26 April Friday

ആരോഗ്യ ബോധവത്‌ക്കരണത്തിന്‌ ട്രോളന്മാരും; ആരോഗ്യ കേരളം മീം മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

സമൂഹ മാധ്യമങ്ങളിലൂടെ ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്തി കേരള മീം കോണ്ടസ്റ്റുമായി ദേശീയ ആരോഗ്യ ദൗത്യം (National Health Mission) . ജനപ്രിയ ട്രോൾ കൂട്ടായ്മകളായ ഐസിയൂ, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക്ക്, SCT(School College Trolls) എന്നിവർക്കൊപ്പം ചേർന്നുകൊണ്ടാണ് ദേശീയ ആരോഗ്യ ദൗത്യം മീം കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്.

പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികളിലൂടെ ജനങ്ങളിൽ ശരിയായ ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായാണ് ദേശീയ ആരോഗ്യ ദൗത്യവും(National Health Mission) ജനപ്രിയ സാമൂഹ്യ മാധ്യമ കൂട്ടായ്മകളും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ക്യാമ്പയിന്‍റെ മുദ്രാവാക്യം ഡിസംബർ എട്ടുമുതൽ ജനുവരി എട്ടു വരെയാണ് ഹെൽത്തി കേരള മീം കോണ്ടസ്റ്റ് നടക്കുന്നത്. ഈ കാലയളവിൽ ആരോഗ്യസംബന്ധിയായ വിഷയങ്ങളിൽ മത്സരാർത്ഥികൾക്ക് പോസ്റ്റുകൾ തയ്യാറാക്കി ക്യാമ്പയിൻ നടക്കുന്ന പേജുകളിലേക്ക് ആയക്കാവുന്നതാണ്.

ലഹരിക്കെതിരായ ബോധവത്കരണം, ജങ്ക്ഫുഡ് സംസ്കാരത്തിൽ നിന്നുള്ള മോചനം, മാനസികാരോഗ്യം, വ്യായമത്തിന്‍റെ പ്രാധാന്യം, ശരിയായ ആഹാര ശീലം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾ പോസ്റ്റുകൾ തയ്യാറാക്കേണ്ടത്. ഇതേക്കൂടാതെ ആരോഗ്യസംബന്ധിയായ പൊതു വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയ്യാറാക്കാം.

ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകൾ തയ്യാറാക്കുന്ന മൂന്നുപേർക്ക് ആരോഗ്യ വകുപ്പിന്‍റെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ഓരോ പേജിലും ഒന്നാമതെത്തുന്ന ആൾക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ആൾക്ക് 2000 രൂപയുമാണ് ക്യാഷ് പ്രൈസ് ലഭിക്കുക. ജനുവരി 12 ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top