25 April Thursday

രക്തസമ്മർദം: ശ്രദ്ധവേണം

ഡോ. സോമസുന്ദരൻUpdated: Sunday May 21, 2023

ലോകത്ത്‌ 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക്‌ രക്തസമ്മർദംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നാണ്‌ കണക്ക്‌. നിയന്ത്രിക്കപ്പെടാത്ത രക്തസമ്മർദം ഉള്ളവരിൽ 71.4 ശതമാനം ഇന്ത്യയിൽ 46നും 65നും ഇടയിൽ ഉള്ളവരാണ്. അമിത വണ്ണമാണ് മുഖ്യപ്രശ്നം. രാവിലെ ഉണരുമ്പോഴുള്ള തലവേദന, പ്രത്യകിച്ച് തലയ്‌ക്ക് പുറകുവശത്ത്  ആണെങ്കിൽ ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണമാകാം.  ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ രക്തസമ്മർദ പ്രശ്‌നങ്ങൾ പുരുഷൻമാരിൽ 24 ശതമാനവും സ്ത്രീകളിൽ 21 ശതമാനവുമാണ്‌.

നിശ്ശബ്ദമായി

നിശ്ശബ്ദ കൊലയാളിയെന്ന്‌ അറിയപ്പെടുന്ന രക്തസമ്മർദമുള്ള 46 ശതമാനം പേർക്കും ആ രോഗം ഉണ്ടെന്നുള്ളകാര്യം അറിയില്ല.  21 ശതമാനംപേർ മാത്രമേ അത് കൃത്യമായി നിയന്ത്രിക്കുന്നുള്ളൂ.  (പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നത്‌ വെറും 16 ശതമാനംമാത്രവും) പ്രായക്കൂടുതലുള്ളവർ, അമിതവണ്ണമുള്ളവർ,  ഉയർന്ന അളവിൽ ഉപ്പ്ചേർന്ന ഭക്ഷണം കഴിക്കുന്നവർ,  അമിത മദ്യപാനികൾ എന്നിവർക്ക്‌  രോഗം കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിൽ മുതിർന്നവരിൽ നാലിലൊന്ന് പേർക്ക് രക്തസമ്മർദമുണ്ട്.  ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കനുസരിച്ച്  ഇതിൽ 12 ശതമാനത്തിൽ മാത്രമേ കൃത്യമായ നിയന്ത്രണം സാധ്യമാകുന്നുള്ളൂ.  ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണം അമിത രക്തസമ്മർദമാണ്.

അവബോധം അനിവാര്യം

രക്തസമ്മർദത്തിന്റെ സങ്കീർണതകൾ ഹൃദയത്തിലും തലച്ചോറിലും മാത്രമല്ല, കണ്ണുകളിലും പ്രശ്നം ഉണ്ടാക്കുന്നുണ്ട്.  കൊറോണറി രക്തക്കുഴൽ രോഗം, ഇടത് വെൻട്രിക്കുലറിന്റെ അമിത വളർച്ച, ഹൃദയത്തിന്റെ താളംതെറ്റൽ,  ഹൃദയ പരാജയം,  തലച്ചോറിലെ സെറിബ്രത്തിലേക്കുള്ള രക്തക്കുഴലിലെ  പ്രശ്നങ്ങൾ, സെറിബ്രത്തിനകത്തുള്ള രക്തസ്രാവം,  ബോധം നഷ്ടപ്പെടൽ, വൃക്ക പരാജയം, കണ്ണിലെ റെറ്റിനോപതി എന്നിവയാണ് രക്തസമ്മർദം മൂലമുള്ള പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ. നിങ്ങളുടെ രക്തസമ്മർദം കൃത്യമായി അളക്കൂ, നിയന്ത്രിക്കൂ, കൂടുതൽ കാലം ജീവിക്കൂ എന്നതൊക്കെയായിരുന്നു ഈവർഷത്തെ ലോക രക്തസമ്മർദ ദിനാചരണത്തിന്റെ സന്ദേശം.

ഈ സന്ദേശത്തിന്‌ എക്കാലത്തും പ്രസക്തിയുണ്ട്‌. ഇക്കാര്യത്തിൽ കൃത്യമായ അവബോധം അനിവാര്യമാണ്‌. രക്തസമ്മർദം നിർണയിക്കുന്ന സമയത്ത് ശാന്തനായിരിക്കണം. രോഗി സംസാരിക്കാൻ പാടില്ല. രോഗി ഡോക്ടറുടെ അടുത്തെത്തി ധൃതി പിടിക്കാനും പാടില്ല. രക്തസമ്മർദം നിയന്ത്രിക്കുന്നതിന്‌ വ്യായാമം പ്രധാനമാണ്‌.  മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം.  മാനസിക സമ്മർദമുണ്ടാകുന്ന സാഹചര്യങ്ങളും ഒഴിവാക്കണം.  ഉപ്പിന്റെ  ഉപയോഗം നിയന്ത്രിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കണം.

രക്തസമ്മർദത്തിന്റെ സങ്കീർണതകൾക്ക് തുടക്കമാകുന്നതോടെ രക്തക്കുഴലുകളുടെ ഉൾഭാഗത്തെ ഭിത്തിക്ക്  കട്ടിക്കൂടാനും രക്തക്കുഴൽ വികസിക്കാനും സാധ്യതയേറുന്നു. ചെറിയ രക്തക്കുഴലുകളിൽ ഉൾഭാഗം വ്യാസം കുറയാനും കൊളസ്ട്രോൾ അടിഞ്ഞുകൂടാനും സാധ്യതയുള്ളതിനാൽ അത്‌ ഹൃദ്രോഗമായിത്തീരും. വളരെ ഉയർന്ന രക്തസമ്മർദം ഹൃദയത്തിന് രക്തം നൽകുന്ന രക്തക്കുഴലുകളെ കേടുവരുത്താതെയും ഹൃദയ പരാജയത്തിന് കാരണമാകാം.  40 വയസ്സിനു മുമ്പുള്ള രക്തസമ്മർദത്തിന്റെ കാരണം കണ്ടെത്തൽ വൈകരുത്. കൂടുതൽ രക്തസമ്മർദമുള്ളവർ ഒന്നിലധികം മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം.

(നീലേശ്വരം  താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top