25 April Thursday

ആന്ത്രാക്സ്: ജാഗ്രത വേണം

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Jul 3, 2022

ജന്തുജന്യ  രോഗമായ ആന്ത്രാക്‌സിന്‌ കാരണം ബാസിലസ് ആന്ത്രാസിസ് എന്ന  ബാക്‌ടീരിയയാണ്.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മണ്ണിൽ സ്വാഭാവികമായി കാണുന്ന  ആന്ത്രാക്സ് ബാക്ടീരിയ  അനുകൂല  സാഹചര്യങ്ങളിൽ   കന്നുകാലികൾ, കുതിരകൾ, കാട്ടുപന്നി, മാൻ  തുടങ്ങിയവയിൽ   രോഗം  പകർത്തുന്നു.
രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ മാംസവുമായോ തോലുമായോ സമ്പർക്കം പുലർത്തുമ്പോഴാണ്‌ മനുഷ്യരിൽ രോഗബാധ  ഉണ്ടാകുന്നത്.  സാധാരണയായി  അണുക്കൾ മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. മലിനമായ മാംസം കഴിക്കുന്നതിലൂടെയോ  ശ്വസിക്കുന്നതിലൂടെയോ  അണുബാധയുണ്ടാകാം.
രോഗബാധയുള്ള മൃഗത്തിൽനിന്ന്  അണുക്കൾ അന്തരീക്ഷത്തിൽ  പ്രവേശിച്ചാൽ  ഇവയ്‌ക്ക് ചുറ്റും കവചം   ഉണ്ടാക്കി ‘സ്പോർ ' ആയി   രൂപാന്തരപ്പെടും. ഏത്‌ പ്രതികൂല കാലാവസ്ഥയിലും ഈ സ്പോറുകൾ നശിക്കില്ല.  അണുനാശിനികള്‍ക്കോ  ചൂടിനോ ഇവയെ നശിപ്പിക്കാനാവില്ല എന്നതും ഓർക്കണം.    രോഗം  ബാധിച്ചവയുടെ  മാംസം  കഴിക്കുന്നതിലൂടെയോ ശ്വസനത്തിലൂടെയോ സസ്യഭോജികളായ  മൃഗങ്ങളിൽ   മേച്ചിൽ സ്ഥലങ്ങളിൽനിന്നോ  ഇത്‌       പകരാം.
ആന്ത്രാക്സ്  രോഗ ബാധ നാല്‌ തരത്തിലുണ്ട്‌. ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളും  ഉണ്ട്. സാധാരണ ബാക്ടീരിയയുമായി സമ്പർക്കം പുലർത്തുന്ന ആറ് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. എന്നിരുന്നാലും, ഇൻഹലേഷൻ ആന്ത്രാക്സ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ആറാഴ്ചയിലധികം സമയമെടുക്കും.

ക്യൂട്ടേനിയസ് ആന്ത്രാക്സ്


അണുബാധ  ചർമത്തിലൂടെയാണുണ്ടാവുക. മുറിവിലൂടെയോ മറ്റ് വ്രണത്തിലൂടെയോ  ആകാം. ഇത്‌  ഗുരുതരവും  മാരകവും  ആകാറില്ല.  ഉചിതമായ ചികിത്സയിലൂടെ ഭേദമാക്കാം. പ്രാണികളുടെ കടിയോട് സാമ്യമുള്ള ഉയർന്നതും ചൊറിച്ചിൽ ഉള്ളതുമായ ഒരു മുഴ, കറുത്ത കേന്ദ്രത്തോടുകൂടിയ വേദനയില്ലാത്ത വ്രണമായി വേഗത്തിൽ വികസിക്കുന്നു.  വ്രണത്തിലും അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലും വീക്കം ഉണ്ടാകുന്നു. ചിലപ്പോൾ പനിയും തലവേദനയും അടക്കം ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ കാണിക്കും.

ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആന്ത്രാക്സ്

-------------രോഗബാധിതമായ മൃഗത്തിന്റെ മാംസം മതിയായി  വേവിക്കാതെ കഴിക്കുന്നതിന്റെ ഫലമായി ദഹനനാളത്തിൽ അണുബാധ ഉണ്ടാകുന്നു. ഇത്  തൊണ്ട മുതൽ വൻകുടൽ വരെയുള്ള ദഹനനാളത്തെ ബാധിക്കും.ഓക്കാനം,ഛർദി, വയറുവേദന, തലവേദന, വിശപ്പില്ലായ്മ, പനി, പിന്നീട്  കഠിനമായ, രക്തരൂഷിതമായ വയറിളക്കം, തൊണ്ടവേദന, വിഴുങ്ങാൻ ബുദ്ധിമുട്ട്‌, വീർത്ത കഴുത്ത് എന്നിവ കാണുന്നു.

 ഇൻഹലേഷൻ ആന്ത്രാക്സ്

------------ ആന്ത്രാക്സ് സ്പോറുകളെ ശ്വസിക്കുമ്പോൾ ഇൻഹലേഷൻ ആന്ത്രാക്സ് വികസിക്കുന്നു. ഇത് രോഗത്തിന്റെ ഏറ്റവും മാരകമായ രൂപമാണ്, ചികിത്സയ്ക്കിടെ പോലും ഇത് പലപ്പോഴും മാരകമാകാം.  തൊണ്ടവേദന, നേരിയ പനി, ക്ഷീണം, പേശിവേദന ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ, നെഞ്ചിലെ നേരിയ അസ്വസ്ഥത, ശ്വാസം മുട്ടൽ, ഓക്കാനം, ചുമയ്ക്കുമ്പോൾ രക്തം, കടുത്ത പനി, ശ്വാസതടസ്സം, രക്തചംക്രമണ വ്യവസ്ഥയുടെ തകർച്ച, മെനിഞ്ചൈറ്റിസ് എന്നിവ  ഉണ്ടാകുന്നു.

 ഇൻജക്ഷൻ ആന്ത്രാക്സ്

----------അടുത്തിടെ കണ്ടെത്തിയ ഈ ആന്ത്രാക്സ് അണുബാധ ഇതുവരെ യൂറോപ്പിൽ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നിയമവിരുദ്ധമായ മയക്കുമരുന്ന് കുത്തിവയ്‌പിലൂടെയാണ്  പകരുന്നതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കുത്തിവയ്‌പിന്റെ ഭാഗത്ത് ചുവപ്പ്,  വീക്കം, ഒന്നിലധികം അവയവങ്ങളുടെ  പ്രവർത്തനം നിലയ്‌ക്കൽ, മെനിഞ്ചൈറ്റിസ്  എന്നിവ  ലക്ഷണങ്ങൾ.
മൃഗങ്ങളിൽ
---------മൃഗങ്ങൾ  ലക്ഷണങ്ങൾ  ഒന്നുതന്നെ  കാണിക്കാതെ   പെട്ടെന്ന് വീണ് ചാകും. ശക്തിയായ പനി, വിറയൽ, മൂക്ക്, മലദ്വാരം, കണ്ണ്, ചെവി  തുടങ്ങിയവയിലൂടെ    രക്തപ്രവാഹം ഉണ്ടാകും. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മൃഗങ്ങൾ ചത്തുപോകും.

പ്രതിരോധം

--------------- *
ആന്ത്രാക്സ് രോഗബാധ  പ്രദേശങ്ങളിൽനിന്ന് മൃഗങ്ങളുടെ തോൽ, രോമങ്ങൾ അല്ലെങ്കിൽ കമ്പിളി എന്നിവ കൈകാര്യം  ചെയ്യുമ്പോഴും  കന്നുകാലികളുമായി ഇടപെടുമ്പോഴും ശ്രദ്ധ വേണം.
* ശരിയായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് ഒഴിവാക്കുക.
* ചത്ത മൃഗങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇറക്കുമതി ചെയ്ത തോൽ, രോമങ്ങൾ/കമ്പിളി എന്നിവ ഉപയോഗിക്കുമ്പോഴും സംസ്‌കരിക്കുമ്പോഴും മുൻകരുതൽ വേണം.
* തുകൽ വ്യവസായ തൊഴിലാളികൾ കൂടുതൽ ജാഗ്രത പുലർത്തണം.
* രോഗ ബാധയേറ്റ  മൃഗത്തിന്റെ ജഡം  ആഴത്തിലുള്ള  കുഴിയിൽ  കുമ്മായം  ഇട്ട് ശാസ്ത്രീയമായി   കുഴിച്ചുമൂടുകയോ  കത്തിച്ചുകളയുകയോ  വേണം.
* മൃഗങ്ങളിൽ    പ്രതിരോധ കുത്തിയ്‌പ്‌  എടുപ്പിക്കുക.
* രോഗബാധയേറ്റെന്ന്  സംശയമുള്ളവർ   ഉടൻ  ഒരു ഡോക്ടറുടെ ഉപദേശം  തേടണം.
* രക്ത പരിശോധനയിലൂടെ  മൃഗങ്ങളിൽ  രോഗനിർണയം  നടത്താം. ബാക്‌ടീരിയ അണുക്കൾ അന്തരീക്ഷത്തിൽ  കലരുമെന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യരുത്‌.
* ആന്ത്രാക്സ്  രോഗബാധ  സ്ഥിരീകരിച്ചാൽ  ഉടൻതന്നെ  തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങളെ   അറിയിക്കണം.


പുതിയ രോഗമല്ല

ഡോ. എന്‍ അജയന്‍

അതിരപ്പിള്ളി വനമേഖലയില്‍ അടുത്തിടെ കാട്ടുപന്നികളിലുണ്ടായ  ആന്ത്രാക്സ് രോഗബാധ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആന്ത്രാക്‌സ്‌ പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടാറുണ്ട്‌.
ആന്ത്രാക്സ് ഒരു പുതിയ രോഗമല്ല. 19‐ാം  നൂറ്റാണ്ടില്‍ റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രജ്ഞനാണ് രോഗകാരിയായ ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയെ കണ്ടുപിടിച്ചത്. അടപ്പൻ, കോമന്‍പാച്ചില്‍, പ്ലീഹപ്പനി എന്നപേരിലും പണ്ടുമുതല്‍  ഈ രോഗം  അറിയപ്പെട്ടിരുന്നു. ചരിത്രപരമായി ആന്ത്രാക്സിന് രണ്ട് സവിശേഷതകളുണ്ട്. ഒരു സൂക്ഷ്മാണുകൊണ്ട് മനുഷ്യനും മൃഗങ്ങള്‍ക്കുമുണ്ടായ ആദ്യരോഗം എന്നതും ആദ്യമായി ഒരു രോഗത്തിനെതിരെ ബാക്ടീരിയല്‍ വാക്സിന്‍ ഫലപ്രദമായി കണ്ടു എന്നതും.

  ഇപ്പോൾ അങ്ങിങ്ങായി പ്രത്യക്ഷപ്പെടാറുള്ള  ആന്ത്രാക്സ് ഏതാണ്ട് നിയന്ത്രണവിധേയമാണ്. എങ്കിലും രോഗനിർണയം പ്രധാനമാണ്‌. ലക്ഷണങ്ങള്‍ കണ്ട് രോഗനിര്‍ണയം ഒരു പരിധിവരെ സാധ്യമാണ്.
 ആന മുതല്‍ ഒട്ടകം വരെയുള്ള എല്ലാ മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന ഒന്നാണിത്‌. കന്നുകാലികള്‍ക്കും ആടുകള്‍ക്കുമാണ് ഏറെ വിനാശകരം. രോഗം വന്നുചാകുന്നവയുടെ മാംസം തിന്നുന്ന  നായകള്‍ക്ക് രോഗമുണ്ടാവുകയോ രോഗവാഹകരായി മാറുകയോ ചെയ്യാം.

വരള്‍ച്ച കാലത്ത് പൂഴിവാരിക്കളിക്കുന്നതിലൂടെയാണ് ആനകള്‍ക്ക് അസുഖബാധയുണ്ടാകുന്നത്.

കർഷകർ ശ്രദ്ധിക്കണം

കര്‍ഷകരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.  കന്നുകാലിക്കൂട്ടത്തില്‍ ഒന്നിന്് രോഗം വന്നാല്‍ അതിനെ മാറ്റിക്കെട്ടാതെ മറ്റുള്ളവയെ മാറ്റിക്കെട്ടുക. രോഗം വന്ന് ചത്ത ഉരുവിന്റെ ജഡം ദൂരേയ്ക്ക് വലിച്ചു കൊണ്ടുപോകാതെ അത് കിടക്കുന്ന സ്ഥലത്തുതന്നെയിട്ട് ദഹിപ്പിക്കുക. ആറടി എങ്കിലും ആഴത്തില്‍ കുഴിയെടുത്ത് കുഴിയുടെ അടിയിലും ശവശരീരത്തിന്റെ പുറത്തും കുമ്മായമോ നീറ്റുകക്കയോ ഇട്ട് കുഴി മൂടുക. കുഴിയുടെ മേല്‍ കരിയിലയോ വൈക്കോലോ കത്തിക്കുന്നതും നല്ലതാണ്. തുകല്‍ ഉരിച്ചെടുക്കാന്‍ പാടില്ല. ഉരുവിനെ കെട്ടിയിരുന്ന കയര്‍, തീറ്റബാക്കി, ചാണകം തുടങ്ങി എല്ലാ അവശിഷ്ട സാധനങ്ങളും കുഴിയില്‍ ഇടുക. തൊഴുത്തും പരിസരങ്ങളും ഉപകരണങ്ങളുമെല്ലാം അണുവിമുക്തമാക്കണം.
കന്നുകാലി, ആട്, ആന എന്നിവയ്ക്കുള്ള ആന്ത്രാക്സ് സ്പോര്‍ വാക്സിന്‍ മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള വെറ്ററിനറി ബയോളജിക്കല്‍സില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സാധാരണ ആന്ത്രാക്സ് പടരുമ്പോള്‍ ചുറ്റുവട്ടത്തിലുള്ള ആടുമാടുകളിലാണ് സ്പോര്‍ വാക്സിനേഷന്‍ നടത്തുക.



പെനിസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകള്‍ തുടക്കത്തില്‍ ഫലപ്രദമാണ്. ശക്തമായ ബോധവല്‍ക്കരണവും ശുചിത്വപാലനവും അനിവാര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top