26 April Friday

പ്രളയകാലത്തെ കോളറ

ഡോ. ഷിംന അസീസ്‌Updated: Monday Aug 7, 2017

സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോളറയെപറ്റി ഡോ. ഷിംന അസീസ്‌ എഴുതുന്നു 

മാര്‍ക്വിസിന്റെ വിഖ്യാതകൃതി 'കോളറക്കാലത്തെ പ്രണയം' എന്നതുമായുള്ള രൂപസാദൃശ്യമൊഴിച്ച്‌ ഈ തലക്കെട്ടിന്‌ യാതൊരു പ്രസക്‌തിയുമില്ല. കേരളത്തില്‍ ഈ നിമിഷം വരെ പ്രളയവും പ്രളയക്കെടുതിയും എങ്ങുമില്ല. മുന്‍കാലത്ത്‌ പെയ്‌തിരുന്ന മഴയോട്‌ താരതമ്യം ചെയ്‌താല്‍ ഒരു ചെറിയ മല്‍സരമായിപ്പോലും കരുതാവുന്ന മഴയുമില്ല. ആ കണക്കിന്‌, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവും തല്‍ക്കാലം ഉണ്ടാവാന്‍ പാടില്ല. എന്നിട്ടും ആരോഗ്യകേരളത്തിന്റെ മുഖത്തൊരടിയായി പത്തനംതിട്ടയില്‍ ഒരു കോളറ മരണം, കോഴിക്കോടും മലപ്പുറവും രോഗസ്‌ഥിരീകരണവും. രോഗബാധിതര്‍ ഇതരസംസ്‌ഥാനത്ത്‌ നിന്നുള്ളവര്‍ ആണെന്നത്‌ തെല്ലും ആശ്വാസം നല്‍കുന്നില്ല. നമ്മള്‍ ഭീഷണിയില്‍ തന്നെയാണ്‌. 'വൃത്തിരാക്ഷസന്‍മാര്‍' എന്ന്‌ പുറമേ നടിക്കുന്ന നമുക്കെവിടെയാണ്‌ പിഴക്കുന്നത്‌?

Vibrio cholerae  എന്നയിനം ബാക്‌ടീരിയ ഉണ്ടാക്കുന്ന കോളറ മലിനജലത്തിലൂടെയും മലിനജലത്താല്‍ വൃത്തിഹീനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയുമാണ്‌ പ്രധാനമായും പകരുന്നത്‌. സാരമായ വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം എന്നിവ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ രോഗി മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടാം.

ലക്ഷണങ്ങള്‍
**Rice water stool കഞ്ഞിവെള്ളം പോലെയുള്ള മലം വളരെ കൂടിയ അളവില്‍ ഉണ്ടാകുന്ന സാരമായ വയറിളക്കം
*തുടര്‍ച്ചയായ ഓക്കാനവും ഛര്‍ദ്ദിയും
*കടുത്ത നിര്‍ജലീകരണം
*കുട്ടികളില്‍ അപസ്‌മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവാം
*മൂലകങ്ങളുടെ ക്രമാതീതമായ നഷ്‌ടം, ശരീരത്തിലെ ഷുഗര്‍ നില മാറുന്നത്‌ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന പലവിധ പ്രശ്‌നങ്ങള്‍
*നിര്‍ജലീകരണം കൊണ്ടുണ്ടാകുന്ന വൃക്ക തകരാറിനുള്ള സാധ്യത
*കൃത്യമായി ചികിത്സയെടുത്തില്ലെങ്കില്‍ ജലനഷ്‌ടം മൂലം രോഗി 'ഷോക്ക്‌' എന്ന അവസ്‌ഥയിലാവാം, മണിക്കൂറുകള്‍ക്കുള്ളില്‍ മരണം പോലും സംഭവിക്കാം.

ചികിത്സ എപ്പോള്‍, എങ്ങനെ?
മറ്റു കാരണങ്ങള്‍ കൊണ്ടുള്ള വയറിളക്കമാണോ കോളറയാണോ എന്ന്‌ സാധാരണ ഗതിയില്‍ തുടക്കത്തില്‍ തന്നെ വേറിട്ടറിയാന്‍ ബുദ്ധിമുട്ടാണ്‌. ശരീരത്തില്‍ നിന്നും ജലനഷ്‌ടം തുടങ്ങുമ്പോള്‍ തന്നെ നന്നായി വെള്ളം കുടിച്ചു തുടങ്ങണം. ORS വളരെ നല്ലതാണ്‌. ജലനഷ്‌ടവും മൂലകനഷ്‌ടവും ഒരു പോലെ പരിഹരിക്കാന്‍ ഇത്‌ അത്യുത്തമമാണ്‌. ഒരു ഗ്ലാസ്‌ തിളപ്പിച്ചാറിയ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ പഞ്ചസാരയും ഒരു നുള്ള്‌ ഉപ്പും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കാവുന്ന ഓആര്‍എസ്‌ ലായനി തയ്യാറായി. ഒരിക്കലുണ്ടാക്കിയത്‌ മൂടിവെച്ച്‌ ഇരുപത്തിനാല്‌ മണിക്കൂര്‍ വരെ ഉപയോഗിക്കാം. സാധാരണ വയറിളക്കത്തേക്കാള്‍ ജലനഷ്‌ടമുണ്ടാകുന്ന കോളറയില്‍ നിര്‍ജലീകരണം തടയാനുള്ള ഈ മാര്‍ഗം ജീവന്‍രക്ഷോപാധി തന്നെയാണ്‌.

എന്നാല്‍ കൃത്യമായ വൈദ്യസഹായം തേടാന്‍ ഒട്ടും മടിക്കരുത്‌. ശരീരത്തില്‍ നിന്നും ജലനഷ്‌ടം ഉണ്ടാകുന്നതിന്‌ ആനുപാതികമായി സിരയിലൂടെയും (intravenous fluids) വായിലൂടെയും ശരീരത്തിലെ മൂലകങ്ങളും ജലവും തിരിച്ച്‌ നല്‍കിക്കൊണ്ടിരിക്കണം. രോഗി ജീവാപായസാധ്യതയുള്ള സങ്കീര്‍ണതകളിലേക്ക്‌ പോകുന്നത്‌ തടയാനും ആവശ്യമായ ചികിത്സ ആവശ്യമുള്ള നേരത്ത്‌ നല്‍കുന്നതിന്‌ സാധിക്കാനും കൃത്യസമയത്തുള്ള ആശുപത്രിപ്രവേശനം സഹായിക്കും.

കോളറ വരാതിരിക്കാന്‍?
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ച വെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച്‌ തണുപ്പിച്ച്‌ കുടിക്കുന്നത്‌ ഒഴിവാക്കുക.
*പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക. കഴുകുന്ന വെള്ളം വൃത്തിഹീനമാകുന്നതും കോളറ വരുത്താം .
*മലവിസര്‍ജനത്തിന്‌ ശേഷം കൈകള്‍ സോപ്പിട്ട്‌ ധാരാളം വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കുക. ചെറിയ കുട്ടികള്‍ക്ക്‌ മലവിസര്‍ജനത്തിന്‌ ശേഷം വൃത്തിയാക്കിക്കൊടുത്ത മുതിര്‍ന്നവരും ഇത്‌ കൃത്യമായി പിന്‍തുടരുക.
*മഴ പെയ്‌ത്‌ ചുറ്റുപാടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുക. അഴുക്കുചാലുകളില്‍ നിന്നുമുള്ള വെള്ളം കുടിവെള്ളസ്രോതസ്സുകള്‍ നശിപ്പിക്കുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക.
*കോളറ സ്‌ഥിരീകരിച്ചു കഴിഞ്ഞാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. അംഗനവാടി ടീച്ചര്‍, ആശ വര്‍ക്കര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്‌ടര്‍ വരെ സര്‍വ്വര്‍ക്കും ഈ വിവരം അറിയാനും, വേണ്ട നടപടികള്‍ ഊര്‍ജിതമാക്കാനുമുള്ള കടമയുണ്ട്‌.
*കിണര്‍ ക്ലോറിനേഷന്‍ പോലെയുള്ള കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുത്ത്‌ ചെയ്യുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top