26 April Friday

നിങ്ങളുടെ ബുദ്ധി അളക്കാനാവുമോ ?

പ്രസാദ് അമോര്‍Updated: Saturday Oct 26, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

ഒരു സ്വകാര്യ വിരുന്ന് സൽക്കാരത്തിൽ വെച്ചാണ് അനിലിനെ പരിചയപ്പെടുന്നത്.ഒരു അന്തർദേശീയ മാധ്യമത്തിന്റെ സൗത്ത് ഏഷ്യൻ തലവനായ അവൻ ശരാശരി പത്രപ്രവർത്തനത്തിന്റെ ഉപരിപ്ലവമായ സമീപനങ്ങൾക്ക് അപ്പുറം വസ്തുനിഷ്ടമായ വിശകലന സാമർഥ്യമുള്ള ഒരാളാണ്. ഞങ്ങൾ അതിവേഗം നല്ല സുഹൃത്തുക്കളായി. ഒരു ദിവസം അനിൽ തന്റെ ജീവിത ഗതിവിഗതികൾ പങ്കുവെയ്ക്കുകയുണ്ടായി.അനിലിന്റെ തന്നെ വാക്കുകൾ:

അധ്യാപകർക്കും സഹപാഠികൾക്കും ഇടയിൽ ഒരു പരിഹാസപാത്രമായി ജീവിക്കേണ്ടിവന്ന ഹൈസ്കൂൾ പഠനകാലം. ഒട്ടും ഗണിതശേഷിയില്ലായിരുന്നു.അധ്യാപകരുടെ നിരന്തര പരാതികളുടെ ഒരു സന്ധിയിൽ മാതാപിതാക്കൾ പ്രശസ്തനായ ഒരു മനഃശാസ്ത്ര വിദഗ്ദനുമായി കൂടിക്കാഴ്ച തരപ്പെടുത്തി.അദ്ദേഹം എന്റെ ബുദ്ധിപരിശോധന നടത്തുകയും സ്കോർ ബോർഡർലൈനിലാണെന്ന് പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാകുന്നതിന് വേണ്ടിയുള്ള ബുദ്ധിവൈഭവം ഇല്ലെന്നാണ് പരിശോധനയിൽ കാണുന്നതെന്നും ബോധ്യപ്പെടുത്തി. ആ കൂടിക്കാഴ്ചയ്ക്കു ശേഷം എന്റെ കുഞ്ഞു മനസ്സ് നൊന്തു. നെഞ്ചോതിക്കിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു.കുറച്ചുനാൾ ഞാനെൻറെ ഏകാന്തവിചാരങ്ങളും ആകാംഷയുമായി ജീവിച്ചു.അധ്യാപകർ പ്രകടമായ നീരസത്തോടെ അവഗണിച്ചുകൊണ്ടിരുന്നു.പത്താംതരം ജയിക്കുക എന്നത് നാൾക്കുനാൾ ഒരു ദുഷ്പ്രതീക്ഷയായി എന്നെ അലട്ടി.ജീവിതത്തെക്കുറിച്ചു് പരിഭ്രമമായി.

പിന്നീട് പഠനത്തിന്റെയും ജീവിതത്തിന്റെയും സംഭവബഹുലമായ ഒരു ചാക്രിക സമാപ്തിയിൽ ശക്തി ദൗർബല്യങ്ങൾ സ്വയം തിരിച്ചറിയുകയായിരുന്നു. പത്താം ക്ലാസ് സെക്കന്റ് ക്ലാസ്സോടെ ജയിച്ചു . പക്ഷെ ഗണിതത്തിൽ പത്തു് മാർക്ക് .ഉപരി പഠനത്തിൽ ഇംഗ്ലീഷിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തരബിരുദം ഉയർന്ന മാർക്കോടെ നേടി . പത്തുവർഷമായി അന്തർദേശീയ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നു.

അപ്പോൾ അനിലിന് സാമാന്യ ബുദ്ധിയില്ലെ?

എന്താണ് ബുദ്ധിമാന ടെസ്റ്റ് ?

പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ പരീഷസാഹചര്യങ്ങളിൽ നടത്തുന്ന രീതിയിൽ I Q(intelligent quotient) ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ആൽഫ്രഡ്‌ ബിനേയും, തിയോഡർ സൈമണുമാണ്.അൻപത്തു് നാല് പ്രവർത്തനങ്ങളാണ് ബിനെ സ്കെയിൽ ഉള്ളത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചെയ്തുതീർക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് ആരംഭിച്ചു് വ്യക്തിയ്ക്ക് ചെയ്തു തീർക്കാൻ കഴിയാത്ത തലം വരെ അത് തുടരുന്നു. ഏതു പ്രായത്തിലെ പ്രവർത്തനങ്ങളാണോ വ്യക്തിയ്ക്ക് ചെയ്തുതീർക്കാൻ കഴിയുന്നത് അതാണ് വ്യക്തിയുടെ മാനസിക പ്രായം .മാനസിക പ്രായത്തെ യഥാർത്ഥ പ്രായം കൊണ്ട് ഹരിക്കുകയും ഹരണഫലത്തെ നൂറുകൊണ്ട് ഗുണിച്ചാൽ ബുദ്ധിമാനം കണക്കാക്കാം എന്നതാണ് ഈ രീതി.ബിനെയുടെ ബുദ്ധിമാന ടെസ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബുദ്ധിയുടെ തലം തിട്ടപ്പെടുത്താനാകുമെന്ന് അവകാശപെട്ടുകൊണ്ട് വിവിധ ഉപാധികൾ പലരും രൂപപ്പെടുത്തിയത്.പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായിരുന്ന ലൂയിസ് ടെർമൻ വളർത്തിക്കൊണ്ടുവന്ന സ്റ്റാൻഫോർഡ് ബിനെ സ്കെയിൽ മനുഷ്യന്റെ സാമാന്യബുദ്ധി അളക്കാനുള്ള ഒരു മാനദണ്ഡമായി മാറുകയായിരുന്നു.ഈ ടെസ്റ്റിൽ തൊണ്ണൂറു പ്രവർത്തനങ്ങളാണ് ഉള്ളത്.ഇന്ന് നിരവധി ബുദ്ധിമാന രീതികൾ നിലവിലുണ്ട്.

ബുദ്ധിമാന ടെസ്റ്റുകൾ കൊണ്ട് എന്ത് ചെയ്യുന്നു??

ബുദ്ധിമാന സ്കെയിൽ ദുര്ബലമനസ്ക്കരായ ആളുകളെ വേർതിരിക്കാൻ അവരുടെ ബൗദ്ധികശേഷിയെ വിവേചനപ്പെടുത്താനുള്ള മാർഗ്ഗമായി.കുടിയേറ്റക്കാരെയും കറുത്തവരെയും അടിച്ചമർത്താൻ അത് ഉപയോഗിച്ചു.യഥാർത്ഥത്തിൽ അത് വംശീയവും വർഗ്ഗപരവുമായ അസമത്വങ്ങളെ ന്യായീകരിക്കാനുള്ള ഉപകരണങ്ങളാക്കി.അത് ജനിതക ഭിന്നതയെപ്പറ്റി നിലനിന്നിരുന്ന മുൻവിധികൾക്കു സാധൂകരണം കൊടുത്തു.വെള്ളക്കാർക്ക് കറുത്തവർഗ്ഗക്കാരെക്കാൾ ബുദ്ധിവൈഭവം ജനിതകമായി തന്നെ കൂടുതലാണ് എന്ന പൊതുബോധം സൃഷ്ടിച്ചു.IQ ടെസ്റ്റിൽ സ്കോർ കുറഞ്ഞവരെ ഒരു കാലത്തു് മനോരോഗികളാക്കി ചിത്രീകരിക്കുമായിരുന്നു. ഇന്നും ബുദ്ധിമാന ടെസ്റ്റുകളുടെ പേരിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

നിലവിലുള്ള ബുദ്ധി വർദ്ധിപ്പിക്കാൻ കഴിയുമോ ?

സങ്കീർണ്ണമായ മസ്തിഷ്ക കോശങ്ങൾ രൂപപ്പെടുന്നതിൽ ജീവിതാനുഭവങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്.ന്യൂറോൺ ബന്ധങ്ങളും വഴക്കവുമായി (Brain plasticity) ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ വികാസം ജീവിതകാലം മുഴുവൻ തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിന്റെ ഈ ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും. ഒരാൾ ഒരാശയം മനനം ചെയാത്തതുകൊണ്ടോ ,സ്മരണിക(visualization exercise) പരിശീലനം ചെയ്തതുകൊണ്ടോ മസ്തിഷ്കത്തിൽ അദ്ഭുതകരമായ ഒന്നും സംഭവിക്കുന്നില്ല .നീന്തൽ പഠിക്കുന്ന ഒരാൾ മറ്റുള്ളവർ നീന്തുന്നതിന്റെ വീഡിയോ കണ്ടതുകൊണ്ടോ സൈക്കിൾ പഠിക്കുന്നതിന് മറ്റുള്ളവർ സൈക്കിൾ ചവിട്ടുന്നത് കണ്ടതുകൊണ്ടോ കാര്യമില്ല .അവ സ്വയം പഠിക്കേണ്ടിവരും. നിരന്തരം വൈവിധ്യമുള്ളതും അതേസമയം പുതിയതുമായ കാര്യങ്ങൾ ,സ്കില്ലുകൾ പഠിക്കുക .അത് ഒരു വിദേശ ഭാഷ സ്വായത്തമാക്കുന്നതാകാം ,ഡ്രൈവിംഗ് അറിയാത്ത ഒരാൾ അത് അഭ്യസിക്കുന്നതാകാം ,മരംകയറാം പഠിക്കുന്നതാകാം etc.. തുടർച്ചയായി വ്യത്യസ്ഥമായ സ്കില്ലുകൾ പഠിക്കുന്നതനുസരിച് പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ(Pruning) ഒഴിവാക്കാൻ കഴിയുന്നു അങ്ങനെ,ഓരോരുത്തർക്കും ജന്മനാ ലഭ്യമായ കൊഗ്നിറ്റീവ് ശേഷികളായ ഓർമ്മ , ചിന്ത, ബോധം , ,ബുദ്ധി ,ജാഗ്രത തുടങ്ങിയവ ഒരു പരിധിവരെ കാര്യക്ഷമമായി ഉപയോഗിക്കാനും ,നിലനിർത്താനും കഴിയും.

ബുദ്ധി അളക്കാനാവുമോ?

മനുഷ്യൻ ബഹുമുഖ ശേഷിയുള്ള ജീവിയാണ്.അവർക്ക് പരിണാമപരമായി വ്യത്യസ്തതരത്തിലുള്ള ബൗദ്ധിക കഴിവുകൾ ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അതിനാൽ ഏതെങ്കിലും ശേഷിയിൽ മാത്രം ഊന്നിയുള്ള തിട്ടപ്പെടുത്തലുകൾ അശാസ്ത്രീയമാണ്.മാത്രമല്ല പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ശരി ഉത്തരം നല്കാൻ കഴിഞ്ഞോ എന്ന പരിശോധനയിൽ ഒരാളുടെ ബൗദ്ധിക സാധ്യതകൾ എങ്ങനെ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഴിയും?

മാനസികവികാസം ,കഴിവുകൾ എന്നിവയിൽ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വ്യക്തികളുടെ വ്യത്യസ്തത സ്കോറുകളെ ഒരൊറ്റ സ്കോറിലേയ്ക്ക് പരിമിതപ്പെടുത്തുന്നതുതന്നെ അസംബന്ധമാണ്.

ബുദ്ധി പരീക്ഷയിൽ ഒരാൾ മറ്റൊരാളേക്കാൾ മികച്ചുനിന്നാൽ പോലും അതിൽ ജന്മസിദ്ധമായ വാസനയാണോ പരിശീലനം വഴി ലഭിച്ചതാണോ എന്ന് എങ്ങനെ അളക്കാൻ കഴിയും ?ഒരാൾ ഒരേ ടെസ്റ്റിന് ഒന്നിൽ കൂടുതൽ വിധേയമാവുമ്പോൾ സ്‌കോറിൽ വ്യത്യാസം വരുന്നു.

ബുദ്ധി പരീക്ഷയിൽ ഒരാളുടെ മാനസിക പ്രക്രിയകളും അതിനെക്കുറിച്ചുള്ള സ്വന്തം വിലയിരുത്തലിന്റെ ഘടകങ്ങളും(meta cognitive indicators-Meta-cognition is the process of observing the process of learning, and using the feedback loop for self-regulation process) പരിഗണിക്കാൻ കഴിയില്ല.
വസ്തുതകൾ പരിശോധിക്കുകയും ആശയങ്ങളെ വിലയിരുത്തുകയും പാരമ്പര്യ വിശ്വാസപ്രമാണങ്ങളിലെ അസംബന്ധങ്ങളും എല്ലാം വിമര്ശപരമായി പരിശോധിക്കുന്ന ഒരാളുടെ വിമർശന ബുദ്ധി (critical intelligence)എങ്ങനെ അളക്കാൻ കഴിയും? ഒരാൾക്ക് എന്തൊക്കെ കാര്യങ്ങൾ അറിയാം എന്നതിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിയുടെ ബുദ്ധി തിട്ടപ്പെടുത്തുക എന്നത് അസാധ്യമാണ്.

ബുദ്ധിമാന പരീക്ഷയിൽ നാല് സാധ്യതകൾ നൽകുന്ന രീതിയിൽ അഞ്ചാമത് ഒരു സാധ്യത ഉണ്ടാകും എന്നതിന് പ്രസക്തി കൊടുക്കുന്നില്ല.ബുദ്ധിമാന രീതിയിലെ ചോദ്യങ്ങളിൽ തന്നെയുള്ള സാംസ്കാരികവും സ്ഥലകാലികവുമായ മുൻവിധികളുണ്ട്. ഒരു പ്രത്യേയ്ക കാലത്തിനും സ്ഥലത്തിനും സൃഷ്ടിക്കുന്ന ഫലങ്ങൾ ടെസ്റ്റിന് വിധേയമാവുന്നവരുടെ സാമാന്യബുദ്ധി എത്രയുണ്ടെന്ന് അളക്കുന്നത് അസംബന്ധമാണ്.

ഗണിത ശാസ്ത്ര കൂർമത, യുക്തിചിന്ത , ഓർമ , ഭാഷാ ശേഷി, സ്ഥല കാല ബോധം തുടങ്ങിയവയെ ബുദ്ധിപരമായ കഴിവുകളായി കണക്കിലെടുക്കുമ്പോൾ തന്നെ വ്യക്തിയുടെ സർഗാത്മകവും വൈകാരികവുമായ സവിശേഷതകളും ചില പ്രത്യേക മേഖലയിലുള്ള പ്രാവീണ്യവുമെല്ലാം ബൗദ്ധികശേഷികളല്ലേ? ഇത്തരത്തിലുള്ള ശേഷികൾ സാംസ്കാരികമായും ദേശങ്ങൾക്കനുസരിച്ചും വ്യതിരിക്തമാണ്. അതിനാൽ ഒരു സാംസകാരിക പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ബുദ്ധിമാന രീതികൾ സർവ്വജനീനമായി ഉപയോഗിക്കുക എന്നത് എങ്ങനെ സാധ്യമാവും?

മനുഷ്യന്റെ ബൗദ്ധികവികാസം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള അവസ്ഥയിലൂടെ രൂപപെടുന്നതാണ്. മനുഷ്യപെരുമാറ്റവും ബുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ആന്തരികഘടകങ്ങളുടെ സൃഷ്ടിയാണ്. അതാകട്ടെ ന്യൂറോണുകളുടെയും നാഡീവ്യുഹത്തിന്റെയും അതുമായി ബന്ധപ്പെട്ട പേശികളുടെയും ഗ്രന്ഥികളുടെയും വികാസമായി കാണണം. മനുഷ്യന്റെ അതിജീവനശേഷിയുടെ സങ്കീർണതകൾ തിട്ടപ്പെടുത്തുക എന്നത് ഷിപ്രസാദ്ധ്യമല്ല. മാത്രമല്ല ശാരീരികവും മാനസികവുമായ വ്യത്യാസങ്ങൾക്കുപിന്നിൽ ജീനുകളുടെ സ്വാധീനമുണ്ട്. ഓർമ്മയ്ക്കും പഠന പ്രക്രിയയ്ക്കും മെമെ എന്ന മാത്ര ഉണ്ടെന്ന് ഇവല്യൂഷനറി ബയോളജിസ്റ്റുകൾ പറയുന്നു.അതിജീവനവുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങൾ, അത് ബഹുമുഖ ബുദ്ധിയുടെ മേഖലയാണ്, പരിണാമപ്രക്രിയയുടെ ഭാഗമായി വികസിച്ചുവന്നതാണ്.അതെല്ലാം കേവലം ഒരു ടെസ്റ്റിലൂടെ ഗണിക്കാൻ കഴിയില്ല.

ജനിതകം, തന്മാത്ര ജീവശാസ്ത്രം , പരിണാമശാസ്ത്രം, നാഡി മനശാസ്ത്രം എന്നി ശാസ്ത്ര ശാഖകളുടെ വളർച്ചയുടെ അടിസ്ഥാനത്തിൽ നാം ഇന്ന് മനസിലാക്കുന്ന മനുഷ്യ ബൗദ്ധിക ശേഷിയുടെ മേഖലകൾ ഐക്യു  ടെസ്റ്റുകൾ ഉൾക്കൊള്ളുന്നില്ല.

മനുഷ്യരെ ബുദ്ധിമാന്മാർ- ബുദ്ധിശൂന്യർ, അറിവുള്ളവർ- അറിവില്ലാത്തവർ, മനോരോഗികൾ- മനോരോഗമില്ലാത്തവർ തുടങ്ങിയ തരത്തിലുള്ള വിവേചനങ്ങൾ നടത്തുന്നതും അതിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ അതിജീവനത്തിനുള്ള വിവിധ സാധ്യതകൾ നിഷേധിക്കുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top