ആരോഗ്യകരമല്ലാത്ത ഭക്ഷണം, വ്യായാമമില്ലായ്മ, പുകയിലയുടെ ഉപയോഗം, രക്തസമ്മർദം, മാനസിക സമ്മർദം, പ്രമേഹം തുടങ്ങിയവ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഹൃദയാരോഗ്യത്തിനായി ശരിയായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുന്നതിനൊപ്പം ഉപ്പ്, പഞ്ചസാര, ട്രാൻസ് ഫാറ്റി ആസിഡുകൾ തുടങ്ങിയവയുള്ള ഭക്ഷണം കുറയ്ക്കേണ്ടതുമുണ്ട്. സമീകൃതാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളണം. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം, പഴവർഗങ്ങൾ എന്നിവയ്ക്ക് ഭക്ഷണത്തിൽ മുൻതൂക്കം നൽകണം. ദിവസേനയുള്ള അരമണിക്കൂർ വ്യായാമവും 8 മണിക്കൂറെങ്കിലും ഉറക്കവും പ്രധാനം.
ചെറുപ്പക്കാർക്കിടയിലെ ഫാസ്റ്റ്ഫുഡ് ശീലത്തോടൊപ്പം വ്യായാമക്കുറവും ജോലിസ്ഥലത്തെ മാനസികസമ്മർദവും ഹൃദയാഘാത കാരണമാവാറുണ്ട്. കൊറോണറി രക്തക്കുഴലുകളിലെ രോഗമാണ് ഏറ്റവും സാധാരണമായിട്ടുള്ള ജീവിതശൈലീരോഗം (ഇന്ത്യയിലെ 25% ഹൃദയാഘാതവും പെട്ടെന്നുണ്ടാവുന്നത് 45 വയസ്സിൽ താഴെയുള്ളവരിലാണ്) ഇടതു വെൻട്രിക്കിളിന്റെ അമിതവളർച്ച, അമിതവണ്ണം എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.
ശരീരത്തിലെ എച്ച്ഡിഎൽ വർധിക്കേണ്ടത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി, അയല എന്നിവ കറിവച്ച് കഴിക്കുന്നതും നല്ലത്. ചുവന്ന മാംസങ്ങൾ (മട്ടൻ, ബീഫ്, പോർക്ക്) ഒഴിവാക്കണം. ചീത്ത കൊളസ്റ്ററോളിന്റെ ബി അളവ് വർധിപ്പിക്കുന്നവയാണ് ട്രാൻസ് ഫാറ്റിആസിഡുകൾ അടങ്ങിയ ബേക്കറി വിഭവങ്ങൾ. ചോറ്, ചപ്പാത്തി, ബ്രഡ്, കിഴങ്ങുവർഗങ്ങൾ എന്നിവ ട്രൈഗ്ലിസറൈഡ് കൂടുതൽ ഉള്ളവർ കുറയ്ക്കേണ്ടതുണ്ട്. ഇന്ത്യയിൽ 79% പേർക്കും ഏതെങ്കിലും തരത്തിൽപ്പെട്ട കൊളസ്റ്ററോൾ രോഗമുണ്ട്. കോവിഡിനുശേഷം നിശ്ശബ്ദ ഹൃദയാഘാതം ചെറുപ്പക്കാർക്കിടയ്ക്ക് വർധിക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ലഭ്യമല്ല. കോവിഡ് വന്നവരിൽ 20–- 30% ഹൃദ്രോഗബാധിതരാകാം. പ്രമേഹ രോഗികളിലും നിശ്ശബ്ദ ഹൃദയാഘാതത്തിന് സാധ്യതയുണ്ട്. ഒരിക്കൽ ഹൃദയചികിത്സ കഴിഞ്ഞവർ മുറയ്ക്ക് മരുന്ന് കഴിക്കുകയും ഭക്ഷണം ക്രമീകരിക്കുകയും വേണം. ഇവർ പുകവലി ആരംഭിച്ചാലും വീണ്ടും ഹൃദയാഘാതം സംഭവിക്കാം. ആൻജിയോഗ്രാം പരിശോധനയിൽ കൊറോണറി രക്തക്കുഴൽ ചുരുങ്ങിയിട്ടുണ്ടോ എന്നറിയാനാവും. പ്രമേഹ രോഗികൾക്കും ട്രിപ്പിൾ വെസ്സൽ രോഗികൾക്കും കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ് ചികിത്സ ആവശ്യമായി വന്നേക്കാം. പ്രമേഹമുള്ളവരും ഹൃദയാഘാത സാധ്യതയുള്ളവരും ലക്ഷണങ്ങൾ ഒട്ടും അവഗണിക്കരുത്.
രക്തസമ്മർദത്തിനുള്ള മരുന്നുകൾ കൃത്യഡോസിൽ കഴിച്ചില്ലെങ്കിൽ വൃക്കയിൽ നെഫ്രോക്ലീറോസിസ്, തലച്ചോറിൽ പക്ഷാഘാതം, രക്തക്കുഴലുകളിൽ അന്യൂറിസം, കണ്ണുകളിൽ റെറ്റിനോപ്പതി എന്നിവയ്ക്കുള്ള സാധ്യത ഹൃദ്രോഗത്തിന് പുറമെ ഉണ്ടാകാം. രക്തസമ്മർദത്തിന് കൃത്യമായ ചികിത്സയെടുക്കുന്നവർ ഗ്രാമീണ ഇന്ത്യയിൽ വെറും 25% മാത്രമാണ്. ഇന്ത്യയിൽ 30 വയസ്സ് കഴിഞ്ഞ 30% പേർക്കും രക്തസമ്മർദമുണ്ട്.
(നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..