23 April Tuesday
ഇന്ന് രക്താര്‍ബുദ ദിനം

കോശദാനം കുറഞ്ഞ് കോവിഡ് കാലം; അതിജീവനത്തിന് രക്തജന്യ രോഗികള്‍

എം ജഷീനUpdated: Friday May 28, 2021

കോഴിക്കോട് > രക്താര്‍ബുദമടക്കമുള്ള രക്തജന്യ രോഗികളുടെ അവസാന പ്രതീക്ഷയായ രക്തമൂലകോശ ദാനവും  കോവിഡ് കാലത്ത് പ്രതിസന്ധിയില്‍. ദാതാക്കളെ കണ്ടെത്താന്‍ ഈ മേഖലയിലെ എന്‍ജിഒകള്‍ക്ക്  ക്യാമ്പുകള്‍  നടത്താനാവാത്തതാണ്  പ്രശ്നം.  ഓണ്‍ലൈന്‍ വഴിയുള്ള  രജിസ്ട്രേഷനും കുറഞ്ഞു.

പ്രതിമാസം ശരാശരി 2000 വരെ നടന്നിരുന്ന രജിസ്ട്രേഷന്‍ 50ല്‍ താഴെയായി. ഏറെ ബോധവല്‍ക്കരണ ശേഷം സജീവമായി തുടങ്ങിയ ഈ ജീവദാന പ്രക്രിയയാണിപ്പോള്‍ കോവിഡില്‍ പിറകോട്ടാവുന്നത്.  അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ, അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്നീ രക്താര്‍ബുദങ്ങള്‍ക്കും തലാസീമിയ പോലുള്ള രക്തജന്യ രോഗങ്ങള്‍ക്കുമുള്ള ചികിത്സയാണ് രക്തമൂലകോശം മാറ്റിവയ്ക്കല്‍.   ജനിതക സാമ്യം നോക്കി  കുടുംബത്തില്‍നിന്ന്  ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 ശതമാനമാണ്.  പുറമെ നിന്നുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. കേരളത്തില്‍ ഒരു വര്‍ഷം ഏകദേശം 100ലധികം രോഗികളാണ് യോജിക്കുന്ന രക്തമൂല കോശത്തിനായി കാത്തിരിക്കുന്നത്. പരമാവധി രജിസ്റ്റര്‍ ചെയ്താലേ ഫലമുണ്ടാകൂ.

ആശങ്ക  കൂടാതെ രക്തം ദാനം ചെയ്യുന്ന രീതിയില്‍ ഇപ്പോള്‍ രക്തമൂലകോശവും നല്‍കാമെന്ന് പ്രശസ്ത മെഡിക്കല്‍-- പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ബോബന്‍ തോമസ് പറയുന്നു. രക്തമെടുക്കാന്‍ ഘടിപ്പിക്കുന്ന  യന്ത്രത്തിന് മാറ്റമുണ്ടാവുമെന്ന് മാത്രം. പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ പേര്‍ ഇതിന് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.    

ധാത്രി, ഡികെഎംഎസ്--ബിഎംഎസ്ടി എന്നീ പ്രധാന എന്‍ജിഒകളാണ് കേരളത്തില്‍  ക്യാമ്പുകള്‍ നടത്തുന്നത്. വിവിധ കോളേജുകളിലും മറ്റും  ബോധവല്‍ക്കരണം നടത്തി  ഇതിനകം ഒരു ലക്ഷത്തിലേറെ ദാതാക്കളായി. ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ടിനൊപ്പം  ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പരിശോധനയടക്കമുള്ളവയ്ക്ക് ലഭിച്ച  സാമ്പത്തിക പിന്തുണ   കുറഞ്ഞതും തിരിച്ചടിയാകുന്നുവെന്ന് കേരളത്തിലെ ആദ്യ ദാതാവും ധാത്രിയുടെ കേരള റീജന്‍ ചുമതലക്കാരനുമായ എബി സാം ജോണ്‍ പറയുന്നു. 

രക്തമൂലകോശ ദാതാവാകാം

18നും  50നും ഇടയില്‍  പ്രായമുള്ളവര്‍ക്ക് രക്തമൂലകോശ ദാതാവാകാം. സന്നദ്ധ സംഘടനകളായ ധാത്രി, ഡികെഎംഎസ്--ബിഎംഎസ്ടി എന്നിവ വഴിയാണ് ഇന്ത്യയിലും പുറത്തുമുള്ള ദാതാക്കളെ കണ്ടെത്തി ആവശ്യക്കാരില്‍ എത്തിക്കുന്നത്. സമഗ്ര ബോധവല്‍ക്കരണം നടത്തിയ ശേഷം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചും സ്വകാര്യത സംരക്ഷിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന്  ഡികെഎംഎസ്--ബിഎംഎസ്ടി ഡെപ്യൂട്ടി മാനേജര്‍ കെ എം ചിന്മ പറയുന്നു.  അണുനശീകരിച്ച പഞ്ഞി ഉള്‍ക്കവിളില്‍ ഉരസി കോശങ്ങളുടെ സാമ്പിള്‍ എടുക്കും. ജനിതക സാമ്യം നിര്‍ണയിക്കാനുള്ള എച്ച്എല്‍എ ടൈപ്പിങ്ങിനുശേഷം വിവരങ്ങള്‍ ദാതാക്കളുടെ രജിസ്റ്ററില്‍  സൂക്ഷിക്കും. ആവശ്യക്കാരുമായി എച്ച്എല്‍എ യോജിച്ചാല്‍ രക്തമൂലകോശം ദാനം ചെയ്യാം.  ദാതാക്കളാകാന്‍ www.datri.org,   www.dkms-bmst.org സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top