കൊച്ചി> കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയിലുടനീളം ഇത്തരം 15-ൽ താഴെ മാത്രം ശസ്ത്രക്രിയകളെ ഇതുവരെ നടന്നിട്ടുള്ളൂ. ഒരു മനുഷ്യ മെനിസ്‌കസ് എന്നത് വളരെ വിരളമായി മാത്രം ലഭിക്കുന്ന ഒന്നാണ്. അത് സാധാരണ മരണശേഷം വൈദ്യശാസ്ത്രത്തിന് ശരീരം ദാനം ചെയ്യാൻ തീരുമാനിച്ച വ്യക്തികളിൽ നിന്നാണ് ലഭിക്കുക. രോഗിയുടെ കുടുംബത്തിന്റെ നേതൃത്വത്തിൽ ഇത് സംഭരിച്ചതിന് ശേഷം 2023 ജൂൺ 20ന് ഓർത്തോപീഡിക്‌സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് സ്‌പോർട്‌സ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്റ് സീനിയർ കൺസൾട്ടന്റും എച്ച്ഒഡിയുമായ ഡോ. ജേക്കബ് വറുഗീസും അദ്ദേഹത്തിന്റെ ടീമും ചേർന്ന് ശസ്ത്രക്രിയ വിജയകരമായി നടത്തി.
25 വയസ്സുള്ള യുവാവിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതിൽ അഭിമാനമുണ്ടെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു. 20 വർഷത്തെ ചരിത്രത്തിൽ നിരവധി നൂതന ചികിത്സകളിലും ശസ്ത്രക്രിയകളിലും ലേക്‌ഷോറിന്റെ മുന്നേറ്റം അഭിമാനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ മെനിസ്കസിന്റെ സ്വാഭാവിക ഘടനയും പ്രവർത്തനവും എത്രത്തോളം അനുകരിക്കാനാകും എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന്റെ അടിസ്ഥാനം. ഇത് രോഗികളെ ചലനശേഷി വീണ്ടെടുക്കാനും സജീവവും വേദനരഹിതവുമായ ജീവിതം നയിക്കാനും സഹായിക്കുന്നു. കാൽമുട്ട് ജോയിന്റ് പ്രശ്‌നങ്ങളുള്ളവർക്ക് ദീർഘകാല ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയാണ് മനുഷ്യ മെനിസ്‌കസ് മാറ്റിസ്ഥാപിക്കുന്നതിലൂടെ ലഭിക്കുക.
കൃത്രിമ ബദലുകളുടെ ദീർഘകാല ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് ഈ ചെറുപ്പക്കാരനായ രോഗിയിൽ ഒരു മനുഷ്യ മെനിസ്‌കസ് ഉപയോഗിക്കാനുള്ള തീരുമാനമെടുത്തത്. മെനിസ്‌കസ് പരിക്കുകളുള്ള രോഗികൾക്ക് തരുണാസ്ഥി തകരാറിലാകാനുള്ള സാധ്യതയുണ്ട്, ഇത് കാൽമുട്ടിലെ ഓസ്റ്റിയോ ആർത്രൈറ്റിസിലേക്ക് പുരോഗമിക്കും, ഇത് നിരന്തരമായ വേദനയ്ക്കും അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനും ഇടയാക്കും. തരുണാസ്ഥി കേടുപാടുകൾ കൂടുതൽ സംഭവിക്കുന്നത് തടയാൻ മെനിസ്‌കസ് റിപ്പയർ ചികിത്സയാണ് സാധാരണ സ്വീകരിക്കുക. നല്ലത്, പക്ഷേ ചില പരിക്കുകൾ പരിഹരിക്കാനാകാത്തതാണ്, പ്രത്യേകിച്ചും രോഗികൾ വൈകി ചികിത്സ തേടുകയാണെങ്കിൽ. അത്തരം സന്ദർഭങ്ങളിൽ, മെനിസ്‌സെക്ടമി (മെനിസ്‌കസിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നത്) എന്ന ഇത്തരം ശസ്ത്രക്രിയ നടത്തും.
ഈ നൂതന ശസ്ത്രക്രിയ മെനിസ്‌കസ് പരിക്കുകൾ നേരിടുന്ന വ്യക്തികൾക്ക് പ്രായോഗിക പരിഹാരം നൽകുന്നു. ഈ ശസ്ത്രക്രിയായുടെ പ്രാഥമിക ലക്ഷ്യം ജോയിന്റ് സ്റ്റെബിലിറ്റി വർദ്ധിപ്പിക്കുക, ഘർഷണം കുറയ്ക്കുക, ആത്യന്തികമായി കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ മെനിസ്‌കസ് ആരോഗ്യമുള്ള മനുഷ്യ മെനിസ്‌കസ് മാറ്റിവയ്ക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുക എന്നിവയാണ്. മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെലവേറിയതായിരുന്നു, മെനിസ്‌കസ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. എന്നിരുന്നാലും, ഇത് നിലവിൽ ഇന്ത്യയിലെ കാഡവെറിക് ലാബുകളിൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..