20 April Saturday

എന്താണ് മഷ്തിഷ്കത്തിനുവേണ്ട ഭക്ഷണം?...പ്രസാദ് അമോര്‍ എഴുതുന്നു

പ്രസാദ് അമോര്‍ Updated: Monday Sep 9, 2019

പ്രസാദ് അമോര്‍

പ്രസാദ് അമോര്‍

തീർച്ചയായും കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെ -മാനസികനിലയെ-സ്വാധീനിക്കുന്നുണ്ട്.അമിതകൊഴുപ്പടങ്ങിയ വിഭവങ്ങൾ മസ്തിഷ്കത്തിലെ ന്യൂറോ ട്രാൻസ്മിറ്റർസിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്നു.പഞ്ചസാരയുടെ അമിത ഉപയോഗം മാംസപേശികളുടെ ക്ഷയത്തിനും വിഷാദത്തിനും കാരണമായേക്കാം. എന്നാൽ പഴവർഗ്ഗങ്ങൾ , പൂർണമായ ധാന്യങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം വിഷാദത്തെ പ്രതിരോധിക്കും...പ്രസാദ് അമോര്‍ എഴുതുന്നു 

രണ്ടു ലക്ഷം വർഷത്തോളം മനുഷ്യൻ ചെറുപ്രാണികളെയും മൃഗങ്ങളെയും ചുട്ടുതിന്നും കിഴങ്ങുകളും പഴവർഗ്ഗങ്ങളും പറിച്ചുതിന്നുമാണ് ജീവിച്ചത്.പുരുഷന്മാർ വേട്ടയാടി ഇറച്ചി കൊണ്ടുവന്നു. പഴങ്ങളും കായ്കളും ശേഖരിച്ചിരുന്നത് സ്ത്രീകളായിരുന്നു. മനുഷ്യർക്ക് ധാന്യങ്ങളോട് പ്രിയം തോന്നിയിട്ട് ഏതാണ്ട് ഏഴായിരത്തോളം വർഷമേ ആയിട്ടുള്ളു.മനുഷ്യർ ആദ്യം കൃഷി ചെയ്തത് പുല്ലു വർഗ്ഗത്തിൽ പെട്ട ചോളം, ബാർളി തുടങ്ങിയ ധാന്യങ്ങളായിരുന്നു.

മനുഷ്യശരീരത്തിൽ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നത് മഷ്തിഷ്കവും അന്നപഥവുമാണ്.മനുഷ്യ മഷ്തിഷ്കത്തിന്റെ ആകെ വലുപ്പം മൊത്തം ശരീരത്തിന്റെ 2 .5 ശതമാനമാണ് പക്ഷേ ഊർജ്ജത്തിന്റെ 20 ശതമാനം ഉപയോഗിക്കുന്നത് മസ്തിഷ്കമാണ്. വർദ്ധിച്ച ഊർജ്ജ ഉപയോഗം മാംസാഹാരത്തിന്റെ ആവശ്യകത അനിവാര്യമായി. പ്രോട്ടീനുകളടങ്ങിയ മാംസഭക്ഷണം മസ്തിഷ്കവികാസത്തെ സഹായിച്ചു.ഇന്നും മനുഷ്യർക്ക് മൃഗമാംസവും, പുഴുക്കളുടെയും ഉരഗങ്ങളുടെയും ഭോജ്യങ്ങളും എല്ലാം പഥ്യമാണ്. പാചകം ചെയ്ത് ഭക്ഷിക്കാൻ തുടങ്ങിയത് മനുഷ്യന്റെ ജീവിതത്തിന്റെ ഒരു പരിണാമ ഘട്ടമായിരുന്നു.സങ്കീർണ്ണമായ കൊഴുപ്പുകളെയും മാംസ്യങ്ങളെയും വിഘടിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും രോഗസാധ്യത കുറയ്ക്കുവാനും പാചകം സഹായിച്ചു.

ആഹാരം മിഥ്യയും യാഥാർഥ്യവും

ദിവസേന ഒരു ബദാം വീതം കഴിച്ചാൽ ഓട്ടിസം വരില്ല ,ഓർമ്മ ശക്തി അസാധാരണമായി വർദ്ധിക്കും. ആപ്പിൾ കഴിച്ചാൽ ഹൃദ്രോഗം വരില്ല.കാന്താരി മുളക് കഴിച്ചാൽ കൊളസ്‌ട്രോൾ ഒരിക്കലും വരില്ല തുടങ്ങിയ പ്രചാരണങ്ങൾ വ്യാപകമാണ്. ചില ഭക്ഷ്യവിഭവങ്ങൾ അത്ഭുതകരമായ ഫലമുണ്ടാക്കുമെന്ന പ്രചാരണം അമിതമായ അവകാശവാദം മാത്രമാണ്. ഒരാളും അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചിട്ട് ഇരുനൂറ് വർഷം വരെ ജീവിച്ചിട്ടില്ല.പക്ഷേ ക്രമീകൃതമായ ആഹാരം കഴിക്കുക എന്നത് ബുദ്ധിപരമായ ഒരു തീരുമാനം തന്നെയാണ്. സന്തുലന ആഹാര ചര്യയാണെങ്കിലും ഒരു വ്യക്തിക്ക് ജന്മനാ ലഭ്യമായ ശാരീരിക ഗുണങ്ങളെ മാത്രമാണ് പരിപാലിക്കാൻ കഴിയുകയുള്ളു. ആയുസ്സും, ജരണപ്രകിയയും ജീനുകളാൽ നിശ്ചയിക്കപ്പെടുന്നു. ഒരാളുടെ വളർച്ചയെയും വികാസത്തെ നിശ്ചയിക്കുന്നത് ആ വ്യക്തിയ്ക്ക് ജന്മനാ ലഭ്യമായ ജൈവാംശങ്ങളാണ്. ജൈവപ്രകൃതിയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ അതിന്റെ വികാസത്തെ സ്വാധീനിക്കും എന്നത് നിലനിൽക്കുമ്പോൾ തന്നെ ഓരോ ജീവിയും അതുൾപ്പെട്ട വർഗ്ഗത്തിന്റേതായ സാമാന്യഗുണകളും സവിശേഷതകളും നിലനിർത്തും . അതെല്ലാം ജൈവപരമായി ചിട്ടപ്പെടുത്തിയതാണ്. ലക്ഷക്കണക്കിന് വർഷങ്ങളായുള്ള പരീക്ഷണ- നിരീക്ഷണത്തിലൂടെയാണ് ആഹാരസാധനങ്ങളുടെ വൈവിദ്ധ്യങ്ങൾ മനസ്സിലാക്കാൻ മനുഷ്യന് കഴിഞ്ഞത്.നമുക്ക് ചുറ്റും പതിനായിരക്കണക്കിന് ജീവ ജാതികൾ ഉണ്ടെങ്കിലും അവയിൽ തന്നെ ചെറിയ ഒരു ശതമാനം മാത്രമേ നാം ഭക്ഷിക്കുന്നുള്ളു.യഥാർത്ഥത്തിൽ മനുഷ്യരുടെ പതിനായിരക്കണക്കിന് സംവത്സരങ്ങളിലൂടെയുള്ള അനുഭവ ശകലങ്ങളുടെ ആകത്തുകയാണ് നാം ഇന്ന് ആസ്വദിച്ചു കഴിക്കുന്ന ഭഷ്യ വിഭവങ്ങൾ.

ഭക്ഷണം മാനസിക നിലയെ സ്വാധീനിക്കുമോ?

മറ്റൊരു ജീവിവർഗ്ഗത്തിനും അന്യമായ മഷ്തിഷ്കത്തിലൂടെ ലഭ്യമായ സവിശേഷതകളാണ് മനുഷ്യനെ മെച്ചപ്പെട്ട ജീവിയാക്കിയത്. ഏറ്റവും സങ്കീർണമായ അവയവമാണ് മഷ്തിഷ്‌കം.വൈവിദ്ധ്യമുള്ള കാര്യങ്ങൾ ചെയ്യാനുള്ള ന്യൂറൽ ഘടനയും പുതിയ ന്യൂറൽ ശൃംഖലകൾ രൂപീകരിക്കാനുള്ള ജനിതകഘടനയും മനുഷ്യ മഷ്തിഷ്കത്തെ മൃഗങ്ങളുടേതിൽ നിന്ന് വ്യതിരിക്തമാക്കുന്നു.

അസംഖ്യം നാഡീ തന്തുക്കളെ നാഡീ വ്യവസ്ഥ ഉത്പാദിപ്പിക്കുന്നുണ്ട്.സങ്കീർണമായ മഷ്തിഷ്ക കോശബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ കഴിക്കുന്ന ആഹാരത്തിന് മുഖ്യമായ പങ്കില്ലേ?ന്യൂറോണുകളുടെ കൂട്ടാനാശം ഒഴിവാക്കുന്നതിനും, ലഭ്യമായ ബൗദ്ധിക ശേഷിയുടെ മാന്ദ്യം ഒഴിവാക്കുന്നതിനും സഹായകരമായ ഒരു ഭക്ഷണ ക്രമമുണ്ടോ?

തീർച്ചയായും കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെ -മാനസികനിലയെ സ്വാധീനിക്കുന്നുണ്ട്.അമിതകൊഴുപ്പടങ്ങിയ വിഭവങ്ങൾ മസ്തിഷ്കത്തിലെ ന്യൂറോ ട്രാൻസ്മിറ്റർസിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്നു.പഞ്ചസാരയുടെ അമിത ഉപയോഗം മാംസപേശികളുടെ ക്ഷയത്തിനും വിഷാദത്തിനും കാരണമായേക്കാം. എന്നാൽ പഴവർഗ്ഗങ്ങൾ , പൂർണമായ ധാന്യങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, പ്രോട്ടീൻ എന്നിവയിൽ അമിനോ അമ്ലങ്ങൾ ഉള്ളതുകൊണ്ട് സിറട്ടോണിന് എന്ന രാസികത്തിന്റെ ഉൽപാദനത്തെ സഹായിക്കുന്നു അത് വിഷാദത്തെ പ്രതിരോധിക്കും .ധാരാളം കോളിൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ അസിറ്റകോളിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ സംയോജനത്തിന് ആവശ്യമാണ്.ചയാപചയ പ്രവർത്തനം മൂലം മഷ്തിഷ്കത്തിൽ അടിഞ്ഞുകൂടുന്ന ഹോമോസിസ്റ്റിൻ എന്ന പദാർത്ഥത്തെ വിഘടനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.പയറുവർഗ്ഗങ്ങൾ അണ്ടിവർഗ്ഗങ്ങൾ ഇലക്കറികൾ പഴങ്ങൾ സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ ധാരാളം കോളിൻ അടങ്ങിയിട്ടുണ്ട്. B ജീവകങ്ങൾ മഷ്തിഷ്കത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നവയാണ്. ഫോളിക് ആസിഡും, B 12 എന്നിവ രക്തോല്പാദനത്തെ വർദ്ധിപ്പിക്കുന്നു.B 6, നിയാസിൻ എന്നിവ നാഡീ കോശനിർമ്മാണത്തിന് ആവശ്യമായവയാണ്. ട്രിപ്റ്റോഫാൻ ,ടൈറോസിൻ എന്നി അമിനോ അമ്ലങ്ങൾ മഷ്തിഷ്കത്തിന്റെ കാര്യക്ഷമായ പ്രവർത്തനത്തിന് ആവശ്യമായവയാണ്. L ടൈറോസിൻ ,L ഫിനൈൽ അലനിൻ എന്നി അമിനോ അമ്ലങ്ങളെ നോർ അഡ്രിനാലിൻ ആക്കി മാറ്റുന്നതിനും റ്റിപ്റ്റോഫാനിനെ സിറട്ടോണിൻ ആക്കുന്നതിനും വിറ്റാമിൻ സി ആവശ്യമാണ്.പഴങ്ങൾ നെല്ലിക്ക, പേരയ്ക്ക നാരങ്ങകൾ എന്നിവയിൽ ധാരാളം വിറ്റാമിൻ സി ഉണ്ട്.

പയറുകളിലും സസ്യങ്ങളിലും അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ മസ്തിഷ്ക പ്രവർത്തനത്തെ സഹായിക്കുന്നു. പ്രോട്ടീൻ, അമിനോ ആസിഡ് മൈക്രോ ന്യൂട്രിഷൻസ് ഗ്ളൂക്കോസ് എല്ലാം മസ്തിഷ്കത്തിന്റെ നിർമ്മാണ ഘടകങ്ങളാണ്. ഇവ ഓരോന്നിനും മഷ്തിഷ്കസമുച്ചയ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. ഓബേഗ 3, ഓബേഗ 6 എന്നി ഫാറ്റി ആസിഡുകൾ മഷ്തിഷ്ക ശോഷണരോഗങ്ങളെ തടയുന്നവയാണ്.മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിലും അണ്ടിപരുപ്പുകൾ,ഫാറ്റി ഫിഷ് സീഡുകൾ എന്നിവയിൽ ധാരാളം ഫാറ്റി ആസിഡുകൾ ഉണ്ട്. കോശങ്ങളുടെ പുനഃനിർമാണത്തിന് ഇവ സഹായിക്കുന്നു.

ട്രാൻസ് ഫാറ്റ്, സ്ട്രാറ്റേറ്റഡ് ഫാറ്റ് എന്നിവ കഴിയാവുന്നതും ഒഴിവാക്കേണ്ടതാണ്.ബേക്കറി സാധനങ്ങൾ, ജങ്ക് ഫുഡുകൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പ്രസരിപ്പും ഉന്മേഷവും നഷ്ട്ടപെടുത്തിയെന്നു വരാം. അമിത കൊഴുപ്പടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ ന്യൂറോട്രാൻസ്മിറ്റർസിന്റെ ഉൽപാദനത്തെ മന്ദീഭവിപ്പിക്കുന്നതുകൊണ്ടാണിത്.

ഭക്ഷണ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളുടെ അളവിനും അനുപാതത്തിനും അനുസരിച്ചു ആഹാരം കഴിക്കാൻ എപ്പോഴും കഴിയണമെന്നില്ല.ഏതെങ്കിലും ഒരു ആഹാരം നല്ലതാണെന്ന്‌ കരുതി അത് മാത്രം കഴിക്കുന്നത് ദോഷകരമാകാം . ഉദാഹരണത്തിന് മാംസ്യം നല്ലതാണെന്ന് കരുതി അത് കൂടുതൽ കഴിക്കുന്നത് ഡോപ്പമിൻ, നോർ എപ്പിനെഫ്രിൻ എന്നി ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തും അത് വ്യക്തിയിൽ കൂടുതൽ പിരിമുറുക്കം ഉണ്ടാക്കാം.ആഹാരം സന്തുലിതമാകണം.ഓരോ പോഷക ഘടകവും ശരീരത്തിൽ വ്യത്യസ്തങ്ങളായ ചുമതലകളാണ് നിർവഹിക്കുന്നത്. ഒരു പോഷക ഘടകത്തിനും മറ്റൊന്നിന്റെ ധർമ്മങ്ങൾ പൂർണമായി നിവർത്തിക്കാൻ സാധ്യമല്ല ,അതിനാൽ ഓരോ പോഷക ഘടകവും ഏതാണ്ട് ശരിയായ അളവിൽ ഭക്ഷണത്തിൽ അടങ്ങിയിരിക്കാൻ ശ്രദ്ധിക്കണം.

ആഹാരത്തിലെ ഊർജദായകങ്ങളായ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയും ധാതുലവണങ്ങളും ജീവകങ്ങളും നിത്യം ലഭിക്കുന്ന ആഹാരരീതി ആരോഗ്യകരമാണ്.ഇലക്കറികൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ മുട്ട മത്സ്യം കരൾ എന്നിവയിൽ ഇവയെല്ലാം ഉണ്ട്,ശരീരനിർമ്മാണത്തിനുള്ള പ്രോട്ടീൻ നിർമ്മാണം കരളിൽ നടക്കണമെങ്കിൽ ഇരുപത് അമിനോ അമ്ലങ്ങൾ നിത്യവും ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്.മാംസം മുട്ട എന്നിവയിൽ ഇവ ഉണ്ട്.സസ്യഭക്ഷണം ശീലിച്ചവർക്ക് സമീകൃതമായ സസ്യാഹാരം കൊണ്ട് തന്നെ മാംസ്യം ലഭ്യമാക്കാനാവും.അരിയും പയറുവർഗ്ഗങ്ങളും ചേർത്ത് കഴിച്ചാൽ അല്ലെങ്കിൽ പയറോ, കടലയോ കറിയായി ഉപയോഗിച്ചാൽ മാംസ്യം ലഭിക്കും.

ആഹാരം ഒരു സങ്കീർണ പ്രശ്നമാകുമ്പോൾ

മനുഷ്യൻ ആഹാരം കഴിക്കുന്നത് പശിയടക്കാൻ മാത്രമല്ല, ആസ്വദിക്കാനുമാണ്. മനുഷ്യർക്ക് പൊതുവെ ഊർജം അധികമുള്ള ആഹാരം പ്രലോഭനീയമാണ്‌ . പുതിയ രൂചിക്കൂട്ടുകളിൽ എല്ലാം മണം രുചി കാഴ്ച എന്നി ഇന്ദ്രിയങ്ങൾ ഉത്തേജിതമാണ്. വൈവിധ്യമാർന്ന വിഭവങ്ങൾ മനുഷ്യന്റെ രുചിഭേദങ്ങൾ ചൂക്ഷണം ചെയ്ത് പുതു രുചികൾ അനുഭവിപ്പിക്കുന്നു . അഡിക്ഷൻ രൂപപ്പെടുത്തുന്ന ആഹാരപദാർഥങ്ങൾ എല്ലാമായി ആധുനിക നാഗരികർ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചു രോഗിയാവുകയാണ്. നാഗരികമായ തീനിടങ്ങളിലെല്ലാം ഭക്ഷണത്തിന്റെ ചേരുവയിലും ഗുണത്തിലും മാറ്റം വന്നു.ഇന്ന് ഭക്ഷണം സുലഭമാണ്.

ഭക്ഷണത്തിന്റെ പലവിധ സാധ്യതകൾ കണ്ടെത്തുന്നതിന് മുൻപുള്ള കാലഘട്ടങ്ങളിൽ, കാട്ടിൽ കഴിഞ്ഞ യുഗങ്ങളിൽ തീൻ വിഭവങ്ങൾ സുലഭമായിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന ഭഷ്യവസ്തുക്കൾ കഴിക്കുകയും ഇടയ്ക്കിടെ നോമ്പ്(Fasting) അനുഭവിക്കുക പതിവായിരുന്നു. മനുഷ്യശരീരം പരിണാമപരമായി അത്തരത്തിലുള്ള ഒരു ക്രമത്തിലേയ്ക്ക് പരുവപ്പെട്ടതാണ് .ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ തുടങ്ങിയതും കൃഷി ആരംഭിച്ചതും, ഭക്ഷണത്തിന്റെ പലവിധ സാധ്യതകൾ കണ്ടെത്തിയതുമെല്ലാം ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേയ്ക്ക് മനുഷ്യരെ എത്തിച്ചു.അന്നജം മുഖ്യ ഭക്ഷണമായത് ഗ്ലുക്കോസിനെ വിഘടിച്ചു കോശങ്ങൾ ഊർജം ആഗിരണം ചെയ്യുന്നതിനും അധികം വരുന്ന ഗ്ലുക്കോസിൽ ഒരു ഭാഗം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി കരളിലും മാംസപേശികളിലും വച്ച് ഗ്ലൈക്കോജനായി മാറ്റി സൂക്ഷിക്കുന്നതിനും ബാക്കി വരുന്നത് കൊഴുപ്പായി മാറി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്നതിനും ഇടവരുത്തി.ഇടയ്ക്കിടെ അനുഭവിച്ചിരുന്ന നോബ് ഇല്ലാതെയായത് ഗ്ലൈക്കോജനെ വീണ്ടും ഗ്ളൂക്കോസാക്കി മാറ്റി ഉപയോഗിച്ചിരുന്ന സാധ്യത നഷ്ടപ്പെടുത്തി. അത് മനുഷ്യ ശരീരം തടിക്കുന്നതിന് കാരണമായി.

ആഹാരസംസ്കരണമേഖലയിലെ സാങ്കേതിക പുരോഗതി,കാർഷിക വ്യവസ്ഥയിൽ ,ഭക്ഷണത്തിന്റെ ഘടനയിൽ വന്ന മാറ്റങ്ങൾ എല്ലാം ഭക്ഷണത്തിൽ പുതു രുചികൾ രൂപപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം നിർത്തിയതോടെ മനുഷ്യരുടെ ഭഷ്യ സ്വഭാവം തന്നെ മാറി. കൃഷിഭൂമികൾ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്.ആഗോളവ്യാപകമായ കാലാവസ്ഥാവ്യതിയാനം കാരണം ധാന്യോത്പാദനം കുറഞ്ഞുവരുന്നു. വളരെ കുറച്ചു ധാന്യങ്ങൾ ഉപയോഗിക്കുന്ന പഴയ ഗോത്രവംശപാരമ്പര്യം മനുഷ്യവർഗ്ഗത്തിന് തുണയാകും.മരച്ചീനി, ഉരുളക്കിഴങ്ങ്,ചേന തുടങ്ങിയ കിഴങ്ങുകളും , ചക്ക, കടച്ചക്ക, കായ മുതലായ ഫലങ്ങളും മുഖ്യ ആഹാരമാക്കി മനുഷ്യർക്ക് ജീവിക്കാനാകും.

 

References:

Brain Food; How to Eat Smart and Sharpen Your Mind.The neuroscience behind the foods that will improve your mental fitness. By Dr. Lisa Mosconi.

The FastDiet - Revised & Updated: Lose Weight, Stay Healthy, and Live Longer with the Simple Secret of Intermittent Fasting Dr. Michael Mosley and Mimi Spencer


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top