26 April Friday
അതിവൈകാരികതയുടേയും അതിസാഹസികതയുടെയും പേഴ്സണാലിറ്റി

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ: ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്

ഡോ. മായ ലീലUpdated: Wednesday Oct 14, 2020

ഡോ. മായ ലീല

ഡോ. മായ ലീല

''ചെറുപ്പത്തിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നുള്ളതുകൊണ്ട് എത്രയും നേരത്തെ സഹായം തേടുന്നുവോ അത്രയും നല്ലത്. മാനസിക അസ്വാസ്ഥ്യങ്ങളോടുള്ള സമൂഹത്തിന്റെ മുഖം തിരിച്ചും കണ്ണടച്ചും ഉള്ള നിൽപ്പ് കൊണ്ട് നമ്മളിൽ ആരും ഒന്നും നേടുന്നില്ല, ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്നുമുണ്ട്. ചികിത്സ തേടണം, ഭദ്രത ഉറപ്പാക്കണം, ആരോഗ്യമുള്ള സമൂഹം ചെയ്യേണ്ടതൊക്കെ നമ്മളും ചെയ്യണം''-ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനെ പറ്റി
ഡോ. മായ ലീല എഴുതുന്നു

ആത്മനിയന്ത്രണം മനുഷ്യനിൽ അവനവനും അപരനും ഉപകാരപ്രദമായ ഒരു കഴിവാണ്. അതിവൈകാരികതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളുടെ വാർത്തകൾ ദിവസം തോറും നമ്മുക്ക് മുന്നിലെത്തുന്നുണ്ട്. കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു കൊല്ലുന്ന, പ്രിയമുള്ളവരെ അടിച്ചും വെട്ടിയും കൊല്ലുന്ന, ആത്മഹത്യകൾ പ്രായഭേദമന്യേ തുടർക്കഥയാകുന്ന വാർത്തകൾ. ആത്മനിയന്ത്രണം ഒരു കഴിവാണ് എന്ന് പറയുന്നത്, അതിവൈദഗ്ധ്യം ഉള്ള ഒരു കഴിവ് എന്നമട്ടിലല്ല, മറിച്ച് എല്ലാവരിലും വളർന്നു വരേണ്ടുന്ന ഒരു സാധാരണ സ്വഭാവം ആയാണ്. ഒട്ടുമിക്ക എല്ലാ സ്വഭാവങ്ങളെയും പോലെ ഇതും ചെറുപ്പത്തിൽ വളർന്നു വരേണ്ടുന്ന ഒന്നാണ്. മുതിർന്നതിന് ശേഷവും വളർത്തി എടുക്കാമെങ്കിലും ആത്മനിയന്ത്രണം ഇല്ലാത്തതുകൊണ്ടുണ്ടാകാവുന്ന പരിണിതഫലങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽക്കേ ഇതിന് ശ്രദ്ധ കൊടുക്കണം.

അവനവൻ എവിടെ തുടങ്ങുന്നു എവിടെ തീരുന്നു എന്നതിന് ഒരു ഭൗതിക മാനദന്ധം ഉണ്ട്, ശരീരത്തിന്റെ അതിരുകൾ. അതുപോലെ വികാരങ്ങൾക്കും അതിരുകളുണ്ട്, മാനസികമായ അതിരുകൾ. ഭൗതികമായ അതിരുകൾ പോലെ വ്യക്തമല്ല മാനസികമായ അതിരുകൾ. ഇത് എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു ആരൊക്കെ മുറിച്ചു കടക്കുന്നു, എവിടെയൊക്കെ അതിക്രമിച്ചു കടക്കുന്നു എന്നതെല്ലാം ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്നു. ഉള്ളിൽ അനുഭവിക്കുന്ന ഒരു വികാരം അത് തന്റേതാണോ മറ്റൊരാളുടേതാണോ എന്ന തിരിച്ചറിവില്ലായ്മ.

ഒറ്റപ്പെടലിന്റെ ഭയം ഒരു സാമൂഹ്യ ജീവിയായി ജീവിക്കുന്ന കാലം മുതൽ മനുഷ്യനെ പിന്തുടരുന്നു.ആദിമമനുഷ്യന് കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുക എന്നാൽ മരണം തന്നെയായിരുന്നു ഫലം. ഏതെങ്കിലും ഒരു കൂട്ടത്തിന്റെ ഭാഗമായി കഴിഞ്ഞാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന അവസ്ഥയിൽ നിന്നാണ് മനുഷ്യ മനസ്സിന്റെ പരിണാമം. ആധുനിക കാലത്ത് ഒറ്റപ്പെടൽ ഭയം ഉളവാക്കുന്ന ഒന്നാണോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു കൂട്ടത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ, അവഗണിക്കപ്പെട്ടാൽ ആധുനിക മനുഷ്യൻ മരിക്കുന്നില്ല, അതല്ല സാഹചര്യം. എങ്കിലും ഭയമുണ്ടാകുന്നു, മനുഷ്യവർഗ്ഗത്തിൻ്റെ നിലനിൽപ്പിന് ഉതകിയ ആ ശീലം ഇന്നും അവശേഷിക്കുന്നു. ‘ഞാൻ മരിച്ചു പോയേക്കും’ എന്ന് ചിന്തിച്ചു കൂട്ടി ഭയവും വേദനയും അനുഭവിക്കുന്നത് ഒരാളുടെ ജീവിതത്തെ എത്ര പ്രതികൂലമായി ബാധിക്കും !

മേൽപ്പറഞ്ഞ മൂന്ന് അവസ്ഥകളും (ആത്മനിയന്ത്രണം, മനസ്സിന്റെ അതിരുകൾ, ഒറ്റപ്പെടലിന്റെ ഭയം) ഒരാളുടെ ജീവിതത്തെ ഏറ്റവും ഹാനികരമായി ബാധിക്കുന്ന തരത്തിൽ ഉള്ള സ്വഭാവം ആയി നിലനിൽക്കുന്ന അവസ്ഥയാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (BPD). സൈക്കോളജിസ്റ്റോ സൈക്ക്യാർട്ടിസ്റ്റോ BPD യുടെ രോഗനിർണ്ണയം നടത്തുന്നത് ആധികാരികമായി അംഗീകരിക്കപ്പെട്ട DSM V ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ഒമ്പതിൽ അഞ്ച് ലക്ഷണങ്ങളും ചെറുപ്പം മുതൽ പ്രകടിപ്പിക്കുകയും മുതിർന്ന പ്രായത്തിലും വ്യാപകമായി കാണപ്പെടുകയും ചെയ്യുമ്പോഴാണ്. പ്രധാനമായും BPD ഒരു ആത്മനിയന്ത്രണ നിർവ്വഹണത്തിന്റെ ക്രമക്കേടായാണ് പൊതുവായി പറയുന്നത്. ക്രമക്കേട് എന്നോ രോഗമെന്നോ ഒക്കെ പറയുമ്പോഴും ഇത് ഒരാളുടെ അടിസ്ഥാന സ്വഭാവമായാണ് നിലനിൽക്കുന്നത്. ഇടയ്ക്ക് വന്നു പോകുന്ന ഒരവസ്ഥയല്ല. കുട്ടിക്കാലത്ത് തുടങ്ങി വളരുമ്പോൾ കൂടെ വളരുന്ന പ്രകൃതമാവുകയാണ് BPD ചെയ്യുക.


എന്തൊക്കെയാണ് DSM 5 നിഷ്കർഷിക്കുന്ന ഒമ്പത് ലക്ഷണങ്ങൾ? അവ ഏതൊക്കെയാണ് എന്ന് നോക്കാം.


1.വിട്ടുമാറാത്ത ശൂന്യത - മനുഷ്യർക്ക് ബോറടിക്കും , വെറുതേ ഇരുന്നാൽ, ഒരേ കാര്യം സ്ഥിരമായി ചെയ്തുകൊണ്ടിരുന്നാൽ ഒക്കെ ബോറടിക്കും. പക്ഷെ ഒരുകൂട്ടം ആളുകളുടെ നടുവിൽ ഏറ്റവും തിരക്കുപിടിച്ച ഒരു കാര്യത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും ശൂന്യത അനുഭവപ്പെടുക വിരളമാണ്. ഇങ്ങനെയാണ് BPD വ്യക്തിത്വ-അവ്യവസ്ഥ ഉള്ളവരുടെ സ്ഥായിയായ ഉൾചോദന. എന്ത് ചെയ്യുമ്പോഴും കാര്യങ്ങളിൽ എത്ര മുഴുകി ഉൾപ്പെട്ടിരുന്നാലും അവരുടെ ഉള്ളിൽ തോന്നുന്നത് ഇതെല്ലാം വ്യർത്ഥമാണെന്നും ചുറ്റുമുള്ളവർ കപടമാണെന്നും ആൾക്കൂട്ടത്തിൽ താൻ തനിയേ ആണ് എന്നുമാണ്. പുറമെ പറഞ്ഞു പോകാവുന്ന ഒരു വിരസതയല്ല ഇത്, എന്തിനോടെങ്കിലും പെട്ടെന്ന് ഒരു താത്പര്യം തോന്നി അതിൽ ഉൾപ്പെട്ടാൽ പോലും വളരെ പെട്ടെന്ന് ഈ ശൂന്യതാബോധം തിരികെ വരുകയും ഏർപ്പെടുന്ന വ്യവഹാരം വിരസവും വ്യർത്ഥവും ആവുകയുമാണ്.

2.അസ്ഥിരമായ വികാരങ്ങൾ - ദുർവ്വാസാവിന്റെ പ്രകൃതമെന്നു പറയാം, നിമിഷങ്ങളുടെ വ്യത്യാസത്തിൽ വികാരങ്ങൾ മാറിമറിഞ്ഞു വരും. പെട്ടെന്ന് സന്തോഷിക്കാം, അകാരണമായി അടുത്ത നിമിഷം ദുഃഖിക്കാം, കരുണയും വെറുപ്പും തോന്നാം, അങ്ങനെ മനുഷ്യന് സാധ്യമായ വികാരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് BPD വ്യക്തിത്വത്തിൽ പ്രകടമാവുന്നത്. ഇത് വെറും പ്രകടനം അല്ല. അവരിൽ സ്വാഭാവികമായും ഉണ്ടാവുന്ന പെരുമാറ്റം ആണ്. BPD ഉള്ളവർ ഗുരുതരമായ പൊള്ളൽ ഏറ്റവർക്ക് സമാനമാണ് എന്നാണ് പറയുക, അവർക്ക് എല്ലാ വികാരങ്ങളും അങ്ങേയറ്റത്തെ കാഠിന്യത്തിൽ ആണ് അനുഭവപ്പെടുക, അതുകൊണ്ട് തന്നെ ഇവർ വളരെ ചെറിയ കാര്യങ്ങൾക്ക് പോലും അതിതീവ്രമായ പ്രതികരണം ആവും നൽകുക, പൊള്ളലേറ്റു പഴുത്ത ത്വക്കിൽ ഒരു മരക്കഷ്ണം കൊണ്ടുരഞ്ഞാൽ ഉണ്ടാകാവുന്ന പ്രതികരണം പോലെ അവർ ചെറിയ അസ്വാരസ്യങ്ങൾക്ക് നേരെ പ്രതികരിക്കുന്നു. BPD വ്യക്തിത്വം ഉള്ളവരുടെ കൂടെ ജീവിക്കുന്നവർക്ക് ഇത് യഥാർത്ഥത്തിൽ വളരെ ബുദ്ധിമുട്ടാണ്. എന്ത് പറഞ്ഞാലാണ് അടുക്കുക എന്ത് പറഞ്ഞാലാണ് പൊട്ടിത്തെറിക്കുക എന്നൊരു കൈയ്യാലപ്പുറത്താണ് ഇവരുടെ പങ്കാളികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്ഥിരമായി ഇടപഴകേണ്ടി വരുന്നത്. ഇവരിൽ അധികമായും കണ്ടുവരുന്ന ഒരു പ്രവണതയാണ് തൻ്റെ വികാരം ഏതാണ് മറ്റൊരാളുടെ വികാരം ഏതാണ് എന്ന് തിരിച്ചറിയുന്ന അതിരിന്റെ അഭാവം. സഹാനുഭൂതിയുടെ അതിരില്ലായ്മ കൊണ്ട്  വേദനിക്കുന്ന ഒരു ജീവിയെയോ മനുഷ്യനേയോ കണ്ടാൽ അതേ  അളവിലോ അതിൽ കൂടുതലോ ആയി ഇവർ വേദനിക്കുന്നു - അതിരുകളുടെ അഭാവം. മറ്റൊരാളുടെ അനുഭവം കണ്ടുകൊണ്ടോ കേട്ടുകൊണ്ടോ ഒരുപരിധി വരെ നമ്മൾ സഹാനുഭൂതിയും സഹായവും പ്രകടിപ്പിച്ചാലും അത് വളരെപ്പെട്ടെന്ന് മറികടന്ന് അവനവന്റെ കാര്യങ്ങളിലേയ്ക്ക് കടക്കുന്നു. പക്ഷേ ഇവർക്കത് സാധ്യമല്ല, താൻ അനുഭവിക്കാത്ത സംഭവങ്ങൾ ഉളവാക്കുന്ന വികാരങ്ങൾ അതിതീവ്രതയോടെ ഇവരിൽ കെട്ടിക്കിടക്കുന്നു

3. ഉപേക്ഷിക്കപ്പെടും എന്ന ഭയം - ഈ ഭയം യഥാർത്ഥ കാരണങ്ങൾ കൊണ്ട് തന്നെ ഉണ്ടാകണം എന്നില്ല, വെറുമൊരു തോന്നലിന്റെ ഭാഗമായും സംഭവിക്കാം. വസ്തുത എന്തെന്നാൽ BPD വ്യക്തിത്വം ഉള്ളവരുടെ തലച്ചോർ സദാ ജാഗരൂകമാണ് എന്നാണ്, അതായത് താൻ തനിച്ചാവുകയാണോ തന്നെ ഉപേക്ഷിക്കുകയാണോ എന്ന ഭയത്തിന്റെ മുകളിൽ ആ അവസ്ഥയിലേയ്ക്ക് എത്തിച്ചേക്കാവുന്ന പെരുമാറ്റങ്ങൾ, ചലനങ്ങൾ, വാക്കുകൾ എന്നിവയ്ക്കായി സദാ അവർ കൂടെയുള്ളവരെ ശ്രദ്ധിക്കുന്നു. പരിചയമുള്ള ഒരു വ്യക്തിയിൽ നിന്നും ഒരു ചിരിയുടെ അഭാവം പോലും ഈ ഭയത്തെ ഊതിപ്പെരുപ്പിക്കുന്നു. തോന്നൽ മാത്രമായ അത്തരം ഒറ്റപ്പെടൽ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തീവ്രതയിൽ ഒട്ടും കുറവല്ല. ഒറ്റപ്പെടാതിരിക്കാൻ ഇവർ നടത്തുന്ന പ്രക്രിയകൾ ആത്മഹത്യാ ഭീഷണികൾ മുതൽ എന്ത് തലം വരെയും പോകാം. അതിവൈകാരികതയുടെ നാടകീയ രംഗങ്ങൾ ഒറ്റപ്പെടുമോ എന്ന് ഭയന്ന് നടത്തപ്പെടുന്നു. ഇക്കാരണത്താൽ തന്നെ ഇവർ ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുമ്പോൾ അത് മിക്കവാറും ഒരു നിരാസത്തിന്റെ ഛായയിൽ ആയിരിക്കും. എല്ലാത്തിന്റെയും ക്രൂരമായ വശങ്ങൾ, അനീതിയുടെ ചിത്രങ്ങൾ, ദേഷ്യം വെറുപ്പ് പക അവർ നേരിട്ട അനീതികൾ ക്രൂരതകൾ അപമര്യാദകൾ, അങ്ങനെ ഉള്ളവ അളവിൽ കൂടുതൽ ഓർമ്മയിൽ സൂക്ഷിക്കുകയും എപ്പോഴും ഓർത്തെടുക്കുകയും ചെയ്യുന്നു. സന്തോഷത്തിന്റെ ഓർമ്മകൾ കുറവായിരിക്കും, സ്നേഹിക്കപ്പെട്ടതിന്റെ, കരുതലിന്റെ, ചിരിയുടെ കാരുണ്യത്തിന്റെ ഒക്കെ ഓർമ്മകൾ അവരിൽ വിരളമായിരിക്കും. അതിർത്തി കാക്കുന്ന സൈനികനെ പോലെ സദാ എന്താണ് എനിക്ക് വരുന്ന അപകടം എന്ന് നോക്കിയിരിക്കുന്ന ഒരു തലച്ചോറിന്റെ പ്രതിപ്രവർത്തനം ആണ് ഇതിന് കാരണം.

4. അസ്ഥിരമായ ആത്മനിർവ്വചനം - അവനവൻ എന്താണ് എന്നത് സ്വന്തമായി നിർമ്മിക്കുന്ന കാഴ്ചപ്പാടുകളും വളർന്നുവന്ന ചുറ്റുപാടുകൾ സ്വാധീനിച്ചത് കൊണ്ടും ഉണ്ടായിവരുന്ന പൂർണ്ണരൂപമാണ്. മുതിർന്ന ഏതൊരാളിലും ഇത്തരം ആത്മനിർവ്വചനം ഉണ്ടായിരിക്കും, തൻ്റെ വ്യക്തിത്വം ഇങ്ങനെയാണ് എന്നത് സ്ഥായിയായ അടിത്തറകളിൽ രൂപപ്പെടുന്നതാണ്. BPD വ്യക്തിത്വ അവ്യവസ്‌ഥ ഉള്ള വ്യക്തികൾക്ക് അവരെന്താണ് എന്ന് നിർവ്വചിക്കുക വളരെ ബുദ്ധിമുട്ടാണ്, ഈ കാഴ്ചപ്പാട് മാറിക്കൊണ്ടേയിരിക്കും. ഇന്ന് പിന്തുടരുന്ന വിശ്വാസങ്ങളും സംഹിതകളും ആവില്ല നാളെ അവരെ ഉത്തേജിപ്പിക്കുന്നത്. വളരെ ഊർജ്ജത്തോടെ ഇന്ന് ഉൾപ്പെടുന്ന കർമ്മമേഖല ആവില്ല നാളെ അവരെ ആകർഷിക്കുക. എന്താണ് താൻ എന്ന ചോദ്യത്തിന്, അവനവന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൊണ്ട് ഉത്തരം നൽകുക ഏതൊരാൾക്കും എളുപ്പമാണ്. എന്നാൽ BPD ഉള്ളവരെ സംബന്ധിച്ച് ഇതത്ര എളുപ്പമല്ല, കൂട്ടത്തിൽ തനിക്കിഷ്ടമുള്ളവരുടേത് പോലെ പെരുമാറുകയും അക്കൂട്ടത്തിൽ ചേരുകയും ആണ് ഒരു പരിധി വരെ ചെയ്യുക.

5. ആവേശഭരിതമായ പെരുമാറ്റങ്ങൾ - കണക്കില്ലാതെ കാശ് ധൂർത്തടിക്കുക, അപകടകരമാം വിധം വണ്ടി ഓടിക്കുക, അനിയന്ത്രിതമായി ഭക്ഷണം കഴിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക, അനാരോഗ്യകരമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഇതിൽ ഏതിലെങ്കിലും യാതൊരു കാരണവുമില്ലാതെ BPD വ്യക്തിത്വ അവ്യവസ്ഥയുള്ളവർ ഏർപ്പെടുന്നു. ഇത്തരം എടുത്തുചാട്ടത്തിൻ്റെ തീരുമാനങ്ങൾ ഉടലെടുക്കുന്നത് അവരിലുള്ള നിതാന്തമായ ശൂന്യതയുടെ ഫലമായാണ്. ഇത് നിയന്ത്രിക്കുക എന്നത് വളരെ ക്ലേശകരമാണ്. ആദ്യം പറഞ്ഞതുപോലെ ആത്മനിയന്ത്രണം ഇല്ലാതിരിക്കുക, എപ്പോഴാണ് ഇത്തരം സാഹികമായ പെരുമാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് അവർക്ക് തന്നെ ബോധ്യമില്ലാത്ത അവസ്ഥ.

6. നിയന്ത്രണാതീതമായ കോപം - അതിവൈകാരികതയുടെ തലത്തിൽ മാത്രം ഉള്ള, നിരാശയും അമർഷവും ശൂന്യതാബോധവും, താനെന്തെന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളും ലോകം മുഴുവൻ ആക്രമിക്കാനോ ഒറ്റപ്പെടുത്താനോ ഗൂഡാലോചന നടത്തുന്നു എന്ന തോന്നലും ഒക്കെ - ഒരു വ്യക്തിയുടെ മാനസികവ്യവഹാരം ഇപ്രകാരമെങ്കിൽ എങ്ങനെയാണ് നിയന്ത്രണാതീതമായ കോപം വരാതിരിക്കുന്നത്!

7. അസ്ഥിരമായ വ്യക്തിബന്ധങ്ങൾ - വളരെ വേഗത്തിലും ഏറ്റവും തീവ്രമായും ആണ് ഇവർ വ്യക്തിബന്ധങ്ങളിൽ ഏർപ്പെടുന്നത്. സുഹൃത്തുക്കൾ പ്രണയബന്ധങ്ങൾ എന്നിവ വളരെ വേഗത്തിൽ ഉണ്ടാകുന്നു. വ്യക്തികളെ വളരെപ്പെട്ടെന്ന് മികച്ച സ്വഭാവമുള്ളവർ  ആയി കാണുകയും എന്നാൽ എന്തെങ്കിലും ചെറിയ കാരണത്താൽ തീരെ മോശപ്പെട്ടവർ ആയി കാണുകയും ചെയ്യുന്നത് ഇവരുടെ സ്വഭാവമാണ്. Splitting എന്നാണു ഈ അവസ്ഥയ്ക്ക് പറയുന്നത്.  വ്യക്തി ജീവിതത്തിൽ ഉൾപ്പെട്ടവരോ പ്രശസ്തരായവരോ ഒക്കെ എപ്പോൾ വേണമെങ്കിലും  ഉടയാവുന്ന ഇത്തരം ആരാധനയ്ക്ക് പാത്രമാകാം. അസ്ഥിരമായ  ബന്ധങ്ങൾ  പോലെയാണ് ഇവർക്കുണ്ടാകാവുന്ന “പ്രിയപ്പെട്ട വ്യക്തി”. ഒരു  സുഹൃത്തോ ബന്ധുവോ പ്രണയിതാവോ അധ്യാപകരോ ഓക്കെയാവാം ഇത്. ജീവിതത്തിൽ ഈ  പ്രിയപ്പെട്ട വ്യക്തി ഇല്ലെങ്കിൽ സകല വെളിച്ചവും നഷ്ടപ്പെടുമെന്നും താൻ ജീവനോടെ പോലും ബാക്കി കാണുകയില്ലെന്നും കരുതി ഈ പ്രിയപ്പെട്ട വ്യക്തിയുമായി ഒരു ബന്ധം ഉണ്ടാവുന്നു. ഈ വ്യക്തി ഉപേക്ഷിച്ചു കളയുമോ എന്ന ഭയം ഇവർക്കുണ്ടാക്കുന്ന ആശങ്ക പലപ്പോഴും തീവ്രമായ  പെരുമാറ്റങ്ങൾക്ക്  കാരണമാവുകയും  അത്  ഈ  ബന്ധത്തെ  അസ്ഥിരമാക്കുകയും ചെയ്യുന്നു. ഉപേക്ഷിക്കപ്പെടുമോ എന്ന ഭയത്താൽ ഇവർ സ്വയം ബന്ധങ്ങളെ ഉലയ്ക്കുകയും മുറിയ്ക്കുകയും ചെയ്യുന്നു.

8. ആവർത്തിക്കുന്ന ആത്മഹത്യാ ശ്രമങ്ങൾ / ഭീഷണികൾ / ശരീരം മുറിപ്പെടുത്തുന്ന പെരുമാറ്റങ്ങൾ - ആത്മഹത്യയുടെ ഭീഷണി മാത്രം ആയി ഒതുങ്ങാമെങ്കിൽ പോലും BPD ഉള്ളവരിൽ  ആത്മഹത്യാ നിരക്ക് വളരെ  കൂടുതലാണ്.

9. മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന മിഥ്യാധാരണകൾ  - ആളുകൾ തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണ്, തനിക്കെതിരെ കൂട്ടത്തോടെ തിരിഞ്ഞിരിക്കുകയാണ് കാണുന്നവരൊക്കെ എന്ന് ഏറ്റവും അടുപ്പമുള്ള വ്യക്തിജീവിതത്തിലെ ആളുകളെ മുതൽ  സർക്കാരുകളോടും അധികാരികളോടും വ്യവസ്ഥകളോട് പോലും തോന്നാവുന്ന ഒരു മിഥ്യാധാരണയാണ് ഈ ലക്ഷണം.  

ഇതൊക്കെയാണ് Borderline Personality Disorder എന്ന രോഗം നിർണ്ണയിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷണങ്ങൾ. രോഗികളോടും അടുപ്പമുള്ളവരോടും പലവിധ ചോദ്യങ്ങൾ ചോദിച്ചും മറ്റും മാനസികരോഗവിദഗ്ധർ രോഗനിർണ്ണയം നടത്തുന്നു. പിന്നീട് സൈക്കോളജിയിലും സൈക്ക്യാട്രിയിലും ചികിത്സയും ലഭ്യമാണ്. കൃത്യമായ മാനസിക ധാരണകളും വിശ്വാസങ്ങളും അവനവനെക്കുറിച്ചും ലോകത്തേക്കുറിച്ചും ആരോഗ്യകരമായി നിർമ്മിച്ചെടുക്കുക എന്നത് തെറാപ്പിയിലൂടെ സാധ്യമാണ്. Dialectical behaviour therapy, Cognitive behaviour therapy മുതലായ ഫലവത്തായ ചികിത്സാ മാർഗ്ഗങ്ങൾ ലഭ്യമാണ്.


കേരളത്തിന്റെ സാംസ്കാരികതലത്തിൽ ഈ വ്യക്തിത്വം ഉള്ളവർക്ക് നേരിടേണ്ടി വരുന്നത് സ്വന്തം സ്വഭാവ വൈഷമ്യങ്ങൾ കൂടാതെ പലതരത്തിൽ ഉള്ള ചൂഷണങ്ങൾ കൂടെയാണ്.

സ്ത്രീകളുടെ കാര്യം എടുത്താൽ, മാനസികമായ അവ്യവസ്ഥകൾ ഇല്ലാത്ത സ്ത്രീകൾക്ക് പോലും എന്ത് പഠിക്കണം എന്ത് ജോലി ചെയ്യണം ആരെ വിവാഹം കഴിക്കണം എവിടെ ജീവിക്കണം എത്ര കുട്ടികൾ വേണം എന്നതുൾപ്പടെ സകലതും അച്ഛനോ സഹോദരനോ ഭർത്താവോ ഒക്കെയാണ്  തീരുമാനിക്കുന്നത്. അപ്പോൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങളോട് തന്നെ താദാത്മ്യം പ്രാപിക്കാൻ കഴിയാത്ത വ്യക്തിത്വം ഉള്ള ഒരാളുടെ മേൽ മറ്റൊരാളുടെ തീരുമാനം അടിച്ചേൽപ്പിക്കുന്നത് എത്ര അനീതിയാണ്. ഇത്തരം മാനസിക സംഘർഷവും ചേർന്നാണ് BPDയുള്ള ഒരു സ്ത്രീയ്ക്ക് നമ്മുടെ സമൂഹത്തിൽ നിലനിൽക്കേണ്ടി വരുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ അത്തരം ചട്ടക്കൂടുകൾ ഇവർ പൊട്ടിച്ചെറിയുന്നത് ഇവരുടെ ശൂന്യതാബോധവും ആവേശഭരിതമായ എടുത്തുചാട്ടവും കൂടെ ചേർന്ന് വരുന്ന ഒരവസ്ഥയിൽ ആയിരിക്കും. കേരളത്തിൽ ഒരു സ്ത്രീയ്ക്ക് അതിവൈകാരികതയുടേയും എടുത്തുചാട്ടത്തിന്റെയും മേച്ചിൽപ്പുറമായി ഏറ്റവും എളുപ്പം സമൂഹത്തിൽ ലഭ്യമായ ഇടമെന്താണ്?

പുരുഷാധിപത്യ സമൂഹത്തിൽ ലൈംഗികദാരിദ്ര്യവും വൈകൃതങ്ങളും നിറഞ്ഞ, അമ്മയും സഹോദരിയും അല്ലാത്ത ഏത് സ്ത്രീയെ കണ്ടാലും “കിട്ടുമോ” “കിട്ടുമോ” എന്ന് മാത്രം അന്വേഷിച്ചു നടക്കുന്ന ഒരു കൂട്ടത്തിലേക്കാണ് BPD ഉള്ള ഒരു പെൺകുട്ടിയോ സ്ത്രീയോ ചെന്നെത്തിച്ചേരുക. വിദേശ സമൂഹങ്ങളിൽ മദ്യപാനവും കഞ്ചാവും സിഗരറ്റും സാഹസികമായ ഡ്രൈവിങ്ങും അതിധൂർത്തും ഒക്കെ സ്ത്രീയ്ക്ക് എളുപ്പം ഏർപ്പെടാവുന്ന അതിവൈകാരികതയുടെ ആഡംബരങ്ങൾ ആണ്. നമ്മുടെ സമൂഹത്തിലെ സ്ത്രീയുടെ കാര്യത്തിൽ അതെളുപ്പമല്ല. പണവും മറ്റു ഭൗതിക വസ്തുക്കളും ലഭ്യമാകാൻ ഒരുപരിധി വരെ പ്രയാസമാണ്. പക്ഷേ ചൂഷണം ചെയ്യാൻ എല്ലാം സജ്ജമാക്കി ഒരു പുരുഷൻ, അത് ഏത് കോണിലും വീടിനുള്ളിൽ പോലും അവളെയും കാത്തിരിക്കുന്നു. പ്രണയബന്ധങ്ങളുടെ പേരിൽ സ്ത്രീകളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യാൻ കാമുകവേഷമണിഞ്ഞ അപകടമാണ് അതിവൈകാരികതകളുടെ പാരമ്യത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന സ്ത്രീയെ കാത്തിരിക്കുന്നത്. ഇതിലും ഭേദം ഭൗതികവസ്തുക്കൾ എന്ന ലഹരികളുടെ addictions ആണോ എന്നൊരു ചോദ്യമില്ല. ഏതായാലും അപകടവും വിനാശവും ആണ് പ്രവചിക്കാവുന്ന പരിണിതഫലങ്ങൾ.

വ്യവസ്ഥകളുടെ ചട്ടക്കൂടുകളിൽ സുസ്ഥിരതയോടെ നിൽക്കുന്ന സ്ത്രീകളെപ്പോലും ചൂഷണമാണ് കാത്തിരിക്കുന്നത് എന്നതാണ് വസ്തുത. ചൂഷണത്തിന്റെ അത്രയധികം രോഗാതുരമായ ഒരു സമൂഹത്തിൽ അവ്യവസ്ഥയുള്ള വ്യക്തിത്വം ഒരു സ്ത്രീയെ കൊണ്ടെത്തിക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ ഒരു സമൂഹം എന്ന നിലയിൽ മുതലാളിത്ത പുരുഷാധിപത്യ വ്യവസ്ഥ തയ്യാറല്ല. ബോധത്തോടെയല്ലാതെ അവൾ ചെയ്തേക്കാവുന്ന കുറ്റങ്ങളും, ഉണ്ടാകാവുന്ന ആത്മഹത്യ ഉൾപ്പടെയും ഉള്ള അപകടം പിടിച്ച വഴികളിലേക്കുള്ള സഞ്ചാരം ചികിത്സയോടെ തടയിടാം എന്നതാണ് മാർഗ്ഗം. ആത്മനിയന്ത്രണമില്ലാതെ എടുത്തുചാടാവുന്ന സാഹതികതകൾ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ഒരു സ്ത്രീയെ അവരുടെ രോഗാവസ്ഥയേയും സ്ത്രീയെന്ന ജൈവീകതയെയും ചേർത്താണ് ചൂഷണം ചെയ്യപ്പെടുക. അവളുടെ അത്തരം പ്രവർത്തികൾക്ക് നേരേ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുകയും കൂടുതൽ അനീതികൾ നേരിടുന്നതിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. സ്ത്രീയായിരിക്കുക എന്നത് തന്നെ ഒരു സാഹസികത ആണ് എന്നുള്ള ഒരു സമൂഹത്തിൽ വ്യക്തിത്വ അവ്യവസ്ഥയുള്ള ഒരു സ്ത്രീ എന്നത് പലപ്രതലങ്ങളിൽ അനീതിയുടെയും ചൂഷണത്തിന്റെയും ഇരയാവുന്നവൾ എന്നാണ്.

പുരുഷന്മാരുടെ കാര്യം നോക്കിയാൽ, സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ BPD കുറവായാണ് കാണപ്പെടുന്നത് എന്ന നിലപാട് വളരെക്കാലം ഉണ്ടായിരുന്നു. പക്ഷെ ഇന്നത് വാസ്തവമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. BPD യുടെ സ്വഭാവ ലക്ഷണങ്ങൾ ഉള്ള ഒരു പുരുഷനെ എടുത്തു നോക്കാം; ക്ഷിപ്ര കോപിയാണ്, മദ്യപാനിയാണ്, നിമിഷാർദ്ധത്തിൽ mood മാറുന്നയാളാണ്, ഒന്നിലും ഉറച്ചു നിൽക്കുന്നില്ല, കൂടെയുള്ള പങ്കാളിയുടെ മേൽ സദാ സമ്മർദ്ദമാണ്, ധൂർത്താണ് - ഇത് നമ്മുടെ എല്ലാം ഇടയിലുള്ള സാധാരണ പുരുഷനല്ലേ? അയാൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ആരും സംശയിക്കില്ല, ആത്മസംഘർഷങ്ങൾ അയാളെ ആത്മഹത്യയുടേയോ കൊലപാതകത്തിന്റെയോ വക്കിലെത്തിക്കുന്നത് വരെ. എന്നാലോ അങ്ങനെ ചാടിക്കടിക്കുന്ന ധൂർത്തടിക്കുന്ന പുരുഷന്റെ ഉള്ളിലും ഭയങ്ങളും വേദനകളും ആണ്, നിതാന്ത ശൂന്യതയാണ്, അയാൾക്ക് താങ്ങാവുന്നതോ നിയന്ത്രിക്കാൻ ആവുന്നതോ അല്ലാത്തവ. അയാളെ ഉള്ളിൽ നിന്ന് കാർന്നുതിന്നുവ. പുരുഷലക്ഷണങ്ങളായി അയാളുടെ രോഗലക്ഷണങ്ങൾ കണ്ടുകൊണ്ട് നിസ്സാരമാക്കി കളയുന്നത് ഒരു ജീവിതത്തോട് ചെയ്യുന്ന അനീതിയാണ്.

എങ്ങനെ ആയിരിക്കണം സ്ത്രീ എങ്ങനെ ആയിരിക്കണം പുരുഷൻ എന്ന അളവുകോലുകളിൽ നമ്മുടെ സമൂഹത്തിലെ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ മറഞ്ഞു പോവുകയാണ്. അവനവനെ നിർണ്ണയിക്കാൻ കഴിയാതെ, നിതാന്തമായ ശൂന്യതയെ നേരിട്ട് കൊണ്ട്, ഒറ്റപ്പെടലിന്റെ ഭയത്തെ നേരിട്ട് കൊണ്ട് നിശബ്ദമായി അവരീ സമൂഹത്തിലുണ്ട്. ചെറുപ്രായത്തിൽ തന്നെ ശാരീരികവും മാനസികവും ആയ അതിരുകൾ നിർവ്വചിക്കാൻ കഴിയാത്ത കുട്ടികളെ കാത്തിരിക്കുന്ന അപകടങ്ങൾ വളരെയധികമാണ്. വളർന്നെത്തിയാൽ വിവാഹമോചനമോ ആത്മഹത്യാ ശ്രമമോ ആണ് ഇവരെ ഡോക്ടറുടെ അടുക്കൽ എത്തിക്കുന്ന സംഭവങ്ങൾ. അല്ലാത്തവർ അനാരോഗ്യമായ മനസ്സും ജീവിതവും ആയി എരിഞ്ഞു തീരുന്നു. അത് പോരല്ലോ, അത് പോരാ.

ആത്മനിയന്ത്രണവും, ആത്മനിർവ്വചനവും ഉൾക്കൊള്ളുന്ന സമാധാനപരമായ ജീവിതം ജീവിക്കാൻ എല്ലാവരും അർഹരാണ്, അതിനുവേണ്ടി ചികിത്സ വേണ്ടി വരുന്നു എങ്കിൽ അങ്ങനെ. സ്വയം തിരിച്ചറിഞ്ഞോ, പരിചയമുള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയോ BPD എന്ന വ്യക്തിത്വ അവ്യവസ്ഥയെ ചികിത്സിക്കാൻ കൊണ്ടെത്തിക്കണം. ചെറുപ്പത്തിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നുള്ളതുകൊണ്ട് എത്രയും നേരത്തെ സഹായം തേടുന്നുവോ അത്രയും നല്ലത്. മാനസിക അസ്വാസ്ഥ്യങ്ങളോടുള്ള സമൂഹത്തിന്റെ മുഖം തിരിച്ചും കണ്ണടച്ചും ഉള്ള നിൽപ്പ് കൊണ്ട് നമ്മളിൽ ആരും ഒന്നും നേടുന്നില്ല, ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്നുമുണ്ട്. ചികിത്സ തേടണം, ഭദ്രത ഉറപ്പാക്കണം, ആരോഗ്യമുള്ള സമൂഹം ചെയ്യേണ്ടതൊക്കെ നമ്മളും ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top