26 April Friday

സ്വയം പരിശോധന മുടക്കരുത്‌...സ്തനാർബുദം ആരംഭത്തിലേ കണ്ടുപിടിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018


പാശ്ചാത്യരാജ്യങ്ങളിൽ മധ്യവയസ‌്കരായ സ‌്ത്രീകളുടെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ടത‌് സ‌്തനാർബുദമാണ‌്. വയസ്സ‌് കൂടുന്തോറും സ‌്തനാർബുദത്തിന്റെ സാധ്യതയും കൂടുന്നു. ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ സ‌്തനാർബുദംമൂലമുള്ള മരണം ഒന്നുമുതൽ മൂന്ന‌് ശതമാനംവരെയാണ‌്. 20 വയസ്സിനുതാഴെ വളരെ അപൂർവമാണ‌്. വളരെ ചുരുക്കമായി .5 ശതമാനം താഴെ പുരുഷന്മാരിലും വരാൻ സാധ്യതയുണ്ട‌്. അഞ്ച‌് ശതമാനം സ‌്തനാർബുദവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായിട്ട‌് കാണപ്പെടുന്നു.

ആഹാരത്തിലെഫൈറ്റോ ഈസ്ട്രജൻ എന്ന ഘടകത്തിന്റെ അഭാവം സ‌്തനാർബുദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ഫൈറ്റോ ഈസ്ട്രജൻ  അടങ്ങിയ ആഹാരവസ‌്തുക്കൾ താഴെ പറയുന്നവയാണ‌്. പച്ചക്കറികളിൽ കുമ്പളം, ചേന, ചേമ്പ‌്, കാച്ചിൽ മുതലായവയും കോര തുടങ്ങിയ മീനിലും ധാരാളമായി അടങ്ങിയിരിക്കുന്നു.

ശരീരത്തിൽ അടിയുന്ന അമിതമായ കൊഴുപ്പിൽനിന്ന‌് ഉണ്ടാകുന്ന ഇസ‌്ട്രാ ഡയോൾ എന്ന ഹോർമോൺ  സ‌്താനാർബുദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. മുലയൂട്ടൽ സ‌്തനാർബുദത്തിൽനിന്ന‌് ഒരുപരിധിവരെ സംരക്ഷണം നൽകുന്നു. ക്യാൻസർ അഥവാ അർബുദ രോഗത്തിന്റെ വ്യക്തമായ ഒരു കാരണം കണ്ടുപിടിച്ചിട്ടില്ല. എന്നാൽ, നിരന്തരമായ ചില ജീവിതസാഹചര്യങ്ങൾ (മദ്യപാനം, പുകവലി, വെറ്റിലമുറുക്ക‌്, അന്തരീക്ഷ മലിനീകരണം, ഭക്ഷ്യവസ‌്തുക്കളിലെ വിഷാംശം, അമിതമായ വണ്ണം, ആയാസമില്ലാത്ത ജീവിതചര്യ, മാനസികസംഘർഷം) കാരണമായേക്കാമെന്നാണ‌് പഠനങ്ങൾ വ്യക്തമാക്കുന്നത‌്. എന്നാൽ, ഈ രീതിയിൽ ജീവിക്കുന്ന എല്ലാവരിലും ക്യാൻസർ കാണുന്നില്ലെന്നതും വ്യക്തമാണ‌്.  

അടുത്തകാലത്തായി വിശദമായ പരിശോധനകളിലൂടെ ശരീരത്തിൽ ക്യാൻസർ  ഇല്ലെന്ന് തീർച്ചപ്പെടുത്തിയ ഒരാളിൽ, ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ക്യാൻസർ രോഗം ആരംഭിച്ചേക്കാം. ഇതിൽനിന്ന‌് മനസ്സിലാക്കേണ്ടത‌് എന്താണ‌്. ജീവിതസാഹചര്യങ്ങളിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം നിരന്തരമായ സ്വയംപരിശോധനകളും ആവശ്യമാണ‌്.
തുടക്കത്തിലേ കണ്ടെത്താൻ കഴിയുമെന്നതാണ‌് സ‌്തനാർബുദത്തെ മറ്റ‌് ക്യാൻസർ രോഗങ്ങളിൽനിന്ന‌് വ്യത്യസ‌്തമാക്കുന്നത‌്. സ‌്തനങ്ങൾ പുറമെ കാണപ്പെടുന്ന ഒരു ശരീരഭാഗമായതിനാൽ കൃത്യമായ സ്വയംപരിശോധനയിലൂടെ ചെറിയ മാറ്റംപോലും കണ്ടെത്താൻ കഴിയും.

ആരംഭദിശയിലേ കണ്ടുപിടിച്ചാൽ നൂറുശതമാനവും ചികിത്സിച്ച‌് ഭേദമാക്കാൻ കഴിയും. അതാണ‌് നേരത്തെയുള്ള പരിശോധനയ്ക്ക്  പ്രാധാന്യം നൽകിക്കൊണ്ട‌് ബോധവൽക്കരണ പരിപാടികൾ ലക്ഷ്യമിടുന്നത‌്.

സ്വയംപരിശോധന എപ്പോൾ, എങ്ങനെ?
മാസമുറ ഉള്ളവർ അതു കഴിഞ്ഞാലുടനെയും അല്ലാത്തവർ ഒരുമാസത്തോളം കൃത്യമായ ഇടവേളകളിലും സ്വയം പരിശോധിക്കുക. ആർത്തവത്തിനുമുമ്പുള്ള പത്തുമുതൽ 15 വരെ ദിവസങ്ങളിൽ മാറിൽ തടിപ്പോ കട്ടിയോ വേദനയോ വരുന്നത‌് സ്വാഭാവികമാണ‌്. ഈ സമയത്തുമാത്രം ഉണ്ടാകുന്ന മിതതരം ഹോർമോണിന്റെ പ്രവർത്തനഫലമായി ശരീരത്തിൽ പ്രത്യേകിച്ചും മാറിടങ്ങളിൽ വെള്ളം കൂടുതലായി കെട്ടിനിൽക്കാൻ ഇടയാകുന്നു. അതുകൊണ്ട‌ാണ‌് ചെറിയ വേദനയോടുകൂടി കട്ടിയായി അനുഭവപ്പെടുന്നത‌്. മേൽപ്പറഞ്ഞ കാരണത്താൽ സ്വയം പരിശോധന ആർത്തവം തുടങ്ങി അഞ്ചോ ആറോ ദിവസം കഴിയുമ്പോൾമാത്രം ചെയ്യണം.

തുടക്കത്തിൽ മറ്റ‌ു ഭാഗങ്ങളെ അപേക്ഷിച്ച‌് ചെറിയ ഒരു വേദനരഹിതമായ തടിപ്പ‌ുമാത്രമായിട്ടായിരിക്കും അനുഭവപ്പെടുന്നത‌്. വേദനയില്ലാ എന്ന കാരണത്താൽ പരിശോധനയിലൂടെമാത്രമേ അറിയാൻ കഴിയുകയുള്ളൂ. ചെറിയ ഇത്തരത്തിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ വളരെ ക്ഷമയോടുകൂടി മാറിന്റെ എല്ലാ ഭാഗങ്ങളും കക്ഷവും പരിശോധിക്കണം. സ്വന്തം ശരീരത്തിൽ ഇന്നലെവരെ ഇല്ലാത്ത ഒരു വ്യത്യാസം കണ്ടുപിടിക്കാൻ കഴിയുന്നത‌് ഒരു ഡോക്ടറേക്കാളും സ്വയം പരിശോധകർക്കുതന്നെയാണ‌്.

കണ്ണാടിയുടെ മുന്നിൽ നിന്ന‌്, മാറുകൾക്ക‌് വലിപ്പവ്യത്യാസം, നിറവ്യത്യാസം, മുലക്കണ്ണുകൾക്ക‌് ഉൾവലിച്ചിൽ, പ്രകടമായ മുഴകൾ എന്നിവ ഉണ്ടോയെന്ന‌് പരിശോധിച്ചശേഷം, കൈപ്പത്തിയുടെ പ്രതലം ഉപയോഗിച്ച‌് മാറിടത്തിന്റെ ഓരോ ഭാഗവും തടവിനോക്കണം. കിടന്നുകൊണ്ടോ നിൽക്കുന്ന അവസ്ഥയിലോ പരിശോധനയാകാം. പരിശോധനയിൽ സംശയം തോന്നിയാൽ ഡോക്ടറെ സമീപിക്കുക. സംശയം തോന്നിയ ഭാഗം ഡോക്ടർക്ക‌് തൊട്ടുകാണിച്ച‌് കൊടുക്കുക.

മാറിൽ കാണുന്ന വ്യത്യാസങ്ങളിലും മുഴകളിലും 80 ശതമാനവും ക്യാൻസർ അല്ല. അതിനാൽത്തന്നെ തടിപ്പോ മുഴയോ അനുഭവപ്പെട്ടാൽ പേടിയും വെപ്രാളവും ഡോക്ടറെ സമീപിക്കാനുള്ള വിമുഖതയും പാടില്ല. തടിപ്പോ മുഴയോ അല്ലാതെയും സ‌്തനാർബുദം കാണപ്പെടുന്നു.

മുലഞെട്ടുകൾ അടുത്തകാലത്തായി ഉൾവലിഞ്ഞ‌് കാണുക, (ചിലരുടെ മുലഞെട്ടുകൾ ചെറുപ്പത്തിലേ ഉൾവലിഞ്ഞതായിരിക്കും) മുലക്കണ്ണുകളിലൂടെ രക്തം കലർന്നതോ അല്ലാത്തയോ ആയ സ്രവം, വലിപ്പവ്യത്യാസം, നിറവ്യത്യാസം, കക്ഷങ്ങളിലെ മുഴകൾ എന്നിവയും പരിശോധനകളിലൂടെ ക്യാൻസറല്ലെന്ന‌് തീർച്ചപ്പെടുത്തേണ്ടതുണ്ട‌്. മറ്റ‌ു പല കാരണങ്ങളാലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകാം.

ഡോക്ടറുടെ പരിശോധന മൂന്നുവിധത്തിലായിരിക്കും. 1. ക്ലിനിക്കൽ എക്സാം – രോഗവിവരം വിശദമായ മനസ്സിലാക്കി, കൈകൊണ്ട‌് മാറുകളും കക്ഷവും പരിശോധിക്കുക. 2. റേഡിയോളോജിക്കൽ എക്സാം – മാറിന്റെ അൾട്രാ സൗണ്ട് സ്കാൻ ി, മാമ്മോഗ്രാം അല്ലെങ്കിൽ MRI  തുടങ്ങിയ പരിശോധന.

രോഗിയുടെ പ്രായവും രോഗത്തിന്റെ തീവ്രതയും മനസ്സിലാക്കി ഇതിൽ ഏതു പരിശോധന വേണമെന്ന‌് ഡോക്ടർ തീരുമാനിക്കും.
Tissue Diognosis -–- True Cul-–-Biopsy PNAC അല്ലെങ്കിൽ Exisim Biopsy എന്നീ പരിശോധനകൾ. മേൽപ്പറഞ്ഞ മൂന്നുതരം പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.

ആരംഭദിശയിൽ കണ്ടുപിടിച്ചാലുള്ള പ്രയോജനങ്ങൾ എന്തെല്ലാമെന്ന‌് നോക്കാം.

സ‌്തനാർബുദം കണ്ടുപിടിക്കുന്ന അവസരത്തിൽ നാല‌് സ‌്റ്റേജുകളായിട്ടാണ‌് വേർതിരിച്ചിട്ടുള്ളത‌്. 3–4 സ‌്റ്റേജുകളിലുള്ള രോഗികളുടെ ജീവിതദൈർഘ്യം  പരിമിതമായേക്കാം. എന്നാൽ, ഒന്നും രണ്ടും സ‌്റ്റേജിൽ ഉള്ളവർക്കു ക്യാൻസർ മുഖേനയുള്ള ജീവിതദൈർഘ്യ പരിമിതി ഇല്ല. അതായത‌് ആരംഭദിശയിൽ കണ്ടുപിടിച്ചാൽ മരണകാരണമാകുന്നില്ലെന്നുമാത്രമല്ല ചികിത്സിച്ച‌് ഭേദമാക്കാനും കഴിയുന്നു.

ആരംഭദിശയിൽ ചിലപ്പോൾ മാറ‌് മുഴുവനായി നീക്കം ചെയ്യേണ്ടിവരുന്നില്ല. ചിലപ്പോൾ റേഡിയേഷൻ ചികിത്സ ഒഴിവാക്കാൻ കഴിയും, കീമോതെറാപ്പിയുടെ എണ്ണം കുറയ‌്ക്കാൻ കഴിയും. ചിലരിൽ ഓപ്പറേഷൻ കൊണ്ടുമാത്രം ചികിത്സ പരിമിതപ്പെടുത്താൻ കഴിയും.

ആരംഭദിശയിൽ ക്യാൻസർ കണ്ടുപിടിക്കാനുള്ള അവബോധം ക്യാൻസർ മുഖേനയുള്ള മരണസംഖ്യ കുറയ‌്ക്കാനും കുടുംബത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top