25 April Thursday

ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ എഴുതാതെ പോയ ആത്മഹത്യാകുറിപ്പ്...ഡോ.ഷിംന അസീസ്‌ എഴുതുന്നു

ഷിംന അസീസ്‌Updated: Monday Nov 20, 2017

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. മരിക്കുന്നവര്‍ ഏറെയും വിഷാദരോഗത്തിനടിമകള്‍. രോഗം കണ്ടുപിടിയ്ക്കപ്പെടാത്തവരും കണ്ടെത്തിയിട്ടും ചികിത്സിയ്ക്കാത്തവരും ഒക്കെ ഇക്കൂട്ടത്തിലുണ്ട്. കടുത്ത പഠനഭാരം,ബന്ധങ്ങളിലെ അസ്ഥിരതയും ആഴമില്ലായ്മയും ...കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധി...

ഒരു സാങ്കല്‍പ്പിക 'ആത്മഹത്യാ കുറിപ്പി'ലൂടെ ഈ പ്രശ്നങ്ങളിലേക്ക് മനസ്സെത്തിയ്ക്കുകയാണ് ഡോ.ഷിംന അസീസ്‌.

(ഇത് ഒരു ആത്മഹത്യക്കുമുള്ള ന്യായീകരണമോ സാധൂകരണമോ അല്ല. ആത്മഹത്യയിലേക്ക് നീങ്ങുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് അല്പം വെളിച്ചം തെളിയ്ക്കല്‍ മാത്രം)

പ്രിയപ്പെട്ട അച്‌ഛാ,
                  ഞാൻ ഏറെ നാളായി ചിന്തിച്ചുറപ്പിച്ച തീരുമാനം നടപ്പിലായ ശേഷമാണ്‌ അച്‌ഛനിത്‌ വായിക്കുന്നതെന്ന്‌ എനിക്കറിയാം. എന്റെ പേഴ്‌സിനകത്തെ അറയിൽ ഞാൻ പറയാതെയും അറിയാതെയും കാശ്‌ വെച്ചു തരുന്നിടത്ത്‌ തന്നെ ഈ എഴുത്ത്‌ വെച്ച്‌ പോകുകയാണ്‌. എനിക്കുമച്‌ഛനും മാത്രം തുറക്കാവുന്ന കൊച്ചുലോക്ക്‌ കോളേജ്‌ അഡ്‌മിഷന്റെ തലേന്നല്ലേ നമ്മൾ വാങ്ങിയത്‌. അവിടെ നിന്ന്‌ നമ്മൾ എങ്ങോട്ടാ തിരിഞ്ഞ്‌ നടന്നത്‌?

ഒരു നിമിഷം അച്‌ഛനോട്‌ മിണ്ടണമെന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല, പതിവ്‌ പോലെ അമ്മ ഫോണെടുത്താൽ എന്റെ തലക്ക്‌ മീതെയാടുന്ന കുരുക്കിലേക്ക്‌ എന്റെ കഴുത്ത്‌ വെച്ചു കൊടുത്തേക്കില്ല ഞാൻ. അച്‌ഛനുമമ്മയും ഈ മോളോട്‌ പൊറുക്കണം. ഇനിയും ഈ ഊരാക്കുടുക്കുകളുമായി മുന്നോട്ട്‌ പോകാൻ എനിക്കാവില്ല.

ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല, സഹിക്കാൻ വയ്യാത്ത വിഷമം സൈക്യാട്രിയിൽ ചെന്ന്‌ പറഞ്ഞതാണ്‌. ഡിപ്രഷനാണെന്ന്‌ പറഞ്ഞ്‌ ഗുളിക വാങ്ങി വന്നപ്പോൾ വട്ട്‌ഗുളിക കഴിക്കുന്നെന്ന്‌ പറഞ്ഞ്‌ കളിയാക്കി റൂംമേറ്റ്‌. അന്നത്‌ ഈ ജനൽ വഴി പുറത്തേക്കൊരേറ്‌  വെച്ചു കൊടുത്തതാണ്‌.
  
സ്‌കൂളിൽ വെച്ച്‌ ഒരു ടെസ്‌റ്റ്‌പേപ്പറിൽ പോലും തോറ്റിട്ടില്ലാത്ത ഞാൻ എത്ര തവണയാണ്‌ ഈ കോൺക്രീറ്റ്‌ കാടിനുള്ളിൽ തോറ്റു മലച്ചത്‌ ! രണ്ട്‌ തവണ എൻട്രൻസ്‌ റിപ്പീറ്റ്‌ ചെയ്‌ത്‌ മെറിറ്റ്‌ സീറ്റിനുള്ള റാങ്ക് നേടിയത്‌ ''പെൺകൊച്ചാണ്‌ പരീക്ഷണം നടത്തിയാൽ മതിയോ? കെട്ടിച്ചുവിടണ്ടേ'' എന്ന ചോദ്യങ്ങൾ ഗൗനിക്കാതെ ഉറക്കൊഴിച്ച്‌ പഠിച്ച്‌ തന്നെയല്ലേ? അല്ലെങ്കിലും ഓർമ്മ വെച്ച നാൾ മുതൽ പുസ്‌തകങ്ങൾ മാത്രമല്ലേ കൂട്ടുകാർ?

 ചേട്ടൻ മോഹിച്ചിട്ടും തലനാരിഴക്ക്‌ കൈവിട്ടു പോയ മെഡിക്കൽ സീറ്റെന്ന മഹാപാപത്തിന്റെ കുത്തുവാക്കുകൾ ഓരോ തവണയും വീട്ടിൽ വരുമ്പോൾ ഞാൻ കേൾക്കേണ്ടി വരില്ലായിരുന്നല്ലോ. രണ്ടാം വർഷം തുടങ്ങിയപ്പോൾ സ്‌തെതസ്‌കോപ്പ്‌ കൈയിൽ വെച്ചു തന്നപ്പോൾ ചേട്ടൻ ചിരിക്കുകയായിരുന്നോ, അതോ കരഞ്ഞോ?

പറമ്പിലെ കൈതച്ചക്കയുടെ ഇലക്കൂട്ടത്തിന്‌ കീഴേ പാർത്തിരിക്കുന്ന ചേരയെ പോലെ ഈ കറുത്ത കുഴൽ ഏത്‌ നേരവും മേശപ്പുറത്ത്‌ കിടന്നു. ആറായിരത്തിന്റെ ലിറ്റ്‌മാൻ വാങ്ങിയവരുടെ സ്‌തെത്തിന്റെ പൊങ്ങച്ചം കേട്ട്‌ മടുത്ത്‌ റൂമിൽ വന്നപ്പോൾ എന്റെ മിടിപ്പിന്റെ എണ്ണം കൂടിയിരുന്നോ? സത്യത്തിൽ ക്ലിനിക്കിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കുന്നിടത്ത്‌ നിന്നും പലരുടേയും സ്വാർത്‌ഥത അറിഞ്ഞ്‌ തുടങ്ങി. കേസ്‌ പ്രസന്റ്‌ ചെയ്യാനും പ്രശംസ പറ്റാനും ഏറ്റവും പിന്നിൽ നിന്ന എനിക്കായില്ല. ബോധപൂർവ്വം ശ്രമിച്ചതുമില്ല. ആൾക്കൂട്ടം ഉണ്ടാക്കുന്ന അലോസരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

 രണ്ടാം വർഷത്തെ മൈക്രോബയോളജി ചതിച്ചപ്പോൾ അച്‌ഛനും എന്നോട്‌ ചോദിച്ചില്ലേ പഠിക്കാൻ തന്നെയാണോ അങ്ങോട്ട്‌ പോകുന്നതെന്ന്‌? അന്ന്‌ ഈ മുറിയിലെ ഇരുട്ടിനെ ഞെരിച്ചുടച്ച്‌ ഞാനെത്ര കരഞ്ഞു കൂട്ടിയെന്നറിയാമോ? ഒരാളുടെയും മുന്നിൽ എന്റെ ചിരിയില്ലാത്ത മുഖം ഞാൻ കാണിച്ചില്ലല്ലോ അച്‌ഛാ...അതായിരുന്നോ എന്റെ തെറ്റ്‌? എനിക്ക്‌ സംസാരിക്കാനുള്ളവർക്കെല്ലാം തിരക്കായിരുന്നു, എനിക്കും. ഇപ്പോൾ ഞാൻ തനിച്ചായ ഈ ആൾക്കൂട്ടം കണ്ടെനിക്ക്‌ പേടിയാകുന്നു. മുന്നിൽ ശൂന്യത മാത്രമാണ്‌.

ഹോസ്‌റ്റൽ മുറിയിൽ രാത്രി ലൈറ്റണക്കാതെ വായിച്ചിരുന്നിട്ട്‌ എത്ര പിറുപിറുക്കൽ ഞാൻ കേട്ടെന്നറിയാമോ? എന്നിട്ടും ചെകുത്താനെപ്പോലെ കണ്ണുരുട്ടുന്ന സിസിടിവികൾ തലങ്ങും വിലങ്ങും വെച്ച എക്‌സാം ഹാളിൽ ഞാനുമിരുന്ന്‌ വിയർത്തു. പഠിക്കാഞ്ഞിട്ടാണോ? ഇതിലുമപ്പുറം എന്താണ്‌, എങ്ങനെയാണ്‌ പഠിക്കേണ്ടത്‌? എങ്ങനെയാണ്‌ മനുഷ്യരോട്‌ പെരുമാറേണ്ടത്‌? കുറ്റപ്പെടുത്തലുകളും പരിഹാസവും ഇതിലേറെ താങ്ങാൻ എനിക്കാവില്ല.

അത്രയേറെ സഹിച്ചിട്ടുണ്ട്‌, കൂട്ടുകാർക്കിടയിൽ(?), ക്ലാസുകളിൽ. ഏതൊക്കെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാലും ഉത്തരം മുട്ടിക്കുന്ന പുതിയ ചോദ്യത്തിൽ 'നിങ്ങളെയൊക്കെ എന്തിന്‌ കൊള്ളാം?' എന്ന്‌ പറഞ്ഞു വെച്ചു പോകുന്ന ഡോക്‌ടർമാർ.  Very good, excellent എന്നെല്ലാം മാത്രമേ ഇവിടെ വരും മുന്നെയത്രയും നാളും കേട്ടിട്ടുള്ളൂ. എത്ര തവണയാണ്‌ രോഗികൾക്ക്‌ മുന്നിൽ വെച്ച്‌ പുച്‌ഛം ഏറ്റുവാങ്ങിയത്‌ !

'വല്ലതും പഠിക്ക്‌ മക്കളേ, നിങ്ങളെയൊക്കെ വിശ്വസിച്ച്‌ ആശുപത്രിയിൽ വന്നാൽ നിങ്ങൾ ആളെക്കൊല്ലുമല്ലോ' എന്ന്‌ പറഞ്ഞത്‌ ജോലിയും കൂലിയുമില്ലാതെ നടക്കുന്നൊരു കൂട്ടിരിപ്പുകാരനാണ്‌. നാല്‌ ദിവസം അടുപ്പിച്ച്‌ പ്രാക്‌ടിക്കൽ പരീക്ഷക്ക്‌ ഉറക്കമൊഴിച്ചിട്ട്‌ തല നേരെ നിൽക്കുന്നില്ലായിരുന്നു. തലച്ചോറിന്റെ രക്‌തവിതരണത്തിന്റെ ചിത്രം മുപ്പത്‌ തവണ വരക്കാൻ പറഞ്ഞാണ്‌ അന്ന്‌ സർ പോയത്‌. അന്നുമുറങ്ങിയില്ല. പിറ്റേന്ന്‌ അത്‌ കൊണ്ട്‌ ചെന്നപ്പോൾ വീണ്ടും അപഹാസ്യയായി തിരിച്ച്‌ പോന്നു.

പുറത്തിറങ്ങിയാൽ ഞങ്ങളുടെ പുസ്‌തകങ്ങളുടെ വലിപ്പത്തിൽ കണ്ണെറിയുന്നവർ തന്നെയല്ലേ ഡോക്‌ടർമാർ ഒന്നിനും കൊള്ളാത്തവരാണെന്ന്‌ പാടി നടക്കുന്നത്‌? ഇതെന്ന്‌ പഠിച്ച്‌ തീരാനാണ്‌? തീർന്നാൽ തന്നെ എന്തിനാണ്‌? ഹൗസ്‌ സർജൻ ചേട്ടൻമാർ 24-48 മണിക്കൂർ തുടർച്ചയായി പണിയെടുത്ത കഥയൊക്കെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വിശ്രമമില്ലാതെ, സ്‌റ്റൈപ്പൻഡ്‌ കൃത്യമായി കൊടുക്കാതെ...അത്‌ കഴിഞ്ഞാൽ 'വെറും MBBS'  എന്ന്‌ കേൾക്കാം. എന്തിനാണ്‌ ഈ അധ്വാനം?

ഈ കഴിഞ്ഞ നാല്‌ വർഷവും ഞാനൊരു കൂട്ട്‌ തേടി ഇവിടെയലഞ്ഞു. വെള്ളത്തിൻമേൽ കോരിയൊഴിച്ച എണ്ണ കണക്ക്‌ പരന്ന്‌ കിടക്കുന്ന കുറേപ്പേർ. രുചിയും രൂപവുമില്ലാത്ത ബന്ധങ്ങൾ. പ്രേമമെന്ന്‌ പറഞ്ഞ്‌ നടക്കുന്ന കുറേപ്പേരെ കണ്ടു. അതിനുള്ള യോഗ്യതക്കുറവാകാം, അവിടെയും തിരസ്‌കരിക്കപ്പെട്ടു. ആളുയരത്തിൽ പുസ്‌തകങ്ങൾ. ഉറക്കമില്ലാതെ, ഊണാണോ ഉപ്പുമാവാണോ എന്നറിയാത്ത മെസ്സിലെ ഭക്ഷണം കഴിച്ച്‌...ഇഷ്‌ടപ്പെട്ട്‌ പഠിക്കാൻ വന്നയിടത്ത്‌ കിട്ടിയത്‌ കഷ്‌ടപ്പാട്‌ മാത്രമാണ്‌. എന്റെ കുഴപ്പമാകാം. ബാക്കിയുള്ളവരൊക്കെ സന്തോഷത്തിലാണല്ലോ.

അതോ അവരൊക്കെ അഭിനയിക്കുന്നതാകുമോ? അഭിനയിക്കാൻ അറിയാഞ്ഞിട്ടാകുമോ ഞാനൊരു വൻപരാജയമായത്‌? ഡേവിഡ്‌സണും ബെയിലിയുമൊക്കെ തലയണയാക്കുന്നവർക്ക്‌ മുന്നിൽ അതേ പുസ്‌തകങ്ങൾ എനിക്ക്‌ മുന്നിൽ നിഴലുകൾ മാത്രമാണ്‌ കാണിച്ചത്‌. അച്‌ഛാ, എത്ര തവണ ഞാൻ വിഷമങ്ങൾ പറയാൻ അടുത്ത്‌ വന്നിരുന്നു, ഓരോ തവണയും പരീക്ഷയെക്കുറിച്ച്‌ മാത്രം ചോദിച്ചെന്നെ പറഞ്ഞ്‌ വിട്ടില്ലേ? അച്‌ഛൻ മാത്രമല്ല കേട്ടോ, എല്ലാവരും. എനിക്കെന്തിഷ്‌ടമായിരുന്നു നിങ്ങളെയൊക്കെ...

മിണ്ടാനൊരാളില്ല, ഇത്രയേറെ അനിശ്‌ചിതത്വം ഇന്ന്‌ വരെ അറിഞ്ഞിട്ടില്ല. മുന്നോട്ടും ഇതൊക്കെത്തന്നെയല്ലേ? ഉറങ്ങാൻ കൊതിയാകുന്നു. മതി, ഇനി എന്നെക്കൊണ്ട്‌ ആവില്ലിത്‌. ഇത്‌ വരെയുറങ്ങാത്തതെല്ലാം ഇനി ഞാനുറങ്ങും.

ചേട്ടനും ചേച്ചിയും എനിക്കുള്ള സ്‌നേഹം കൂടി അനുഭവിച്ച്‌ ജീവിക്കട്ടെ, ഭാഗ്യവാൻമാർ. ഞാനൊരധികപ്പറ്റാണ്‌ എനിക്കും, എനിക്ക്‌ ചുറ്റുമുള്ളവർക്കും.
പോകാതെ തരമില്ലല്ലോ...


അച്‌ഛാ, ഒരു തവണ പോലും 'സാരമില്ല മോളേ' എന്ന്‌ ആരും പറഞ്ഞില്ലല്ലോ.
ഇനി പറയാനും പറ്റില്ലല്ലോ...സാരമില്ല കേട്ടോ. അമ്മയെ ആശ്വസിപ്പിക്കണേ. കുറച്ചീസം കഴിയുമ്പോ, ആദ്യത്തെ വിഷമമൊക്കെ മാറുമ്പോൾ അമ്മക്കും മനസ്സിലാവും ഞാൻ ചെയ്‌തതാണ്‌ ശരിയെന്ന്‌.

നേരം പുലരാറായി, ഇനിയും ഇവിടെയിരുന്നു കൂടാ. ഞാൻ പോട്ടേ...

അല്ല, ഞാൻ പോയിരിക്കുന്നു...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top