ്ങൾ, ചുഴലിക്കാറ്റുകളുടെ നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഉരുകുന്ന ഹിമമേഖലകൾ, ആഗോളതാപനം തുടങ്ങിയ വലിയൊരുകൂട്ടം  പ്രതികൂലസാഹചര്യങ്ങളിലൂടെയാണ് നമ്മളിന്ന് കടന്നുപോയികൊണ്ടിരിക്കുന്നത്.

സജിത്ത് പുതുക്കലവട്ടത്തിന്റെ പെയിന്റിംഗ്

സജിത്ത് പുതുക്കലവട്ടത്തിന്റെ പെയിന്റിംഗ്


മറ്റെല്ലാ മേഖലകളെയും പോലെ നമ്മുടെ ആരോഗ്യമേഖലയെയും ഈ വ്യതിയാനങ്ങൾ വലിയ രീതിയിൽ തന്നെയാണ് ബാധിച്ചിരിക്കുന്നത്.‌  വലിയതോതിലുള്ള ഭക്ഷ്യക്ഷാമവും പട്ടിണിമരണങ്ങളും ആഗോളതലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകൾ ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളാണെന്ന സത്യം വേദനാജനകമാണ്.  ഇന്നത്തെ ലോകത്തു ജനിക്കുന്ന ഒരു കുഞ്ഞു, അവന്റെ ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള കാലഘട്ടങ്ങളിൽ വ്യവസായികവിപ്ലവത്തിനു മുൻപുള്ള താപനില ശരാശരിയേക്കാൾ ഏകദേശം 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടുള്ള ഒരു ലോകത്തെയാണ് അനുഭവിക്കേണ്ടി വരിക.

കുറയുന്ന വിളവും ആരോഗ്യവും
ഐക്യരാഷ്ട്ര വികസന പരിപാടിയുടെ കണക്കനുസരിച്ചു, 1960 മുതൽ കണക്കിലെടുത്താൽ എല്ലാ പ്രധാന വിളകളുടെയും ആഗോള വിളവ് കുറയുന്ന പ്രവണത, ഭക്ഷ്യ ഉൽപാദനത്തെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡോക്ടർ ആർ.ഇ ബ്ലാക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ പറയുന്നത്,  പോഷകാഹാരക്കുറവിന്റെ വമ്പിച്ച പ്രത്യാഘാതങ്ങൾ ശിശുക്കളുടെ ആരോഗ്യത്തിന് തന്നെ വൻതോതിൽ ഭീഷണി മുഴക്കുന്നുവെന്നാണ് . വയറിളക്കരോഗങ്ങൾ  ഏറ്റവും ഏൽക്കുന്നതും ഡെങ്കിപ്പനിയുടെ ഏറ്റവും കഠിനമായ ഫലങ്ങൾ അനുഭവിക്കുന്നതും നമ്മുടെ കുട്ടികൾ തന്നെയാണ്.  ഡെങ്കിപ്പനി പകരുന്നതിന് ഏറ്റവും അനുയോജ്യമായി രേഖപ്പെടുത്തിയ പത്തു വർഷങ്ങളിൽ ഒമ്പതും സംഭവിച്ചത് 2000മാണ്ടിനു ശേഷമാണെന്ന സത്യം നമ്മളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമാണ്. 1980കൾ തൊട്ടു വയറിളക്കം പരത്തുന്ന വിബ്രിയോ കോളറ എന്ന ബാക്റ്റീരിയകൾക്ക് പെരുകാൻ അനുയോജ്യമായ ദിനങ്ങൾ ഇരട്ടിച്ചു എന്നാണ് മെഡിക്കൽ ജേർണലായ  ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്.

പ്രധാനമായും ജൈവഇന്ധനങ്ങളുടെ ഉപയോഗം മൂലമുള്ള മലിനീകരണങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം കൗമാരക്കാലത്തും അതിനു ശേഷവുമായി ഹൃദയത്തെയും ശ്വാസകോശത്തെയും മറ്റെല്ലാ സുപ്രധാന അവയവങ്ങളെയും നശിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ ഫലങ്ങൾ  കാലക്രമേണ കൂടുകയും ചെയ്യുന്നു. 2016 വർഷത്തിൽ ലോകത്തു അന്തരീക്ഷത്തിൽ നിറഞ്ഞ സൂക്ഷ്മ പദാർത്ഥങ്ങൾ മൂലം 2.9 ദശലക്ഷവും ആഗോള വായുമലിനീകരണം മൂലം 7 ദശലക്ഷവും മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്ര കാലാവസ്ഥ വ്യതിയാനം  ഉണ്ടാകുന്നത് മൂലം ആഗോളതലത്തിൽ കഠിനമായ കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കങ്ങൾ, നീണ്ടുനിൽക്കുന്ന ചൂട്, വരൾച്ച, പുതിയതും കൂടിവരുന്നതുമായ  പകർച്ചവ്യാധികൾ എന്നിവയുടെ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ജനസംഖ്യയുടെ തൊഴിൽ ശേഷിയെ പരിമിതപ്പെടുത്തി  കുടുംബങ്ങളും ഉപജീവനമാർഗങ്ങളും അപകടത്തിലാക്കുന്നു എന്ന ഗതിയിലേക്ക് വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ.

അത്യുഷ്ണവും ആരോഗ്യ പ്രശ്നങ്ങളും:
അന്തരീക്ഷത്തിലെ അമിത താപനം  ഏറ്റവും കൂടുതൽ ബാധിക്കുന്നത് വളരെ പ്രായം കുറഞ്ഞവരേയും വളരെ പ്രായം കൂടിയവരേയും ആയിരിക്കും. ഈ രണ്ടു കൂട്ടർക്കും ശരീരത്തിലെ ഊഷ്മാവിന്റെ സംതുലിതാവസ്ഥ നിലനിർത്താനുള്ള കഴിവ് കുറവാണെന്നതാണ് കാരണം. നിർജലീകരണം ഒരു പൊതുവായ പ്രശ്നമാണ്. നേരത്തേ ഹൃദയ, വൃക്ക, തലച്ചോർ സംബന്ധമായ രോഗങ്ങളുള്ള വൃദ്ധരിൽ  രോഗാവസ്ഥ വർദ്ധിക്കാൻ അത്യുഷ്ണം കാരണമാകുന്നു. ശക്തമായ വെയിലിൽ ജോലി ചെയ്യേണ്ടി വരുന്നവരിൽ സൂര്യാഘാതം എന്ന അതിഗുരുതരമായ അവസ്ഥയും കഴിഞ്ഞ കുറേ നാളുകളിൽ കൂടുതലായി കാണപ്പെട്ടു.
ഗ്രാഫ് 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ചത്

ഗ്രാഫ് 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ചത്


1990 മുതൽ 2018 വരെയുള്ള കാലയളവെടുത്താൽ , എല്ലാ പ്രദേശങ്ങളിലെയും ജനം ചൂടിനും ഹീറ്റ് വേവ്സിനും വളരെയധികം ഇരയായി കഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി വെയിലിലും ചൂടിലും ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതാകട്ടെ ദാരിദ്ര്യത്തിനും പോഷാകാഹാരക്കുറവിനും കാരണവുമാകുന്നു.  ഗർഭസ്ഥ ശിശുവിന്റെ വളർച്ച മുരടിക്കാം, ഭാരം കുറഞ്ഞ കുട്ടികൾ ജനിക്കാം, ശിശു മരണനിരക്ക വർദ്ധിക്കാം, കുട്ടികളിലെ പോഷകാഹാരക്കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം. ജലത്തിന്റെ ദൗർലഭ്യം കുട്ടികളുടെ ആരോഗ്യത്തേയും കൃഷിയേയും ഒരേ അവസരത്തിൽ ബാധിക്കാം. മുൻപ് ഒരിക്കലും കാണാത്ത അത്രയുമെണ്ണം കാട്ടുതീയ്ക്കാണ് ലോകം കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചത്. പൊള്ളലേൽക്കുന്നതിന് പുറമേ പുക ശ്വസിച്ചുള്ള ശ്വാസകോശ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. ജീവികളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടമാകുന്നതും പുതിയതരം രോഗങ്ങളും കീടാണുക്കളും പടരുന്നതിനു കാരണമായേക്കാം . കഴിഞ്ഞവർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസ് പോലുള്ള വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുന്നതിന്റെയും  അടിസ്ഥാനം ജീവികളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുന്നതായിരിക്കാമെന്നു ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടിരുന്നു.

സാംക്രമിക രോഗങ്ങൾ
മാറി മാറി വരുന്ന കാലാവസ്ഥ പല അണുബാധകൾക്കും അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ സാംക്രമിക രോഗങ്ങൾക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണപ്പെടുന്നത്. പണ്ട് ഒരു നാട് മുഴുവനായി ഉൻമൂലനം ചെയ്തിരുന്ന, പിൽക്കാലത്ത് ശാസ്ത്രീയമായ ചികിത്സകളിലൂടെയും പരിസര ശുചീകരണത്തിലൂടെയും നമ്മൾ നിയന്ത്രണത്തിലാക്കിയെന്നു വിശ്വസിച്ച ഇത്തരം സാംക്രമിക രോഗങ്ങൾ ഇനി ഒരിക്കൽ കൂടി ആഞ്ഞടിക്കാനുള്ള സാദ്ധ്യത എപ്പോഴും കരുതലോടെ കാണണം.

ഇടക്കിടെ ഉണ്ടാകുന്ന വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയവ ഒരു നാടിന്റെ സാമ്പത്തിക വ്യവസ്ഥിതിയെയും ആഭ്യന്തര ഉത്പാദനത്തേയും സാരമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ചും അവികസിത, വികസ്വര രാജ്യങ്ങളിലാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ.  കേരളം അടക്കമുള്ള പ്രദേശങ്ങൾ ഇതിന്റ ഫലങ്ങൾ അനുഭവിച്ചതാണല്ലോ. വെള്ളപ്പൊക്കം നേരിട്ടുണ്ടാക്കുന്ന അപകടങ്ങൾ കൂടാതെ അതിനു ശേഷമുണ്ടാകുന്ന സാംക്രമിക രോഗങ്ങളും ഒരു പ്രധാന മരണ കാരണമായി മാറുന്നു. എലിപ്പനി, വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി തുടങ്ങിയവയാണ് ഏറ്റവും പ്രധാന രോഗകാരണങ്ങൾ. പാമ്പുകടി പോലുള്ള സംഭവങ്ങളും വെള്ളപ്പൊക്ക ശേഷം കാണാറുണ്ട്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top