07 December Thursday

ബൈപോളാർ ഡിസോർഡർ: ഒളിഞ്ഞിരിക്കുന്ന ആപത്ത്‌

ഡോ. വിനുപ്രസാദ്‌ വി ജിUpdated: Monday Jul 31, 2023

ഡോ. വിനുപ്രസാദ്‌ വി ജി

ഡോ. വിനുപ്രസാദ്‌ വി ജി

തീവ്രവും നീണ്ടുനിൽക്കുന്നതുമായ വിഷാദമാണ് മറ്റുവിഷാദരോഗങ്ങളിൽ നിന്ന് ബൈപോളാർ വിഷാദത്തെ (bipolar depression) വ്യത്യസ്തമാക്കുന്നത്. തീവ്രമായ ആത്മഹത്യാപ്രവണത ഇതിന്റെ സവിശേഷതയാണ്. ഇതിനൊപ്പം ഭീതി, സംശയം, കുറ്റബോധം മുതലായവ ചിത്തഭ്രമലക്ഷണങ്ങളോടെ വരാം. തീരെ മിണ്ടാട്ടം മുട്ടി , ശരീരം തന്നെ മരം പോലെ ആയിപോകുന്ന അവസ്ഥയുമുണ്ട് ...  ഡോ. വിനുപ്രസാദ്‌ വി ജി എഴുതുന്നു.

"വല്ലാത്ത ടെൻഷൻ കുറച്ചു നാളായിഒരു സൈക്യാട്രിസ്റ്റിനെ കണ്ട് ഗുളിക കഴിക്കുന്നുണ്ട് ഡിപ്രഷൻ ആണത്രേ’’

‘‘മോൾക്ക് ഒരു ആൻക്സൈറ്റിയുടെ പ്രശ്നം ഒരു ചെറിയ ഗുളിക കഴിക്കുന്നുണ്ട് കൗൺസിലിംഗിനും പോകുന്നുണ്ട്. ഇപ്പോൾ കുഴപ്പമൊന്നുമില്ല ’’


ഒരു വിധം ശാസ്‌ത്രബോധമുള്ള മലയാളികൾക്ക് ഒരു ചായയുടെ കൂടെ ഇങ്ങനെയൊരു സംഭാഷണം സുഹൃത്തുക്കളോടോ ബന്ധുക്കളോടോ നടത്താൻ ഇന്ന് വലിയ പ്രയാസമില്ല.

എന്നാൽ കുറച്ചുകാലം മുമ്പ് ഒക്കെ ഇത് നമുക്ക് ചിന്തിക്കാനേ  പറ്റുമായിരുന്നില്ല. അഥവാ മാനസിക പ്രയാസങ്ങളെ പറ്റി ഒരു സംസാരമുണ്ടെങ്കിൽ അത് ഏതാണ്ട് ഇങ്ങനെ ആയിരിക്കും :

‘‘നമ്മുടെ സുഗതൻ മാഷിൻറെ മോളെ ആ ഡോക്ടർ വിനോദിന്റെ വീട്ടിൽ വച്ച് ആരോ കണ്ടത്രെ. മനസ്സിലായോ ? അയാൾ സൈക്യാട്രിസ്റ്റാ. എന്തോ കാര്യപ്പെട്ട അസുഖമാണെന്നാ കേട്ടത്. കാണാൻ എന്തൊരു നല്ല കുട്ടി! കഷ്ടമായിപ്പോയി.’’

അതായത് മാനസിക രോഗങ്ങളെ പറ്റിയുള്ള ചർച്ച ആരാന്റെ പിന്നാമ്പുറത്തുനിന്നും ഏതാണ്ട് അവനവന്റെ സ്വീകരണമുറി വരെ എത്തി. ഡയബറ്റിസ് പോലെ ഹൈപ്പർടെൻഷൻ പോലെ ക്യാൻസർ പോലെ ഡിപ്രഷൻ, ആൻക്സൈറ്റി ഒക്കെ ഒരു കുശലപ്രശ്നത്തിന്റെ ലാഘവത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ജനതതി എത്രകണ്ട് ശാസ്ത്രീയമായി ചിന്തിക്കാൻ പഠിച്ചു എന്നതിന്റെ സൂചകമാണ്. അത് മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവേശം നൽകുന്ന കാര്യവുമാണ്.

ഈ പറഞ്ഞ അസുഖങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഇതത്ര ഗുരുതരമല്ലെന്നും ഇതുമൂലമുള്ള അസ്വസ്ഥത എത്ര ഗുരുതരമാണെങ്കിലും ചികിത്സ എടുത്താൽ മാറുന്നതേ ഉള്ളൂ എന്നും ഇവ സാധാരണഗതിയിൽ ഒരാളുടെ നിർണ്ണയശേഷി ((judgement) യിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നും സാമാന്യം വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള ഏതൊരാൾക്കും അറിയാം. അതുകൊണ്ട് അവയെപറ്റി സ്വീകരണമുറിയിൽ ചർച്ചയാകാം. കുറഞ്ഞത് നമ്മുടെ കേരളത്തിലെങ്കിലും.

ഇത്തരം 'ലഘു'വായ മാനസിക പ്രയാസങ്ങളെ സാധാരണ മാനസിക പ്രയാസങ്ങൾ  (common mental disorders) എന്ന് വിളിച്ചത് ബ്രിട്ടീഷ് സൈക്യാട്രിസ്റ്റ് ആയ ഡോ. വിക്രം പട്ടേൽ ആണ്.

*****
ഇതിന് ഒരു മറുവശമുണ്ട്. ഈ കുറിപ്പിന്റെ തലക്കെട്ടും അതിനെക്കുറിച്ചാണ്. ഗുരുതരമാനസിക പ്രശ്നങ്ങളെ കുറിച്ച്. പ്രത്യേകിച്ച് ബൈപോളാർ ഡിസോർഡറിനെ കുറിച്ച്.

ഗുരുതരമാനസിക പ്രശ്നങ്ങൾ പലതുണ്ടെങ്കിലും സ്‌കിസോഫ്രീനിയ അഥവാ ചിത്തഭ്രമം, ബൈപോളാർ അഫക്ടീവ് ഡിസോർഡർ (BPAD) അഥവാ ഉന്മാദ വിഷാദരോഗം എന്നിവയാണ് അവയിൽ ഏറ്റവും സാധാരണം. സ്‌കിസോ അഫക്ടീവ് ഡിസോർഡർ എന്ന ഇത് രണ്ടിന്റെയും മധ്യത്തിൽ എന്ന് പറയാവുന്ന ഒരു വിഭാഗവുമുണ്ട്. അതും അത്ര അപൂർവ്വമല്ല.



ചിത്തഭ്രമം നമ്മൾ പലപ്പോഴും സിനിമകളിലും ചിലപ്പോഴൊക്കെ ജീവിതത്തിലും കണ്ടിട്ടുണ്ട്. മിഥ്യാധാരണ (Delusion) മിഥ്യയായ ഇന്ദ്രിയാനുഭവങ്ങൾ (hallucinations) എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. അകാരണമായ സംശയങ്ങൾ, അടിസ്ഥാനമോ തെളിവോ ഇല്ലാത്ത വിശ്വാസങ്ങൾ, മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ, മറ്റാരും മണക്കാത്ത മണങ്ങൾ ഒക്കെയായി അവരുടെതായ ഒരു ലോകത്താവും അവരുടെ ജീവിതം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ പതിയെപ്പതിയെ ചുറ്റുപാടുകളിൽ താത്പര്യവും മാനാഭിമാനങ്ങളും വ്യക്തിത്വവും നഷ്ടപ്പെട്ട് ജീവിതത്തിന്റെ പാർശ്വങ്ങളിലേക്ക് ഒതുങ്ങിപ്പോകും. അങ്ങനെയുള്ള രോഗികളിൽ ചിലരെ നമ്മൾ ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ കാണാറുണ്ടല്ലോ.

ചിത്തഭ്രമം ഒരു സാധാരണ വ്യക്തിക്കുതന്നെ ഒരു മാനസികവ്യതിയാനമായി തിരിച്ചറിയാനാവുന്നതുകൊണ്ട് ഏറിയപങ്കും ചികിത്സക്കായി എത്തിച്ചേരും. ബാധ ഒഴിപ്പിക്കാനായി കൊണ്ടുചെന്നാലും പരിചയസമ്പന്നരായ മന്ത്രവാദികളും മൊല്ലാക്കമാരുമൊക്കെ അവരായി തന്നെ വൈദ്യസഹായത്തിനായി 'റഫർ ' ചെയ്യുന്ന അനുഭവം ലേഖകന് ധാരാളം ഉണ്ടായിട്ടുണ്ട്. ചതിക്കുഴികൾ പോലെ തന്നെ പിടിവള്ളികളും സമൂഹത്തിൽ ധാരാളമുണ്ട് എന്നത് വലിയ ആശ്വാസമാണ്.

നേരത്തെ പറഞ്ഞതുപോലെ ഇത്രയും പറഞ്ഞത് രണ്ടാമത്തെ തരം ഗുരുതര മാനസികപ്രശ്നത്തെ കുറിച്ച് പറയാനാണ്. ബൈപോളാർ ഡിസോർഡർ (BPAD).

ഏറ്റവും അധികം ആത്മഹത്യാനിരക്ക്, ഏറ്റവും അധികം അക്രമപ്രവണത, ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് ഏറ്റവും സാധ്യത അങ്ങനെ അപകടങ്ങൾ ഏറെയുണ്ടെങ്കിലും ബൈപോളാർ ഡിസോർസറിനെ ഏറ്റവും അപകടകാരിയാക്കുന്നത് അതിന്റെ ഒളിച്ചിരിക്കാനുള്ള കഴിവാണ്. അതായത് അസുഖം മൂർധന്യത്തിൽ എത്തുന്നത് വരെ ഇത് അസുഖമാണോ സ്വഭാവമാണോ എന്ന് കാണുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ലഹരി ഉപയോഗം കൂടി ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ചില ഉന്മാദാവസ്ഥകളുടെയൊക്കെ തുടക്കത്തിൽ ആൾ കൂടുതൽ മിടുക്കൻ / മിടുക്കി ആവുന്നതായി വരെ തോന്നാം. വിദ്യാർത്ഥി ആണെങ്കിൽ കൂടുതൽ നേരം ഇരുന്ന് പഠിക്കുന്നു, കൂടുതൽ മാർക്ക് വാങ്ങുന്നു, കായികതാരം ക്ഷീണം കാണിക്കാതെ പ്രകടനം കാഴ്ചവെക്കുന്നു , കലാകാരന്റെ കല കൂടുതൽ മിഴിവുറ്റതാകുന്നു, ജോലിക്കാർ നിർത്താതെ ജോലി ചെയ്യുന്നു, ഭക്തി ഏറിയേറിവരുന്നു, മതകാര്യങ്ങളിൽ കൂടുതൽ തത്പരരാകുന്നു ....... ഇതിലൊക്കെ ആശങ്കപ്പെടാൻ എന്താണുള്ളത് ? എന്നാൽ പതിയെ പതിയെ ഉറക്കത്തിന്റെ ആവശ്യം നഷ്ടപ്പെടുന്നതായും അനിയന്ത്രിതമായ ദേഷ്യമോ അമിതമായ സന്തോഷമോ പ്രകടിപ്പിക്കുന്നതായും കാണാം. ഇതാണ് ഉന്മാദം (Mania). ഈ അവസ്ഥയിൽ ആൾ അപകടകരമായി പെരുമാറാം. പ്രത്യേകിച്ച് ഒരു ആയുധമോ വാഹനമോ ഉപയോഗിക്കാൻ കിട്ടിയാൽ.

വരുംവരായ്കകളെക്കുറിച്ചുളള ചിന്ത ഈ അവസ്ഥയിൽ തകരാറിലായിരിക്കും. അതുകൊണ്ട് ഏത് പാതകവും ചെയ്തുപോകാം. വലിയ പ്ലാനുകളും പദ്ധതികളും ഒക്കെ ഇട്ട് ബിസിനസ്സ് ഒക്കെ തുടങ്ങി കടത്തിലായവരും കുറവല്ല. ഗാർഹികമായ അക്രമങ്ങൾ, ചെറിയ തർക്കങ്ങൾ വലിയ അക്രമങ്ങളിൽ കലാശിക്കുന്നത് , കൊലപാതകങ്ങൾ, ലൈംഗിക അതിക്രമങ്ങൾ ഒക്കെ നാം പത്രങ്ങളിൽ കാണുന്നതാണല്ലോ.

തീവ്രവും നീണ്ടുനിൽക്കുന്നതുമായ വിഷാദമാണ് മറ്റുവിഷാദരോഗങ്ങളിൽ നിന്ന് ബൈപോളാർ വിഷാദത്തെ (bipolar depression) വ്യത്യസ്തമാക്കുന്നത്. തീവ്രമായ ആത്മഹത്യാപ്രവണത ഇതിന്റെ സവിശേഷതയാണ്. ഇതിനൊപ്പം ഭീതി, സംശയം, കുറ്റബോധം മുതലായവ ചിത്തഭ്രമലക്ഷണങ്ങളോടെ വരാം. തീരെ മിണ്ടാട്ടം മുട്ടി , ശരീരം തന്നെ മരം പോലെ ആയിപോകുന്ന അവസ്ഥയുമുണ്ട് ( catatonia).

ഈ രണ്ട് അറ്റത്തുമുള്ള അവസ്ഥകളിലൂടെയുളള മൂഡിന്റെ (mood) അനിയന്ത്രിത സഞ്ചാരമാണ് ബൈപോളാർ ഡിസോർഡർ.

ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ചികിത്സയിലൂടെ ഇത് ഏതാണ്ട് പൂർണ്ണമായും സുഖപ്പെടും എന്നതാണ്. അതുതന്നെ പ്രതികൂലമായും വരാം. അസുഖം പിന്നീട് തിരിച്ച് വരാതിരിക്കാനുള്ള തുടർചികിത്സ നടത്താതെ സുഖപ്പെട്ടു എന്ന തെറ്റിദ്ധാരണയിൽ രോഗിയും ബന്ധുക്കളും അകപ്പെടാനും അസുഖം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാനും കാരണമാകാം.

ബൈപോളാർ ഡിസോർഡറിനെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത് അതിന്റെ ഉന്മാദ (Mania) ലക്ഷണങ്ങളാണ്. ബഹളമുണ്ടാക്കുന്ന ഒരാളെ നമ്മൾ ശ്രദ്ധിക്കുമല്ലോ. പക്ഷേ മൃദു ബൈപോളാർ ഡിസോർഡർ (Soft bipolar/ BPAD II) എന്ന ഒരു ഉപവിഭാഗത്തിൽ ഉന്മാദലക്ഷണങ്ങൾ അത്രകണ്ട് പ്രകടമാവുകയില്ല. ഈ സവിശേഷത അതിനെ കണ്ടുപിടിക്കുന്നതിൽ നിന്നും ചികിത്സ ലഭിക്കുന്നതിൽ നിന്നും കൂടുതലായി തടയുന്നു.

ഇന്ത്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് ബൈപോളാർ ഡിസോർഡർ കാണപ്പെടുന്നതായി സർവ്വേകൾ പറയുന്നത്. അമേരിക്കയിൽ ഇത് നാല് ശതമാനത്തിൽ കൂടുതലാണ്. പാരമ്പര്യത്തിന് ഒരു നല്ല പങ്കുണ്ടെങ്കിൽ കൂടിയും ഈ വ്യത്യാസം നമ്മുടെ സമൂഹത്തിൽ ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിനേക്കാൾ ഒരുപാട് കേസുകൾ 'ഒളി'ച്ചിരിക്കുന്നുണ്ട് എന്നതിന്റെ സൂചനയായി കൂടി കണക്കാക്കണം.

ബൈപോളാർ ഡിസോർഡർ ഒളിച്ചിരിക്കുന്ന ആപത്താണ്. എന്നാൽ ചികിത്സ കൊണ്ട് മാറും. മടി കൂടാതെ നമ്മുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചികിത്സ ലഭ്യമാക്കാം. അവരുടെയും ചുറ്റുള്ളവരുടെയും ജീവിതം സുരക്ഷിതമാവട്ടെ.

(ഒറ്റപ്പാലം വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറാണ്‌ . Email: vinuprasadvgm@gmail.com)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top