20 April Saturday

അനസ്തേഷ്യയും ജാതിയും...ഡോ. പല്ലവി ഗോപിനാഥന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 27, 2021

ഡോ. പല്ലവി ഗോപിനാഥന്‍

ഡോ. പല്ലവി ഗോപിനാഥന്‍

അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്ന്  ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നു. സ്തോഭ ജനകം എന്ന മട്ടില്‍ ചര്‍ച്ചയാകുന്ന ഈ വിഷയത്തിന്റെ ശാസ്ത്രവശം വിശദീകരിയ്ക്കുകയാണ് ഡോ. പല്ലവി ഗോപിനാഥന്‍.

അനസ്തേഷ്യ എന്ന് പറയുന്നത് ഒരു ഒറ്റ മരുന്നോ വാതകമോ തന്ന് ഉറക്കിക്കിടത്തുന്ന ഏർപ്പാടല്ല എന്ന് അറിയാമല്ലോ. പൂർണമായും ബോധരഹിതമാക്കുന്ന ജനറൽ അനസ്തേഷ്യയിൽ രോഗിയുടെ ശ്വസന പ്രക്രിയ സ്വാഭാവികമായി നടക്കില്ല. ശ്വാസനാളിയിലേക്ക് ഒരു ട്യൂബ്, എൻഡോട്രക്കിയൽ ട്യൂബ് കടത്തി അതുവഴി ആണ് ശ്വാസം നൽകുക. ഈ ട്യൂബ് ഇടുന്ന പ്രക്രിയ ആണ് ഇൻട്യുബേഷൻ.

ഇതിന് മുൻപ്, ബോധം കെടുത്തുന്ന മരുന്നുകൾക്കൊപ്പം പേശികളുടെ ബലം ഇല്ലാതാക്കി ഇൻട്യുബേഷൻ സുഗമമാക്കാൻ മസിൽ റിലാക്സൻ്റ്സ് എന്ന തരം മരുന്നുകൾ നൽകും. ഈ മസിൽ റിലാക്സൻ്റ് മരുന്നുകൾ,വളരെ കുറച്ച് നേരം മാത്രം ഇഫക്ട് ഉണ്ടാക്കുന്നവയും, കൂടുതൽ നേരം ഇഫക്ട് ഉണ്ടാക്കുന്നവയും ഉണ്ട്.

ഇൻട്യുബേഷൻ സുഗമമാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു മരുന്നാണ് സക്സിനൈൽ കൊളിൻ. ഈ മരുന്ന് കുറച്ചു സമയം മാത്രം പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിനെ വിഘടിപ്പിക്കുന്ന എൻസൈം മരുന്നിൻമേൽ പ്രവർത്തിച്ച്, വിഘടിപ്പിക്കപ്പെട്ട് പോകുന്നതോടെ സ്വാഭാവികമായും അതിന്റെ പ്രവർത്തനം അവസാനിക്കുന്നു.

ഈ എൻസൈമിൻ്റെ അളവ് അപൂർവമായി ചില ആളുകളിൽ കുറവായിരിക്കും. ജനിതകപരമായ ഈ പ്രത്യേകത ഉള്ളവരിൽ സക്സിനൈൽ കൊളിൻ മരുന്നിന്റെ പ്രവർത്തന ദൈർഘ്യം സാധാരണയിൽ കൂടുതൽ ആയിരിക്കും. ജനിതകപരമായ പ്രത്യേകത ആയത് കൊണ്ട് തന്നെ ചില പ്രത്യേക പ്രദേശങ്ങളിലും സമുദായങ്ങളിലും ഉള്ളവരിൽ ഇത്തരം വ്യതിയാനം ഉള്ളതായി കേസ്റിപ്പോർട്ടുകൾ മുൻപുതന്നെ ഉണ്ട്.

ഇങ്ങനെ സംഭവിക്കുന്ന സാഹചര്യം അപകടകരമാണോ?

സാധാരണ പ്രതീക്ഷിക്കുന്നതിലുമപ്പുറം സക്സിനൈൽ കൊളിൻ്റെ പ്രവർത്തനം നീണ്ടു പോയാൽ സ്വാഭാവിക ശ്വസനം വീണ്ടെടുക്കാൻ താമസം നേരിടും. സക്സിനൈൽ കൊളിൻ അപ്നിയ എന്ന ഈ അവസ്ഥ എത്രത്തോളം സമയം നീണ്ടു നിൽക്കും എന്നത് എൻസൈമിൻ്റെ കുറവ് എത്രത്തോളം എന്നതിന് ആനുപാതികമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ സ്വയം ശ്വസിക്കാനുള്ള കഴിവ് തിരികെ ലഭിക്കും വരെ രോഗിയ്ക്ക് വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമായി വരും. പുറമേ നിന്ന് എൻസൈം ലഭ്യമാക്കാനുള്ള ചികിത്സ എന്ന നിലയിൽ രക്തഘടകമായ പ്ലാസ്മ നൽകാനാകും.

പലതരം മരുന്നുകളുടെ ലഭ്യത, ഇൻട്യുബേഷൻ സുഗമമാക്കാൻ വിവിധതരം ഉപകരണങ്ങളുടെയും ടെക്നിക്കുകളുടെയും ഉപയോഗം ഒക്കെ വന്നതോടെ പൊതുവേ സാധാരണ ഗതിയിൽ സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് തന്നെ കുറഞ്ഞു വരുന്നുണ്ട്. എങ്കിൽ തന്നെയും അടിയന്തര ഘട്ടങ്ങളിൽ ഇൻട്യുബേഷൻ എളുപ്പമാക്കുന്ന, ഒരു ജീവൻരക്ഷാ മരുന്നുമാണ് അത്.

ഇത്തരം ഒരു സംഗതിയെക്കുറിച്ച് സാധാരണ ജനം ഭയപ്പെടേണ്ടതുണ്ടോ?

വളരെ അപൂർവമായി മാത്രം കാണുന്ന ഒരു സങ്കീർണതയാണ് സക്സിനൈൽ കൊളിൻ അപ്നിയ. ചില സമുദായാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ട് തന്നെ അത്തരം ആളുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ചിലയിടത്ത് അനസ്തേഷ്യപൂർവ പരിശോധന സമയത്ത് ആ സമുദായത്തിൽ പെട്ട ആളുകൾ ആണോ എന്ന് ചോദ്യാവലിയിൽ ഉൾപ്പെടുത്താറുണ്ട് എന്ന് അറിയുന്നു. മുൻപൊരിക്കൽ സക്സിനൈൽ കൊളിൻ അപ്നിയ സംഭവിച്ച ആളുകളോട്, വീണ്ടും ശസ്ത്രക്രിയക്ക് വിധേയരാകുകയാണെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം എന്ന് നിർദേശിക്കുകയും മെഡിക്കൽ റെക്കോഡുകളിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരം ആളുകളുടെ രക്തബന്ധുക്കളെ ആവശ്യമായ പക്ഷം സ്ക്രീൻ ചെയ്യുന്നതിന് ചില ലബോറട്ടറി പരിശോധനകളും ലഭ്യമാണ്. ഇത്തരം റിസ്ക് കൂടുതൽ ഉള്ളവരിൽ സ്വാഭാവികമായും സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് ഒഴിവാക്കും.

ജനിതകപരമായ പ്രത്യേകതകൾ പല മരുന്നുകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കാറുണ്ട്. അത് അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന മരുന്നുകളാകണം എന്നുമില്ല.

ഒരേ പ്രവർത്തനം നിർവഹിക്കുന്ന നിരവധി മരുന്നുകളിൽ ഓരോ രോഗിയുടെയും രോഗാവസ്ഥയ്ക്കും ശാരീരിക പ്രത്യേകതകൾക്കുമനുസരിച്ച് ഓരോ ശസ്ത്രക്രിയക്കും വേണ്ട വണ്ണമുള്ള മരുന്നുകൾ തെരഞ്ഞെടുത്തു നൽകുക എന്നതാണ് അനസ്തേഷ്യ ഡോക്ടറുടെ ഒരു പ്രധാന ജോലി.

സക്സിനൈൽ കൊളിൻ ഉപയോഗിക്കുമ്പോൾ അപൂർവമെങ്കിലും സക്സിനൈൽ കൊളിൻ അപ്നിയ എന്ന സാധ്യത ഉണ്ട്. ഇപ്പറഞ്ഞ കാര്യത്തെ കുറച്ചധികം സ്തോഭജനകമായും തരക്കേടില്ലാതെ വളച്ചൊടിച്ചും എഴുതി വന്നപ്പോൾ സാമാന്യ ജനത്തിന് ഭയവും, ജാതി അനുസരിച്ച് പലതരം അനസ്തേഷ്യ കൊടുക്കുമോ എന്നൊരു സംശയവും ജനിപ്പിക്കും മട്ടിലായി എന്നതാണ് വാസ്തവം.

 (സംസ്ഥാന ആരോഗ്യവകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് (അനസ്തേഷ്യ) ആണ് ലേഖിക.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top