11 August Thursday

ബ്ലാക്ക് ഫംഗസും കോവിഡ് മരുന്നുകളും: അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം

ഡോ. ഉമേഷ് ബി ടിUpdated: Friday May 21, 2021

ഡോ. ഉമേഷ്‌ ബി ടി

ഡോ. ഉമേഷ്‌ ബി ടി

ബ്ലാക്ക് ഫംഗസ് രോഗ (മുക്കോർ മൈക്കോസിസ്) ത്തെയും കോവിഡ് മരുന്നുകളെയും പറ്റി വിശദീകരിയ്ക്കുകയാണ് ആലുവ മാറമ്പള്ളി എംഇഎസ് കോളേജിലെ ബയോ ടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ ഉമേഷ്‌ ബി ടി.

നമുക്കറിയാവുന്ന പോലെ കൊറോണ അതിന്റെ രണ്ടാം തരംഗത്തിൽ സംഹാര താണ്ഡവം തുടരുകയാണ്. അനുബന്ധമായി മരണ നിരക്കും കൂടിക്കൊണ്ടിരിക്കുന്നു. കൊറോണ രോഗം ഭേദമായവരിൽ കാണപ്പെടുന്ന ഒരു മാരക രോഗം ചർച്ചകളിൽ നിറയുമ്പോൾ അതെന്താണെന്നും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്താണെന്നും നാം  അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനെ പറ്റിയുള്ള ഒരു വിശദീകരണവും അതോടൊപ്പം തന്നെ കൊറോണയുടെ മരുന്ന് എന്ന രീതിയിൽ ഇന്ന് ഐസിഎംആർ പുറത്തിറക്കിയ 2 ഡി ജി എന്താണെന്നും റം ഡിസിവീർ എന്ന ആന്റീ വൈറൽ മരുന്നും എങ്ങിനെയാണ് ശരീര കോശങ്ങളിൽ പ്രവർത്തിച്ചു കൊറോണ വ്യാപനം തടയുന്നതെന്നും നമുക്ക് അറിവുണ്ടാവണം.

കോവിഡ് രോഗം ഇത്രയേറെ പടർന്നു പിടിക്കുന്നതിന്റെ ഭീതിയിൽ ജനങ്ങൾ കഴിയുമ്പോൾ ആണ് അതിനോടനുബന്ധിച്ച് കോവിഡ് രോഗ മുക്തർക്കും അതുപോലെ തന്നെ കോവിഡ് രോഗികൾക്കും ഒരുപോലെ ബാധിക്കുന്ന ഒരു രോഗം എന്ന നിലയിൽ അറിയപ്പെട്ട ബ്ലാക്ക് ഫംഗസ് രോഗം (മുക്കോർ മൈക്കോസിസ്) നമ്മുടെ മുൻപിലേക്കെത്തിയത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗ ബാധിതരിൽ ഏതാണ്ട് 60 ശതമാനത്തോളം പേർ മരണപ്പെട്ടു. കേരളത്തിലും രോഗബാധ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഏകദേശം ഇരുപതിൽ താഴെ ആളുകളിൽ മാത്രമേ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. അത് മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി. നമ്മുടെ മലപ്പുറത്ത് മഞ്ചേരിയിൽ ഒരാൾക്ക് കണ്ണ് നഷ്ടപ്പെട്ടു എന്ന വാർത്ത വന്നിരിക്കുന്നു മഹാരാഷ്ട്രയിൽ എഴുപത്തഞ്ചോളം  മരണങ്ങൾ ഈ അസുഖം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില രോഗികളിൽ ഈ  ഫംഗസ് ബാധ അന്ധതക്കും ചിലരിൽ ചുഴലിക്കും കാരണമാവും.

മുക്കൊരേൽസ് എന്ന ഫംഗസ് കുടുംബത്തിലെ മുക്കർ എന്ന ഫംഗസും റൈസോപ്പസ് എന്ന ഫംഗസും ആണ് രോഗകാരികൾ. ഇത് ശരീര കോശങ്ങളിൽ കടന്ന് വംശ വർദ്ധനവ് നടത്തി കോശങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതാണ് ഈ രോഗത്തിന് കാരണം. മുക്കോർ ഫംഗസിൻറെ സ്പോറുകൾ അഥവാ രേണുക്കൾ നമ്മുടെ അന്തരീക്ഷത്തിലും ഭൂമിയിലും പ്രധാനമായും മണ്ണിലും  എപ്പോഴും കാണപ്പെടുന്നുണ്ട്. വൃത്തിയില്ലാത്ത പരിസ്ഥിതിയിൽ ചീഞ്ഞ പഴങ്ങളിലും പച്ചക്കറിയിലും മറ്റും ആണ് ഈ ഫംഗസ് പ്രധാനമായും വളരുന്നത്. ചാണകം, മറ്റു ജന്തുജന്യ വിസർജ്യങ്ങൾ എന്നിവയിലൊക്കെ ഇതിന്റെ സാന്നിധ്യം ഉണ്ടാവും. നമ്മൾ ശ്വസിക്കുമ്പോൾ ഈ ഈ ഫംഗസ് രേണുക്കൾ ശ്വസന നാളിയിലൂടെ ശരീരത്തിനകത്തെത്തുകയും കോശങ്ങളിൽ പറ്റിപ്പിടിച്ച് വളരുകയും ചെയ്യും. പ്രതിരോധശേഷി കുറഞ്ഞ വരെയാണ് മ്യൂകോറേൽസ് സാധാരണ ബാധിക്കുന്നത്. പ്രമേഹ രോഗികളിൽ ഇത് വളരെ പെട്ടെന്ന് വ്യാപിക്കുന്നതായി കാണാറുണ്ട്.

ഫംഗസ് രേണുക്കൾ നമ്മുടെ  ശരീരത്തിലുള്ള മുറിവുകളിലൂടെയും ഒരു പരിധി വരെ നാം കഴിക്കുന്ന  ഭക്ഷണത്തിലൂടെയോ ശ്വസനത്തിലൂടെയോ  മറ്റു വഴികളിലൂടെയോ  ഒക്കെ ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയുന്ന സാഹചര്യത്തിൽ ഈ ഫംഗസ് കോശങ്ങളിൽ വളർന്നു കയറുകയും വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചെയ്യും.

അന്തരീക്ഷത്തിൽ വിവിധ തരം ഫംഗസുകളുടെ രേണുക്കൾ ഉണ്ട് എന്നതിനാൽ തന്നെ ശ്വസനത്തിലൂടെ ഇവ നമ്മുടെ ശരീരത്തിൽ എത്തിയാലും നമ്മുടെ പ്രതിരോധ സംവിധാനവും ശരീരവും ആരോഗ്യമുള്ള അവസ്ഥയിൽ ഇരിക്കുമ്പോൾ ഇത്തരം ഫംഗസുകൾക്ക് രോഗബാധ ഉണ്ടാക്കാൻ സാധിക്കില്ല.

ഇവിടെ കോവിഡ് രോഗം ബാധിച്ച ഒരാളുടെ ശരീരം സ്വാഭാവികമായും രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിൽ ആയിരിക്കും. ഈ അവസ്ഥയിൽ ശ്വാസനാളികളിലും മൂക്കിലും അനുബന്ധമായി സൈനസിലും ഒക്കെ ഫംഗസ് വളർന്നു തുടങ്ങും. കാരണം ഈ രേണുക്കളെ തുരത്തുന്നതിനാവശ്യമായ ശക്തി കോശങ്ങൾക്ക് നഷ്ടപ്പെട്ടു കാണും. പിന്നീട് കണ്ണുകളിലേക്കും തലച്ചോറിലേക്കും വളർച്ച വ്യാപിക്കും. ഇത് അസഹനീയമായ തലവേദനയിലേക്ക് ആണ് രോഗിയെ തള്ളി വിടുന്നത്. കാഴ്ചക്കുറവും അനുബന്ധമായി പ്രത്യക്ഷപ്പെടും.

ഇന്ത്യയിൽ മ്യൂകോർമൈകോസിസിന്റെ വ്യാപനം കൂടുതലാവാൻ  കാരണം ഇവിടുത്തെ അന്തരീക്ഷവും കാലാവസ്ഥയും തന്നെയാണ്. കോവിഡ് അണുബാധ നമ്മുടെ ശ്വസനേന്ദ്രിയങ്ങളും അനുബന്ധ  രക്തക്കുഴലുകളും നശിപ്പിക്കും. അതിനാൽ തന്നെ  ഫംഗസ് വ്യാപനം അത്തരക്കാരിൽ കൂടുതൽ ആയിരിക്കും.

Image Credit : Ran Yuping et al., CC BY 3.0, via Wikimedia Commons

നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി വേണ്ട വിധത്തിൽ ചികിൽസിച്ചാൽ മാത്രമേ ഈ രോഗത്തിൽ നിന്നും നമുക്ക് വിമുക്തരാവാൻ കഴിയുകയുള്ളു. ആന്റി ഫംഗൽ മരുന്നുകൾ നൽകി ഒരു പരിധി വരെ ഈ രോഗം നമുക്ക് നിയന്ത്രിക്കാം. രോഗവ്യാപനം വളരെ കൂടുതലാവുമ്പോൾ ബാധിക്കപ്പെട്ട അവയവം മുറിച്ചു മാറ്റേണ്ടി വരും.

ഇപ്പോൾ മറ്റൊരു ഫംഗസ് ആയ വൈറ്റ് ഫംഗസും വാർത്തകളിൽ നിറയുന്നുണ്ട്. ബീഹാറിലെ പാട്നയിൽ കോവിഡ് രോഗികളിൽ ആണ് ഇവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്ലാക്ക് ഫംഗസിനെക്കാൾ മാരകമായ ഇവ ശരീരത്തിൽ കടന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ സി ടി സ്കാൻ അല്ലെങ്കിൽ എക്സ് റേ എന്നിവയിലൂടെ മാത്രമേ സാധ്യമാവൂ. ഇത് ബാധിച്ചവരിൽ കോവിഡിന്റെ ലക്ഷണങ്ങൾ എല്ലാം ഉണ്ടാവുമെങ്കിലും കോവിഡ് നെഗറ്റീവ് ആയിരിക്കും . ഇതും മലിനമായ അന്തരീക്ഷത്തിൽ നിന്നും ആണ് മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ടു തന്നെ വ്യക്തി ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് ഇവിടെയും നമുക്ക് ചെയ്യാനുള്ളത്.

കോവിഡ് ചികിത്സക്കു ശേഷം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മലിന ജലം ഒരു കാരണ വശാലും ഉപയോഗിക്കാൻ ഇട വരരുത്. മലിന ജലത്തിൽ ആവി കൊള്ളുന്നതും മറ്റും ഒഴിവാക്കിയാൽ രോഗത്തെ തടയാം. അത് പോലെ തന്നെ എപ്പോഴും മാസ്ക് ഉപയോഗിക്കാനും, ഇനി അത് വീട്ടിൽ തന്നെ ഇരിക്കുകയാണെങ്കിൽ പോലും മാസ്ക് ഉപയോഗിച്ചാൽ രോഗത്തെ തടയാൻ സാധിക്കും.

ഇനി കോവിഡ് രോഗത്തിനായി നിർദ്ദേശിക്കപ്പെട്ട ചില മരുന്നുകളും അവയുടെ പ്രവർത്തനവും

2 - ഡി ഗ്ളൂക്കോസ് എന്ന ഡി ഓക്സീ ഗ്ളൂക്കോസ്

ഡി ആർ ഡി ഓ (DRDO- DEFENCE RESEARCH AND DEVELOPMENT ORGANISATION) റിപ്പോർട്ട് അനുസരിച്ച് കോവിഡ് രോഗികളിൽ ഒരു പരിധി വരെ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്നാണ് 2 - ഡി ഗ്ളൂക്കോസ് എന്ന 2 -ഡി ജി. സാധാരണ ഗ്ലുക്കോസിന്റെ ഒരു പരിഷ്കരിച്ച രൂപമാണ് ഈ 2 - ഡി ഗ്ളൂക്കോസ് (2-DEOXY GLUCOSE). ഇത് വികസിപ്പിച്ചെടുത്തത് ഡി ആർ ഡി ഓ ക്കു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലീയർ  ആൻഡ് അപ്ലൈഡ സയൻസ് (INAS) എന്ന സ്ഥാപനവും ഡോ. റെഡ്ഡിസ് ലാബും (DR. REDDY’S LAB) കൂടിചേർന്നാണ്. കൂടുതൽ ഗവേഷണങ്ങൾ ഹൈദരാബാദിലെ സി സി എം ബി (CENTER FOR CELLULAR AND MOLECULAR BIOLOGY) എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ 2 - ഡി ഗ്ളൂക്കോസ് എന്ന മരുന്ന് ഒരു മാന്ത്രിക മരുന്നൊന്നുമല്ല.ഉത്തർ പ്രദേശിലെ ബലിയയിൽ  നിന്നുള്ള ശാസ്ത്രജ്ഞൻ ഡോ. അനിൽ കുമാർ മിശ്ര ആണ് ഈ ആശയത്തിന് പിന്നിൽ. കാലങ്ങളായി അർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതാണ് ഈ മരുന്ന്.  അർബുദ കോശങ്ങളിൽ ഈ മരുന്ന് പ്രവർത്തിക്കുന്ന അതേ രീതിയിലാണ് കോവിഡ് ബാധിച്ച കോശങ്ങളെയും ഇത് നശിപ്പിക്കുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഒരൽപ്പം സയൻസ് അറിഞ്ഞിരിക്കണം.

നമുക്കെല്ലാം അറിയാവുന്നതു പോലെ നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് നമ്മുടെ കോശങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ പ്രധാനമായും ഉള്ളത് കാര്ബോഹൈഡ്രേറ്റ് അഥവാ ഗ്ളൂക്കോസ്  ആണ്. ഈ ഗ്ളൂക്കോസ്  തന്മാത്രകൾ വിഘടിച്ചാണ് നമുക്കാവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ പ്രവർത്തനങ്ങൾ നടക്കുന്നത് ഒന്നിലധികം തലങ്ങളിലായിട്ടാണ്. ആദ്യം ഗ്ളൂക്കോസ് വിഘടിച്ച് പൈറൂവിക് ആസിഡ് ആവുന്നു. പിന്നെ ഈ പൈറൂവിക് ആസിഡ് വിഘടിച്ച് ഊർജ്ജ കണങ്ങളായ അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് എന്ന എ ടി പി ആവുന്നു. ഈ എ ടി പി ആണ് കോശങ്ങളിലെ ഊർജ്ജം. ഈ പ്രക്രിയകൾ കൃത്യമായി നടന്നാൽ മാത്രമേ കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ. ഇവിടെയാണ് പുതിയ ഒരു തരം ഗ്ളൂക്കോസ് ഉപയോഗിച്ച് നമ്മൾ കോശങ്ങളെ തെറ്റിദ്ധരിപ്പി ച്ച് നശിപ്പിക്കുന്നത്.

സാധാരണ ശരീരത്തിൽ കാണപ്പെടുന്ന ഗ്ലുക്കോസിന് പകരം ഈ 2 -ഡി ഗ്ളൂക്കോസ് ഉപയോഗിക്കുമ്പോൾ കോശങ്ങൾ ഈ പുതിയ ഗ്ളൂക്കോസ് സ്വീകരിക്കാൻ തയ്യാറാവുകയും അത് കോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രാസാഗ്നികളെ കോശങ്ങൾക്ക് നിഷേധിക്കുകയും ചെയ്യും. അതോടെ ആവശ്യത്തിന് ഊർജ്ജം കിട്ടാതെ കോശങ്ങൾക്ക് വിഭജിക്കാനോ വളരാനോ സാധിക്കാതെ വരുന്നു, ഫലമോ  കോശങ്ങളുടെ നാശവും.

ഈ ഒരു തിയറി ആണ് ഇവിടെ പ്രാവർത്തികമാക്കുന്നത്. നേരത്തെ പറഞ്ഞ പോലെ ഇവിടെ സാധാരണ ഗ്ലുക്കോസിന് പകരം 2 -ഡി ഗ്ളൂക്കോസ് (2- ഡീ ഓക്സീ ഗ്ളൂക്കോസ് ) ശരീരത്തിൽ എത്തുമ്പോൾ അതിനെ സ്വീകരിക്കാൻ കോശങ്ങൾ നിർബന്ധിതമാവുകയും ഗ്ളൂക്കോസ് വിഭജിച്ച് ഊർജ്ജമാവുന്ന പ്രവർത്തനത്തിനാവശ്യമായ രാസാഗ്നികളെ നിഷേധിക്കുകയും പ്രവർത്തനം നടക്കാതിരിക്കുകയും ചെയ്യും. അങ്ങിനെ കോശങ്ങളുടെ വളർച്ച തടയപ്പെടുകയും അത് പെറ്റുപെരുകുന്നത് കുറക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ മരുന്ന് അർബുദ രോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കോവിഡ് വ്യാപനവും ഏതാണ്ട് ഈ രീതിയിൽ തന്നെയാണ് നടക്കുന്നത്. ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്കു വളരെ വേഗത്തിൽ വ്യാപിക്കുന്നു. ഇവിടെയും ഈ 2-ഡി ഗ്ളൂക്കോസ് ഉപയോഗിച്ചാൽ കോശങ്ങളുടെ വളർച്ച മുരടിപ്പിച്ച് വൈറസ്  വ്യാപനം കുറക്കാൻ സാധിക്കും.

ഈ മരുന്ന് സാധാരണ ഗ്ളൂക്കോസ് പോലെ തന്നെ പൊടി  രൂപത്തിലാണ് ലഭിക്കുന്നത്. അത് വെറുതെ വായിലേക്കിട്ട് ഇറക്കുക മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ. അപ്പൊ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവും. ഈ പൊടി എല്ലാ കോശങ്ങളിലേക്കും എത്തില്ലേ എന്ന്. അത് ശരിയാണ്. കരളിലും, വൃക്കയിലും ഒഴികെ എല്ലാ കോശങ്ങളിലും ഇത് എത്താൻ  സാധ്യതയുണ്ട്.. പക്ഷെ ആ കോശങ്ങൾ എല്ലാം ആരോഗ്യമുള്ള കോശങ്ങൾ ആകയാൽ പെട്ടെന്ന് തന്നെ മറ്റു ഇതര സ്രോതസ്സുകൾ ആയ സാധാരണ ഗ്ളൂക്കോസ് അല്ലെങ്കിൽ പ്രോട്ടീൻ എന്നിവയിലേക്ക് മാറി സാധാരണ രീതിയിലേക്ക് വരും. ഒരു പരിധി വരെ രോഗബാധിതമായ കോശങ്ങൾ വളരുന്നത് ഈ ഒരു പ്രവർത്തനത്തിലൂടെ തടയപ്പെടും. അതോടൊപ്പം തന്നെ മറ്റു മരുന്നുകൾ കൂടി ഉപയോഗിക്കണം. ഇത് രോഗത്തെ തടയുന്നതിന് വേഗം കൂട്ടും.

റാംഡെസിവീർ

ഇതിന്റെ മറ്റൊരു പേരാണ് ജി എസ് -5734 .ഇതൊരു സിംഗിൾ സ്ട്രാൻഡ് ആർ എൻ എ  ഡ്രഗ് എന്ന വിഭാഗത്തിൽ പെടുന്ന ആന്റി വൈറൽ ഡ്രഗ് ആണ്. വൈറസ് ശരീരത്തിൽ പെറ്റു പെരുകുന്നതിനെ തടയാൻ ഈ മരുന്ന് കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഇതിനെ പ്രൊ-ഡ്രഗ് എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ എത്തിയാൽ മാത്രമേ ഇത് പ്രവർത്തന ക്ഷമമാവുകയുള്ളു. അതുകൊണ്ടു തന്നെ ഇത് എങ്ങിനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നറിയണം. അതിനും ചില അടിസ്ഥാന ശാസ്ത്രം നമ്മൾ അറിഞ്ഞിരിക്കണം. വൈറസ് വംശ വർദ്ധനവ് നടത്തുന്നതെങ്ങനെയെന്ന് പല സ്രോതസ്സുകളിൽ നിന്നും അറിഞ്ഞിട്ടുണ്ടാവും. വൈറസിന് ജീവിക്കണമെങ്കിൽ ഒരു കോശം ആവശ്യമാണ്.


 

കോശത്തിനകത്തേക്കു വൈറസിനെ കടത്തി വിടുന്ന റിസെപ്റ്റർ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിലൂടെയാണ് അവ ശരീര കോശങ്ങളിൽ പ്രവേശിക്കുന്നത്. അതായത് കോശത്തിലെ തന്മാത്രകൾ ഉപയോഗിച്ചാൽ മാത്രമേ വൈറസുകൾക്ക് വംശ വർദ്ധനവ് നടത്താൻ സാധിക്കുകയുള്ളൂ എന്നർത്ഥം. ഇവിടെ കോവിഡ് വൈറസിന്റെ ആർ എൻ എ (RNA) എന്ന ജനിതക വസ്തു മനുഷ്യ ശരീരത്തിലേക്ക് കടത്തി വിട്ട് മനുഷ്യന്റെ കോശവിഭജനത്തോടൊപ്പം വൈറസിന്റെ വംശ  വർധനവും നടത്തിയെടുക്കുകയാണ് ചെയ്യുന്നത്. അതിനു അവയെ സഹായിക്കുന്നത് നമ്മുടെ ശരീരത്തിലെ ആർ എൻ എ ഡിപ്പെൻഡന്റ് ആർ എൻ എ പോളിമേറേസ് (RNA dependent RNA Polymerase) എന്ന പ്രോട്ടീനും നമ്മുടെ തന്നെ റൈബോസോമും (Ribosomes)  ആണ്. ഒരുതരം അപഹരണം.

ആർ എൻ എ ഡിപെൻഡന്റ് ആർ എൻ എ പോളിമേറേസ് എന്ന പ്രോട്ടീൻ, വൈറസിന്റെ വംശ വർധനക്ക് ആവശ്യമാണെന്ന് നമ്മൾ പറഞ്ഞു. റംഡെസിവിർ എന്ന മരുന്ന് ഉപയോഗിക്കുമ്പോൾ ഈ പ്രോട്ടീനിന്റെ പ്രവർത്തനമാണ് തടസ്സപ്പെടുന്നത്. അതോടൊപ്പം തന്നെ ആർ എൻ എ പകർപ്പുകൾ നിർമ്മിക്കപ്പെടുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള പിഴവുകൾ തിരുത്തുന്നതിനായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രോട്ടീനായ എക്സോ നുക്ലീയെസിനേയും (Exonuclease) തടയുന്നു. ഇത് ആർ എൻ എ യുടെ ഉത്പാദനം ഒന്നുകിൽ വൈകിക്കുകയോ അല്ലെങ്കിൽ തടയപ്പെടുകയോ ചെയ്യുന്നു. അതോടെ വൈറസിന്റെ വ്യാപനം കുറയുന്നു.

റംഡെസിവിർ, ജി എസ് -5734 എന്ന ഒരു പേരിൽ അറിയപ്പെടുന്ന ഒരു പ്രൊ ഡ്രഗ് (Pro Drug) ആണെന്ന്  പറഞ്ഞല്ലോ. ഇത് ശരീരത്തിൽ എത്തി പലവിധ പ്രവർത്തങ്ങളിലൂടെ ന്യൂക്ലിയോ സൈഡ് ട്രൈ ഫോസ്ഫാറ്റ് (Nucleotide Tri Phosphate) ആയി മാറുമ്പോൾ ആണ് അത് സജീവമാവുന്നത് (Active drug).  ഈ ന്യൂക്ലിയോ സൈഡ് ട്രൈ ഫോസ്ഫാറ്റ് ആണ് ആർ എൻ എയുടെ വംശ വർദ്ധനവ് തടസ്സപ്പെടുത്തുകയോ  വൈകിക്കുകയോ ചെയ്യുന്നത്.

ഇതും നമുക്ക് പൂർണ്ണമായും ആശ്രയിക്കാവുന്ന ഒരു മരുന്നൊന്നും അല്ല. പക്ഷെ ഒരു മരുന്നും ഇത് വരെ കോവിഡിനെതിരായി ഫലപ്രദമാണെന്ന് കണ്ടു പിടിക്കപ്പെടാത്തതിനാൽ, വൈറസിന്റെ വ്യാപനം തടയാൻ ഇങ്ങിനെ ചില മരുന്നുകളേ നമുക്ക് ഉപയോഗിക്കാൻ ഉള്ളൂ എന്നതാണ് സത്യം.

അതുകൊണ്ടു തന്നെ വളരെ ഫലപ്രദമായ പുതിയ കണ്ടു പിടുത്തങ്ങൾ കോവിഡിനെതിരെ ഉടൻ തന്നെ ഉണ്ടാവും എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ദ്രുതം നടന്നുകൊണ്ടിരിക്കുന്നു. പ്രത്യാശയുടെ കിരണങ്ങൾ ഉടൻ തന്നെ ദൃശ്യമാവുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top