11 May Saturday

ഇനി അതാകുമോ അവര്‍ സ്വപ്‌നം കാണുന്ന കിനാശ്ശേരി?

ഡോ. ഷിംന അസീസ്‌Updated: Wednesday Apr 26, 2017

മാധ്യമങ്ങളില്‍ പടരുന്ന വാക്‌സിന്‍ വിരുദ്ധത കേരളത്തില്‍ ഡിഫ്‌തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാരണമാകുന്നതായി ഡോ. ഷിംന അസീസ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള പ്രതികരണം.

മാതൃഭൂമി ആഴ്ചപതിപ്പ് ഏപ്രില്‍ മുപ്പത്, 2017 ലക്കം കവര്‍ സ്റ്റോറി ‘നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു’ എന്ന പേരില്‍ നിര്‍ബന്ധിതമല്ലാത്ത വാക്സിനുകള്‍ വില്‍ക്കുന്നത് വഴി സ്വകാര്യ ഡോക്ടര്‍മാരുടെ ലാഭത്തിനു നേരെയുള്ള ഒരു അന്വേഷണ സ്റ്റോറിയാണ്. മുന്‍പൊരിക്കല്‍ പ്രസിദ്ധീകൃതമായ ഇംഗ്ലീഷ് ലേഖനത്തിന്റെ തര്‍ജമ എന്ന് അറിയാം. പക്ഷെ, പത്രഭാഷയുടെ ഔപചാരികത വിട്ട് ഒരു അന്വേഷണവിവരണം വായിക്കുന്നത് കണക്കു വായിച്ചേക്കാവുന്ന ഈ ഫീച്ചര്‍ എന്ത് കൊണ്ടാണ് വിമര്‍ശനയോഗ്യമാകുന്നത് എന്നതിന് പല കാരണങ്ങള്‍ ഉണ്ട്.

ആരോഗ്യരംഗത്ത് വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയ ‘കേരള മോഡല്‍’ എന്ന് അഭിമാനപൂര്‍വ്വം ലോകം പുകഴ്ത്തിയ നമ്മുടെ നാട്ടിലും കഴിഞ്ഞ വര്‍ഷവും കഴിഞ്ഞ ആഴ്ചയും ഡിഫ്‌തീരിയ മരണം ഉണ്ടായി. കുത്തിവെപ്പ് എടുത്തിരുന്നെങ്കില്‍ പൂര്‍ണമായും തടയാന്‍ സാധിക്കുമായിരുന്ന ഈ മരണങ്ങള്‍ക്ക് പിന്നിലും മാധ്യമങ്ങളും അശാസ്ത്രീയവാദികളും രണ്ടു പേര്‍ ചേര്‍ന്ന് കൂടിയും ഉണ്ടാക്കിയ പരിക്കുകള്‍ക്കുള്ള പങ്കു ചെറുതല്ല. ഇന്ന് ഈ ഫീച്ചര്‍ വായിച്ചപ്പോഴും ബാഹ്യമായി കച്ചവടത്തെ എതിര്‍ത്തു എന്ന പ്രതീതി ഉണ്ടാക്കി ആവുന്നിടത്തെല്ലാം നിര്‍ബന്ധിത വാക്സിന്‍റെ വിശ്വസ്യതക്കിട്ട് കുത്താന്‍ മാതൃഭൂമി മറന്നിട്ടില്ല. കച്ചവടത്തെ എതിര്‍ക്കുന്നതിനോടോ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനോടോ എതിര്‍പ്പില്ല, പക്ഷെ ഈ അപ്രഖ്യാപിത വാക്സിന്‍ വിരുദ്ധത സാമൂഹികപ്രതിബദ്ധത പേരിനെങ്കിലും ഉള്ളൊരു പ്രസിദ്ധീകരണത്തിന് ചേര്‍ന്നതല്ല എന്നോര്‍മിപ്പിച്ചു കൊണ്ട് ലേഖനത്തിലേക്ക്...

1 ‘ഇന്ത്യയിലെ ഇമ്മ്യുനൈസെഷന്‍ പരിപാടിയെ ചൂഴ്ന്നു നില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വെളിച്ചം വീശിയത്’..... ‘ശിശുരോഗവിദഗ്ധരും ഇന്ത്യയിലും വിദേശത്തുമുള്ള വാക്സിന്‍ നിര്‍മാതാക്കളും തമ്മിലുള്ള വഴിവിട്ട ബന്ധത്തെപറ്റിയുള്ള ഞെട്ടിക്കുന്ന പരമാര്‍ത്ഥങ്ങള്‍’...
ഒടുക്കം ആദ്യ പേജില്‍തന്നെ ‘ഇന്ത്യയിലെ നിര്‍ബന്ധിത വാക്സിനേഷനും വാക്സിന്‍ കമ്പനികളുടെ സ്വാധീന വലയത്തിലാണ്, ആഗോളതാല്പര്യമുള്ള കൂട്ടുകക്ഷികള്‍ ആണ് വിദൂരസ്ഥലമായ സമ്മേളനമുറികളില്‍ നിന്ന് ചരട് വലിക്കുന്നത്.’

മനോഹരമായിരിക്കുന്നു, ഭാഷയും പ്രയോഗങ്ങളും ! സര്‍ക്കാര്‍ നിയന്ത്രിതമായ ഒരു ആരോഗ്യപരിപാടിക്ക് എതിരെ ഇത്ര തുറന്നൊരു ആരോപണം ഉന്നയിക്കുമ്പോള്‍, തെളിവുകളുണ്ടാകണം. ചില പ്രമുഖ വാക്സിന്‍ വിരുദ്ധരെ പോലെ എന്തെന്നോ എവിടെ നിന്നെന്നോ അറിയാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ഗൂഢാലോചനാസിദ്ധാന്തം പടച്ചു വിടുകയും ചെയ്യുന്നത് ഒരു നല്ല പ്രസിദ്ധീകരണത്തിനു ചേര്‍ന്നതല്ല. വ്യക്തതയില്ലാത്ത അര്‍ദ്ധസത്യങ്ങള്‍ പറഞ്ഞു സാധാരണ ജനങ്ങളുടെ മനസ്സിലേക്ക് അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ പോലും കെല്‍പ്പുള്ള സംശയത്തിന്റെ കനല്‍ കോരിയിട്ടു കൊടുക്കുന്നതാണോ നിങ്ങളുടെ മാധ്യമ ധര്‍മം? ആരെഴുതി എന്നതല്ല, നിങ്ങളുടെ പ്രസിദ്ധീകരണത്തില്‍ എന്ത് അച്ചടിച്ച്‌ വന്നു എന്നത് മാത്രമാണ് വിഷയം. അതിലെ ഓരോ വാക്കിനും വരിക്കും ഉത്തരവാദി നിങ്ങള്‍ മാത്രമാണ്.

2 ഇന്ത്യയില്‍ കാണപ്പെടാത്ത രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ പോലും ഇവിടെ ധാരാളം വിറ്റഴിയപ്പെടുന്നു !

യെല്ലോ ഫീവര്‍ വാക്‌സിന്‍ സ്വകാര്യ ഡോക്‌ടര്‍മാര്‍ എഴുതിക്കൊടുത്ത്‌ തകര്‍ക്കുകയാണെന്ന്‌ ഉദ്ദേശ്യം. എന്തെങ്കിലും എഴുതും മുന്‍പ്‌ ഒരു നിമിഷം ആലോചിക്കുക, കാര്യങ്ങള്‍ അന്വേഷിക്കുക. മഞ്ഞപ്പനി നില നില്‍ക്കുന്ന രാജ്യത്തേക്ക്‌ യാത്ര ചെയ്യുന്നവര്‍ക്ക്‌ മാത്രമാണിത്‌ നല്‍കപ്പെടുന്നത്‌. കേരളത്തില്‍ ആകെ പോര്‍ട്ട്‌ ട്രസ്‌റ്റിലും (കൊച്ചി വെല്ലിങ്‌റ്റന്‍ ദ്വീപ്‌) എയര്‍പ്പോര്‍ട്ട്‌ അസോസിയേഷനിലുംം മാത്രം ലഭ്യം. അതും ആഴ്‌ചയില്‍ രണ്ട്‌ ദിവസം മാത്രം. ഏത്‌ സ്വകാര്യലോബി എപ്പോള്‍ ആണ്‌ ഈ ഇല്ലാത്ത രോഗത്തിന്‌ ചികിത്‌സ കൊടുത്തത്‌ ?

നോക്കൂ, രോഗമേ ഇവിടെ ഇല്ലാത്തതുള്ളൂ. മഞ്ഞപ്പനി പരത്താന്‍ കെല്‍പ്പുള്ള ഈഡിസ്‌ കൊതുക്‌ (ഡെങ്കി പരത്തുന്ന പുള്ളിച്ചിക്കൊതുകില്ലേ? ഓള്‌ തന്നെ) ഇവിടെയുണ്ട്‌. ഇവിടെ നിന്ന്‌ പ്രതിരോധ കുത്തിവെപ്പ്‌ എടുക്കാതെ അവിടെ പോയി അവിടെ നിന്ന്‌ രോഗവുമായി ആരെങ്കിലും തിരിച്ച്‌ വന്നാല്‍ രോഗാണുവിനെ പരത്താന്‍ കൊതുക്‌ ഇഷ്‌ടം പോലെ ഇവിടെയുണ്ട്‌. അതിന്‌ തടയിടാന്‍ വേണ്ടിയാണ്‌ വിദേശയാത്രികര്‍ക്ക്‌ ഗവണ്‍മെന്റ്‌ അംഗീകൃത സെന്ററുകളിലൂടെ മാത്രം നല്‍കുന്ന ഈ വാക്‌സിന്‍.

3.ഓപ്‌ഷണല്‍ വാക്‌സിനുകള്‍ കൂടി നല്‍കപ്പെടുമ്പോള്‍ പന്ത്രണ്ട്‌ വയസ്സ്‌ വരെ മാസവും ഒരു തവണയെങ്കിലും വാക്‌സിനെടുക്കാന്‍ ഡോക്‌ടറെ സന്ദര്‍ശിക്കേണ്ടി വരുന്നു.

അതിശയോക്‌തിക്കും ഒരു പരിധിയില്ലേ? 12വര്‍ഷം x 12 മാസം= 144 തവണ നിങ്ങളുടെ കുഞ്ഞിനെ കുത്തിവെക്കാന്‍ നിങ്ങള്‍ സമ്മതിക്കുമോ?ഇതിനും മാത്രം വാക്‌സിനുകളുണ്ടോ നാട്ടില്‍?ഇതൊന്നും പ്രൂഫ്‌റീഡ്‌ ചെയ്‌തു തന്നെയല്ലേ പുറത്ത്‌ വരുന്നത്‌ ?

ഇനിയിപ്പോ ആ വാക്‌സിന്‍ പട്ടികകളിലെ കോമഡികള്‍.

> പെട്ടസിസ്‌  Pertussis എന്നത്‌ മലയാളത്തില്‍ എടുത്തെഴുതിയതാ. 'പെര്‍ട്ടുസിസ്സ്‌' എന്നാ..ആ പോട്ട്‌, സാരമില്ല.

>പോളിയോ തളര്‍വാതമെന്ന്‌ തര്‍ജമ. പോളിയോയുടെ മലയാളപദം പിള്ളവാതം എന്നാണ്‌.

>മീസില്‍സ്‌ അഞ്ചാം പനി എന്ന്‌ എഴുതേണ്ടിടത്ത്‌ മീസില്‍സിന്റെ തര്‍ജമ വസൂരി എന്ന്‌ എഴുതിയിരിക്കുന്നു !!! എന്ത് അക്രമമാണ്‌ ഈ എഴുതി വെച്ചിരിക്കുന്നത്‌ ! 1980 വര്‍ഷത്തില്‍ ലോകം വസൂരിമുക്‌തമായി പ്രഖ്യാപിക്കപ്പെട്ടു. ഒരിടത്ത്‌ മാത്രം അച്ചടിച്ചു വന്നാല്‍ പോലും ഇതിന്‌ പേര്‌ അപരാധമെന്നാണ്‌. ഒന്നിലേറെ സ്‌ഥലത്ത് ഇതേ തെറ്റ്‌. അന്ധമായ ആത്‌മവിശ്വാസം എന്നാണിതിന്‌ പേര്‌. ഒന്ന്‌ വായിച്ചു നോക്കുക പോലും ചെയ്യാതെയാണോ ഇതൊക്കെ പടച്ചു വിടുന്നത്‌?ഇത്തരം പടുവിഡ്‌ഢിത്തരം അച്ചടിക്കാന്‍ ലജ്‌ജയില്ലേ മാതൃഭൂമീ?

>പ്രത്യേക സാഹചര്യത്തില്‍ കൊടുക്കേണ്ട സ്വകാര്യ ചികിത്‌സകര്‍ 'പ്രേരിപ്പിച്ച്‌' കൊടുക്കേണ്ട വാക്‌സിനില്‍ ആദ്യം തന്നെ 'റാബീസ്‌ വാക്‌സിന്‍'.

റാബീസ്‌ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ലഭ്യമാണ്‌. ഇതൊരു പ്രത്യേക സാഹചര്യം ഒന്നുമല്ല. ഇതെടുക്കാന്‍ പ്രേരിപ്പിക്കാന്‍ കാത്തു നിന്നാല്‍ ചിലപ്പോള്‍ അധികം നാള്‍ കാത്തു നില്‍ക്കേണ്ടി വരില്ല. പേവിഷബാധ ഉണ്ടായാല്‍ മരണം സുനിശ്‌ചിതം.

>ഡ്യൂപ്ലിക്കേഷന്‍ വാക്‌സിനുകള്‍ അര്‍ത്‌ഥം മനസ്സിലായില്ല. ഔദ്യോഗികമായി ആ പേരില്‍ വല്ലതും നിലവിലുണ്ടോ എന്ന അന്വേഷണത്തിലാണ്‌. അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ.ഇനി ബൂസ്‌റ്റര്‍ ഡോസാണോ ഉദ്ദേശ്യം? അതോ ഒരേ രോഗങ്ങളെ പ്രതിരോധിക്കുന്ന പല വാക്‌സിന്‍ എന്നാണോ ഉദ്ദേശ്യം? അങ്ങനെയെങ്കില്‍, ഇവയോരോന്നും വ്യത്യസ്‌തമാണ്‌.

ഉദാഹരണത്തിന്, DPT നല്‍കുന്നത്‌ അഞ്ച്‌ വയസ്സിന്‌ താഴെയും അതേ രോഗങ്ങളെ പ്രതിരോധിക്കുന്ന Td (pertussis component ഇല്ല) മുതിര്‍ന്നവര്‍ക്കുള്ള ഡിഫ്‌തീരിയ ടെറ്റനസ്‌ വാക്‌സിനുമാണ്‌. ഇതില്‍ ഏത്‌ ആര്‍ക്കെഴുതണമെന്നുള്ള വിവരം ഡോക്‌ടര്‍ക്കുണ്ട്‌. ദയവ്‌ ചെയ്‌ത്‌ സ്വന്തം തിയറി ഉണ്ടാക്കാതിരിക്കുക. വല്ലവരും എഴുതിയതാണെങ്കില്‍ ഒന്ന്‌ ക്രോസ്‌ ചെക്ക്‌ ചെയ്‌താല്‍ മാനം നേടാം.

പിന്നെ പതിവ്‌ പോലെ ബഹുരാഷ്‌ട്ര കുത്തക, വാക്‌സിന്‍ നിലവാരത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി പൊതുജനത്തെ ഉദ്‌ബോധിപ്പിക്കല്‍ തുടങ്ങിയവയുമായി ലേഖനം പുരോഗമിക്കുന്നു. 'രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ട വാക്‌സിന്‍' എന്ന നിര്‍വചനത്തോടുമുണ്ട്‌ പുച്‌ഛം. ഇവയൊന്നും നിര്‍ബന്ധിതമല്ല എന്നിരിക്കേ, സാധാരണ ഗതിയില്‍ ഡോക്ടര്‍ വിവരം ഒന്ന്‌ പറയുന്നുണ്ടാകാം. അപ്പോഴേക്കും മെഡിക്കല്‍ മാഫിയയായി, കേസായി, പുക്കാറായി...

'ഇറക്കുമതി വാക്‌സിനുകള്‍ക്ക്‌ ഇന്ത്യ കീഴ്‌പ്പെട്ടതെങ്ങനെ' എന്ന തലക്കെട്ടിന്‌ കീഴെ തലങ്ങും വിലങ്ങും വാക്‌സിന്‍ വിരുദ്ധത മുഴച്ച്‌ നില്‍ക്കുന്നു.

നിര്‍ബന്ധിത വാക്‌സിനുകളെക്കുറിച്ച്‌ 'പരിമിത വിഭവങ്ങളെ അമിതമായി വലിച്ചു നീട്ടുന്നതും രാജ്യത്തെ നവജാതശിശുക്കളെ മുഴുവനായി ഉള്‍ക്കൊള്ളാതിരിക്കുന്നതും മാത്രമല്ല ഈ പരിപാടിക്കെതിരെയുള്ള വിമര്‍ശനം' എന്നൊരു വാചകമുണ്ട്‌.

എന്റെ ചോദ്യം, 'ഏത്‌ നവജാതശിശുവിനെ ആര്‌ നിര്‍ബന്ധിത വാക്‌സിനേഷനില്‍ നിന്നൊഴിവാക്കി ?പലരും പലതും പറഞ്ഞ്‌ വാക്‌സിനേഷനില്‍ നിന്നും അകന്ന്‌ നില്‍ക്കുന്നതില്‍ നിങ്ങളെപ്പോലെ നട്ടാല്‍ കുരുക്കാത്ത നുണ എഴുതുന്ന മാധ്യമങ്ങളുടെ പങ്ക്‌ വിസ്‌മരിക്കാമാകുമോ ?'

രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം എങ്ങും പരാജയപ്പെട്ടിട്ടില്ല സര്‍. ഓരോ കുഞ്ഞിനും അവരുടെ അവകാശമായ ജീവിതം കൊടുക്കാന്‍ ഞങ്ങളാല്‍ സാധിക്കുന്നത്‌ ഞങ്ങള്‍ ചെയ്‌തിരിക്കും. അതിന്‌ നിങ്ങള്‍ ഞങ്ങളെ എന്ത് വിളിച്ചാലും.

Universal Immunisation Program  സൗജന്യമാണെന്ന്‌ പറയുന്നതിലും അല്‍പം അതിശയോക്‌തി കലര്‍ത്തിക്കാണുന്നു. വാക്‌സിന്‍ സൗജന്യമായി തരുന്നത്‌ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്ന്‌ വരാനാണ്‌. അത്‌ കുട്ടികളുടെ അവകാശമായത്‌ കൊണ്ടാണ്‌. സൗജന്യമായതിനേയും പണം കൊടുത്ത്‌ വാങ്ങേണ്ടതിനേയും ഒരു പോലെ എതിര്‍ക്കുന്നതിന്‌ മലയാളത്തില്‍ പറയുന്ന പേരാണ്‌ 'വാക്‌സിന്‍ വിരുദ്ധത'.

IMF, WHO, GAVI (Global Alliance for Vaccine and Immunisation) തുടങ്ങി സര്‍വ്വരും ഗൂഢാലോചനക്കാരാണെന്ന പ്രസ്‌താവന എന്ത് കാരണം കൊണ്ടെന്ന്‌ അറിയില്ലെങ്കിലും പതിവ്‌ പോലെ എഴുതിയിട്ടുണ്ട്‌. പുതിയ വാക്‌സിന്‍ നയത്തിലെ കുറവുകള്‍ ചൂണ്ടിക്കാട്ടുകയും നിര്‍ബന്ധിത വാക്‌സിന്‍ ഷെഡ്യൂളില്‍ ഏതൊക്കെയോ അനാവശ്യമെന്ന്‌ പുലമ്പുകയും ചെയ്യുന്നു. (ഏതാണെന്നല്ലേ, ഇത്‌ വരെയുള്ള 12 പേജ്‌ വായിച്ചിട്ട്‌ എനിക്കും മനസ്സിലായില്ല. മൊത്തത്തില്‍ സര്‍ക്കാര്‍ കൊടുക്കുന്ന വാക്‌സിനുകളില്‍ ഏതിനൊക്കെയോ കുഴപ്പമുണ്ടെന്ന അവ്യക്‌തത സൃഷ്‌ടിക്കാന്‍ ഈ വാക്‌സിന്‍ വിരുദ്ധ ലേഖനം അത്യുചിതമാണെന്ന്‌ മാത്രം മനസ്സിലായി).

'ഒരു രോഗം മറ്റേതെങ്കിലും രാജ്യത്ത്‌ വ്യാപകമാണെങ്കില്‍ ഇന്ത്യയും ആ രോഗത്താല്‍ കഷ്‌ടപ്പെട്ടേക്കാമെന്ന്‌ വെറുതേയങ്ങ്‌ സങ്കല്‍പ്പിക്കുകയാണ്‌' എന്ന വാചകം ഉദാഹരിക്കുന്നത്‌ പെന്റാവാലന്റ്‌ വാക്‌സിന്‍ ഉപയോഗിച്ചാണ്‌.( ഡിഫ്‌തീരിയ കഴിഞ്ഞ വര്‍ഷം മലപ്പുറത്ത്‌ 2 കുട്ടികള്‍, തുടര്‍ന്ന്‌ വയനാട്ടില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, കഴിഞ്ഞ ആഴ്‌ച എറണാകുളത്ത്‌ ഒരു ആസാമി ബാലന്‍ എന്നിവര്‍ മരിച്ചു. പെര്‍ട്ടുസിസ്‌, ഇപ്പോഴും സര്‍വ്വസാധാരണം. ടെറ്റനസ്‌, നമ്മുടെ നാട്ടില്‍ ഉള്ളത്‌ തന്നെ, മരണങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഹീമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ, ഹെപറ്ററ്റിസ്‌ ബി ഇവയും നാട്ടിലുണ്ട്‌.)...

ഇനിയിപ്പോ?

പെന്റാവാലന്റിനെതിരേ പണ്ടും നിങ്ങളെഴുതിയിട്ടുണ്ട്‌. ഇപ്പോഴും വളരെ സുരക്ഷിതമായി നല്‍കി വരുന്ന വാക്‌സിനാണ്‌ ഇത്‌. മാതൃഭൂമിയുടെ പഴയ ഫീച്ചര്‍ വരുത്തിയ പരിക്ക്‌ തന്നെ മാറി വരുന്നതേയുള്ളൂ.അതിലുള്ളതോ ഇത്തവണ എഴുതിയതോ ആയ ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. തന്നാലാവത്‌ ഉപകാരം വീണ്ടും ! വാക്‌സിന്‍ വിരുദ്ധത ഊതിപ്പെരുപ്പിച്ച്‌ ഒരു തലമുറയുടെആരോഗ്യം തുലാസില്‍ വെക്കുന്നതിന്‌ പേരോ മാധ്യമധര്‍മ്മം ?

വാല്‍ക്കഷ്‌ണം. ആഴ്‌ചപതിപ്പിലെ അവസാന പേജിലെ 'ട്രൂകോപ്പി' എന്ന പംക്‌തിയില്‍ നിന്നും..

'വാക്‌സിനേഷന്‍ പോലെ മനുഷ്യജീവിതത്തെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു വ്യക്‌തത ആവശ്യപ്പെട്ടാല്‍, ഒരു സംശയം ഉന്നയിച്ചാല്‍, ഒരു വിമര്‍ശനം ഉയര്‍ത്തിയാല്‍ ഡോക്‌ടര്‍മാര്‍ സംഘം ചേര്‍ന്ന്‌ ജ്‌ഞാനാധികാരത്തിന്റെ പൂണൂലും കാട്ടി കൂവിത്തോല്‍പ്പിക്കുന്ന പ്രവണതയുണ്ട്‌ കേരളത്തില്‍'...

ആരാണ്‌ വ്യക്‌തത തരാതിരുന്നത്‌ ?രാവും പകലും ഇത്‌ തന്നെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളില്‍ എത്ര പേരോട്‌ നിങ്ങള്‍ വ്യക്‌തമായൊരു ചോദ്യം ചോദിച്ചിട്ടുണ്ട്‌ ?

ആരാണ്‌ നിങ്ങള്‍ക്ക്‌ സംശയനിവൃത്തി ചെയ്‌തു തരാതിരുന്നത്‌ ? ഓരോ വാക്‌സിന്‍ പ്രതിരോധ്യ രോഗം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴും തുടര്‍ച്ചയായി എഴുതിയും ക്ലാസ്സെടുത്തും അറിവ്‌ സൃഷ്‌ടിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന ഞങ്ങള്‍ ഡോക്‌ടര്‍മാരോ ? നിങ്ങളുടെ ജേര്‍ണലിസ്‌റ്റ്‌ ടൈപ്പ്‌ ചോദ്യം ചെയ്യലിന്‌ നിന്ന്‌ തരാത്തവരെയാണോ നിങ്ങളുന്നം വെക്കുന്നത്‌ ? ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞ്‌ താറാവിന്റെ പുറത്ത്‌ വെള്ളമൊഴിക്കുന്നത്‌ പോലെ സംസാരിക്കുന്നതിലും ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്‌ സാധാരണക്കാരന്റെ സംശയങ്ങള്‍ വ്യക്‌തമാക്കി കൊടുക്കാനാണ്‌.

ആരും പൂണൂലും കൊന്തയുമൊന്നും ഉയര്‍ത്തിയില്ല. ന്യായമായ ഒരു സംശയവും മുന്നിലെത്തിയെങ്കില്‍ ഉത്തരം ചെയ്യാതെ പോകില്ല എന്നത്‌ ഇന്‍ഫോക്ലിനിക്ക്, അമൃതകിരണം തുടങ്ങിയ ആധികാരികമായ ഫേസ്‌ബുക്ക്‌ പേജുകളുടെ നയമാണ്‌. ഡോക്‌ടര്‍മാരും മറുപടി പറയാതിരിക്കില്ല.

ആദ്യപേജും അവസാന പേജും വരെ മോഡേണ്‍ മെഡിസിന്‍ വിരുദ്ധതയും വാക്‌സിനെക്കുറിച്ചുള്ള അവ്യക്‌തതയും മുഴച്ചു നില്‍ക്കുന്നു. എടുക്കണമെന്ന്‌ നിര്‍ബന്ധം ഇല്ലാത്ത വാക്‌സിനുകളെക്കുറിച്ച്‌ വ്യക്‌തതയോടെ സംസാരിച്ചിട്ടില്ല, കൂടെ നിര്‍ബന്ധിത വാക്‌സിനുകളെക്കുറിച്ചുള്ള ആശങ്ക പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു.

ഇതിന്റെ പേര്‌ 'വാക്‌സിന്‍വിരുദ്ധത' എന്ന്‌ മാത്രമാണ്‌. മലയാളമണ്ണില്‍ നിന്നിനിയും ഡിഫ്‌തീരിയ വന്ന്‌ ശ്വാസമില്ലാതെ പിടഞ്ഞ്‌ മരിക്കുന്ന കുഞ്ഞുങ്ങള്‍...ഇതി അതാകുമോ മാതൃഭൂമി സ്വപ്‌നം കാണുന്ന കിനാശ്ശേരി?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top