20 April Saturday

കാന്‍സറിന് മരുന്ന്: അമൃത നാനോ സയന്‍സസിന് പുതിയ ഏഴ് പേറ്റന്റുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

കൊച്ചി> അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിന് കാന്‍സറിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിനും മരുന്ന്  ഉള്‍പ്പെടെയുള്ള ഏഴ് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ പേറ്റന്റുകള്‍ ലഭിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഏഴ് പേറ്റന്റുകളും ലഭിച്ചത്.

 മൂന്ന് കണ്ടുപിടുത്തങ്ങള്‍ക്ക് അമേരിക്കന്‍ പേറ്റന്റും നാല് കണ്ടുപിടുത്തങ്ങള്‍ക്ക് ഇന്ത്യന്‍ പേറ്റന്റുമാണ് ലഭിച്ചതെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ ഡയറക്ടറും, അമൃതവിശ്വ വിദ്യാപീഠം റിസര്‍ച്ച് ഡീനുമായ ഡോ. ശാന്തികുമാര്‍ വി. നായര്‍ പറഞ്ഞു.

ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (എം.എസ്.) എന്ന രോഗത്തിനുള്ള മരുന്നിനാണ് ആദ്യത്തെ അമേരിക്കന്‍ പേറ്റന്റ് ലഭിച്ചത്. ലോകമെമ്പാടുമുള്ള എം. എസ്. രോഗം ബാധിച്ചവര്‍ക്ക് പുതിയ മരുന്നിന്റെ കണ്ടെത്തല്‍ ആശ്വാസകരമാകും.

എക്സ്-റേ, എം.ആര്‍.ഐ., ഇന്‍ഫ്രാറെഡ് ഫ്ളൂറസെന്‍സ് എന്നിവയില്‍ മികവുറ്റ ദൃശ്യം നല്‍കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ മള്‍ട്ടിമോഡല്‍ നാനോ കോണ്‍ട്രാസ്റ്റ് ഏജന്റ് വികസിപ്പിച്ചതിനാണ് രണ്ടാമത്തെ അമേരിക്കന്‍ പേറ്റന്റ്.

നാനോ ടെക്സ്റ്റൈല്‍ അടിസ്ഥാനമാക്കിയുള്ള ചെറിയ വ്യാസമുള്ള രക്തക്കുഴല്‍ ഒട്ടിക്കലിനാണ് മൂന്നാമത്തെ അമേരിക്കന്‍ പേറ്റന്റ് ലഭിച്ചത്.ഒരേസമയം രോഗിയ്ക്ക് ഒന്നിലധികം മരുന്നുകള്‍ നല്‍കാന്‍ കഴിയുന്ന കോര്‍-ഷെല്‍ നാനോപാര്‍ട്ടിക്കിള്‍ സിസ്റ്റം കണ്ടുപിടിച്ചതിനാണ്  ഇന്ത്യന്‍ പേറ്റന്റ്. പുതിയ കണ്ടുപിടുത്തം കാന്‍സര്‍ ചികിത്സയ്ക്ക് മുതല്‍ കൂട്ടാകും.

നാനോ സ്ട്രക്ചര്‍ ഓര്‍ത്തോപെഡിക്, ഡെന്റല്‍ ഇംപ്ലാന്റ് വികസിപ്പിച്ചതിനാണ് മറ്റൊരു ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത്.മരുന്നില്ലാതെ ഉപയോഗിക്കാവുന്ന പുതിയ സ്റ്റെന്റ് കണ്ടുപിടിച്ചതിനാണ് അവസാന ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത്.

ഡോ. ശാന്തികുമാര്‍ വി. നായര്‍, ഡോ. മന്‍സൂര്‍ കോയകുട്ടി, ഡോ. ദീപ്തി മേനോന്‍, ഡോ. പ്രവീണ്‍ വര്‍മ്മ, ഡോ. കൃഷ്ണകുമാര്‍ മേനോന്‍, ഡോ. ഗോപി മോഹന്‍, ഡോ. അനുഷ അശോകന്‍, ഡോ. വിജയ് ഹരീഷ് എന്നിവരാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top